Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നിഷ്പക്ഷത ഭൂരിപക്ഷ വോട്ടായി; തമിഴ്‌നാട്ടിൽ കാർത്തി ചിദംബരം തുണച്ചു; രാജസ്ഥാനിൽ പൈലറ്റ് ഫാക്ടറും; മധ്യപ്രദേശിൽ കമൽനാഥ് അവസാന റൗണ്ടിൽ അപ്രതീക്ഷിത കരുത്തായി; ആന്റണിയുടെ മകനെ പോലെ നേതാക്കളുടെ മക്കളെല്ലാം ഉറച്ചു നിന്നത് തിരുവനന്തപുരം എംപിക്ക് പിന്നിൽ; ഖാർഗെയ്ക്ക് അനുകൂല പിച്ചിൽ തരൂരിന് സെഞ്ച്വറി

കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നിഷ്പക്ഷത ഭൂരിപക്ഷ വോട്ടായി; തമിഴ്‌നാട്ടിൽ കാർത്തി ചിദംബരം തുണച്ചു; രാജസ്ഥാനിൽ പൈലറ്റ് ഫാക്ടറും; മധ്യപ്രദേശിൽ കമൽനാഥ് അവസാന റൗണ്ടിൽ അപ്രതീക്ഷിത കരുത്തായി; ആന്റണിയുടെ മകനെ പോലെ നേതാക്കളുടെ മക്കളെല്ലാം ഉറച്ചു നിന്നത് തിരുവനന്തപുരം എംപിക്ക് പിന്നിൽ; ഖാർഗെയ്ക്ക് അനുകൂല പിച്ചിൽ തരൂരിന് സെഞ്ച്വറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് ആയിരം വോട്ട് കിട്ടരുതെന്ന നിർബന്ധ ബുദ്ധി കേരളത്തിലെ ഹൈക്കമാണ്ട് നേതാക്കൾക്കുണ്ടായിരുന്നു. കേരളത്തിലെ വോട്ടിൽ 200 നേടിയാൽ മാത്രമേ തരൂരിന് ആയിരം വോട്ട് നേടാനാകൂവെന്നായിരുന്നു ഇവരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ പരസ്യമായി പോലും വോട്ടർമാരെ ചിലർ ഭീഷണിപ്പെടുത്തി. എകെ ആന്റണിയുടെ മനസ്സ് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഒപ്പമായിരുന്നു. ആന്റണി തന്നെ ഖാർഗെയുടെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടതും കേരളത്തിൽ തരൂർ ക്ലച്ചു പിടിക്കില്ലെന്നും രാജ്യത്ത് ആകെ കിട്ടുന്ന വോട്ട് 250ൽ താഴെയാക്കാനുമായിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെ അനുകൂല പിച്ചൊരുക്കിയിട്ടും ശശി തരൂർ എന്ന പോരാളി സെഞ്ച്വറി അടിച്ചു. പക്ഷേ ജയിക്കാൻ അനുവദിക്കാത്ത കുതന്ത്രത്തിലൂടെ പോരാളിയെ അവർ തോൽപ്പിച്ചു. അപ്പോഴും താരം തരൂർ തന്നെ.

ഖാർഗെയുടെ വിജയം ഏല്ലാവർക്കും ഉറപ്പായിരുന്നു. കോൺഗ്രസിന്റെ ചരിത്രവും ഹൈക്കമാണ്ട് നേതാവിന് തുണയായി. ഇതിനെ വെല്ലുവിളിച്ചാണ് തരൂർ പ്രചരണത്തിൽ നിറഞ്ഞത്. ജി 21 നേതാക്കളുടെ കൂട്ടായ്മയെ കൊണ്ടു പോലും തരൂരിന് എതിരെ പ്രസ്താവന ഇറക്കി. അപമാനിക്കാൻ പലും പലതും പറഞ്ഞു. ട്രെയിനി എന്ന് വിളിച്ചവർ മുതൽ ജനപിന്തുണയില്ലെന്ന് കളിയാക്കിയവർ പോലുമുണ്ട്. എന്നിട്ടും തരൂർ തല ഉയർത്തി ആയിരം വോട്ട് നേടി. കോൺഗ്രസിൽ നേതൃ വിരുദ്ധ വികാരം ശക്തമാണെന്ന് തെളിയിക്കാൻ ഈ ആയിരം വോട്ടുകൾക്ക് കഴിയും. തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ 15 മലയാളികൾ വോട്ട് ചെയ്തു. തമ്പാനൂർ രവിയും ശബരിനാഥനും ഈ വിപ്ലവത്തിന്റെ ഭാഗമായി. എകെ ആന്റണി എതിർത്തിച്ചും ആന്റണിയുടെ മകൻ തരൂരിനെ പിന്തുണച്ചു. ഇതിന് സമാനമായി കോൺഗ്രസിലെ ദേശീയ നേതാക്കളുടെ മക്കളെല്ലാം തരൂരിനൊപ്പമായിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തിയും രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൻ പൈലറ്റും ഷീലാ ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിത്തും തരൂരിന് കരുത്തായി.

2000ൽ സോണിയയ്‌ക്കെതിരെ ജിതേന്ദ്ര പ്രസാദയെ മത്സരിപ്പിച്ചുകൊണ്ട് മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 1999-ൽ പാർട്ടി ചുമതല സോണിയ ഗാന്ധിയെ ഏൽപ്പിച്ചത് കോൺഗ്രസിനുള്ളിൽ വലിയ കലാപം സൃഷ്ടിച്ചിരുന്നു. സോണിയയുടെ ഇറ്റാലിയൻ പൗരത്വവും പരിചയക്കുറവും ചൂണ്ടിക്കാട്ടി അവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് ശരത് പവാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു. താരിഖ് അൻവറും പി.എ. സാങ്മയും പവാറിനെ അനുഗമിച്ചു. വിമത പതാക രാജേഷ് പൈലറ്റിനേയും ജിതേന്ദ്ര പ്രസാദയേയും ഏൽപ്പിച്ചായിരുന്നു ഇവരുടെ പാർട്ടി വിടൽ. പക്ഷേ ആ പോരാട്ടത്തിന് വോട്ടിന്റെ തിളക്കമുണ്ടായില്ല.

സോണിയയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് അവർ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 55-കാരനായ രാജേഷ് പൈലറ്റ് ഒരു കാറപകടത്തിൽ മരിച്ചു. എന്നാൽ അന്ന് പ്രസാദ തന്റെ പോരാട്ടവുമായി മുന്നോട്ടുപോയി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പും ശേഷവും വോട്ടവകാശമുള്ള പിസിസി പ്രതിനിധികളുടെ പട്ടികയിൽ കൃത്രിമം നടന്നതായി ആരോപണം ഉന്നയിച്ചിരുന്നു. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നെന്ന ആരോപണം നിലനിൽക്കെ തന്നെ 2000-ൽ ജിതേന്ദ്ര പ്രസാദ സോണിയയ്‌ക്കെതിരെ മത്സരിച്ചു. 2000 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി തീർന്നപ്പോൾ 7542 വോട്ടുകളിൽ 94 വോട്ടുകൾ മാത്രമാണ് പ്രസാദയ്ക്ക് കിട്ടിയത്. വൻ ഭൂരിപക്ഷം നേടി സോണിയ കോൺഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെയാണ് തരൂരിന്റെ ആയിരം കടന്നുള്ള വോട്ടിന് തെളിക്കം കൂടുന്നത്.

2022ൽ കേരളത്തിൽ ഉമ്മൻ ചാണ്ടി തന്ത്രപരമായ നിഷ്പക്ഷത കാട്ടി. ഇത് തരൂരിന് ഗുണമായി. എന്നാൽ രമേശ് ചെന്നിത്തലയും കെ മുരളീധരനും അടക്കമുള്ള നേതാക്കൾ തരൂരിനെ എതിർത്തു. കൊടിക്കുന്നിൽ സുരേഷ് കടന്നാക്രമണവും നടത്തി. എന്നാൽ ഇതൊന്നും കേരളത്തിലെ വോട്ടർമാരെ സ്വാധീനിച്ചില്ല. ഇരുന്നൂറിലേറെ വോട്ട് കേരളത്തിൽ നിന്ന് തരൂരിന് കിട്ടിയതായാണ് അന്തിമ ഫല സൂചനകളുടെ വിശകലനം നൽകുന്നത്. കേരളത്തിലെ പകുതിയിൽ അധികം വോട്ട് പിടിച്ചതു കൊണ്ട് മാത്രമാണ് തരൂരിന് ആയിരം വോട്ട് കടക്കാൻ കഴിഞ്ഞതെന്ന വിലയിരുത്തൽ സജീവമാണ്. അസാധു വോട്ടുകളും തരൂരിന് പോൾ ചെയ്തതാണെന്ന വാദം സജീവമാണ്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ടിന്റെ പിന്തുണ ഇല്ലാതിരുന്നിട്ടും വീറോടെ മത്സരിച്ച് ആയിരം വോട്ട് നേടിയ പോരാളിയാകുകയാണ് തരൂർ. മത്സര ഫലം വന്ന ശേഷം ശബരിനാഥൻ ഇട്ട പോസ്റ്റിലെ വാചകങ്ങൾ ഇതിന് തെളിവുമാണ്.

ഡോക്ടർ ശശി തരൂരിന് ലഭിച്ച 1072 വോട്ട് ഒട്ടും ചെറുതല്ല. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തുകൊണ്ട്, പാർട്ടിക്കുള്ളിൽ പുതിയ ആശയങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ട് സധൈര്യം അദ്ദേഹം മുന്നോട്ട്‌പോയി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങൾ സാധാരണ കോൺഗ്രസ് പ്രവർത്തകരെയും കോൺഗ്രസ് അനുകൂലികളെയും ഉത്തേജിപ്പിക്കുകയും ചെയ്തു. അതിനാൽ ഈ വോട്ടിന് അതിന്റെ പതിന്മടങ് മൂല്യമുണ്ട്. കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഡോ: ശശി തരൂരിന് ഈ ആൽമരചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നു.- ഇതാണ് ശബരിയുടെ പോസ്റ്റ് ചർച്ചയാക്കുന്ന വിഷയം. തരൂരിന്റെ തോൽവിക്കും വിജയത്തിന്റെ മാറ്റുണ്ടെന്നതാണ് വസ്തുത.

24 വർഷത്തിന് ശേഷം കോൺഗ്രസിന് നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷൻ എത്തുകയാണ് ഖാർഗെയിലൂടെ. മുതിർന്ന നേതാക്കളുടെ പിന്തുണയോടെ ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാർഗെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ശശി തരൂരിന്റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു അട്ടിമറി സാധ്യത നിലനിർത്തിയിരുന്നു. ഇതിനിടെ വോട്ടൽ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി തരൂർ ടീം ആരോപിച്ചു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂർ പരാതി നൽകിയത്. പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചാണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

7897 വോട്ട് നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്ഥാനാർത്ഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്. നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി എന്ന് തന്നെയാണ് ദേശീയ മാധ്യമങ്ങളും വിലയിരുത്തുന്നത്.

സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായ എൺപതുകാരൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖർഗെയ്ക്ക് തുണയായി. തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പിൽ 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എഐസിസി സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്‌സുകൾ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പൊട്ടിച്ചതും എണ്ണിയതും.

തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടു നടന്നതായി ആരോപിച്ച് തരൂർ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി. വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയിരുന്നില്ല. യുപിക്കു പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂർ പക്ഷത്തിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP