Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിലീപുമായി വിചാരണ കോടതി ജഡ്ജിക്ക് ബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുണ്ടോ? ഭർത്താവിന് എതിരെ ആരോപണം ഉള്ളതുകൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകും; ജഡ്ജിയെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സുപ്രീംകോടതി; ഹർജി തള്ളി; അതിജീവിതയ്ക്ക് വീണ്ടും തിരിച്ചടി

ദിലീപുമായി വിചാരണ കോടതി ജഡ്ജിക്ക് ബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുണ്ടോ? ഭർത്താവിന് എതിരെ ആരോപണം ഉള്ളതുകൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകും; ജഡ്ജിയെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് സുപ്രീംകോടതി; ഹർജി തള്ളി; അതിജീവിതയ്ക്ക് വീണ്ടും തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ ഹണി എം വർഗീസ് വിചാരണ കോടതി ജഡ്ജിയായി തുടരും. നേരത്തെ ഹൈക്കോടതിയും വിചാരണ കോടതി മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ നൽകിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.

ജസ്റ്റിസ് അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അപ്പീലിലെ വാദങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ കോടതി ജഡ്ജിമാർക്കെതിരെ തുടർച്ചയായി ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് ജഡ്ജിയെ മാറ്റുന്നത് തെറ്റായ സന്ദേശം നൽകും. അതുകൊണ്ട് തന്നെ ഹർജി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.

25 മിനിറ്റോളമാണ് ഹർജിയിൽ വാദം നീണ്ടത്. കേസിൽ പ്രതിയായ ദിലീപുമായി വിചാരണ കോടതി ജഡ്ജിക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുണ്ടോ എന്നും ഭർത്താവിനെതിരെ ആരോപണം ഉള്ളതുകൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകുമെന്നും കോടതി ചോദിച്ചു. ജുഡീഷ്യൽ ഉദ്യോഗസ്ഥയെ സമ്മർദ്ദത്തിലാക്കാൻ ഇത്തരം ഹർജികൾ ഇടയാക്കില്ലേ എന്നും കോടതി ചോദിച്ചു.

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്.

ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖയാണ് പൊലീസിന് ലഭിച്ചത്. എക്സൈസ് വകുപ്പിൽ ജോലിചെയ്യുന്ന ജഡ്ജിയുടെ ഭർത്താവ് കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണം നേരിടുകയാണെന്നും അതിജീവിത സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീലിൽ ആരോപിച്ചിട്ടുണ്ട്.

മുൻവിധിയോടെയാണ് സെഷൻസ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നത്. ഇതിനോടകം രണ്ട് പബ്ലിക് പ്രോസിക്യുട്ടർമാർ കേസിൽനിന്ന് പിന്മാറി. വിസ്താരത്തിനിടയിൽ പ്രതിയുടെ അഭിഭാഷകൻ അന്തസ്സും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ ഇത് തടയാൻ സെഷൻസ് ജഡ്ജി തയ്യാറായില്ലെന്നും അതിജീവിത ആരോപിക്കുന്നു. കേസ് അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിലെ നിയമപ്രശനങ്ങളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുതകൾ ഒന്നും കണക്കിലെടുക്കാതെയാണ് കോടതി മാറ്റണമെന്ന തന്റെ ഹർജി ഹൈക്കോടതി തള്ളിയതെന്നും അതിജീവിത സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വിശദീകരിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. എന്നാൽ, സുപ്രീംകോടതി രജിസ്ട്രി അതിജീവിതയുടെ ഹർജി ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തത്. നേരത്തെ കേസിലെ ചില പ്രതികളുടെ ജാമ്യഹർജി പരിഗണിച്ചത് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജെ.കെ. മഹേശ്വരി എന്നിവരാണ് വിചാരണക്കോടതി ജഡ്ജിയോട് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്. ഡിസംബർ പതിമൂന്നിന് പുതിയ റിപ്പോർട്ട് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ വിചാരണ കഴിവതും ജനുവരി 31-നകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോടതി നിർദ്ദേശിച്ചതനുസരിച്ച് നടപടി പുരോഗതി റിപ്പോർട്ട് വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം സുപ്രീംകോടതി പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ, വിചാരണക്കോടതി ജഡ്ജി വിചാരണ പൂർത്തിയാക്കാൻ സാധ്യമായ പ്രയത്നം നടത്തുന്നതായി ജസ്റ്റിസ് ദിനേശ് മഹേശ്വരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP