Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൃശ്യങ്ങളിൽ ആദ്യം അടിച്ചത് പൊലീസ്; എഫ് ഐ ആറിൽ ആവലാതിക്കാരനെ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ തല്ലുന്ന പ്രതികൾ എന്ന കള്ള വാചകം; തലയിലെ ചെറിയ പരിക്ക് തറയിൽ കിടന്നുള്ള അടിപടിയുടെ പ്രതിഫലനം; വള ഊരി ഇടിച്ചുവെന്ന എഴുത്തും നുണ; ആ എഫ് ഐ ആർ സൈനികനെ ജയിലിൽ അടയ്ക്കാനുള്ള കുതന്ത്രം; വീഡിയോ പുറത്ത് വിട്ട പൊലീസ് പിടിച്ചത് പുലിവാല്; ഇനിയെങ്കിലും 'മുഖ്യൻ' മിണ്ടണം

ദൃശ്യങ്ങളിൽ ആദ്യം അടിച്ചത് പൊലീസ്; എഫ് ഐ ആറിൽ ആവലാതിക്കാരനെ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ തല്ലുന്ന പ്രതികൾ എന്ന കള്ള വാചകം; തലയിലെ ചെറിയ പരിക്ക് തറയിൽ കിടന്നുള്ള അടിപടിയുടെ പ്രതിഫലനം; വള ഊരി ഇടിച്ചുവെന്ന എഴുത്തും നുണ; ആ എഫ് ഐ ആർ സൈനികനെ ജയിലിൽ അടയ്ക്കാനുള്ള കുതന്ത്രം; വീഡിയോ പുറത്ത് വിട്ട പൊലീസ് പിടിച്ചത് പുലിവാല്; ഇനിയെങ്കിലും 'മുഖ്യൻ' മിണ്ടണം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഒന്നും ഇല്ലായ്മയിൽ നിന്ന് കേസ് തെളിയിക്കുന്നവരാണ് കേരളാ പൊലീസ്. ഒന്നും ഇല്ലെങ്കിലും കേസുണ്ടാക്കാനും പൊലീസിന് അറിയാം. ഇതിന് തെളിവാണ് കിളികൊല്ലൂരിലെ സൈനികനേയും സഹോദരനേയും മർദ്ദച്ച കേസ് വഴി തിരിച്ചു വിട്ടത്. കേരളാ പൊലീസിന് തന്നെ അപമാനമാണ് കിളികൊല്ലൂരിലെ സംഭവങ്ങൾ. സ്വയം പ്രതിരോധം തീർക്കാൻ പുറത്തു വിട്ട ദൃശ്യങ്ങൾ പോലും പൊലീസിന് എതിരായി. കിളികൊല്ലൂർ പൊലീസ് എഴുതിയുണ്ടാക്കിയ പ്രഥമ വിവര റിപ്പോർട്ട് കള്ളമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. ഈ സാഹചര്യത്തിൽ പരാതിക്കാരനേയും എഫ് ഐ ആറിൽ സാക്ഷ്യപ്പെടുത്തൽ നടത്തിയ എസ് ഐയേയും കണ്ണു അടച്ച കേരളത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന് പിരിച്ചു വിടാം. ഈ കേസിൽ മുഖ്യമന്ത്രി മൗനത്തിലാണ്. അടിയന്തര വാർത്താ സമ്മേളനം അനിവാര്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്നതാണ് വസ്തുത.

ഓഗസ്റ്റ് 25നായിരുന്നു കിളികൊല്ലൂർ പൊലീസ് സ്‌റ്റേഷനുള്ളിൽ അടിയുണ്ടായത്. വൈകിട്ട് ആറരമുതൽ ആറു മുപ്പത്തിയൊന്ന് വരെയുള്ള സമയമാണ് എല്ലാം ഉണ്ടായതെന്ന് എഫ് ഐ ആറിൽ പറയുന്നു. എന്നാൽ പൊലീസ് സ്‌റ്റേഷനിൽ നടന്ന സംഭവം പൊലീസ് സ്‌റ്റേഷനിൽ വിവരമായി ലഭിച്ചത് 10.45നും. ഇവിടെ തുടങ്ങുന്നു എഫ് ഐ ആറിലെ പോരായ്മകൾ. അതായത് കരുതി കൂട്ടി വിഷ്ണുവിനും സഹോദരനുമെതിരെ എഫ് ഐ ആർ തയ്യാറാക്കുകയായിരുന്നു പൊലീസ്. അതിൽ ഒന്നിലേറെ പേരുടെ ഗൂഢാലോചനയുമുണ്ട്. അത് തെളിയിക്കപ്പെടേണ്ടതാണ്. എന്നാൽ എഫ് ഐ ആർ തന്നെ ഗൂഢാലോചനയാണ്. പരാതിക്കാൻ എ എസ് ഐയായ പ്രകാശ് ചന്ദ്രൻ. എഫ് ഐ ആറിൽ ഒപ്പിട്ടിരിക്കുന്നത് സ്വാതിയെന്ന എസ് ഐയും. പൊലീസ് പുറത്തു വിട്ട ദൃശ്യങ്ങളിൽ നിന്നു തന്നെ എഫ് ഐ ആർ വ്യാജമാണെന്ന് വ്യക്തം. അതുകൊണ്ട് തന്നെ ഈ പൊലീസുകാരെ ഡിസ്മിസു ചെയ്യാൻ ഈ എഫ് ഐ ആർ തന്നെ ധാരാളം മതി. വീഡിയോ പുറത്തു വിടാനുള്ള മണ്ടൻ തീരുമാനത്തോടെ എഫ് ഐ ആർ തന്നെ പൊളിയുകയാണ്.

കിളികൊല്ലൂരിൽ സൈന്യം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു സൈനികനെതിരെ കേസെടുത്താൽ ഉടൻ അടുത്ത സൈനിക റെജിമെന്റിനെ അറിയിക്കണം. ഇക്കാരംയ കിളികൊല്ലൂരിൽ നടന്നില്ല. സിബിഐ അന്വേഷണം പോലും വരാൻ ഇടയുണ്ട്. ഇതോടെ ന്യായീകരണ വീഡിയോയുമായി പൊലീസുമെത്തുന്നു. എന്നാൽ ഇത്തരം ന്യായീകരണക്കാർ ആരും എഫ് ഐ ആറിലേയും വീഡിയോയിലേയും പൊരുത്തക്കേടുകളെ കുറിച്ച് മിണ്ടുന്നില്ല. ഇതോടെ വലിയ ഗൂഢാലോചനകൾ പൊലീസിൽ നടന്നുവെന്ന് വ്യക്തമാക്കുകയാണ്. വീഡിയോയിൽ എല്ലാം വ്യക്തമാണ്. പരാതി പറയാനെത്തുന്ന സൈനികനെ പൊലീസ് തല്ലുന്നു. വീണ്ടും തല്ലാൻ ശ്രമിക്കുമ്പോൾ പ്രതിരോധം. പിന്നെ നിലത്ത് കിടന്ന് അടിപിടി. ഇതിനിടെയിൽ പൊലീസുകാരന്റെ തല ചെറുതായി മുറിയുന്നു. ഇതിനെ വളച്ചൊടിത്ത് മനപ്പൂർവ്വമുള്ള നരഹത്യാ ശ്രമമാക്കി കിളികൊല്ലൂരിലെ ഗുണ്ടാ പൊലീസുകാർ മാറ്റി. സൈനികനേയും സഹോദരനേയും മർദ്ദിച്ച് മൃതപ്രായരാക്കിയ ശേഷമായിരുന്നു ജയിലിൽ അടയ്ക്കാനുള്ള ക്രൂരത.

പച്ചക്കള്ളം നിറച്ച എഫ് ഐ ആറിൽ പൊലീസ് രേഖപ്പെടുത്തിയത് ഇങ്ങനെ

പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥനായ ആവലാതിക്കാരന്റെ ഡ്യൂട്ടിക്ക് തടസ്സം വരുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി 25.08.22 തീയതി വൈകി 6.30മണിക്ക് കിളികൊല്ലൂർ പിസ് ക്രൈം നമ്പർ 866/22 നമ്പർ കേസിലെ പ്രതികളെ ബഹു കോടതിയിൽ ഹാജരാക്കുന്നതിലേക്ക് സ്‌റ്റേഷൻ ജിഡി ചാർജ് എസ് സി പി ഒ 6084 ദിലീപിനൊപ്പം ആവലാതിക്കാരൻ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കെ ഒന്നും രണ്ടും പ്രതികൾ സ്റ്റേഷനിൽ അതിക്രമിച്ച് കയറി ടി സ്റ്റേഷനിലെ പ്രതികളെ കാണണമെന്ന് പറഞ്ഞപ്പോൾ അൽപം കഴിഞ്ഞ് പ്രതികളുമായി സംസാരിക്കാമെന്ന് ആവലാതിക്കാരൻ പറഞ്ഞ വിരോധം നിമിത്തം ഒന്നാം പ്രതി 'നീ അവരെ കാണിക്കത്തില്ലയോടാ... എന്ന് ചോദിച്ചു കൊണ്ട് ആവലാതിക്കാരന്റെ ഷർട്ടിന് കുത്തിപിടിച്ച് നിർത്തി ആവലാതിക്കാരന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസ്സം വരുത്തിയും കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി ഇടതു കൈയിൽ കിടന്ന കട്ടിയുള്ള വള വലതു കൈക്കൊണ്ട് ഊരിപ്പിടിച്ച് ആവലാതിക്കാരന്റെ തലയിൽ ഉച്ചിഭാഗത്ത് ഒന്നിടിച്ച സമയം ആവലാതിക്കാരൻ തല വെട്ടിച്ചു മാറ്റിയതിൽ വച്ച് നെറ്റിയുടെ മധ്യ ഭാഗം മുകളിൽ കൊണ്ടു മുറിയുന്നതിനും ഇടി കൊണ്ട് നിലത്തു വീണ ആവലാതിക്കാരനെ പ്രതികൾ ചേർന്ന് കൈയും കാലും കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തും അടിക്കുകയും ഇടിക്കുകയും ചെയ്തതിൽ വച്ച് മൂക്കിന്റെ പാലത്തിന്റെ അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും വേദനയും ഒന്നാം പ്രതി വളവച്ച് തലയുടെ ഉച്ചി ഭാഗത്ത് ഇടിച്ച സമയം ആവലാതിക്കാരൻ ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ ഇടി തലയിൽ ഉച്ചി ഭാഗത്ത് ആഴത്തിൽ മുറിവ് പറ്റി ആവലാതിക്കാരന് മരണം വരെ സംഭവിക്കാമായിരുന്നതിന് ഇടയാക്കിയും പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവർച്ചിച്ച് മേൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നുള്ളത്.

എല്ലാ വാചകങ്ങളും കള്ളത്തരം

ആവലാതിക്കാരൻ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കെ ഒന്നും രണ്ടും പ്രതികൾ സ്റ്റേഷനിൽ അതിക്രമിച്ച് കയറി ടി സ്റ്റേഷനിലെ പ്രതികളെ കാണണമെന്ന് പറഞ്ഞപ്പോൾ അൽപം കഴിഞ്ഞ് പ്രതികളുമായി സംസാരിക്കാമെന്ന് ആവലാതിക്കാരൻ പറഞ്ഞ വിരോധം നിമിത്തം ഒന്നാം പ്രതി 'നീ അവരെ കാണിക്കത്തില്ലയോടാ... എന്ന് ചോദിച്ചു കൊണ്ട് ആവലാതിക്കാരന്റെ ഷർട്ടിന് കുത്തിപിടിച്ച് നിർത്തി ആവലാതിക്കാരന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസ്സം വരുത്തി-ഇതാണ് ആദ്യ ആരോപണം. എന്നാൽ പൊലീസ് തന്നെ പുറത്തു വിട്ട വീഡിയോയിൽ ഷർട്ടിലെ പോക്കറ്റ് ആരോ വലിച്ചു കീറിയത് സൈനികൻ കാണിക്കുന്നു. എസ് ഐയുടെ മുറിയിലേക്ക് പോകണമെന്ന് നിർദ്ദേശിക്കുന്നു. അത് തടയുന്നു. പിന്നെ പൊലീസുകാരന്റെ മുഖത്തടി. ഇതോടെ കളി കൈവിടുന്നു. ഇതിൽ നിന്ന് തന്നെ 'നീ അവരെ കാണിക്കത്തില്ലയോടാ... എന്ന് ചോദിച്ചു കൊണ്ട് ആവലാതിക്കാരന്റെ ഷർട്ടിന് കുത്തിപിടിച്ച് നിർത്തി സൈനികനാണ് ആക്രമണം തുടങ്ങിയതെന്ന വാദം പൊളിയുന്നു.

കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി ഇടതു കൈയിൽ കിടന്ന കട്ടിയുള്ള വള വലതു കൈക്കൊണ്ട് ഊരിപ്പിടിച്ച് ആവലാതിക്കാരന്റെ തലയിൽ ഉച്ചിഭാഗത്ത് ഒന്നിടിച്ച സമയം ആവലാതിക്കാരൻ തല വെട്ടിച്ചു മാറ്റിയതിൽ വച്ച് നെറ്റിയുടെ മധ്യ ഭാഗം മുകളിൽ കൊണ്ടു മുറിയുന്നതിനും-ഇതാണ് എഫ് ഐ ആറിലെ വധശ്രമ ആരോപണത്തിലെ പരാമർശം. ഇങ്ങനെ ആരും വള ഊരി അടിച്ചില്ലെന്നും വ്യക്തം. അതായതുകൊലപാതക ശ്രമം ചുമത്തി കൂടുതൽ ദിവസം സൈനികനേയും സഹോദനരനേയും അകത്താക്കാനുള്ള നീക്കമാണ് പൊലീസ് എഫ് ഐ ആറിലൂടെ നടത്തിയതെന്ന് വ്യക്തം. തല മുറിയുന്നത് തറയിൽ കിടന്നുള്ള അടിപിടിക്കിടെയുണ്ടായ സ്വാഭാവിക സംഘർഷത്തിലാണ്. അവിടെ മനപ്പൂർവ്വം ആരും ആരുടേയും തല അടിച്ചു പൊട്ടിക്കുന്നില്ലെന്നും വ്യക്തം. ഈ അടിപടിയിൽ അല്ല സൈനികനും സഹോദരനും ക്രൂര മർദ്ദനം ഏറ്റെതെന്നും വീഡിയോ വ്യക്തമാക്കുന്നു. അതായത് പിന്നിട് ഇടിമുറിയിൽ ഇടി നടന്നുവെന്ന് വ്യക്തം.

രണ്ടാം പ്രതിയാണ് വള ഊരി അടിച്ചതെന്ന് പറയുന്ന ആദ്യ ഭാഗം. എന്നാൽ ഇതേ എഫ് ഐ ആറിന്റെ അവസാന ഭാഗത്ത് ഒന്നാം പ്രതി വളവച്ച് തലയുടെ ഉച്ചി ഭാഗത്ത് ഇടിച്ച സമയം ആവലാതിക്കാരൻ ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ ഇടി തലയിൽ ഉച്ചി ഭാഗത്ത് ആഴത്തിൽ മുറിവ് പറ്റി ആവലാതിക്കാരന് മരണം വരെ സംഭവിക്കാമായിരുന്നു എന്നും പറയുന്നു. അതായത് വള ഇടി രണ്ടു പേരിലേക്കും ആരോപിക്കുന്നു. അങ്ങനെ ഒരിടി വീഡിയോയിൽ ഇല്ല. പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി പ്രവർച്ചിച്ച് മേൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നു എന്നാണ് എഫ് ഐ ആർ പറയുന്നത്. എന്നാൽ സംഘർഷത്തിൽ അനുജനും ചേട്ടനും ഒരിക്കലും ആക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല. പ്രതിരോധം മാത്രമാണ് അവർ ചെയ്യുന്നത്. പൊലീസ് സ്‌റ്റേഷനിലെ വീഡിയോയിൽ എല്ലാ സത്യം ഉണ്ടായിട്ടും എഫ് ഐ ആറിൽ അവർ കള്ളം മാത്രമെഴുതി.

എഫ് ഐ ആറിൽ പരാതിക്കാരൻ പൊലീസുകാരനാണ്. അത് സാക്ഷ്യപ്പെടുത്തുന്നത് എസ് ഐയും. അതുകൊണ്ട് തന്നെ ഈ രണ്ടു പേരേയും സേനയിൽ നിന്ന് പുറത്താക്കാൻ എഫ് ഐ ആറും വീഡിയോയും മാത്രം ഒരുമിച്ച് പരിശോധിച്ചാൽ മതി.

വീണ്ടും കള്ളം പറയുന്നത് തുടരുമ്പോൾ

കിളികൊല്ലൂരിൽ സൈനികൻ വിഷ്ണുവിനേയും സഹോദരൻ വിഘ്‌നേഷിനേയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുതിയ ന്യായീകരണവുമായി പൊലീസ്. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് വാദം. പൊലീസിന്റെ ക്രൂര മർദ്ദനത്തിനിരയായ വിഘ്‌നേഷ് ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. അതുകൊണ്ടുള്ള നടപടിയാണ് ഇതെന്നുമായിരുന്നു പൊലീസ് സ്റ്റേഷൻ അധികൃതരുടെ പ്രതികരണം.

എംഡിഎംഎ പ്രതിക്ക് ജാമ്യം വേണമെന്ന് പറഞ്ഞാണ് സഹോദരങ്ങൾ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഗൗരവകരമായ കേസിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിലെ റൈറ്ററിനെ സഹോദരങ്ങൾ മർദിക്കുക ആയിരുന്നുവെന്ന പൊലീസിന്റെ കഥ വീണ്ടും ആവർത്തിക്കുന്നു. വീഡിയോ പുറത്തു വന്നിട്ടും കള്ളം പറയുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP