Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അക്കയുടെ നാവ് പുറത്തേക്ക് തള്ളി; പല്ലിറുമ്മി എന്തൊക്കെയോ പറഞ്ഞു; ചെവിയോട് ചേർന്ന് അക്ക എന്ന് ഉച്ചത്തിൽ വിളിക്കാൻ ഡോക്ടർ പറഞ്ഞു; ഞാൻ അലറിവിളിച്ചു; എന്നെ രണ്ടുതവണ അക്ക നോക്കി; പിന്നെ കണ്ണുകളടച്ചു'; ജയലളിതയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് ശശികലയുടെ വെളിപ്പെടുത്തൽ

'അക്കയുടെ നാവ് പുറത്തേക്ക് തള്ളി; പല്ലിറുമ്മി എന്തൊക്കെയോ പറഞ്ഞു; ചെവിയോട് ചേർന്ന് അക്ക എന്ന് ഉച്ചത്തിൽ വിളിക്കാൻ ഡോക്ടർ പറഞ്ഞു; ഞാൻ അലറിവിളിച്ചു; എന്നെ രണ്ടുതവണ അക്ക നോക്കി; പിന്നെ കണ്ണുകളടച്ചു'; ജയലളിതയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് ശശികലയുടെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോർട്ട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കുന്നതിനിടെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള തോഴി ശശികലയുടെ വെളിപ്പെടുത്തൽ പുറത്ത്. 75 ദിവസം നീണ്ട ആശുപത്രി വാസത്തിനിടെ ജയലളിതയുടെ അവസാന ദിവസങ്ങളെക്കുറിച്ച് റിപ്പോർട്ടിലുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുകയാണ്. ജയലളിതയുടെ മരണത്തേക്കുറിച്ചുള്ള ജസ്റ്റിസ് അറുമുഖസ്വാമി റിപ്പോർട്ട് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ജയലളിതയുടെ മരണത്തിൽ തോഴി ശശികല ഉൾപ്പെടെ നാല് പേർക്കെതിരെ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ.

മാവോ സെ തൂങ്ങിനെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും ഡോക്ടറുമായി ജയലളിത നടത്തിയ സംഭാഷണവും 2016ൽ നടന്ന സംഭവങ്ങളെക്കുറിച്ച് സഹായി ശശികല പറയുന്നതുമെല്ലാം റിപ്പോർട്ടിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസത്തിൽ ദുരൂഹത ആരോപിക്കുന്നതിനാലും ജയലളിതയുടെ മരണത്തെക്കുറിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിക്കുന്നതിനാലും ഈ പറയുന്ന കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിത 75 ദിവസത്തെ ചികിത്സയ്ക്ക് ശേഷം 2016 ഡിസംബർ 5 നാണ് അന്തരിച്ചത്. വിദഗ്ദ്ധർ നിർദേശിച്ചിട്ടും ചികിത്സയ്ക്ക് വിദേശത്തേക്ക് കൊണ്ടുപോകാത്തത് ഉൾപ്പെടെയുള്ള വീഴ്ചകൾ ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷൻ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയലളിതയുടെ ഹൃദയത്തിൽ സുഷിരമുണ്ടായിരുന്നു, എയിംസിലെ വിദഗ്ധരും യുകെയിൽ നിന്നുള്ള ഡോ റിച്ചാർഡ് ബീലും വിദേശത്ത് ആൻജിയോഗ്രാമും ചികിത്സയും ശുപാർശ ചെയ്തിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

ആശുപത്രിയിൽ കഴിയുന്ന വേളയിൽ ജയലളിത തന്നോടു പറഞ്ഞ കാര്യങ്ങളേക്കുറിച്ച് കമ്മിഷന് മുൻപാകെ ശശികല തന്റെ ഭാഗം എഴുതി നൽകിയിരുന്നു. ജയലളിതയേക്കുറിച്ച് 'അക്കാ' എന്ന് അഭിസംബോധനചെയ്താണ് ശശികല തന്റെ മൊഴി എഴുതിനൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘർഷമുണ്ടായിരുന്നു. തനിക്ക് ശാരീരിക ബുദ്ധിമുട്ടും ക്ഷീണവും അനുഭവപ്പെടുന്നുവെന്ന് ജയലളിത തന്നോട് പറഞ്ഞിരുന്നതായി ശശികല പറയുന്നു.

2016 മുതൽ അക്കയ്ക്ക് ശരീരമാകെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭപ്പെട്ടിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ പോലും വളരെയേറെ കഷ്ടപ്പെട്ടിരുന്നു.ചില സ്റ്റിറോയിഡുകൾ ചെറിയ അളവിൽ നൽകിയിരുന്നു. പിന്നീട് ചെറിയ ആശ്വാസം ലഭിച്ചുതുടങ്ങിയപ്പോൾ മരുന്നിന്റെ അളവ് കുറയ്ക്കുകയായിരുന്നു- ശശികല പറയുന്നു. പിന്നീട് ഒരിക്കൽ പനി ബാധിച്ച് വീട്ടിലെത്തിയ അക്കയോട് ആശുപത്രിയിൽ പോകാൻ പറഞ്ഞെങ്കിലും അനുസരിച്ചില്ല. ശശി എനിക്ക് വളരെ ക്ഷീണം തോന്നുന്നു എന്ന് പറഞ്ഞ് അക്ക എന്റെ തോളിലേക്ക് വീണുവെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ അവസാന നാളുകളിൽ വളരെയധികം ഭക്തി ഗാനങ്ങൾ ജയലളിത കേട്ടിരുന്നു. തന്റെ ഇഷ്ട ദൈവങ്ങളുടെ ചിത്രങ്ങളും ചെറിയ പ്ലാസ്റ്റിക് ചെടികളും ആശുപത്രി കിടക്കയ്ക്ക് സമീപം സൂക്ഷിച്ചിരുന്നു. സർക്കാർ സംബന്ധമായ യോഗങ്ങളിലും പതിവായി പങ്കെടുത്തിരുന്നതും ആശുപത്രിയിൽ നിന്നാണ്. ഒരു ഘട്ടത്തിൽ ആശുപത്രിവാസം അവസാനിപ്പാക്കമെന്ന അവസ്ഥയിലേക്ക് എത്തിയിരുന്നുവെന്നും ശശികല പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

തന്നെ ചികിത്സിച്ച ഡോക്ടർമാരിൽ ഒരാളോട് മാവോ സെതുങ്ങിന്റെ പുസ്തകം വായിക്കാൻ നിർദേശിച്ചിരുന്നു. നേതൃത്വ ഗുണങ്ങൾ പഠിക്കാൻ ഈ പുസ്തകം വളരെയധികം സഹായിക്കുമെന്നും അതുകൊണ്ടാണ് പുസ്തകം വായിക്കാൻ നിർദേശിക്കുന്നതെന്നും ഡോക്ടറോട് പറഞ്ഞിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മോശമായപ്പോൾ ഭക്ഷണം നൽകുന്നത് ട്യൂബ് വഴിയായിരുന്നു. ഇത് മാറ്റണമെന്നും തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും ജയലളിത ഡോക്ടർമാരോട് പറഞ്ഞിരുന്നു. അക്കയുടെ ആഗ്രഹപ്രകാരം അപ്പോളോ ആശുപത്രിയിൽ ഇഡലി, പൊങ്കൽ, വട തുടങ്ങിയവയാണ് കഴിക്കാൻ ചെറിയ അളവിൽ നൽകിയിരുന്നത്.

അവസാന നിമിഷങ്ങൾ

'ഡോക്ടർമാരിലൊരാൾ എന്നോട് ചെവിയോട് ചേർന്ന് അക്ക എന്ന് ഉച്ചത്തിൽ വിളിക്കാൻ പറഞ്ഞു, ഞാൻ അലറിവിളിക്കാൻ തുടങ്ങി. എന്നെ രണ്ടുതവണ അക്ക നോക്കി. പിന്നെ അക്ക കണ്ണുകളടച്ചു. അക്കയ്ക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു, എന്നോട് ഉടൻ പുറത്തിറങ്ങാൻ പറഞ്ഞു. അസഹനീയമായ ഉത്കണ്ഠയിൽ ഞാൻ നിലവിളിച്ചു, ബോധരഹിതയായി,'' ശശികല റിപ്പോർട്ടിൽ ജയലളിതയുടെ അവസാന നിമിഷങ്ങൾ വിവരിക്കുന്നു.

അന്ന് ജയലളിതയ്ക്ക് സമീപം ഭക്ഷണ ട്രോളി കൊണ്ടുപോകാൻ ശശികല ശ്രമിച്ചപ്പോൾ ജയലളിതയ്ക്ക് വിറയൽ അനുഭവപ്പെട്ടിരുന്നു. അക്കയുടെ നാവ് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു, അക്ക പല്ലിറുമ്മിക്കൊണ്ട് എന്തൊക്കെയോ വിളിച്ചുപറഞ്ഞു. 'അക്കാ, അക്കാ' എന്ന് ഞാൻ നിലവിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവൾ എന്നെ നോക്കി ഇരുകൈകളും എനിക്ക് നേരെ ഉയർത്തി. അലറിവിളിച്ചപ്പോൾ ഞാൻ ചാടി അക്കയെ പിടിച്ചു. എന്നെ നോക്കി അക്ക കട്ടിലിൽ ചാരിയിരുന്നു. ഡോക്ടർമാരും നഴ്സുമാരും തിടുക്കപ്പെട്ട് ചികിൽസ നൽകാൻ തുടങ്ങി,'' ശശികല പറയുന്നതായി റിപ്പോർട്ടിലുണ്ട്. ഡിസംബർ 4ന് ആയിരുന്നു ഇത്.

ഭക്ഷണം സൂക്ഷിച്ചിരുന്ന ട്രോളി അക്കയുടെ അടുത്തേക്ക് നീക്കാൻ ശ്രമിച്ചപ്പോൾ നാവ് പുറത്തേക്ക് തള്ളിയിരുന്നു. പല്ലുകൾ കടിച്ചമർത്തി എന്തോ പറയാൻ ശ്രമിച്ചു, അക്കാ അക്കാ എന്ന് വിളിച്ചപ്പോൾ രണ്ട് കൈകളും എനിക്കുനേരെ നീട്ടിയശേഷം കിടക്കയിലേക്ക് വീണു. ഈ സമയം ഞാൻ ഓടിപ്പോയി താങ്ങിപ്പിടിക്കുകയായിരുന്നു, പെട്ടെന്ന് ഡോക്ടർമാർ എത്തി ഉടൻ ചികിത്സ നൽകിയതാണ് അവസാനനിമിഷങ്ങളിൽ സംഭവിച്ചതെന്നും ശശികല പറയുന്നു.

അന്വേഷണത്തിന് ശുപാർശ

എഡിഎംകെ ഇടക്കാല അധ്യക്ഷയായിരുന്ന ശശികലയുൾപ്പെടെ നാല് പേർക്കെതിരെ അന്വേഷണം വേണമെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ജയലളിതയുടെ ചികിത്സയ്ക്കിടെ പുറത്തുവന്ന റിപ്പോർട്ടുകളിൽ പല വൈരുധ്യങ്ങളുമുള്ളതായും അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിലുണ്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പനീർസെൽവം അടക്കമുള്ളവർ നിരവധി ആരോപണങ്ങളുമായി മുൻപ് രംഗത്തുവന്നിരുന്നു. പ്രധാനമായും വി.കെ ശശികലയ്‌ക്കെതിരെയായിരുന്നു ആരോപണങ്ങൾ.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്ന് അധികാരത്തിലുണ്ടായിരുന്ന അണ്ണാ ഡി.എം.കെ സർക്കാർ, ജസ്റ്റിസ് അറുമുഖസ്വാമി അധ്യക്ഷനായ ഒരു ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചിരുന്നു. നിരവധി കണ്ടെത്തലുകളാണ് കമ്മിഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജയലളിതയുടെ മരണസമയവുമായി ബന്ധപ്പെട്ടതാണ് പ്രധാന വൈരുധ്യം. 2016 ഡിസംബർ 5-ന് രാത്രി 11.30നാണ് ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. എന്നാൽ ഇതിന് ഒന്നര ദിവസം മുൻപ് അവർ മരിച്ചിരുന്നുവെന്നാണ് കമ്മിഷൻ കണ്ടെത്തൽ. ഡിസംബർ നാലിന് വൈകുന്നേരം മൂന്നിനും 3.50നും ഇടയിലുള്ള സമയത്ത് മരണം സംഭവിച്ചുവെന്നാണ് കമ്മിഷൻ കണ്ടെത്തയിരിക്കുന്നത്.

അതോടൊപ്പം, ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.വിദേശത്തുനിന്നുള്ള ഡോക്ടർമാർ ജയലളിതയ്ക്ക് ആൻജിയോഗ്രാം സ്ത്രക്രിയ ഉൾപ്പെടെ നിർദേശിച്ചിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ലെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്. വിദേശത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ലെന്നാണ് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP