Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏവരേയും ഞെട്ടിച്ച ശബരിനാഥൻ; പിന്നാലെ പോസ്റ്റിട്ട് അബിനും യുവ മനസ്സ് പ്രതിഫലിപ്പിച്ചു; ഷമ്മിയെ ഹീറോയാക്കിയ ഹൈബിയും; ഒസിയും കെസിയും ആർസിയും ഖാർഗെയ്ക്കൊപ്പം നിന്നിട്ടും കേരളം വോട്ടിട്ടത് തരൂരിന് വേണ്ടി; തരൂർ ഓപ്പറേഷനിൽ മാസായി എം കെ രാഘവനും; കോഴിക്കോട്ടെ എംപി വോട്ടുറപ്പിക്കാൻ മുന്നിൽ നിന്നു; ഇത് തെക്കും വടക്കും ഒന്നായ വീരകഥ

ഏവരേയും ഞെട്ടിച്ച ശബരിനാഥൻ; പിന്നാലെ പോസ്റ്റിട്ട് അബിനും യുവ മനസ്സ് പ്രതിഫലിപ്പിച്ചു; ഷമ്മിയെ ഹീറോയാക്കിയ ഹൈബിയും; ഒസിയും കെസിയും ആർസിയും ഖാർഗെയ്ക്കൊപ്പം നിന്നിട്ടും കേരളം വോട്ടിട്ടത് തരൂരിന് വേണ്ടി; തരൂർ ഓപ്പറേഷനിൽ മാസായി എം കെ രാഘവനും; കോഴിക്കോട്ടെ എംപി വോട്ടുറപ്പിക്കാൻ മുന്നിൽ നിന്നു; ഇത് തെക്കും വടക്കും ഒന്നായ വീരകഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പട്ടികയിൽ കടന്നു കൂടിയവരെല്ലാം വിവിധ നേതാക്കളുടെ പ്രതിനിധികളായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും വിഡി സതീശനും കെ സുധാകരനും കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും മുമ്പോട്ട് വച്ച പേരുകാർ. വി എം സുധീരന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുത്തു പോലും അംഗങ്ങളെ വച്ചു. പക്ഷേ മുന്നൂറോളം വരുന്ന ഈ പട്ടികയിൽ ശശി തരൂരിന്റേതായി ഒരു പേരുകാരനും ഉണ്ടായിരുന്നില്ല. കെപിസിസി പുനഃസംഘടനാ കാലത്ത് ജനറൽ സെക്രട്ടറിയായ തരൂരിന്റെ സ്വന്തം ജി എസ് ബാബുവിനെ പോലും കെപിസിസി അംഗമാക്കാതിരിക്കാനുള്ള കരുതൽ ഹൈക്കമാണ്ടിലെ നേതാക്കളെത്തി. കെപിസിസി പട്ടികയിലെ 98 ശതമാനം പേരും ഗ്രൂപ്പ് മറന്ന് എകെ ആന്റണിയെ നേതാവായി അംഗീകരിക്കുന്നവരും. അതുകൊണ്ടു തന്നെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് തരൂരിന് ആരും വോട്ടു ചെയ്യില്ലെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.

എന്നാൽ ഗ്രൂപ്പിന് അപ്പുറത്തേക്ക് വളർന്ന നേതാവായി തരൂർ കേരളത്തിലെ കോൺഗ്രസിൽ മാറുകയാണ്. തരൂരിന് കിട്ടിയ ആയിരത്തിന് മുകളിലുള്ള വോട്ടിൽ കേരളത്തിൽ നിന്നുള്ള വോട്ടുകളുമുണ്ടെന്ന് ഏവരും അംഗീകരിക്കുന്നു. അപ്പോൾ ചിരിക്കുന്നത് എംകെ രാഘവൻ എന്ന കോഴിക്കോട്ടെ രാഘവേട്ടനാണ്. മുതിർന്ന നേതാക്കളിൽ തരൂരിന് പരസ്യ പിന്തുണ നൽകിയത് രാഘവനും തമ്പാനൂർ രവിയുമാണ്. രണ്ടു പേരും എകെ ആന്റണിയുടെ പഴയ വിശ്വസ്തർ. ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ മാത്രം അനുസരിച്ചവർ. പക്ഷേ തരൂരിന്റെ കാര്യത്തിൽ ഇവർ മാറി ചിന്തിച്ചു. ഇതാണ് വോട്ടുകളെ തരൂരിന്റെ പെട്ടിയിൽ എത്തിച്ചത്. തെക്കും വടക്കും തമ്മിലെ ഭിന്നത ചർച്ചയാകുന്ന കാലത്ത് പഴയ തിരുവിതാംകൂറിനെ പ്രതിനിധീകരിക്കുന്ന എംപിക്ക് വോട്ടുറപ്പിച്ചത് സ്വാതന്ത്ര്യത്തിന് മുമ്പ് മലബാർ ദേശമായിരുന്ന കോഴിക്കോടിന്റെ എംപിയാണെന്നതാണ് രാഷ്ട്രീയ കൗതുകം.

15 പേരാണ് തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടത്. ഇവരെ പോലും ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കാതിരിക്കാൻ ശ്രമം നടന്നു. എങ്ങനേയും തരൂരിന്റെ വോട്ട് ആയിരത്തിൽ താഴെയാക്കാണം. ശരത് പവാറിന് സീതാറാം കേസരിയ്‌ക്കെതിരെ മത്സരിച്ചപ്പോൾ കിട്ടയ വോട്ടു പോലും തരൂരിന് കിട്ടരുതെന്നും ചില സ്ഥാന മോഹികൾ ആഗ്രഹിച്ചു. ഇതിന് വേണ്ടിയാണ് കേരളത്തിൽ ഭീഷണിയും വിരട്ടലും നടന്നത്. എന്നാൽ കോഴിക്കോട്ടെ എംപി തിരുവനന്തപുരത്തെ പാർലമെന്റ് അംഗത്തിനായി രണ്ടും കൽപ്പിച്ച് മുന്നിൽ നിന്നു. കൂടെ കേരളത്തിലെ യുവ പടയും. ശബരിനാഥനും ഹൈബി ഈഡനും അബിൻ വർക്കി കോടിയാട്ടും പരസ്യമായി രംഗത്തു വന്നപ്പോൾ മലബാറിലെ പ്രമുഖനായ എംഎൽഎ അണിയറയിൽ കരുക്കൾ നീക്കി. ബിആർഎം ഷരീഫിനെ പോലുള്ള യുവനേതാക്കളും തരൂരിന്റെ പ്രസക്തി വിശദീകരിച്ചു. അങ്ങനെ കേരളത്തിലെ ഭൂരിപക്ഷം പേരുടേയും വോട്ട് തരൂരിന് ഈ ഗ്രൂപ്പിന് അതീതരായ കൂട്ടായ്മ ഉറപ്പിച്ചു. അങ്ങനെ നാലക്കം കടത്തി തോൽവിയിലും താരമായി തരൂർ. വിജയി ഷമ്മിയാണെന്ന് ഹൈബിയെ പോലുള്ള യുവ നിരയിലെ കരുത്തനായ നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധാകരനും പരസ്യമായി തന്നെ വോട്ട് ചെയ്യുക ഖാർഗെയ്ക്കാണെന്ന് പറഞ്ഞിരുന്നു. കെസി വേണുഗോപാലിനെ പോലൊരു ഹൈക്കമാണ്ട് നേതാവും മുതിർന്ന നേതാവ് എകെ ആന്റണിയും പരസ്യമായി നിലപാട് എടുത്തു. എന്നിട്ടും കേരളത്തിൽ തരൂരിന് വോട്ടു കിട്ടിയതെ ഗ്രൂപ്പ് നേതാക്കളെ ആകെ അത്ഭുത സബ്ദരാക്കി. ഗ്രൂപ്പിന് അതീതമായ ചിന്ത ഉയരുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. തരൂരിന്റെ കേരളത്തിലെ ടീമും രാപകലില്ലാതെ അധ്വാനിച്ചു. കേരളത്തിന് പുറത്ത് തരൂർ ശ്രദ്ധ നൽകിയപ്പോൾ തരൂരിന്റെ സ്വന്തം ടീം കേരളത്തിൽ കരുക്കൾ നീക്കി. എല്ലാ വോട്ടർമാരേയും തരൂർ തന്നെ നേരിട്ടു വിളിച്ച് വോട്ട് തേടി. ഖാർഗെയെ പിന്തുണച്ചപ്പോഴും ഉമ്മൻ ചാണ്ടിയും സുധാകരനും ചില കരുതലുകൾ എടുത്തു. തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ തമ്പാനൂർ രവിയും രാഘവനും ഒപ്പിട്ടപ്പോൾ തന്നെ പലരും ഞെട്ടി. ശബരിനാഥനും ആരേയും ഭയന്നില്ല. ഈ ധീരത പല നേതാക്കളും പരസ്യമായി എടുത്തതാണ് തരൂരിന് മൂന്നക്ക വോട്ടുകൾ കേരളത്തിൽ കിട്ടാൻ കാരണം.

എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് ദേശീയതലത്തിൽ മാത്രമല്ല കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും ശശി തരൂരിന്റെ സ്ഥാനം ഉറപ്പിച്ചു എന്നതാണ് വസ്തുത. ഇതിന് രാഘവന്റേയും ഹൈബിയുടേയും ശബരിയുടെ പിന്തുണ വലിയ തുണയായി മാറുകയും ചെയ്തു. കേരളത്തിലെ കോൺഗ്രസ് അണികളും തരൂരിനൊപ്പമായിരുന്നു. ഇത് നേതാക്കളേയും സ്വാധീനിച്ചു. തരൂരിന് വേണ്ടി ഫ്‌ളക്‌സുകളും പ്രമേയങ്ങളും താഴെ തട്ടിലെ ഘടകങ്ങൾ പാസാക്കി. തെരഞ്ഞെടുപ്പിനെ കോൺഗ്രസ് എത്രത്തോളം സ്‌നേഹിച്ചുവെന്നതിന് തെളിവായി ഇതു മാറി. സംസ്ഥാന കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളോട് കടുത്ത വിധേയത്വമുള്ളവർ പോലും പാർട്ടി അധ്യക്ഷനെ നിശ്ചയിക്കാൻ നടന്ന തെരഞ്ഞെടുപ്പിൽ തരൂരിനെ പരസ്യമായി പിന്തുണക്കാൻ തയാറായി. സ്വന്തം ഗ്രൂപ് നേതൃത്വം തരൂരിന്റെ എതിരാളി മല്ലികാർജുൻ ഖാർഗയെ പിന്തുണക്കുമ്പോഴായിരുന്നു അവരുടെ പരസ്യപിന്തുണ.

തരൂർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ നാമനിർദ്ദേശപത്രികയിൽ ഒപ്പിടാൻ പോലും സംസ്ഥാനത്തുനിന്ന് ഒരാളെയും കിട്ടില്ലെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ച് 15 കെപിസിസി അംഗങ്ങൾ പത്രികയിൽ ഒപ്പിട്ടെന്ന് മാത്രമല്ല, പരസ്യമായി പിന്തുണ പ്രഖ്യാപിക്കാനും തയാറായി. കെപിസിസി ആസ്ഥാനത്തിന് സമീപം ഉൾപ്പെടെ മിക്ക പ്രധാന കേന്ദ്രങ്ങളിലും തരൂരിന് വേണ്ടി ഫ്‌ളക്‌സുകളും ഉയർന്നു. സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രചാരണമാണ് നടന്നത്. ഇതെല്ലാം അണികളിലും തരൂരിനുള്ള സ്വാധീനത്തിന് തെളിവാണ്.പക്ഷ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശീയതലത്തിൽ മാത്രമല്ല, സംസ്ഥാനത്തും തരൂരിന്റെ അഭിപ്രായത്തിന് പ്രാധാന്യം കൈവന്നിരിക്കുകയാണ്. സാധാരണ പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയും കാണാതിരിക്കാനാവില്ല.

ദേശീയതലത്തിൽ തള്ളിക്കളയാൻ കഴിയാത്ത നേതാവായി രാഷ്ട്രീയഗ്രാഫ് ഉയർത്താൻ സ്ഥാനാർത്ഥിത്വത്തിലൂടെ തരൂരിന് സാധിച്ചു. കേരളത്തിൽനിന്ന് പോൾചെയ്ത 294 വോട്ടിൽ തരൂരിന് എത്ര കിട്ടിയെന്ന് വ്യക്തമല്ല. 130 ലേറെ കിട്ടിയെന്നാണ് തരൂർപക്ഷത്തിന്റെ അവകാശവാദം. എന്നാൽ അതും മേലെ കിട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കേരളത്തിലെ ഭൂരിപക്ഷവും തരൂരിനെ നെഞ്ചിലേറ്റിയതു കൊണ്ടാണ് ആയിരം വോട്ട് തരൂർ മറികടന്നത്. അസാധുവായി പ്രഖ്യാപിച്ച വോട്ടൂകളും തരൂരിനുള്ളതാണെന്ന സൂചനയുണ്ട്. രാഷ്ട്രീയത്തിൽ വന്നതുമുതൽ തരൂരിനെ സംസ്ഥാന നേതൃത്വം കൈ അകലത്തിലാണ് നിർത്തിയിരുന്നത്. അതിന്റെ സമയം കഴിഞ്ഞുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് തരൂരിന് ലഭിച്ച പിന്തുണ.

കോൺഗ്രസ് അധ്യക്ഷനായി 26ന് ചുമതലയേൽക്കുന്ന മല്ലികാർജുൻ ഖർഗെയ്ക്ക് മുന്നിലുള്ള ആദ്യ കടമ്പ പ്രവർത്തക സമിതി തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് നടത്തിയാൽ ഖർഗെക്ക് ആധികാരികത ഉറപ്പാക്കാം. അല്ലാത്തപക്ഷം ഗാന്ധി കുടുംബത്തിന്റെ പാവയാണെന്ന ആക്ഷേപം ഉയരും. പുതിയ അധ്യക്ഷൻ വന്ന് ഒരു മാസത്തിനകം പ്ലീനറി സെഷൻ ചേരണമെന്നാണ് ചട്ടം. പ്ലീനറി സെഷനിൽ പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം. 11 പേർ തിരഞ്ഞെടുപ്പിലൂടെയും 12 പേരെ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്തുമാണ് വരേണ്ടത്. തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഖർഗെ നേരത്തെ പറഞ്ഞിരുന്നു. ശശി തരൂരും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. മത്സരത്തിലൂടെ പ്രവർത്തക സമിതി അംഗമാകാൻ തരൂരിനു താൽപര്യമില്ല. ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് 10 ശതമാനത്തോളം വോട്ട് പിടിച്ച സാഹചര്യത്തിൽ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്ന പേരുകളിലൊന്നാവാണു തരൂരിന് ആഗ്രഹം. രമേശ് ചെന്നിത്തലയും ഈ ആഗ്രഹവുമായി കാത്തിരിക്കുന്നുണ്ട്.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം നടന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ മല്ലികാർജുൻ ഖർഗെയ്ക്ക് ആധികാരിക വിജയം കിട്ടിയെന്നതും വസ്തുതയാണ്. പോൾ ചെയ്ത 9385 വോട്ടിൽ 7897 വോട്ടും ഖർഗെ നേടി. ഭൂരിപക്ഷം 6825. ഹൈക്കമാൻഡിന്റെ അനൗദ്യോഗിക പിന്തുണയോടെ മത്സരിച്ച ഖർഗെയ്‌ക്കെതിരെ ശക്തമായ മത്സരം കാഴ്ചവച്ച ശശി തരൂർ 1072 വോട്ട് നേടി താരമായി. 416 വോട്ട് അസാധുവായി. യുപിയിൽനിന്നുള്ള ബാലറ്റ് പെട്ടികൾ സീൽ ചെയ്തതിൽ ക്രമക്കേടുണ്ടെന്നു തരൂർ പക്ഷം പരാതിപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അതു നിരാകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമായിരുന്നു വോട്ടെണ്ണൽ.

24 വർഷങ്ങൾക്കു ശേഷമാണു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. ജഗ്ജീവൻ റാമിനു (197071) ശേഷം ദലിത് വിഭാഗത്തിൽനിന്നു കോൺഗ്രസ് പ്രസിഡന്റ് ആകുന്ന ആദ്യ വ്യക്തിയുമാണ്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റും എൺപതുകാരനായ ഖർഗെ തന്നെ. ഈ മാസം 26ന് എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും. രണ്ടു ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി അന്നു പടിയിറങ്ങും. ഖർഗെയുടെ നേതൃത്വത്തിൽ എഐസിസിയുടെ പ്ലീനറി സമ്മേളനവും വരുംമാസങ്ങളിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP