Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുസരണ ഇല്ലെങ്കിൽ അത് പഠിപ്പിക്കും; മുഖ്യമന്ത്രിയും വിസിയും എന്തുപറഞ്ഞാലും ഗവർണറുടെ തീരുമാനത്തിൽ മാറ്റമില്ല; കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കി രാജ്ഭവൻ; കടുത്ത നടപടി ഇന്ന് ഉത്തരവ് ഇറക്കണമെന്ന അന്ത്യശാസനം വിസി തള്ളിയതോടെ

അനുസരണ ഇല്ലെങ്കിൽ അത് പഠിപ്പിക്കും; മുഖ്യമന്ത്രിയും വിസിയും എന്തുപറഞ്ഞാലും ഗവർണറുടെ തീരുമാനത്തിൽ മാറ്റമില്ല; കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കി രാജ്ഭവൻ; കടുത്ത നടപടി ഇന്ന് ഉത്തരവ് ഇറക്കണമെന്ന അന്ത്യശാസനം വിസി തള്ളിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയും, മന്ത്രിമാരും എന്തുതന്നെ പറഞ്ഞാലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഗവർണറുടെ അസാധാരണ നടപടി വീണ്ടും. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് വീണ്ടും അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ, ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു.

ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണർ നിർദ്ദേശിച്ചിരുന്നു.

എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദ്ദേശം തള്ളി. പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഗവർണർ വിസിക്ക് അന്ത്യശാസനം നൽകിയത്. ഇന്ന് വൈകീട്ടത്തേക്ക് മുന്നേ ഉത്തരവ് ഇറക്കണമെന്നതായിരുന്നു നിർദ്ദേശം. ഇത് വിസി അനുസരിക്കാതെ വന്നതോടെയാണ് അസാധാരണ നടപടിയുമായി രാജ്ഭവൻ രംഗത്തെത്തിയത്.

15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കാട്ടി കേരള വിസി മഹാദേവൻ പിള്ള കത്തയച്ചിരുന്നു. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസി ഗവർണർക്ക് കത്തയച്ചത്.സർവകലാശാലാ നിയമപ്രകാരവും സ്റ്റാറ്റിയൂട്ട് പ്രകാരവും മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ എന്ന് വി സി കത്തിൽ വിശദീകരിച്ചിരുന്നു. മുൻകാലങ്ങളിലുള്ള നടപടിക്രമങ്ങളും കോടതി വിധികളും ഉദ്ധരിച്ചുകൊണ്ടായിരുന്നു വിസിയുടെ വിശദീകരണക്കത്ത്. ഭരണപക്ഷത്തെ സെനറ്റ് അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നതിനുള്ള കാരണങ്ങളും വി സി. വിവരിച്ചിരുന്നു.

സെനറ്റ് അംഗങ്ങളിൽ പലരും ഡിപ്പാർട്‌മെന്റ് തലവന്മാരാണ്. അവർക്ക് പരീക്ഷാ ചുമതലകളും അക്കാദമിക് ചുമതലകളും ഉണ്ട്. ചിലർ അവധിയായിരുന്നു. അതുകൊണ്ടാണ് പലർക്കും സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും വി സി. വ്യക്തമാക്കി. തന്റെ നിർദ്ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവർണർ അയോഗ്യരാക്കിയത്. ചാൻസലർകൂടിയായ ഗവർണർതന്നെ നാമനിർദ്ദേശംചെയ്ത 15 പേർക്കാണ് സെനറ്റംഗത്വം നഷ്ടമായത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.

സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന ചാൻസലറുടെ നോമിനികളെയാണ് ശനിയാഴ്‌ച്ച ഗവർണർ പിൻവലിച്ചത്. അതിനിടെ, ഗവർണർക്കെതിരെ കോടതിയെ സമീപിക്കാൻ കേരള സർവ്വകലാശാലയിലെ സിപിഎം സെനറ്റ് അംഗങ്ങൾ തീരുമാനിച്ചു. സിപിഎമ്മിന്റെ രണ്ട് അംഗങ്ങൾ അടക്കം തന്റെ നോമിനികളായ 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവർണർ പിൻവലിച്ചത്. ചാൻസലറുടെ താൽപ്പര്യം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നതിനായി നിയമോപദേശം തേടി. വിസി നിയമനത്തിനുള്ള സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന യോഗം ക്വാറം തികയാതെ പിരിയുകയായിരുന്നു. യോഗത്തിൽ നിന്ന് വിട്ടുനിന്നതിനാണ് 15 പേരെ ഗവർണർ പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP