Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തരൂർ നേടിയ ആ 1072 വോട്ടുകൾക്ക് പൊൻതിളക്കം; സീതാറാം കേസരിക്കെതിരെ സാക്ഷാൽ ശരദ്പവാർ മത്സരിച്ചപ്പോൾ പോലും ആയിരം കടന്നില്ല; പാൻ ഇന്ത്യൻ ഇമേജോടെ കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവായി തരൂർ; തോൽവിയിലും താരമായ തരൂരിനെ വർക്കിങ് കമ്മറ്റിയിലും ഉൾപ്പെടുത്തേണ്ടി വരും

തരൂർ നേടിയ ആ 1072 വോട്ടുകൾക്ക് പൊൻതിളക്കം; സീതാറാം കേസരിക്കെതിരെ സാക്ഷാൽ ശരദ്പവാർ മത്സരിച്ചപ്പോൾ പോലും ആയിരം കടന്നില്ല; പാൻ ഇന്ത്യൻ ഇമേജോടെ കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവായി തരൂർ; തോൽവിയിലും താരമായ തരൂരിനെ വർക്കിങ് കമ്മറ്റിയിലും ഉൾപ്പെടുത്തേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 24 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് അപ്പുറത്തു നിന്നും ഒരു നേതാവ് കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയുടെ ചരിത്രത്തിൽ തന്നെയാണ് ഖാർഗെ ഇടംപിടിച്ചിരിക്കുന്നത്. മറ്റ് രാഷ്ട്രീയപാർട്ടികളിൽ നടക്കാത്ത ജനാധിപത്യ പ്രക്രിയ കോൺഗ്രസിൽ ഉണ്ടായി എന്നാണ് നേതാക്കൾ പൊതുവിൽ ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. തരൂർ നേടിയ 1072 വോട്ടുകൾക്ക് പൊൻതിളക്കമുണ്ട് എന്നു തന്നെ പറയേണ്ടി വരും. കാരണം നേതാക്കൾ ട്രെയിനി എന്നു പോലും വിളിച്ച നേതാവിനാണ് ഇത്രയും വോട്ടുകൾ ലഭിച്ചിരിക്കുന്നത്. ഇത് തരൂരിന്റെ പാൻ ഇന്ത്യൻ സ്വീകാര്യതയിലേക്കാണ് വിജയിച്ചിരിക്കുന്നത്. മത്സരിക്കും മുമ്പ് തന്നെ തരൂർ വിജയിച്ചിരുന്നു ഈ കളിയിൽ. കാരണം തരൂർ മത്സരിക്കാൻ ഇറങ്ങിയപ്പോൾ മുതൽ അദ്ദേഹം ദേശീയ മാധ്യമങ്ങളിൽ താരമായി. മധ്യവർഗ്ഗ സമൂഹത്തിന്റെ വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചതും.

എന്തായാലും നേതൃത്വത്തിന് അവഗണിക്കാൻ കഴിയാത്ത നേതാവായി തരൂർ മാറുമെന്നത് ഉറപ്പാണ്. ഇനി അദ്ദേഹത്തെ പാർട്ടി എങ്ങനെ പരിഗണിക്കും എന്നതാണ് അറിയേണ്ടത്. കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ അടക്കം ഉൾപ്പെടുത്തി പദവി നൽകുകയാണ് കോൺഗ്രസ് തരൂരിനെ ഉൾക്കൊള്ളേണ്ടത് എന്ന ആവശ്യം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. 1997ൽ നടത്ത തെരഞ്ഞെടുപ്പിൽ അന്നത്തെ ഔദ്യോഗിക സ്ഥാനാർത്ഥിയായ സീതാറാം കേസരിക്കെതിരെ രണ്ട് നേതാക്കൾ മത്സരിച്ചിരുന്നു. മഹാരാഷ്ട്രയിലെ കരുത്തൻ ശരദ് പവാറും രാജേഷ് പൈലറ്റുമായിരുന്നു ഇവർ. അന്ന് രണ്ടാം സ്ഥാനത്തു ഔദ്യോഗിക പക്ഷത്തെ നേതാവായ സീതാറാം കേസരി 6224 വോട്ടുകളുമായി വിജയിച്ചു കയറി. പവാറിന് കിട്ടിയത് 882 വോട്ടുകളായിരുന്നു. പൈലറ്റിനാകട്ടെ 354 വോട്ടുമാണ് ലഭിച്ചത്.

അതിശക്തനായ പവാറിന് പോലും ആയിരം വോട്ടുകൾ നേടാൻ സാധിക്കാത്തിടത്താണ് കോൺഗ്രസിന്റെ സംഘടനാ സംവിധാനങ്ങളെ കുറിച്ച് കാര്യമായ ബോധ്യമില്ലാത്ത തരൂർ ഈ നേട്ടം നേടിയതും. തരൂർ എന്ന ആഗോള പൗരനെ അവഗണിച്ചു കൊണ്ടുള്ള മുന്നോട്ടു പോക്ക് സാധ്യമല്ലെന്ന വ്യക്തമാക്കുന്നതാണ് തരൂരിന്റെ നേട്ടം. തോൽവിക്കിടയിലും തരൂർ താരമായതോടെ കേരളത്തിലെ നേതാക്കളും അദ്ദേഹത്തെ ഭയന്നു തുടങ്ങുമെന്ന് വിചാരിക്കണം. കാരണം ദേശീയ തലത്തിൽ പിടിയുള്ള നേതാവായി തരൂരിനെ കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചാൽ മറ്റ് നേതാക്കളുടെ മോഹത്തിന് വിലങ്ങു തടിയാകും.

കേരളത്തിൽ നിന്നും 130തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ടാകാം എന്നാണ് തരൂർ അനുകൂലികളുടെ കണക്കു കൂട്ടൽ. ഇത് അദ്ദേഹത്തിന്റെ സ്വീകാര്യതക്ക് തെളിവായി ചൂണ്ടിക്കാട്ടുന്നു. അതേസമയം തികഞ്ഞ ജെന്റിൽമാൻ എന്ന വിധത്തിലാണ് തരൂർ കാര്യങ്ങളെ കാണുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച മല്ലികാർജുൻ ഖാർഗെയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ശശി തരൂർ എംപിയുടെ ട്വീറ്റ് വന്നു കഴിഞ്ഞു. എഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമ്പോൾ വലിയ ഉത്തരവാദിത്തമാണ് നിക്ഷിപ്തമാവുന്നത്.

ചുമതല മികച്ച രീതിയിൽ നിർവഹിക്കാൻ കഴിയട്ടെയെന്ന് തരൂർ അറിയിച്ചു. ആയിരക്കണത്തിന് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുകയെന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നും തരൂർ കൂട്ടിചേർത്തു.'കോൺഗ്രസ് അധ്യക്ഷ ചുമതലയിൽ തെരഞ്ഞെടുക്കപ്പെടുകയെന്നത് ഒരു വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണ്. മികച്ച രീതിയിൽ ചുമതലകൾ നിർവ്വഹിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു. ആയിരത്തിലധികം സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചത് വലിയ അംഗീകാരമാണ്.' തരൂർ ട്വീറ്റ് ചെയ്തു.

വിജയാശംസകൾ അറിയിച്ച് മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തും ട്വീറ്റിനൊപ്പം തരൂർ പങ്കുവെച്ചിട്ടുണ്ട്. 7897 വോട്ടാണ് മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ചത്. ഒപ്പം തരൂരിന് 1072 വോട്ടും ലഭിച്ചു. എല്ലാ പിസിസികളിലേയും വോട്ടുകൾ കൂട്ടികലർത്തിയാണ് എണ്ണിയത്. 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ വോട്ടുള്ള ഉത്തർപ്രദേശിലെ വോട്ട് അവസാനം എണ്ണിയത്. വോട്ടെടുപ്പിൽ തരൂർ ക്രമക്കേട് ഉന്നയിച്ചതോടെയാണ് അവസാനത്തേക്ക് മാറ്റിവെച്ചത്.

ശശി തരൂർ എംപി ആദ്യ റൗണ്ടിൽ തന്നെ അഞ്ചൂറിലധികം വോട്ടുകൾ നേടിയത് കോൺഗ്രസ് പാളയത്തെ അത്ഭുതപ്പെടുത്തി. കോൺഗ്രസിൽ അഞ്ച് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള മല്ലികാർജുൻ ഖാർഗെക്കെതിരെ ഒറ്റയ്ക്ക് പോരാടിയ തരൂരിന്റെ മുന്നേറ്റം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം പാർട്ടിയിൽ ഉറപ്പിക്കുന്നതാണ്. അന്തിമ ഫലം പുറത്ത് വരുമ്പോൾ ആയിരത്തിന് മുകളിലാണ് തരൂരിന്റെ വോട്ട്. വർക്കിങ് കമ്മിറ്റിയിലേക്ക് ശശി തരൂരിനെ നിയമിക്കാനാണ് സാധ്യത.

രണ്ടാമതായി എത്തിയ ഡോക്ടർ ശശി തരൂരിന് ലഭിച്ച 1072 വോട്ട് ഒട്ടും ചെറുതല്ല. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തുകൊണ്ട്, പാർട്ടിക്കുള്ളിൽ പുതിയ ആശയങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ട് സധൈര്യം അദ്ദേഹം മുന്നോട്ട്‌പോയി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങൾ സാധാരണ കോൺഗ്രസ് പ്രവർത്തകരെയും കോൺഗ്രസ് അനുകൂലികളെയും ഉത്തേജിപ്പിക്കുകയും ചെയ്തു. അതിനാൽ ഈ വോട്ടിന് അതിന്റെ പതിന്മടങ് മൂല്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP