Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസാധുവായ ഒരു വോട്ടിൽ തരൂരിന്റെ പേരിനടുത്തുള്ള കോളത്തിൽ ഹൃദയവും അമ്പും; മറ്റൊന്നിൽ തരൂരിന്റെ പേരിന് നേരെ ടിക്കും ഖാർഗെയുടെ പേരിന് സമീപം സ്വസ്തിക ചിഹ്നവും; പ്രതിഫലിക്കുന്നത് സ്വന്തം ഇഷ്ടവും ദൈവഹിതവും; ബാലറ്റിലും നിറഞ്ഞത് ഹൃദയം കീഴടക്കിയത് ആരെന്ന സൂചന; തരൂർ പ്രവർത്തക സമിതിയിൽ എത്തുമോ?

അസാധുവായ ഒരു വോട്ടിൽ തരൂരിന്റെ പേരിനടുത്തുള്ള കോളത്തിൽ ഹൃദയവും അമ്പും; മറ്റൊന്നിൽ തരൂരിന്റെ പേരിന് നേരെ ടിക്കും ഖാർഗെയുടെ പേരിന് സമീപം സ്വസ്തിക ചിഹ്നവും; പ്രതിഫലിക്കുന്നത് സ്വന്തം ഇഷ്ടവും ദൈവഹിതവും; ബാലറ്റിലും നിറഞ്ഞത് ഹൃദയം കീഴടക്കിയത് ആരെന്ന സൂചന; തരൂർ പ്രവർത്തക സമിതിയിൽ എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹൈക്കമാണ്ടിനെ അട്ടിമറിച്ച് ശശി തരൂർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ആരും കരുതിയില്ല. അതുകൊണ്ട് തന്നെ ബാലറ്റിൽ പലരും നിലപാട് മറ്റ് ചില ചിഹ്നങ്ങളിലൂടെ വ്യക്തമാക്കി. ആർക്കാണോ വോട്ട് അവർക്ക് നേരെ ടിക്ക് മാർക്ക് ചെയ്യണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ശശി തരൂർ പരാജയപ്പെടുമ്പോഴും പ്രവർത്തക ഹൃദയങ്ങൾ തരൂർ സ്വന്തമാക്കിയെന്നതാണ് വസ്തുത. ഇതും ബാലറ്റിൽ എത്തി.

തിരുവനന്തപുരം എംപി പലരുടെയും ഹൃദയം കീഴടക്കിയെന്ന് തെളിയിക്കുന്ന ബാലറ്റുകളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ എതിരാളിയായ മല്ലികാർജുൻ ഖാർഗെ 7,897 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചപ്പോൾ, തരൂർ 1072 വോട്ടുകൾ നേടി. എന്നാൽ അസാധുവായ 416 വോട്ടുകൾക്ക് പിന്നിൽ രസകരമായ ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അസാധുവായ ഒരു വോട്ടിൽ തരൂരിന്റെ പേരിനടുത്തുള്ള കോളത്തിൽ ഹൃദയവും അമ്പും വരച്ചിട്ടുണ്ടായിരുന്നു. മറ്റൊന്നിൽ തരൂരിന്റെ പേരിന് നേരെ ടിക്കും ഖാർഗെയുടെ പേരിന് സമീപം സ്വസ്തിക ചിഹ്നവും രേഖപ്പെടുത്തിയിരുന്നു.

ഇത് വോട്ട് ചെയ്ത ആളുടെ സ്വന്തം ഇഷ്ടവും ദൈവഹിതവും തമ്മിലുള്ള ആശയക്കുഴപ്പത്തിന്റെ പ്രതീകമാണെന്നാണ് തരൂർ ക്യാമ്പ് പറയുന്നത്. ആകെ പോൾ ചെയ്തതിന്റെ പന്ത്രണ്ട് ശതമാനം വോട്ട് നേടിയതിന്റെ ആഹ്ലാദത്തിലാണ് തരൂർ അനുകൂലികൾ. ജാർഖണ്ഡ്, ജമ്മു കശ്മീർ, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് കൂടുതൽ വോട്ട് ലഭിച്ചതെന്നാണ് ഇവരുടെ നിഗമനം. പത്രിക സമർപ്പിക്കാൻ ഖാർഗെ പോയപ്പോൾ മുതിർന്ന നേതാക്കൾ അനുഗമിച്ചില്ലായിരുന്നെങ്കിൽ ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു. എകെ ആന്റണിയെ പോലുള്ള നേതാക്കൾ പിന്തുണച്ചതും ഖാർഗെയെ ഹൈക്കമാണ്ട് സ്ഥാനാർത്ഥിയായി. ജി 23 നേതാക്കൾ തരൂരിനെ തള്ളി പറഞ്ഞതും ഖാർഗെയുടെ വോട്ടു കൂട്ടി.

ഖാർഗെ ജയിച്ചതോടെ തരൂരിന്റെ റോളിനെ കുറിച്ചും ചർച്ച സജീവമായി. തരൂരിനെ പ്രവർത്തക സമിതിയിൽ പോലും എടുക്കരുതെന്നാണ് രാഹുൽ വിശ്വസ്തർ എന്ന് അഭിപ്രായപ്പെടുന്ന ക്യാമ്പിന്റെ ആവശ്യം. മത്സരിച്ച് വേണമെങ്കിൽ എത്തട്ടേ എന്നതാണ് അവരുടെ നിലപാട്. തരൂരിനെ വെട്ടിയൊതുക്കാനുള്ള കളികൾ തുടങ്ങി കഴിഞ്ഞു. തോൽവിയിലും ജയപരിവേഷം തരൂരിന് കിട്ടുന്നതിൽ ഇവർ അസ്വസ്ഥരാണ്. ഏതായാലും രാഹുൽ ക്യാമ്പിലേക്ക് കോൺഗ്രസിന്റെ അധികാരം ഖാർഗയിലൂടെ വീണ്ടും എത്തുകയാണെന്നതാണ് വസ്തുത.

ഖാർഗെ എന്ന മുതിർന്ന നേതാവിന്റെ ഏറ്റവും വലിയ സമ്പാദ്യം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ എന്ന മേൽവിലാസമാണ്. ദേശീയ നേതൃനിരയിൽ സോണിയ ഗാന്ധി ഏറ്റവുമധികം വിശ്വസിക്കുന്ന 2 പേരിലൊരാളാണ് ഖാർഗെ. മറ്റൊരാൾ എ.കെ.ആന്റണി. ആ നിരയിലുണ്ടായിരുന്ന അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയാതെ, ഹൈക്കമാൻഡിനെ വെല്ലുവിളിച്ചതിനെത്തുടർന്നുണ്ടായ വിഷമഘട്ടത്തിൽ സോണിയ തന്റെ വിശ്വസ്തരിലേക്കു തിരിഞ്ഞു. ദേശീയ രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ച ആന്റണി, സോണിയയുടെ മനസ്സറിഞ്ഞു നിർദ്ദേശിച്ച പേരുകളിലൊന്നാണ് ഖാർഗെയുടേത്. ഇതാണ് ഖാർഗെയ്ക്ക് ഈ സ്ഥാനം നൽകുന്നതും.

വിശ്വസ്തൻ എന്ന ഏക വിശേഷണത്തിൽ ഖാർഗെയെ ഒതുക്കാനാവില്ല. സംഘടനാതലത്തിൽ അഗാധമായ അനുഭവസമ്പത്തുള്ള ഖർഗെ പ്രതിപക്ഷ നിരയിൽ ആദരിക്കപ്പെടുന്ന നേതാക്കളിലൊരാളാണ്. കർണാടകയിൽ തുടർച്ചയായി 8 തവണ നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച അദ്ദേഹം താഴേത്തട്ടിൽനിന്ന് ഉയർന്നുവന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ദലിത് നേതാവായ അദ്ദേഹത്തെ പ്രസിഡന്റാക്കുന്നതിലൂടെ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. രാഹുൽ ഗാന്ധി എന്ന നായകനിൽനിന്ന് കോൺഗ്രസ് അകന്നുപോകാതിരിക്കാനുള്ള ജാഗത്ര തരൂരിനെക്കാൾ ഖാർഗെ കാട്ടുമെന്നാണ് ഹൈക്കമാണ്ടിന്റെ കണക്കുകൂട്ടി.

ഗാന്ധി കുടുംബത്തിനു പാർട്ടിയിലുള്ള സ്വീകാര്യത മനസ്സിലാക്കി, അതിനെ മാനിച്ചും അംഗീകരിച്ചുമാണ് ഖർഗെ കോൺഗ്രസ് രാഷ്ട്രീയത്തിലുയർന്നത്. കർണാടകയിൽ 35 വർഷം നിയമസഭാംഗമായ ഖർഗെ 3 തവണ മുഖ്യമന്ത്രി പദത്തിന്റെ കയ്യെത്തും ദൂരത്തെത്തിയെങ്കിലും എസ്.എം.കൃഷ്ണ (1999), ധരം സിങ് (2004), സിദ്ധരാമയ്യ (2013) എന്നിവർക്ക് അവസാനനിമിഷം അതു നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഖർഗെ ഒരിക്കൽ പോലും പ്രതിഷേധ സ്വരമുയർത്തിയില്ല. സോണിയയുടെ തീരുമാനത്തെ അംഗീകരിച്ചു. ഇതാണ് ഖാർഗെയ്ക്ക് തുണയായത്.

താൻ വിമത സ്ഥാനാർത്ഥിയായിരുന്നില്ലെന്നും മാറ്റത്തിന്റെ സ്ഥാനാർത്ഥിയായിരുന്നുവെന്ന് ശശി തരൂർ പറയുന്നു. നമ്മൾ സ്ഥിരം ചെയ്യുന്ന ജോലിയുടെ സ്വഭാവത്തിലാണ് മാറ്റംവേണ്ടത്. പാർട്ടിപ്രവർത്തകർക്ക് മുന്നിൽ എപ്പോഴും തുറന്നുകിടക്കുന്ന സമീപനം വേണമായിരുന്നു. തിരഞ്ഞെടുപ്പിൽ ശത്രുതയുടെ പ്രശ്നമില്ലെന്നും പാർട്ടിയെ മികച്ചതാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്നും തരൂർ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ട ദൃഢനിശ്ചയവും മൂല്യവുമുള്ളതാണ് കോൺഗ്രസ് പാർട്ടി. ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കിടയിൽ ബന്ധം വിച്ഛേദിക്കപ്പെട്ടെന്ന തോന്നലുണ്ടായി. ഈ തിരഞ്ഞെടുപ്പ് അവർക്കിടയിലുള്ള ആ തോന്നൽ മാറ്റിയിട്ടുണ്ടാവുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. ഞങ്ങളുടെ ഇടയിൽ പ്രത്യേകിച്ച് പരാതിയൊന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം നിർണായകമായിരുന്നു. ഞങ്ങളുടെ ഏറ്റവും നല്ല അക്കൗണ്ടാണ് മുന്നോട്ടുവെച്ചതെന്നും തരൂർ പറഞ്ഞു.

ഖാർഗെയുടെ വിജയം കോൺഗ്രസിന്റെ വിജയമാണ്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംശയിക്കേണ്ട. നീതിയുക്തമായി തന്നെയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രവർത്തകർ ഉണർന്ന് കഴിഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP