Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയും അച്ഛനും ചെറുപ്പത്തിലേ മരിച്ച ദുരിത ബാല്യം; പടിപടിയായി വളർന്ന് പാർട്ടിയുടെ അമരക്കാരനായി; സിപിഎമ്മിന്റെ സ്ഥാപകാംഗം; അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും പേടി സ്വപ്നം; പിണറായിയുമായുള്ള വിഭാഗീയതയിൽ പഴികേട്ടു; കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ്; നൂറാം വയസ്സിലെത്തി നിൽക്കുമ്പോഴും ജനത്തിന്റെ കണ്ണും കരളും; വിഎസിന്റെ പോരാട്ട ജീവിതം

അമ്മയും അച്ഛനും ചെറുപ്പത്തിലേ മരിച്ച ദുരിത ബാല്യം; പടിപടിയായി വളർന്ന് പാർട്ടിയുടെ അമരക്കാരനായി; സിപിഎമ്മിന്റെ സ്ഥാപകാംഗം; അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും പേടി സ്വപ്നം; പിണറായിയുമായുള്ള വിഭാഗീയതയിൽ പഴികേട്ടു; കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ്; നൂറാം വയസ്സിലെത്തി നിൽക്കുമ്പോഴും ജനത്തിന്റെ കണ്ണും കരളും; വിഎസിന്റെ പോരാട്ട ജീവിതം

എം റിജു

സാക്ഷാൽ ജോസഫ് സ്റ്റാലിന്റെ മകൾ സ്വെറ്റ്ലാന, തന്റെ പിതാവിന്റെ മരണത്തിനുശേഷം കൊടുത്ത ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' അദ്ദേഹം ( സ്റ്റാലിൻ) എന്നും ഭയന്നിരുന്നത് സ്വന്തം പാർട്ടിയിലെ കഴിവുള്ള നേതാക്കളെയാണ്. അവരെയാണ് അദ്ദേഹം ആദ്യം നിഷ്‌ക്കാസനം ചെയ്തത്. വിമർശനം നടത്തുവാനും തിരുത്തുവാനും കഴിയുന്ന, ഒരു ശക്തിയില്ലാതെ പോയതാണ് അക്കാലത്ത് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി നേരിട്ട എറ്റവും വലിയ പ്രശ്നം''- സ്റ്റാലിന്റെ മകളുടെ ഈ വാക്കുകൾ ഇന്ത്യയിലെ അവശേഷിക്കുന്ന ചുവന്ന തുരുത്തായ കേരളത്തിലും ഇപ്പോൾ ഏറെ ബാധകമാണെന്ന് തോനുന്നു. സമ്പൂർണ്ണമായ പിണറായിസത്തിന്റെ കാലത്ത്, പാർട്ടിയും ഭരണവും ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്ന സമയത്ത്, വി എസ് സജീവമായിരുന്നെങ്കിൽ എന്ന് അദ്ദേഹത്തിന്റെ എതിരാളികൾ പോലും ചിന്തിച്ചുപോവുന്ന സമയം.

അതുതന്നെയാണ് ഇപ്പോൾ നൂറാം വയസ്സിലേക്ക് എത്തിനിൽക്കുന്ന വേലിക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദൻ എന്ന മനുഷ്യന്റെ പ്രത്യേകതയും. സ്വർണ്ണക്കടത്ത് വിവാദവും, സർവകലാശാലകളിലെ തിരുക്കയറ്റലും, കെ റെയിലും അടക്കമുള്ള വിവാദങ്ങൾ കൊടുമ്പരി കൊള്ളുമ്പോൾ വി എസിനെ ഓർത്തുപോകും. എന്തായിരുന്നേനെ അദ്ദേഹത്തിന്റെ പ്രതികരണം. എന്തായാലും ഒന്ന് ഉറപ്പാണ്. സിപിഎം ഇതിലേറെ ജനാധിപത്യവത്ക്കരിക്കപ്പെടുമായിരുന്നു. ഹെഡ്‌മാഷും കുട്ടികളുമെന്ന് മന്ത്രിസഭാ യോഗങ്ങളെപ്പോലും മാധ്യമങ്ങൾ പരിഹസിക്കുന്ന അവസ്ഥ വരുമായിരുന്നില്ല. പിണറായിയുടെ തിരവായ്ക്ക് എതിർവായില്ലാത്ത അവസ്ഥ ഉണ്ടാവുകയില്ല.

കണ്ണേ, കരളേ എന്ന് ഒരു നേതാവിനെയേ മലയാളി വിളിച്ചിട്ടുള്ളൂ. വി എസ്. എന്ന വി എസ്.അച്യുതാനന്ദനെ. അദ്ദേഹം ഇപ്പോൾ നൂറാംവയസ്സിലേക്ക് കടക്കുകയാണ്. അദ്ദേഹമിന്ന് ജനമധ്യത്തിലല്ല. വിശ്രമത്തിലാണ്. നാലുവർഷംമുമ്പ് ഇതുപോലൊരു ഒക്ടോബറിൽ പക്ഷാഘാതംവന്ന് വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊർജസ്വലനായ നേതാവായിരുന്നു വി എസ്. കാലത്തിനുചേർന്ന ലക്ഷ്യബോധമുള്ള രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റേത്. ചിട്ടയുള്ള ജീവിതവും.തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വി.എ. അരുൺകുമാറിന്റെ 'വേലിക്കകത്ത്' വീട്ടിലാണ് അദ്ദേഹമിപ്പോൾ. 99-ാം പിറന്നാളിന് വലിയ ആഘോഷത്തിന് അവസരമില്ല. മക്കളും പേരക്കുട്ടികളും ഒത്തുചേരും. സന്ദർശകരില്ല. പക്ഷേ, പുറത്ത് ആഘോഷമുണ്ട്. അസാധാരണമായ ജീവിത സമരത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് വി എസ് പിന്നിടുന്ന ഒരു നൂറ്റാണ്ട്.

യഥാർഥ പേര് വെന്തലത്തറ

1923 ഒക്ടോബർ 20-നാണ് ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വി എസ്. ജനിച്ചത്. 1940 മുതൽ പാർട്ടി പ്രവർത്തനം തുടങ്ങി. ഏഴാംക്ലാസിൽ പഠനം നിർത്തേണ്ടിവന്നൂ.ജീവിക്കാനായി ആസ്പിൻവാൾ കമ്പനിയിൽ പട്ടാളടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു ആ മനസ്സിൽ. അങ്ങനെ, 17-ാംവയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.

സ്വാതന്ത്ര്യസമരം തിളച്ചുമറിഞ്ഞ കാലത്തുതുടങ്ങിയ 82 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചകൾക്കൊപ്പം തളർച്ചകളും. ഇപ്പോഴും സംസ്ഥാന സമിതിയിൽ ക്ഷണിതാവ്. മൂന്നുതവണ പ്രതിപക്ഷനേതാവ്. മൂന്നുതവണ പാർട്ടി സെക്രട്ടറി. ഒരുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി. അതിനപ്പുറം കേരളത്തിന്റെ മണ്ണിന്റെയും മനസ്സിന്റെയും രാഷ്ട്രീയ ജാഗ്രതയുടെ കാവൽക്കാരൻ. പരിസ്ഥിതിയുടെ കാവലാൾ. കൈയേറ്റങ്ങൾ തടയാൻ കാടും മലയും കയറിയ പോരാളി. ഉൾപ്പാർട്ടിയുദ്ധത്തിലെ ശൗര്യമുള്ള യോദ്ധാവ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ മനസ്സിന്റെ നേതാവ്.

വി എസ്. അച്യുതാനന്ദന്റെ മുഴുവൻ പേരായി എല്ലാവരും വിശ്വസിക്കുന്നത് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നാണ്. എന്നാൽ അതങ്ങനെയല്ല. ശരിക്കുമുള്ള പേര് വെന്തലത്തറ ശങ്കരൻ അച്യുതാനന്ദൻ എന്നാണെന്ന വി.എസിന്റെ ജ്യേഷ്ഠൻ വി എസ്. ഗംഗാധരന്റെ മകൻ പീതാംബരൻ വെളിപ്പെടുത്തിയിരുന്നു. വി.എസിനെ സ്‌കൂളിൽ ചേർത്തപ്പോൾ കുടുംബപ്പേരായ വെന്തലത്തറ കൂടി ചേർക്കുകയായിരുന്നു. ആദ്യമായി 1967 ൽ എംഎ‍ൽഎ ആയതിന് ശേഷമാണ് വി എസ്. വേലിക്കകത്തെ വീട്ടിലേക്ക് മാറിയത്. ജേഷ്ഠന്റെ പേരിൽ പുന്നപ്ര വടക്ക് വേലിക്കകത്തുണ്ടായിരുന്ന സ്ഥലം സ്വന്തമായി സ്ഥലമില്ലാതിരുന്ന വി എസ്. അച്യുതാനന്ദൻ വാങ്ങുകയായിരുന്നു.

'പുന്നപ്ര വയലാർ സമരകാലത്ത് വി എസ് ജനിച്ച് വളർന്ന വെന്തലത്തറയിലെ വീട് പട്ടാളം മുദ്രവച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത് ഒളിവിൽ പോയ അച്യുതാനന്ദനെ തിരക്കിയാണ് അന്ന് പട്ടാളമെത്തിയത്. എന്നാൽ അച്യുതാനന്ദൻ വീട്ടിലില്ലെന്ന് പറഞ്ഞെങ്കിലും പട്ടാളം കേട്ടില്ല. വീട്ടിലുള്ളവരെയെല്ലാം അന്ന് ഇറക്കിവിട്ടു. ഒടുവിൽ അയൽപക്കക്കാരോട് അന്വേഷിച്ച് വി എസിന്റെ വീടല്ല എന്ന് ഉറപ്പ് വരുത്തിയശേഷമാണ് വീട്ടുകാരെ പട്ടാളം അകത്ത് കേറാൻ അനുവദിച്ചത്. രാജ്യ മുദ്ര പതിപ്പിച്ചത് അങ്ങനെ പൊളിച്ചെടുത്ത ചരിത്രമുള്ള വീടാണ് വെന്തലത്തറയിലെ വീടെന്നും പീതാംബരൻ പറയുന്നു.വി എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള, അധികം പേർക്ക് അറിയാത്തൊരു കാര്യം അദ്ദേഹത്തിന്റെ പെങ്ങൾ വി.എ. ആഴിക്കുട്ടിയും ഇത് സ്ഥിരീകരിക്കുന്നു.

ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചു

തീർത്തും ദുരിതമായ ബാല്യമായിരുന്നു വിഎസിന്റെത്. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ പിതാവും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായ പി.കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. . പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പൊലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിലായി.

1952-ൽ വി എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നങ്ങോട്ട് അദ്ദേഹത്തിന് തിരുഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നീട്ടിയും കുറുക്കിയുമുള്ള ആ പ്രത്യേക മോദിലുള്ള പ്രസംഗം ശൈലി വഴി അദ്ദേഹം ആളുകളെ ആകർഷിച്ചു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സിപിഎം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സിപിഎം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി എസ്.അച്യുതാനന്ദൻ.

1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗവും. പക്ഷേ അന്നൊക്കെ പാർട്ടിക്ക് പറുത്ത് വി എസ് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ല. മുരടനും അരസികനുമായ ഒരു നേതാവ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ പ്രതിഛായ.

മുരടനിൽ നിന്ന് ജനകീയനിലേക്ക്

2001ൽ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, ഒരു മുരടൻ കമ്യുണിസ്റ്റിൽനിന്ന് ജനകീയനായി വി എസ് മാറുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. എല്ലാം നേരിട്ട് കണ്ട് പഠിച്ചശേഷം പ്രതികരിക്കുക എന്ന വി എസ് ശൈലി വൻ ഇമേജാണ് അദ്ദേഹത്തിന് ഉണ്ടാക്കിയത്.

അതുവരെ വൻ ഭുരിപക്ഷത്തിന് ജയിക്കുന്ന നേതാവ് ആയിരുന്നില്ല വി എസ്.
1991ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽവിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽവിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി. ആ രക്തസാക്ഷി ഇമേജ് അദ്ദേത്തിന് കിട്ടി. തന്റെ തോൽവിക്ക് കാരണക്കാർ എന്ന് ആരോപിക്കപ്പെടുന്നവരെ മുഴുവൻ പുറത്താക്കി വി എസ് പകവീട്ടിയതും വേറെകാര്യം.

പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സിപിഎംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽവിയോടെ അതു നടക്കാതെപോയി

2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽപിച്ച് വി എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി. അപ്പോഴേക്കും വിഎസിന്റെ ഇമേജ് വല്ലാതെ മാറിയിരുന്നു. ഈ നാട്ടിലെ പാവപ്പെട്ടവരുടെയും അനീതിക്ക് എതിരെ പോരടിക്കുന്നവരുടെയും ശബ്ദമായി അദ്ദേഹം മാറിയിരുന്നു. പാർട്ടി അദ്ദേഹത്തിന് ആദ്യം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരളം എമ്പാടും ഉണ്ടായ 'കണ്ണേ കരളേ വിഎസേ, എന്ന് പറഞ്ഞ പ്രകടനം രാഷ്ട്രീയ കേരളം മറന്നിട്ടുണ്ടാവില്ല. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സമരങ്ങളിൽ വിട്ടുവഴ്ചയില്ല

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിലെ വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മെയ്‌ 13-നു ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മെയ്‌ 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി.

മുഖ്യമന്ത്രിയായ വി എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകൾക്കെതിരെയും പ്രതികരിച്ചു. മൂന്നാറിലടക്കമുള്ള കൈയറ്റേങ്ങൾ തിരിച്ചുപിടിക്കാൻ ആത്മാർഥമായി ശ്രമിച്ചു. വി എസ് മൂന്നാറിലേക്ക് വിട്ട 'മൂന്ന് പൂച്ചകളുടെ കഥ' ആരും മറന്നഞ്ഞിട്ടുണ്ടാവില്ല. പക്ഷേ പാർട്ടിയുടെ ശക്തമായ പ്രതിരോധത്തിൽ തട്ടി അതെല്ലാം ഇല്ലാതായി.

സമരങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത മനോഭാവമാണ് വിഎസിനെ ഇന്നത്തെ വി എസ് ആക്കിയതെന്ന് വിലയിരുത്താറുണ്ട്. ഇടുക്കി ജില്ലാ സെക്രട്ടറി ആയിരുന്ന എം.എം.മണി ഒപ്പം കാറിൽ ഉണ്ടായിരുന്നിട്ടും എതിർപ്പ് പറഞ്ഞിട്ടും അനുജൻ ലംബോധരന്റെ മൂന്നാറിലെ വിവാദ ഭൂമിയിലേക്ക് കാർ വിടാൻ വി എസ് പറഞ്ഞത്. കളമശേരിയിലെ എച്ച്എംടി ഭൂമി ഇടപാടിനോട് ഒരു അനുനയത്തിനും തയാറാകാഞ്ഞതും അതുകൊണ്ടു തന്നെയാണ്. മണിയുടെ ഇടുക്കിയും സ്വന്തം എറണാകുളവും അതോടെ കൈവിട്ടു പോകുമെന്ന മുന്നറിയിപ്പുകൾ വി എസ് വകവച്ചില്ല. ഓരോ ജില്ലാ ഘടകത്തിന്റെയും പിന്തുണ ഉറപ്പിക്കാൻ വി എസ് പിണറായി പക്ഷങ്ങൾ ഏതറ്റം വരെയും പോകുമെന്ന പ്രതീതി ഉണ്ടായിരുന്നപ്പോൾ നിലപാടുകൾക്കു വലിയ വിലയാണ് വിഎസിന് കൊടുക്കേണ്ടിവന്നത്.

എറണാകുളം വളന്തക്കാട്ടെ വൻകിട പദ്ധതിയുടെ ഫയൽ മുഖ്യമന്ത്രി ആയിരുന്ന വി എസ് പിടിച്ചു വച്ചതും ആ ഭൂമിയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തായിരുന്നു. അന്നു പദ്ധതിക്ക് വേണ്ടത് 400 ഏക്കർ. വ്യവസായിയുടെ പക്കൽ ഉണ്ടായത് 320 ഏക്കർ. എകെജി സെന്ററിൽനിന്നുള്ള നിർദ്ദേശ പ്രകാരം സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങി. ഇത്തരം വ്യവസായങ്ങൾക്ക് 20% ഭൂമി കൂടി സർക്കാരിന് ഏറ്റെടുത്തു കൊടുക്കാം. അതായത് പദ്ധതിക്കു വേണ്ട കൃത്യം 80 ഏക്കർ കൂടി. പോയി പണി നോക്കാൻ പറഞ്ഞ വി എസ് ആ ഫയൽ ഒപ്പിട്ടില്ല. വെട്ടിനിരത്തലിലൂടെ നെൽവയൽ സംരക്ഷണത്തിനു തുടക്കമിട്ട വി എസ് പിന്നീട് നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന് നെൽപാടങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി. ഇങ്ങനെ ഒരുപാട് നേട്ടങ്ങൾ ഉണ്ടെങ്കിലും കടുത്ത വിഭാഗീയത നില നിന്ന കാലം കൂടിയായിരുന്നു അത്. പാർട്ടിയും സർക്കാറും ഫലത്തിൽ രണ്ടുതട്ടായി.

വിഭാഗീയതയുടെ വിഷവിത്തുകൾ

വിഎസിന്റെ പേരിലുള്ള എറ്റവും വലിയ ആരോപണമായി പറയുന്നത് അദ്ദേഹം എവിടെയാണെങ്കിലും വിഭാഗീയത ഉണ്ടാവും എന്നാണ്. 64ൽ ചൈനീസ് ചാരന്മാർ എന്ന് പറഞ്ഞ് ജയിലിൽ അടച്ചപ്പോൾ, അവിടെ രക്തം കൊടുക്കാനുള്ള പ്രവർത്തനം നടത്തിയപ്പോൾ പോലും അദ്ദേഹം ഗ്രൂപ്പിസത്തിന് വളം വെക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് ആക്ഷേപമുണ്ട്. തന്നെ അംഗീകരിക്കാത്തവരെ ഒക്കെ വെട്ടിനിരത്തുക എന്ന ഒരു ശൈലി ഒരു കാലത്ത് വി എസ് വെച്ചു പുലർത്തിയിരുന്നു.

1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ സിഐടിയുവിന്റെ മുതിർന്ന നേതാക്കളെ വെട്ടിനിരത്താൻ മുന്നിൽ നിന്നത് വി എസ് ആയിരുന്നു. അതിലൊക്കെ അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ശിഷ്യൻ ആയിരുന്നു പിണറായി. 1998-ൽ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്ന് പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷമാണ് പാർട്ടിയിൽ വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. 2002-ൽ കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി.എസും വിരുദ്ധ ചേരികളിലായി വിഘടിച്ച് മാറി. അവിടെ വെച്ച് പിണറായി പക്ഷവും വി എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് 2005-ൽ നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയൻ ആധിപത്യം ഉറപ്പിച്ചു പാർട്ടിയിലെ ഔദ്യോഗിക പക്ഷമായി മാറി. പിന്നീട് നടന്ന 2008-ലെ കോട്ടയം, 2012-ലെ തിരുവനന്തപുരം സമ്മേളനങ്ങളിലും അതാവർത്തിച്ചു. 2015-ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിന് എത്തിയപ്പോൾ അത് പൂർണമായി. 2013-ന് ശേഷം വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടി.

ലാവ്‌ലിൻ പോരാട്ടത്തിന്റെ മൂർധന്യത്തിൽ് പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവാക്കപ്പെട്ടത് വിഎസിന് വൻ തിരിച്ചടിയായി. ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ കെ.കെ.രമയെ ആശ്വസിപ്പിക്കാനുള്ള യാത്രയിൽനിന്ന് അദ്ദേഹത്തെ തടയാൻ പാർട്ടിയുടെ ഒരു തിട്ടൂരത്തിനും കഴിഞ്ഞില്ല. ഈ കുറ്റപത്രങ്ങൾക്കെല്ലാം ഒടുവിലാണ് ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ തലേന്ന് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അച്യുതാനന്ദന് 'പാർട്ടി വിരുദ്ധ മാനസികാവസ്ഥ' ഉണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തുറന്നടിച്ചത്.

2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോരേണ്ടി വന്നതായിരുന്നു പാർട്ടി ജീവിതത്തിൽ വിഎസിന് ഏറ്റവും കനം അനുഭവപ്പെട്ട സന്ദർഭം. ആലപ്പുഴയിൽ വി എസ് വാങ്ങിയ വേലിക്കകത്തു വീട്ടിലും പിന്നീട് തിരുവനന്തപുരത്തു കന്റോൺമെന്റ് ഹൗസിലും കാണാനെത്തിയവരുടെ മുന്നിൽ ഏറെ നേരം അദ്ദേഹം നിശ്ശബ്ദനായിരുന്നു. ദേഷ്യവും രോഷവും കൂടി എന്തെങ്കിലും പറഞ്ഞു പോകുമെന്ന് കരുതുന്ന നിമിഷം വി എസ് ചെയ്യുന്ന ഒരു കാര്യമുണ്ട്: എഴുന്നേറ്റ് അകത്തേക്കു നടക്കും.

പക്ഷേ, സിപിഎമ്മിൽനിന്നു പുറത്തു പോകാൻ വി എസ് ഒരു കാലത്തും സന്നദ്ധനായിരുന്നില്ല. കാരണം, ഇതു താനും കൂടി ഉണ്ടാക്കിയ പാർട്ടിയാണ് എന്ന് 1964 ലെ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിൽ ഒരാളായ അച്യുതാനന്ദൻ വിചാരിച്ചിരുന്നു. രണ്ടാമത്, തന്നെ അങ്ങനെയൊന്നും തൊടാൻ പാർട്ടിക്കു കഴിയില്ലെന്ന ഉറച്ച വിശ്വാസവും വിഎസിന് ഉണ്ടായിരുന്നു.

ടി.പി.ചന്ദ്രശേഖരൻ വധമായിരുന്നോ ഏറ്റവും വേദനിപ്പിച്ചത് എന്ന് അടുപ്പക്കാർ പറയുന്നു. എസ്എഫ്ഐയിൽ ഉള്ള കാലം മുതൽ ടിപിയെ വിഎസിന് ഇഷ്ടമായിരുന്നു. പാർട്ടി വിടേണ്ടി വന്നതോടെ പ്രാദേശിക നേതൃത്വത്തിന് ടിപി നോട്ടപ്പുള്ളി ആയെന്ന് അറിയാവുന്ന മുഖ്യമന്ത്രി വിഎസിന് വിപൽ സൂചന അടങ്ങുന്ന ഇന്റലിജൻസ് റിപ്പോർട്ടും ലഭിച്ചു. ടിപിയെ വിളിച്ചു വരുത്തി തലസ്ഥാനത്തിന് പുറത്തു വച്ച് ഒരു മണിക്കൂറിലേറെ സംസാരിച്ചു. തനിച്ചുള്ള ബൈക്ക് യാത്ര ഒഴിവാക്കണമെന്ന് പറഞ്ഞപ്പോൾ 'പാർട്ടി തീരുമാനം എടുത്താൽ ഞാൻ ഹെലികോപ്റ്ററിൽ പോയാലും കാര്യമുണ്ടോ' എന്നായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം. താമസിയാതെ ഞെട്ടിക്കുന്ന ആ വാർത്ത വി എസ് അറിഞ്ഞു. അത്രയും ദുഃഖത്തോടെ വിഎസിനെ ഒരിക്കലും പ്രിയപ്പെട്ടവർ കണ്ടിട്ടില്ല എന്നാണ് അടുപ്പമുള്ളവർ പറയുന്നത്.

പിണറായി പ്രഭാവത്തിൽ നിഷ്‌ക്കാസിതൻ

2016 ലെ തെരഞ്ഞെടുപ്പ് ആവുമ്പോഴും പാർട്ടിയും വിഎസും പൂർണ്ണമായും അകന്നിരുന്നു. വിഎസും പിണറായിയും ഒരുപോെല മത്സരിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും വി എസ് സമ്പൂർണ്ണമായി ഔട്ടാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. തനിക്ക് മകനുമുള്ള സ്ഥാനമാനങ്ങൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിക്ക് മുന്നിൽ ഒരു തുണ്ടു കടലാസിൽ എഴുതിക്കൊടുത്ത് നിൽക്കുന്ന വിഎസിന്റെ രൂപം മറക്കാൻ കഴിയില്ല. അങ്ങേയറ്റം അപമാനിതനായിരുന്നു അദ്ദേഹം. അവസാനം ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷനാക്കി, ലക്ഷങ്ങളുടെ ശമ്പളം യാതൊരു കാര്യവും ഇല്ലാതെ ചെലവാക്കിയെന്ന പഴിയും കേട്ടതോടെ വിഎസിന്റെ ഇമേജ് വല്ലാതെ ഇടിഞ്ഞു. പിണറായി പ്രഭാവം കത്തിജ്വലിക്കുകയും, തുടർഭരണം കിട്ടുകയും ചെയ്തതോടെ വി എസ് തീർത്തും അപ്രസക്തനായി.

പക്ഷേ അപ്പോഴും ജനങ്ങൾക്ക് വിഎസിനെ വേണമായിരുന്നു. 2019 ൽ രോഗാവസ്ഥയിലേക്കു വീഴുന്നതിന് തൊട്ടു മുൻപത്തെ ഉപതിരഞ്ഞെടുപ്പുകളിൽ പോലും വി എസ് എന്ന 'ക്രൗഡ് പുള്ളറെ' പാർട്ടിക്കു വേണമായിരുന്നല്ലോ. യുഡിഎഫിന്റെ കുത്തക മണ്ഡലമായ വട്ടിയൂർക്കാവ് എൽഡിഎഫ് പിടിച്ചെടുത്തതിനെക്കുറിച്ചു വി എസ് പറഞ്ഞു: 'ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുള്ള കെൽപില്ല എന്നു തന്നെയാണ്. ജനങ്ങളുടെ ഈ മനോഭാവമാണ് വാസ്തവത്തിൽ നവോത്ഥാനത്തിന്റെ സൂചന'. പിന്നീടങ്ങോട്ട് പക്ഷാഘാതവും കോവിഡും പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളും കാരണം വി എസ് വീട്ടിൽ ഒതുങ്ങി.

പക്ഷേ ഒന്നോർക്കണം, 82 വർഷത്തിനു ശേഷവും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാണ്. നേതാക്കൾക്ക് തലതൊട്ടപ്പനാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ഉടൻ എം വിഗോവിന്ദൻ ആദ്യം ആശീർവാദം തേടി എത്തിയതും വിഎസിന്റെ അടുത്താണ്. കൂടെ പ്രിയ സഖാവ് സീതാറാം യച്ചൂരിയെ കണ്ടതോടെ വിഎസിന്റെ മുഖത്ത് സന്തോഷം പ്രകടമായി. മകൾ വീണയുടെ രണ്ടാം വിവാഹം ക്ഷണിക്കാൻ വേണ്ടിയാണ് പിണറായി വിജയൻ വിഎസിനെ ഒടുവിൽ കണ്ടത്. കോടിയേരി ബാലകൃഷ്ണനെ വി എസ് സ്നേഹിച്ചതിൽ കൂടുതൽ കോടിയേരി തിരിച്ച് വിഎസിനെ സ്നേഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയുന്നവരുണ്ട്. കോടിയേരിയുടെ വിയോഗം അറിഞ്ഞപ്പോൾ വല്ലപ്പോഴും മാത്രം പ്രകടമാകുന്ന ആ സങ്കട ഭാവം അച്യുതാനന്ദനെ പൊതിഞ്ഞവെന്നും അടുപ്പക്കാർ പറയുന്നുണ്ട്.

പാമ്പിനെപ്പോലെ പകയുള്ളയാൾ

എല്ലാമുനഷ്യരെയം പോലെ ഗുണങ്ങൾ മാത്രമുള്ള നേതാവല്ല വി എസ്. അദ്ദേഹത്തിന്റെ ഒരു പ്രധാന മോശം വശമായി പറയുന്നത്, പാമ്പിന് സമാനമായ പക സൂക്ഷിക്കുന്നുവെന്നാണ്. ഒരു വിഷയത്തിൽ ഒരാളെക്കുറിച്ച് മുൻവിധി വന്നാൽ വി എസ് അത് തിരുത്താൻ പോകില്ല. അതുകൊണ്ടുതന്നെ ഏഷണിക്കാർക്ക് നന്നായി മുതലെടുക്കാനും കഴിയും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇങ്ങനെ വി എസ് ശത്രുക്കൾ ആക്കിയ വ്യാപാരികളും വ്യവസായികളും രാഷ്ട്രീയക്കാരുമൊക്കെയുണ്ട്.

ഇഷ്ടമുള്ളവരെ കാണുമ്പോൾ വിടർന്നു ചിരിക്കുന്ന വി എസ് അല്ലാത്തവരെ കണ്ടാൽ മുന്നിലെ പത്രത്തിൽ നോക്കി ഇരിക്കും. പണി തന്നിട്ടുള്ളവർക്ക് അതേ നാണയത്തിൽ തിരിച്ചു കൊടുക്കും. .മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ അങ്ങനെ ഒരാളുടെ കയ്യിൽനിന്ന് കുറി വാങ്ങി വാല്യക്കാരൻ പയ്യന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തിട്ടുണ്ട് വി എസ്. പ്രഫഷണൽമാരും പ്രകൃതി ചികിത്സക്കാരും ആയിരുന്നു ബലഹീനത. ആ മേനി നടിച്ച് വിഎസിന്റെ വിശ്വസ്തരായി മാറി അദ്ദേഹത്തെ വെട്ടിൽ ചാടിച്ചവരും ഉണ്ട്. ജേക്കബ് വടക്കൻചേരിയെപ്പോലുള്ളവർ വിഎസിന്റെ പേഴ്സൺൽ ഡോക്ടർ ആണെന്ന് പറഞ്ഞ് വിലസി നടന്നിരുന്നു.

ചെയ്ത കാര്യങ്ങളിൽ ഒരു വീണ്ടു വിചാരം, പശ്ചാത്താപവും പ്രകടിപ്പക്കാനും വി എസ് മടിക്കാറില്ല. നടൻ ജഗതി ശ്രീകുമാറിന് ലഭിച്ച ഒരു അംഗീകാരത്തിന് സെക്രട്ടേറിയറ്റിൽ വച്ച് ആദരിച്ചപ്പോൾ സംഘാടകർ ക്ഷണിച്ചത് മുഖ്യമന്ത്രി വിഎസിനെയാണ്. വരാം എന്നേറ്റ വി എസ് തൊട്ടു മുൻപ് പിൻവാങ്ങി. ജഗതിയുമായി ബന്ധപ്പെട്ട കേസ് ചൂണ്ടിക്കാട്ടി ചിലർ പിന്തിരിപ്പിച്ചത് ജഗതിയെ വിളിച്ചു വരുത്തി അപമാനിക്കലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് വി എസ് ഓഫിസിൽ വച്ച് ഇങ്ങനെ പ്രതികരിച്ചു: 'അതു വേണ്ടായിരുന്നു'.

അതുപോലെ തന്നെ ശാസ്ത്രീയമായി കാര്യങ്ങൾ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും വിഎസിന് വലിയ പരിമിതകൾ ഉണ്ടായിരുന്നു. ശാസ്ത്രീയമായ മോഡേൺ മെഡിസിനോട് അദ്ദേഹം അകൽച്ചകാട്ടിയിരുന്നു. ഹോമിയേപ്പതി, യോഗ, സിദ്ധവൈദ്യം എന്ന കപട വൈദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന് എന്നും താൽപ്പര്യം. അതുപോലെ പ്ലാച്ചിമട കൊക്കക്കോള, എൻഡോസൾഫാൻ തുടങ്ങിയ വിഷയങ്ങളിലും വി എസ് എടുത്ത നിലപാടുകൾ ഒട്ടും ശാസ്ത്രീയം ആയിരുന്നില്ല എന്ന് ഇന്ന് വിമർശനങ്ങൾ വരുന്നുണ്ട്. അതുപോലെതന്നെ ക്യാപിറ്റലിസത്തിന്റെയും തുറന്ന വിപണയുടെയും സാധ്യതകൾ മനസ്സിലാക്കുന്നതിൽ അദ്ദേഹം പൂർണ്ണമായും പരാജയപ്പെടുകയാണ് ചെയ്തത്.

സ്നേഹ സമ്പന്നായ ഗൃഹനാഥൻ

പക്ഷേ ഇങ്ങനെ പുറമെ പരുക്കൻ ആണെങ്കിലും, വീട്ടിൽ തീരെ ക്ഷോഭിക്കാത്ത സ്നേഹ സമ്പന്നനായ ഗൃഹനാഥൻ ആയിട്ടാണ് ഭാര്യയും മക്കളും അദ്ദേഹത്തെ വിലയിരുത്തു്നനത്. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന വിഎസിന്, വിദഗ്ധ ഡോക്ടർമാരുടേതു കൂടാതെ നഴ്സ് കൂടിയായ ഭാര്യ വസുമതിയുടെയും മരുമക്കളായ രണ്ട് ഡോക്ടർമാരുടെയും കൂടി സ്നേഹനിർഭരമായ പരിചരണം വിഎസിന് ലഭിക്കുന്നുണ്ട്.

ഭാര്യ വസുമതി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' വിവാഹം കഴിക്കേണ്ട എന്ന് ചിന്തിച്ചയാളായിരുന്നു വി എസ്. വയസ്സാകുമ്പോൾ ഒരു കൂട്ട് അത്യാവശ്യമാണെന്ന ചിന്തയിൽ പിന്നെ തീരുമാനം മാറ്റി. ചേർത്തല കുത്തിയതോടിനുസമീപം കോടംതുരുത്തിലാണ് എന്റെ വീട്. കോടംതുരുത്തിലെ ഒരുയോഗത്തിൽ വി എസ്. പ്രസംഗിക്കാൻ വന്നപ്പോൾ കേൾക്കാൻ പോയി. അന്ന് പിന്നിൽനിന്ന് പ്രസംഗം കേൾക്കുകയായിരുന്ന എന്നോട് പാർട്ടിയുടെ പ്രാദേശിക നേതാവായ ടി.കെ. രാമൻ എന്ന സഖാവ് വന്നുചോദിച്ചു 'എങ്ങനെയുണ്ട് സഖാവിന്റെ പ്രസംഗം' എന്ന്.പിന്നീട് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലിൽ നഴ്സിങ് പഠിത്തം കഴിഞ്ഞ് ജോലിതുടങ്ങിയപ്പോൾ ഒരുദിവസം വീട്ടിൽനിന്ന് കമ്പി സന്ദേശം എത്തി. ഉടൻ എത്തണം എന്നായിരുന്നു അതിൽ. വീട്ടിലെത്തിയപ്പോൾ അറിഞ്ഞു എന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു. വരൻ വി എസ്. അച്യുതാനന്ദൻ. വിവാഹംകഴിഞ്ഞ് പിറ്റേന്ന് രാവിലെത്തന്നെ വി എസ്. ഭാര്യയെ വീട്ടിൽ കൊണ്ടാക്കി നിയമസഭാസമ്മേളനത്തിനുപോയി എന്ന് കേട്ടിട്ടുണ്ട്. അന്നത്തെ നവവധുവിന്റെ മനസ്സിൽ എന്തായിരുന്നു

ഞാനും പാർട്ടിയിലുണ്ടായിരുന്നു. മഹിളാപ്രവർത്തകയായിരുന്നു. മഹിളാപ്രവർത്തനത്തിന് പോകുമ്പോൾ വി.എസിന്റെ പ്രസംഗങ്ങൾ ആവേശത്തോടെ കേൾക്കും. അതിനോട് ആരാധനയായിരുന്നു. സഖാവിന്റെ ജീവിതവും പ്രവർത്തനങ്ങളും എന്തിനുവേണ്ടിയാണ് എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് വി.എസിന്റെ കല്യാണാലോചന വന്നപ്പോൾ നല്ല ധാരണയുണ്ടായിരുന്നു, സാധാരണ പെൺകുട്ടികൾക്കുള്ളതുപോലെയുള്ള ജീവിതമല്ല എന്നെ കാത്തിരിക്കുന്നത് എന്ന്.

1967 ജൂലായ് 18-നായിരുന്നു ഞങ്ങളുടെ വിവാഹം. പാർട്ടി വാടകയ്ക്ക് എടുത്തുതന്ന, ആലപ്പുഴ ചന്ദനക്കാവിലെ കൊച്ചുവീട്ടിലാണ് വിവാഹദിവസം താമസിച്ചത്. പിറ്റേന്ന് രാവിലെ എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയശേഷം അദ്ദേഹം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബസിൽ കയറി തിരുവനന്തപുരത്തേക്കുപോയി. വീട്ടിൽ തീർത്തും ശാന്തനാണ് അദ്ദേഹം. മാരാരിക്കുളത്തെ തോൽവി അദ്ദേഹം എങ്ങനെ നേരിടുമെന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ വീട്ടിലെത്തി കുറച്ചുനേരം ഉറങ്ങി, മാധ്യമങ്ങളെ കണ്ടുശേഷം അദ്ദേഹം പിറ്റേന്ന് തിരുവനന്തപുരത്തേക്ക് തിരിക്കയാണ് ഉണ്ടായത്.''- വിഎസിന്റെ സഹധർമ്മിണി പറയുന്നു.

വിഎസിന് ഇനി ഒരു അങ്കത്തിന് ബാല്യമുണ്ടോ. പക്ഷേ ഈ മാസ് 25 വിഎസിന്റെ രാഷ്ട്രീയ ജീവിത്തിലും നിർണ്ണായകമാണ്. ഐസ്‌ക്രീം പാർലർ കേസിൽ റൗഫിന്റെ വെളിപ്പെടുത്തൽ വച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നു വി എസ് നൽകിയ ഹർജിയിന്മേൽ കേസ് 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്്. അതിൽ അനുകൂല വിധിയുണ്ടായാൽ വി എസ് വീണ്ടും ഒരു പോർമുഖം തുറക്കുമെന്ന് ഉറപ്പാണ്. കെജിഎഫ് സിനിമയിലെ മരണമാസ് ഡയലോഗുപോലെ അവസാനിപ്പിക്കാം. 'നിങ്ങളുടെ ഹീറോ തോറ്റു എന്ന് കരുതാൻ വരട്ടെ'!

വാൽക്കഷ്ണം: വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളിലേക്ക് കടക്കുന്നത് മലയാള പത്രങ്ങൾ ആവേശത്തോടെ വാർത്തയാക്കിയിട്ടുണ്ട്. പലതിലും കളർ സപ്ലിമെന്റുകൾ വരെയുണ്ട്. പക്ഷേ ദേശാഭിമാനി നോക്കൂ. അതിൽ കാര്യമായി ഒന്നുമില്ല! ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന് പിണറായി പറഞ്ഞത് എത്ര ശരിയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP