Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എങ്ങും വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിൽ മാത്രം! ലെനോവോയും എച്ച്പിയും നേരത്തെ തന്നെ മുങ്ങി തടി രക്ഷിച്ചു; സംസ്ഥാനത്തിന്റെ സ്വന്തം ലാപ്‌ടോപ് കമ്പനിയായ കൊക്കോണിക്‌സ് വിതരണം ചെയ്ത് ലാപ്പുകൾ കാശിന് കൊള്ളില്ല; വിദ്യാർത്ഥികൾക്ക് ലാപ് ടോപ് നൽകാൻ തുടങ്ങിയ വിദ്യാശ്രീ പദ്ധതി പൊളിഞ്ഞുപാളീസായി

എങ്ങും വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിൽ മാത്രം! ലെനോവോയും എച്ച്പിയും നേരത്തെ തന്നെ മുങ്ങി തടി രക്ഷിച്ചു; സംസ്ഥാനത്തിന്റെ സ്വന്തം ലാപ്‌ടോപ് കമ്പനിയായ കൊക്കോണിക്‌സ് വിതരണം ചെയ്ത് ലാപ്പുകൾ കാശിന് കൊള്ളില്ല; വിദ്യാർത്ഥികൾക്ക് ലാപ് ടോപ് നൽകാൻ തുടങ്ങിയ വിദ്യാശ്രീ പദ്ധതി പൊളിഞ്ഞുപാളീസായി

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: വിദ്യാർത്ഥികർക്ക് ലാപ്‌ടോപ് വിതരണം ചെയ്യാനുള്ള സർക്കാർ പദ്ധതിയായ വിദ്യാശ്രീ പൊളിഞ്ഞു പാളീസായി. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യം ഒരുക്കുവാൻ ലാപ്പ്‌ടോപ്പുകൾ നൽകുന്നതിന് കെ എസ് എഫ് ഇ യും കുടുംബശ്രീയും ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതിയായിരുന്നു വിദ്യാശ്രീ. 5 ലക്ഷം ലാപ്പ്‌ടോപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകും എന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത വിദ്യാ ശ്രീപദ്ധതി പരാജയപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

68498 അപേക്ഷകൾ ലഭിച്ചതിൽ ലാപ്പ്‌ടോപ്പ് നൽകിയത് 8575 പേർക്ക് മാത്രം. സംസ്ഥാനത്തിന്റെ സ്വന്തം ലാപ് ടോപ്പ് നിർമ്മാണ കമ്പനി കൊക്കോണിക്‌സ് വിതരണം ചെയ്ത 1301 ലാപ് ടോപ്പുകൾ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അവർക്ക് മടക്കി നൽകി. പ്രവർത്തന പിഴവ് ഉണ്ടായ ലാപ്പ് ടോപ്പുകൾ നൽകിയ കൊക്കോണിക്‌സിന് ഇക്കാരണത്താൽ തുക നിഷേധിച്ചു. നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്.

വിദ്യാർത്ഥികളായ മക്കൾ ഉള്ള കുടുംബശ്രീ അംഗങ്ങൾക്കാണ് വിദ്യാശ്രീ പദ്ധതി തുടങ്ങിയത്. പ്രതിമാസം 500 രൂപ വച്ച് 30 മാസം അടയ്ക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. പിന്നിട് ലാപ്പ്‌ടോപ്പിന്റെ വിലയ്ക്ക് അനുസൃതമായി 36, 40 മാസങ്ങൾ കാലാവധിയുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുത്തി. കമ്പനികൾ സമയത്ത് ലാപ്പ്‌ടോപ്പുകൾ നൽകാത്തത് പദ്ധതിക്ക് തിരിച്ചടിയായി. പദ്ധതിയിൽനിന്ന് തുടക്കത്തിൽ തന്നെ പ്രമുഖ ലാപ്‌ടോപ്പ് നിർമ്മാതാക്കളായ LENOVO, HP ബ്രാൻഡുകൾ പിന്മാറിയിരുന്നു.

സർക്കാരിന്റെ സ്വന്തം ബ്രാൻഡായ കൊക്കോണിക്‌സ് നൽകിയതാകട്ടെ മോശം ലാപ്പ്‌ടോപ്പുകളും. പൊതുവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി വിളക്കി ചേർക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനം. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലകളിലുമായി 200 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചത് 2021 ഫെബ്രുവരി 22 നായിരുന്നു.

കാഴ്ച വസ്തുവായ കൊക്കോണിക്‌സ് ലാപ്പുകൾ

ഓൺലൈൻ പഠനത്തിനായി സർക്കാർ നൽകിയ ലാപ്ടോപ്പുകൾ കാഴ്ചവസ്തുവായതോടെയാണ് കൊക്കോണിക്സ് വിവാദത്തിലായത്. വിദ്യാശ്രീ പദ്ധതിയിൽ ലാപ്ടോപ്പ് കിട്ടുന്നില്ലെന്ന പരാതികൾ കൂടുമ്പോഴാണ് കിട്ടിയ ലാപ്ടോപ്പുകളിലും പ്രശ്നങ്ങളും. മൊബൈൽ ഫോൺ ഉപയോഗത്തിലെ പരിമിതികളിൽ നിന്നും ഓൺലൈൻ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേർന്നായിരുന്നു പ്രവർത്തനങ്ങൾ. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ പക്ഷേ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്നില്ല.

വിദ്യാർത്ഥികളെ ചതിച്ച പദ്ധതി

വിദ്യാശ്രീ പദ്ധതി വഴി വിതരണം ചെയ്ത കൊക്കോണിക്സ് ലാപ്ടോപ്പുകളെ ചൊല്ലി പരാതികളും വിവാദങ്ങളും കൊഴുക്കുകയാണ്. ലാപ്ടോപ്പുകൾ അപ്പാടെ കൊള്ളില്ലെന്നും എന്തിനാണ് കേരളത്തിനിങ്ങനെയൊരു കമ്പനിയെന്നും വരെ ചോദിക്കുന്ന തരത്തിലാണ് ട്രോളുകൾ. ആക്ഷേപം കനക്കുമ്പോൾ കൊക്കോണിക്സ് വിശദീകരണവും നൽകുന്നു. കൊക്കോണിക്സ് ആകെ വിതരണം ചെയ്ത്ത് 2130 ലാപ്ടോപ്പുകൾ. ഇതിൽ ചില ലാപ്ടോപ്പുകൾക്കാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയതും. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവാത്ത സ്ഥിതിയുണ്ടായെന്നും പിഴവ് പറ്റിയെന്നും കൊക്കോണിക്സ് സമ്മതിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പരാതികൾ ആദ്യം വന്ന് തുടങ്ങിയപ്പോൾ ലാപ്ടോപ്പ് സ്റ്റോർ ചെയ്തതിലെ പ്രശ്നമായിരിക്കുമെന്നും ബാറ്ററി കേട് വന്നതായിരിക്കുമെന്നാണ് കരുതിയതെന്ന് കൊക്കോണിക്സ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പിന്നീട് കുടുതൽ പരാതികൾ വന്നപ്പോൾ നടത്തിയ പരിശോധനയിൽ പ്രശ്നം ലാപ്ടോപ്പിന്റെ പവർ സ്വിച്ചിനാണെന്ന് കണ്ടെത്തി. ഒരു പ്രത്യേക ബാച്ചിൽ പെട്ട ലാപ്ടോപ്പുകളാണ് തകരാറായതെന്നും ഇവയുടെ എല്ലാം പവർ സ്വിച്ചിന്റെ സർക്യൂട്ടിലാണ് പ്രശ്നമെന്നും കൊക്കോണിക്സ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആകെ വിതരണം ചെയ്ത ലാപ്ടോപ്പുകളിൽ 20 ശതമാനത്തിനാണ് സാങ്കേതിക തകരാറെന്ന് കമ്പനി കഴിഞ്ഞ വർഷം സമ്മതിച്ചിരുന്നു. അതായത് 100 എണ്ണം ഉണ്ടാക്കുമ്പോൾ 20 എണ്ണത്തിൽ തകരാറുണ്ടെന്ന് കമ്പനി തന്നെ സമ്മതിച്ചതോടെ ബാധിച്ചത് വിദ്യാശ്രീ പദ്ധതിയെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP