Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിങ്ങൾ പറയുന്നതല്ല ജനം കേൾക്കുന്നത്... ചാനൽ ചർച്ചയിൽ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങൾ പറഞ്ഞത് ജനം കേട്ടോ? രാഷ്ട്രീയ വിമർശനങ്ങളിൽ എന്നും എതിരാളിയെ കടന്നാക്രമിച്ച രാജ്‌മോഹൻ ഉണ്ണിത്തൻ പിണറായിക്ക് നൽകുന്നത് ക്ലീൻ ചീറ്റോ? ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലെ വാക്കുകൾ കേട്ട് ഞെട്ടിയവരിൽ സുധാകരനും സതീശനും വരെ; കേരളത്തിലെ നേതാക്കൾ 'തരൂർ' ഫാക്ടറിനെ ഭയക്കുമ്പോൾ

നിങ്ങൾ പറയുന്നതല്ല ജനം കേൾക്കുന്നത്... ചാനൽ ചർച്ചയിൽ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങൾ പറഞ്ഞത് ജനം കേട്ടോ? രാഷ്ട്രീയ വിമർശനങ്ങളിൽ എന്നും എതിരാളിയെ കടന്നാക്രമിച്ച രാജ്‌മോഹൻ ഉണ്ണിത്തൻ പിണറായിക്ക് നൽകുന്നത് ക്ലീൻ ചീറ്റോ? ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലെ വാക്കുകൾ കേട്ട് ഞെട്ടിയവരിൽ സുധാകരനും സതീശനും വരെ; കേരളത്തിലെ നേതാക്കൾ 'തരൂർ' ഫാക്ടറിനെ ഭയക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനൽ ചർച്ചയിൽ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങൾ പറഞ്ഞത് ജനം കേട്ടോ എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് കോൺഗ്രസ് എംപി. രാജ്‌മോഹൻ ഉണ്ണിത്താന്റെ ചോദ്യം വൈറൽ. ചാനലിന്റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ ശശി തരൂരിനെതിരെ ആരോപണമുന്നയിക്കുമ്പോഴായിരുന്നു ഉണ്ണിത്താൻ ഇങ്ങനെ മറുപടി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്ന തരത്തിലേക്ക് ഈ പരാമർശം ചർച്ചയാകുന്നുണ്ട്.

ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ കോൺഗ്രസിന്റെ ഏതെങ്കിലും ഒരു കമ്മിറ്റി മീറ്റിങ്ങിൽ തരൂർ പങ്കെടുത്തിട്ടുണ്ടോ, ഏതെങ്കിലും പ്രതിഷേധ സമരങ്ങളിൽ അദ്ദേഹം ഭാഗമായിട്ടുണ്ടോ എന്ന ചോദ്യം അവതാരകനായ വിനു വി. ജോണിനോട് ഉണ്ണിത്താൻ ചോദിച്ചപ്പോൾ, എപ്പോഴും തെരുവിലിറങ്ങി ജാഥ നടത്തുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. തരൂരിന്റെ പ്രസംഗവും എഴുത്തും വലിയ രീതിയിൽ സ്വാധീനിക്കപ്പെടുന്നുണ്ട്. രാജ്യം മാത്രമല്ല ലോകവും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് വിനു മറുപടി പറഞ്ഞത്.

ഇതിന് തിരിച്ചടിച്ചപ്പോഴാണ്, നിങ്ങൾ പറയുന്നതല്ല ജനം കേൾക്കുന്നത്, ചാനൽ ചർച്ചയിൽ പിണറായി വിജയനെ തേജോവധം ചെയ്തിട്ടും നിങ്ങൾ പറഞ്ഞത് ജനം കേട്ടോ എന്ന് ഉണ്ണിത്താൻ ചോദിച്ചത്. ഇതോടെ ചർച്ച പുതിയ തലത്തിലെത്തി. പിണറായി വിജയനെ പരസ്യമായി അനുകൂലിക്കുകയാണ് രാജ്‌മോഹൻ ചെയ്തതെന്ന വാദം ശക്തമാണ്. പ്രതിപക്ഷം പിണറായിയ്‌ക്കെതിരെ ഉയർത്തിയ വാദങ്ങളാണ് ചാനൽ ചർച്ചകളിലും പ്രതിഫലിച്ചത്. എന്നാൽ സ്വർണ്ണ കടത്തിൽ ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പിന്നിൽ മാധ്യമങ്ങളാണെന്ന തരത്തിലേക്ക് രാജ്‌മോഹൻ കാര്യങ്ങളെത്തിച്ചു. അക്കാലത്ത് മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ രാജ്‌മോഹനും ഉന്നയിച്ചിരുന്നു.

കാസർഗോഡിന്റെ എംപിയാണ് രാജ്‌മോഹൻ. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലം. പിണറായി വിജയനെ പിണക്കാതിരുന്നാൽ ആർക്കും എവിടേയും ജയിക്കാമെന്ന വിലയിരുത്തൽ ശക്തമാണ്. തന്നെ പ്രതിരോധിക്കാൻ എത്തുന്നവരോട് എന്നും കാരുണ്യം ചൊരിയുന്ന മനസ്സാണ് പിണറായിയുടേത്. അവിടെ രാഷ്ട്രീയ വിരോധം പോലും പിണറായി നോക്കാറില്ല. ഇത്തരമൊരു മാനസിക അടുപ്പം ഉണ്ടാക്കാനാണോ ഉണ്ണിത്താന്റെ ശ്രമമെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർക്ക് ഉണ്ടാകുന്നുണ്ട്. ആരേയും പരിധിവിട്ട് എതിർത്തിരുന്ന രാജ്‌മോഹനെ പോലൊരു നേതാവിന്റെ പിണറായി അനുകൂല പ്രസ്താവന വരും കാലത്ത് ഏറെ ചർച്ചകൾക്ക് വഴിവക്കും.

മുമ്പ് പിണറായി വിജയന് അനുകൂലമായി ശശി തരൂർ നിലപാട് എടുക്കുന്നുവെന്ന ആരോപണം കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയിരുന്നു. വിഴിഞ്ഞത്തും അദാനിയിലും കെ റെയിലുമെല്ലാം ഇത് ചർച്ചയാക്കാൻ ശ്രമിച്ചവരുണ്ട്. ഇത്തരം നേതാക്കളിലെ പ്രമുഖനായ ഉണ്ണിത്താൻ ഇപ്പോൾ പിണറായിയെ അനുകൂലിക്കുന്നു. പിണറായിയെ മാധ്യമങ്ങൾ തേജോവധം ചെയ്തുവെന്നും പറയുന്നു. ഇതോടെ രാജ്‌മോഹന്റെ രാഷ്ട്രീയ മനസ്സുമാറ്റം എന്തിന് വേണ്ടിയാണെന്ന ചർച്ചകളും ഉയരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വരെ ഏഷ്യാനെറ്റ് ന്യൂസിലെ പ്രതികരണം കേട്ട് ഞെട്ടിയെന്നാണ് സൂചന.

ആയിരത്തിലേറെ വോട്ടുകൾ ശശി തരൂർ നേടിയതോടെ കേരളത്തിലെ ഗ്രൂപ്പുപോരിന് മൂർച്ചയേറും. എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയുമൊന്നും സജീവമല്ലാത്ത സാഹചര്യത്തിൽ തരൂരിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ എ ഗ്രൂപ്പ് താൽപ്പര്യപ്പെടുന്നു. കേരളത്തിൽനിന്ന് നൂറിലേറെ വോട്ട് തരൂരിന് കിട്ടിയത് എ ഗ്രൂപ്പിന്റെ പിന്തുണ തരൂരിന് ലഭിച്ചെന്ന് വ്യക്തമാക്കുന്നു. എന്നാൽ, കേരളത്തിലെ ഹൈക്കമാൻഡ് പക്ഷം തരൂരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ്. തരൂർ ആയിരത്തിൽ കൂടുതൽ വോട്ട് പിടിച്ചതിൽ വലിയ കാര്യമൊന്നുമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പരസ്യമായി പ്രതികരിച്ചു.

കെ സി വേണുഗോപൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും തരൂരിനെതിരായി രംഗത്തുണ്ട്. ചെന്നിത്തല ഖാർഗെയ്ക്കായി പ്രചാരണത്തിനും ഇറങ്ങി. എന്നിട്ടും കേരളത്തിൽ വോട്ട് കുറഞ്ഞില്ല. ഇതിന് പിന്നാലെയാണ് തരൂരിനെ കളിയാക്കി ഉണ്ണിത്താൻ എത്തുന്നത്. കേരളത്തിലെ മുതിർന്ന ഗ്രൂപ്പ് നേതാക്കൾ എത്രത്തോളം തരൂരിനെ ഭയക്കുന്നുവെന്നതിന് തെളിവാണ് പിണറായിയെ പോലും ന്യായീകരിക്കുന്ന ഉണ്ണിത്താന്റെ പ്രസ്താവന.

തരൂരിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ കടന്നാക്രമണം തന്നെ നടത്തുകയാണ്. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂർ നെഹ്‌റു കുടുംബത്തെ ദുരുപയോഗം ചെയ്‌തെന്ന് രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. സോണിയയുടെയും രാഹുലിന്റെയും പിന്തുണ തനിക്കെന്ന് തരൂർ പറഞ്ഞു. പാർട്ടി സമരങ്ങളിലോ യോഗങ്ങളിലോ തരൂർ പങ്കെടുക്കാറുണ്ടായിരുന്നില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയ്ക്ക് പുറത്തുള്ളവർ വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കാൻ തരൂരിനെ രാജ്‌മോഹൻ ഉണ്ണിത്താൻ വെല്ലുവിളിച്ചു. താൻ വരണാധികാരിയായ തെലങ്കാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂർ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും മറിച്ചാണെങ്കിൽ തരൂർ മാപ്പ് പറയാൻ തയ്യാറാവണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

തെലങ്കാനയിലെ പിസിസി അംഗങ്ങളുടെ ലിസ്റ്റടങ്ങിയ വോട്ടർ പട്ടിക എന്റെ കൈവശമുണ്ട്. പോളിംഗിന് വന്നവർ ഒപ്പിട്ട ലിസ്റ്റും എന്റെ കൈവശമുണ്ട്. ആ ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ അധികമായി വോട്ട് ചെയ്തുവെന്ന് തെളിയിച്ചാൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും ഉണ്ണിത്താൻ പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെലുങ്കാനയടക്കം വിവിധ സംസ്ഥാനങ്ങളിൽ ക്രമക്കേട് നടന്നിരുന്നുവെന്ന് ശശി തരൂർ ആരോപിച്ചിരുന്നു ഇതിന് പിന്നാലെയാണ് രാജ് മോഹൻ ഉണ്ണിത്താന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP