Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരം നിലനിർത്താൻ ഗ്രാന്റ് ഷാപ്സിനെ പോലും ഒപ്പംകൂട്ടി; കൺസർവേറ്റീസ് എംപിമാരുടെ സമ്മർദം ഏറിയതോടെ ലിസ് ട്രസിനെ കൈവിട്ട് പാർട്ടി നേതൃത്വം; ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നാണക്കേടുമായി ലിസ് ട്രസിന് പടിയിറക്കം

അധികാരം നിലനിർത്താൻ ഗ്രാന്റ് ഷാപ്സിനെ പോലും ഒപ്പംകൂട്ടി; കൺസർവേറ്റീസ് എംപിമാരുടെ സമ്മർദം ഏറിയതോടെ ലിസ് ട്രസിനെ കൈവിട്ട് പാർട്ടി നേതൃത്വം; ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നാണക്കേടുമായി ലിസ് ട്രസിന് പടിയിറക്കം

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: സാമ്പത്തിക നയങ്ങൾ പാളിപ്പോയതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് പാർട്ടിയിലും പിന്തുണ നഷ്ടപ്പെട്ടതോടെ നാണംകെട്ട് പടിയിറക്കം. കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് ലിസ് എന്ന തരത്തിൽ വിമർശനങ്ങളുയർന്നിരുന്നു.

ബ്രിട്ടണിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെന്ന ഖ്യാതിയോടെ അധികാരമേറ്റ ലിസ് ട്രസിന് രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നാണക്കേടുമായാണ് പടിയിറങ്ങുന്നത്. ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പിന്തള്ളിയാണ് ഒന്നര മാസങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റിരുന്നത്.

ലിസിനു പകരം ആരെ കൊണ്ടുവരും എന്നതു സംബന്ധിച്ച് കൺസർവേറ്റീവ് പാർട്ടിയിൽ ഭിന്നത തുടരുന്നതുകൊണ്ടായിരുന്നു ഇത്രയും കാലയളവ് പോലും അധികാരത്തിൽ തുടരാൻ അവർക്ക് സാധിച്ചതെന്ന രീതിയിലാണ് നിലവിലെ വിമർശനം.

ബ്രിട്ടൺ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തൻ സാമ്പത്തിക നയമാണെന്നും വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതിൽ മാപ്പു ചോദിക്കുന്നുവെന്നും അടുത്തിടെ ലിസ് ട്രസ് തുറന്നുപറഞ്ഞിരുന്നു. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുത്തൻനയം സൃഷ്ടിച്ചത് ആഴമേറിയ പരിണിത ഫലങ്ങളാണ്. പക്ഷേ, രാജ്യത്തിന്റെ നന്മ മാത്രമാണ് താൻ ആഗ്രഹിച്ചതെന്നും ലിസ് ട്രസ് അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടൺ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം ട്രഷറി ചീഫ് അവതരിപ്പിച്ച പുതിയ സാമ്പത്തിക നയമാണെന്നും പുനർവിചിന്തനം ചെയ്യാതെ അത് നടപ്പാക്കിയതിൽ മാപ്പു ചോദിക്കുന്നുവെന്നും ലിസ് ട്രസ് തുറന്നു സമ്മതിച്ചിരുന്നു. ലിസ് പുറത്തേക്കു പോകുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വാക്കുകൾ ശരിവച്ച് ഒടുവിൽ പടിയിറക്കം.

ട്രസ് രാജിവയ്ക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി എംപിമാർ ആവശ്യം ഉയർത്തുന്നതിനിടെയാണ് രാജി. കൂടുതൽ സമയം കാത്തിരിക്കുന്നതിനേക്കാൾ, വേഗത്തിൽ നീങ്ങുന്നതാണ് നല്ലതെന്ന് എംപിമാരിൽ പലരും വിശ്വസിച്ചിരുന്നു.

പ്രധാനമന്ത്രി പദത്തിൽ ഒരു മാസം മാത്രം തികയ്ക്കുമ്പോഴേക്കും ട്രസിനെതിരെ പാർട്ടിയിൽ ഉയർന്ന വിമത നീക്കമാണ് ഒടുവിൽ രാജിയിൽ കലാശിച്ചത്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ ലിസ് ട്രസിനെ കൈവിടാനും ഒരുക്കമാണെന്ന രീതിയിൽ പാർട്ടി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.

കൺസർവേറ്റീവ് പാർട്ടിയിലെ പ്രമുഖ നേതാവും തിരഞ്ഞെടുപ്പിൽ ഋഷി സുനക് അനുഭാവിയുമായ ജെറമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി ലിസ് ട്രസ് പ്രഖ്യാപിച്ചത് രാഷ്ട്രീയ നിലനിൽപ് ലക്ഷ്യമിട്ടെന്നാണെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയെ പുറത്താക്കുന്നതു സംബന്ധിച്ച് എംപിമാർ തമ്മിൽ ചർച്ചകൾ നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാറ കുഴിച്ച് ഇന്ധനങ്ങൾ കണ്ടെത്തുന്ന ഫ്രാക്കിങ്ങ് നടത്തണമെന്നതു സംബന്ധിച്ച് പാർലമെന്റിൽ നടത്തിയ വോട്ടെടുപ്പ് വ്യാപകമായ അരാജകത്വത്തിലേക്കാണ് നയിച്ചത്. സർക്കാറിനെതിരെ വോട്ടുചെയ്യുന്നവരെ പുറത്താക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതായി ആരോപണമുയർന്നു.

ഗ്യാസ് ഫ്രാക്കിങ് പുനരാരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ വിവാദ പദ്ധതിയാണ് വിമർശനത്തിനിടയാക്കിയത്. ഹരിത അജണ്ടയെ പ്രോത്സാഹിപ്പിക്കാതെ ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് പദ്ധതി ഊന്നൽ നൽകുന്നത്. പദ്ധതി വോട്ടിനിട്ടതിനിടെ, ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രേവർമാൻ പുറത്തായി. ട്രസിനെ പുറത്താക്കാൻ പരസ്യമായി ശ്രമിച്ചിരുന്ന ഗ്രാന്റ് ഷാപ്സിനെ പകരം നിയമിച്ചു. പ്രധാനമന്ത്രിയെ പ്രതിരോധിക്കേണ്ടിവരുന്നവർ അപമാനിതരാവുകയാണെന്നും ലിസ് ട്രസിന്റെത് അപക്വമായ നടപടിയാണന്നും എംപിമാർ ആരോപിച്ചു.

വോട്ടെടുപ്പിൽ 230നെതിരെ 326 വോട്ടുകൾ നേടി പദ്ധതി പാസായി. അതിനിടെ, എംപിമാർ വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുത്തപ്പോൾ, ട്രസിന്റെ ഉന്നത പാർലമെന്ററി എൻഫോഴ്സറായ ചീഫ് വിപ്പ് വെൻഡി മോർട്ടൺ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മോർട്ടന്റെ ഡെപ്യൂട്ടി, ക്രെയ്ഗ് വിറ്റ്ക്കറും രാജി പ്രഖ്യാപിച്ചു. എന്നാൽ വോട്ടിങ് നടക്കുന്ന ഇടത്തു നിന്ന് ലിസ് ട്രസ് മോർട്ടന്റെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയെന്ന് ചില എംപിമാർ പറഞ്ഞു. പിന്നീട് മോർട്ടനും ക്രെയ്ഗ് വിറ്റ്ക്കറും തസ്തികയിൽ തുടരുമെന്ന് ട്രസിന്റെ ഓഫീസ് പിന്നീട് അറിയിക്കുകയായിരുന്നു.

ബാലറ്റുകൾ എണ്ണിയ സമയത്തും അതിനുശേഷവും, വിമതരെ സർക്കാർ സഹായികൾ പിടിച്ചുവെച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം, സർക്കാറിനനുകൂലമായി വോട്ടു ചെയ്യാൻ എംപിമാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ഉണ്ടായെന്ന് ലേബർ എംപി ക്രിസ് ബ്രയന്റ് ആരോപിച്ചു. മന്ത്രിമാരായ തെരേസ് കോഫിയെയും ജേക്കബ് റീസ്-മോഗിനെയും ആക്രമിച്ചത് താൻ കണ്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ആരോപണങ്ങളെ തള്ളി റീസ്-മോഗ് രംഗത്തെത്തി. തന്നെ ആരും നിർബന്ധിച്ചിട്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.

ലിസ് ട്രസ് എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് ട്രസിന്റെ പിന്തുണക്കാരനായ ഡേവിഡ് ഫ്രോസ്റ്റ് ടെലിഗ്രാഫ് പത്രത്തിൽ എഴുതി. യു.കെയിലെ ഗ്രേറ്റ് ഓഫീസ് ഓഫ് സ്റ്റേറ്റിന്റെ രണ്ടാമത്തെ ഉടമയായ ബ്രേവർമാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രസ്സിനുള്ള കത്തിൽ, പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. 'ഞങ്ങൾ തെറ്റുകൾ ചെയ്തിട്ടില്ലെന്ന് നടിക്കുക, ചെയ്ത തെറ്റ് ആർക്കും കാണാൻ കഴിയില്ലെന്ന മട്ടിൽ തുടരുക, കാര്യങ്ങൾ മാന്ത്രികമായി ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയായ രാഷ്ട്രീയമല്ല' അവർ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് നടന്നാൽ അതിൽ പരാജയപ്പെടാൻ സാധ്യത ഉള്ളതിനാൽ ചില കൺസർവേറ്റീവ് എംപിമാർ പാർലമെന്റിൽ നിന്ന് രാജിവെക്കുന്ന കാര്യം പരിഗണിക്കുന്നതായി വെസ്റ്റ്മിൻസ്റ്ററിൽ ചില കിംവദന്തികൾ പ്രചരിച്ചിരുന്നു.

പാർട്ടി അധികാരത്തിലിരിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് വിലയുള്ളതെന്ന് അവർ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചാൽ അവർക്കത് തിരിച്ചടിയാകും. ഇത് കണക്കിലെടുത്ത്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ലിസിന്റെ രാജി മാത്രമായിരുന്നു പാർട്ടി നേതൃത്വത്തിന് മുന്നിലുള്ള ഏക വഴി. എന്നാൽ പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ലേബർ പാർട്ടി രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP