Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു; നികുതി ഇളവുകളുടെ മോഹന വാഗ്ദാനം നൽകി അധികാരക്കസേര ഏറിയ നേതാവിന് തൊട്ടതെല്ലാം പിഴച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു; ധനമന്ത്രി അടക്കം രണ്ടുമന്ത്രിമാർ രാജി വച്ചിട്ടും മുഖം രക്ഷിക്കാനായില്ല; കൺസർവേറ്റീവ് പാർട്ടിയുടെ സമ്മർദ്ദം ഏറിയതോടെ ഗത്യന്തരമില്ലാതെ രാജി

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു; നികുതി ഇളവുകളുടെ മോഹന വാഗ്ദാനം നൽകി അധികാരക്കസേര ഏറിയ നേതാവിന് തൊട്ടതെല്ലാം പിഴച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു; ധനമന്ത്രി അടക്കം രണ്ടുമന്ത്രിമാർ രാജി വച്ചിട്ടും മുഖം രക്ഷിക്കാനായില്ല; കൺസർവേറ്റീവ് പാർട്ടിയുടെ സമ്മർദ്ദം ഏറിയതോടെ ഗത്യന്തരമില്ലാതെ രാജി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു. സ്വന്തം സാമ്പത്തിക നയം വരുത്തി വച്ച പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാവാതെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. തിരഞ്ഞെടുക്കപ്പെട്ട് ആറാഴ്ചയ്ക്കുള്ളിൽ തന്നെ കൺസർവേറ്റീവ് പാർട്ടിയിൽ ഭിന്നത ഉടലെടുത്തതോടെയാണ് രാജി.

രാജി വയ്ക്കാൻ കടുത്ത സമ്മർദ്ദമാണ് ലിസ് ട്രസ് പാർട്ടിയിൽ നിന്ന് നേരിട്ടത്. രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പ്രധാനമന്ത്രി ലിസ് ട്രസിന്റെ ക്യാബിനറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ രാജി ഇന്നലെ സംഭവിച്ചിരുന്നു. യുകെ ആഭ്യന്തര സെക്രട്ടറി ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ മന്ത്രിസ്ഥാനം രാജിവെച്ചു.

ഒക്ടോബർ 14-ന് ക്വാസി ക്വാർട്ടെങ്ങിനെ ധനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പകരം ജെറമി ഹണ്ടിനെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുവെല്ല ബ്രാവർമാൻ രാജിവച്ചത്.

അധികാരമേറ്റു 45-ാം ദിവസമാണു ലിസ് ട്രസ് രാജി വച്ചത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്റെ പടിയിറക്കം. തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കും വരെ താൻ പദവിയിൽ തുടരുമെന്ന് ട്രസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. താനൊരു പോരാളിയാണ്, പുറത്തുപോകുന്ന ആളല്ല എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് 24 മണിക്കൂർ പിന്നിടും മുമ്പേയാണ് ലിസ് ട്രസിന്റെ രാജി. എലിസബത്ത് രാജ്ഞിയുടെ വേർപാടിനെ തുടർന്നുള്ള 10 ദിവസത്തെ ദുഃഖാചരണത്തിന് ശേഷം കഷ്ടിച്ച് ഒരാഴ്ച പിന്നിടും മുമ്പേ തന്റെ രാഷ്ട്രീയ-സാമ്പത്തിക നയം പൊളിയുന്നതും ട്രസിന് കാണേണ്ടി വന്നു.

ലിസ് ട്രസ് അധികാരമേറ്റയുടൻ ധനമന്ത്രി അവതരിപ്പിച്ച മിനി ബജറ്റ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. വൻകിട കമ്പനികൾക്കുള്ള കോർപറേഷൻ ടാക്‌സ് ഇളവുചെയ്തതാണ് ഇതിൽ പ്രധാനം. മുൻ സർക്കാർ കോർപറേഷൻ ടാക്‌സ് 19 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തിയിരുന്നു. ഇത് മരവിപ്പിച്ച് വീണ്ടും 19 ശതമാനമാക്കി കുറച്ചു. ഇതോടെ വിപണിയിൽ വൻ തകർച്ചയാണ് നേരിട്ടത്. പ്രധാനമന്ത്രി ലിസ് ട്രസിന്റെ തന്നെ നയത്തിന്റെ ഭാഗമായിരുന്നു നികുതി ഇളവെങ്കിലും കാര്യങ്ങൾ കൈവിട്ടതോടെ ധനമന്ത്രിയെ പുറത്താക്കി മുഖം രക്ഷിക്കുകയായിരുന്നു സർക്കാർ. നികുതിയിളവ് ഏർപ്പെടുത്തിയത് തിരിച്ചടിയായെന്ന് സമ്മതിച്ച പ്രധാനമന്ത്രി ലിസ് ട്രസ് രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി,

മുൻ സർക്കാരുകളിൽ ആരോഗ്യ, വിദേശകാര്യ വകുപ്പുകളുടെ ചുമതല വഹിച്ച ജെറമി 
ഹണ്ടിനെ പുതിയ ധനമന്ത്രിയാക്കിയെങ്കിലും പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാവാതെയാണ് ലിസ് ട്ര്‌സിന്റെ രാജി.

വിലക്കയറ്റം രൂക്ഷം

സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ബ്രിട്ടനിൽ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. ഭക്ഷ്യ സാധന വില 10 ശതമാനം ഉയർന്നുവെന്നാണ് ഉപഭോക്തൃ വില സൂചിക(സി.പി. ഐ) വ്യക്തമാക്കുന്നത്. ഓഗസ്റ്റിൽ 9.9 ശതമാനമായിരുന്നു സൂചികയെങ്കിൽ ഒക്ടോബറിൽ 10.1 ശതമാനമായി. വാതക ക്ഷാമവും വിലക്കയറ്റവും 40 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ഹോട്ടൽ ഭക്ഷണങ്ങളും പൊള്ളിത്തുടങ്ങിയിട്ടുണ്ട്. ഉയർന്ന ഊർജ ബില്ലുകളും ഭക്ഷ്യവിലകളും ബ്രിട്ടീഷ് കുടുംബങ്ങളുടെ ഗാർഹിക ബജറ്റിനെ താളം തെറ്റിച്ചതായി പുതിയ ധനമന്ത്രി ജെറമി ഹണ്ട് സമ്മതിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ സാധാരണക്കാർ നട്ടംതിരിയുന്നതിനിടെ സമ്പന്നർക്കുള്ള നികുതി വെട്ടിക്കുറക്കാനുള്ള പ്രധാനമന്ത്രി ലിസ് ട്രസിന്റെ തീരുമാനം ജനങ്ങളെ രോഷാകുലരാക്കി്. ട്രസിനെതിരെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽ പടയൊരുക്കങ്ങൾ സജീവമായതോടെ നികുതി ഇളവുകൾ പിൻവലിക്കുകയായിരുന്നു.കസേര തെറിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ട്രസ് മാപ്പുചോദിച്ചെങ്കിലും പാർലമെന്റിൽ രൂക്ഷ വിമർശനമാണ് നേരിടേണ്ടിവന്നത്. പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചില എംപിമാരും തങ്ങളുടെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചു. ചോദ്യോത്തര വേളയിൽ ട്രസ് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ചില അംഗങ്ങൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.

രാഷ്ട്രീയ അസ്ഥിരത തുടരുന്നു

യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപ്പെട്ട ബ്രക്‌സിറ്റ് നടപടികൾക്ക് ശേഷം ബ്രിട്ടനിൽ രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. ബ്രക്‌സിറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡേവിഡ് കാമറൂൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. പിൻഗാമിയായെത്തിയ തെരേസ മേയും രാജിവച്ചൊഴിഞ്ഞു. പിന്നീട് കൺസർവേറ്റീവ് പാർട്ടിയിലെ ബ്രക്‌സിറ്റ് അനുകൂലിയായ ബോറിസ് ജോൺസൺ അധികാരത്തിൽ വന്നു. കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നടത്തിയ സ്വകാര്യ പാർട്ടികളുടെ വിവരങ്ങൾ പുറത്തുവന്നതോടെ ബോറിസ് ജോൺസണും സ്ഥാനമൊഴിയേണ്ടിവന്നു. ധനമന്ത്രിയായിരുന്ന റിഷി സുനകും വിദേശകാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് ട്രസ് പ്രധാനമന്ത്രി കസേര സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP