Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലിയുള്ള തർക്കം 'ലഹരി' കേസായി; കിളികൊല്ലൂരിലേത് 'കാക്കിയിട്ട കൊടുംക്രൂരത'; സഹോദരങ്ങളെ കള്ളക്കേസിൽ കുരുക്കി തല്ലിച്ചതച്ച നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; വകുപ്പുതല അന്വേഷണം; നടപടി, കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ

ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലിയുള്ള തർക്കം 'ലഹരി' കേസായി; കിളികൊല്ലൂരിലേത് 'കാക്കിയിട്ട കൊടുംക്രൂരത'; സഹോദരങ്ങളെ കള്ളക്കേസിൽ കുരുക്കി തല്ലിച്ചതച്ച നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; വകുപ്പുതല അന്വേഷണം; നടപടി, കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കിളികൊല്ലൂരിൽ സഹോദരങ്ങളായ യുവാക്കളെ ക്രൂരമായി മർദിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വിനോദ്, സബ് ഇൻസ്‌പെക്ടർ എ.പി.അനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രകാശ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ മണികണ്ഠൻ പിള്ള എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം സിറ്റി ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തി.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. ഇതിനു പിന്നാലെ, കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നു.

ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്‌ഐയും വിഷ്ണുമായി ഉണ്ടായ തർക്കമാണ് കള്ളക്കേസ് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസെടുത്തത് കള്ളക്കേസ് ആണെന്ന് കണ്ടെത്തി. പിന്നാലെ, എസ്‌ഐ അനീഷ്, എഎസ്‌ഐ പ്രകാശ് ചന്ദ്രൻ, സിപിഒ ദിലീപ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു.

പൊലീസുകാരെ നേരത്തേ സ്ഥലംമാറ്റിയിരുന്നു. മർദിച്ച സംഭവത്തിൽ നടപടി നാലു പൊലീസുകാർക്കെതിരെ മാത്രമാണെന്നും സിഐക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും പരാതിയുയർന്നിരുന്നു.സേനയ്ക്ക് തന്നെ നാണക്കേടായ സംഭവത്തിൽ ഈ നടപടി പോരെന്ന് വ്യാപക വിമർശനമുയർന്നു. കിളികൊല്ലൂർ സംഭവത്തിൽ ഭരണ-പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് നാല് പൊലീസുകാരെയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത്.

എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് പേരൂർ സ്വദേശികളായ സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്‌നേഷിനെയും മർദിക്കുകയും കേസിൽ കുടുക്കുകയും ചെയ്തത്. ഓഗസ്റ്റ് 25നായിരുന്നു സംഭവം.

പൊലീസുകാരെ ആക്രമിച്ചുവെന്നു കാട്ടി കേസിൽ കുടുക്കിയതോടെ സൈനികനായ വിഷ്ണുവിന്റെ വിവാഹം മുടങ്ങുന്ന അവസ്ഥയിലാണ്. വിഘ്‌നേഷിന്റെ ജോലി പോകുകയും ചെയ്തു. വിഷ്ണു തിരികെ ജോലിയിൽ പ്രവേശിച്ചു. എസ്‌ഐ അനീഷ് ഉൾപ്പെടെ നാലുപേരെ സ്ഥലംമാറ്റിയെങ്കിലും ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പരാതിക്കാരനായ വിഘ്‌നേഷ് പൊലീസിന്റെ മർദനത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

''ഒരാളുടെ സഹായമില്ലാതെ എനിക്കൊന്നും ചെയ്യാനാകുന്നില്ല. ഫോൺ പോലും കൈയിൽ കുറേനേരം പിടിക്കാനാകുന്നില്ല. കൈവിരൽ വളച്ചുവച്ചിരിക്കുകയാണ്. ഇതിനുവേണ്ടി ഞാനെന്താണ് ചെയ്തത്. എന്റെ ചേട്ടനെ ഇതിലും ദ്രോഹിച്ചു. അനീഷ് എന്നയാളുടെയും വിനോദ് എന്നയാളുടെയും മാസ്റ്റർ പ്ലാനിലാണ് ഇതു മാറിയത്. ലോകത്തുള്ള എല്ലാവരും എന്റെ അമ്മയുൾപ്പെടെയും എന്നെ തെറ്റിദ്ധരിച്ചു. നിനക്ക് എന്തിന്റെ കേടാണ് അതിൽച്ചെന്നു കയറിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഞാൻ പോയതല്ല. പൊലീസുകാർ എന്നെ വിളിച്ചുവരുത്തിയതാണ്. അനീഷ് എന്റെ ഓരോ വിരലും എണ്ണിയെണ്ണി വളച്ചുവച്ചു. നിന്നെ ഒരു ജോലിയിലും കയറ്റില്ല. കൂലിപ്പണിപോലും എടുക്കാൻ കഴിയാത്ത തരത്തിലാക്കുമെന്നും ജീവിതം തുലച്ചുതരുമെന്നും അയാൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.'' വിഘ്‌നേഷ് പറയുന്നു.

സ്റ്റേഷനിൽ തന്നെയുണ്ടായിരുന്ന മണികണ്ഠൻ എന്ന പൊലീസുകാരനാണ് വിഘ്‌നേഷിനെ വിളിച്ചുവരുത്തിയത്. അനന്തു എന്ന സുഹൃത്ത് കേസുമായി ബന്ധപ്പെട്ടു പിടിയിലായെന്നും ജാമ്യം കിട്ടുന്ന കേസാണെന്നും പറഞ്ഞാണ് വിളിച്ചത്. എന്നാൽ എംഡിഎംഎ കേസ് ആണെന്ന് വിഘ്‌നേഷിനോടു പറഞ്ഞുമില്ല. സ്റ്റേഷനിൽ എത്തിയശേഷമാണ് എംഡിഎംഎ കേസ് ആണെന്നു പറയുന്നത്. ഉടനെതന്നെ ഇതുമായി ബന്ധപ്പെട്ട് ജാമ്യത്തിൽ ഇറക്കാൻ പറ്റില്ലെന്ന് വിഘ്‌നേഷ് പറഞ്ഞു. പിഎസ്‌സി ലിസ്റ്റ് പ്രകാരം പൊലീസിന്റെ റാങ്ക് പട്ടികയിൽ ഉള്ളയാളാണ് താനെന്ന് വിഘ്‌നേഷ് അറിയിച്ചു. അടുത്ത മാസം ടെസ്റ്റിന് പോകേണ്ടതാണെന്നും പറഞ്ഞ് ഇവർ പുറത്തിറങ്ങി.

സ്റ്റേഷനു പുറത്തുള്ള റോഡിൽ വച്ച് ഒരു സ്ത്രീ സുഖമില്ലാതെ നിലത്തുവീണു. ഇതുകണ്ട വിഘ്‌നേഷും മറ്റൊരു സുഹൃത്തും നാട്ടുകാരും ചേർന്ന് അവരെ ഓട്ടോയിൽ കയറ്റിവിട്ടു. പിന്നാലെ വിഘ്‌നേഷിനെ അന്വേഷിച്ച് ചേട്ടൻ വിഷ്ണു ബൈക്കിൽ ഇവിടേക്ക് എത്തി. ജാമ്യത്തിൽ ഒപ്പിടില്ലെന്നു പറഞ്ഞ് വിഘ്‌നേഷ് പുറത്തിറങ്ങിയതിനു പിന്നാലെ പ്രകാശ് ചന്ദ്രൻ എന്ന പൊലീസുകാരൻ പുറത്തെത്തി ഇവരോടു തട്ടിക്കയറുകയായിരുന്നു. എന്തിനാണ് ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്യുന്നതെന്ന് വിഷ്ണു ചോദിച്ചു. ഉടനെ ഇയാൾ വിഷ്ണുവിന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട് സ്റ്റേഷന്റെ അകത്തേക്കു കൊണ്ടുപോകുകയായിരുന്നു. ഇതിനു പിന്നാലെ വിഘ്‌നേഷും സ്റ്റേഷനിലേക്കു കയറി.

പ്രകാശ് ചന്ദ്രൻ എന്ന പൊലീസുകാരൻ മദ്യലഹരിയിൽ ആയിരുന്നെന്നാണ് യുവാക്കൾ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച പരാതി സ്റ്റേഷനിലെ വനിതാ എസ്‌ഐക്ക് കൊടുക്കാൻ നിൽക്കുമ്പോൾ എഎസ്‌ഐ ആയിരുന്ന പ്രകാശ് ചന്ദ്രൻ വിഷ്ണുവിനെ അതിക്രൂരമായി മർദിച്ചു. തുടർന്ന് വിലങ്ങുവച്ച് ഇരുവരെയും മർദിച്ചു. സ്റ്റേഷന്റെ അകത്തുള്ള ഇരുട്ടുമുറിയിൽ ഉൾവസ്ത്രത്തിൽ നിർത്തിയായിരുന്നു മർദനം. ക്രൂരമായ മർദനത്തിനൊപ്പം പരിഹാസവും നടത്തി.

വെള്ളം ചോദിച്ച സഹോദരങ്ങളോടു മൂത്രം കുടിക്കാൻ പറഞ്ഞുവെന്നാണ് പരാതി. ഡിവൈഎഫ്‌ഐക്കാരനാണെന്നു പറഞ്ഞപ്പോൾ പിണറായിയുടെ അടുത്തയാളാണോ എന്നു പരിഹസിച്ചു മർദിച്ചുവെന്നും അവർ പറയുന്നു. ഡോക്ടറെന്ന വ്യാജേനയെത്തിയ പൊലീസുകാരൻ നട്ടെല്ലിൽ ചവിട്ടി. ആരോപണവിധേയനായ സിഐക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും യുവാക്കൾ പറയുന്നു. സഹോദരങ്ങൾ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയെന്ന കേസാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസുകാരെ സ്ഥലം മാറ്റിയിരിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വരികയും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയും ചെയ്തതിനു പിന്നാലെ ക്രൈംബ്രാഞ്ചും കേസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ മൊഴിയെടുത്തില്ല. അതേസമയം, സംഭവം വിവാദമായതിനെത്തുടർന്ന് പൊലീസ് മേധാവി ഇടപെട്ടിട്ടുണ്ട്. കമ്മിഷണറോട് റിപ്പോർട്ട് തേടാൻ തിരുവനന്തപുരം റേഞ്ച് ഐജിയോട് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP