Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

1072 വോട്ടുകൾ നേടി കരുത്തു തെളിയിച്ചു ശശി തരൂർ; ഹൈക്കമാണ്ട് നേതാക്കളുടെ ഓപ്പറേഷനും തരൂരിന്റെ വോട്ടിന് മൂന്നക്കത്തിൽ താഴെയാക്കാനായില്ല; 7897 വോട്ടുമായി ഖാർഗെയുടെ വിജയവും; 416 വോട്ടുകൾ അസാധു; കോൺഗ്രസിന് ഇനി നയിക്കുക കർണ്ണാടകയിൽ നിന്നുള്ള എൺപതു വയസ്സുകാരൻ; എഐസിസി അധ്യക്ഷ വോട്ടെടുപ്പ് ഫലം ഇങ്ങനെ

1072 വോട്ടുകൾ നേടി കരുത്തു തെളിയിച്ചു ശശി തരൂർ; ഹൈക്കമാണ്ട് നേതാക്കളുടെ ഓപ്പറേഷനും തരൂരിന്റെ വോട്ടിന് മൂന്നക്കത്തിൽ താഴെയാക്കാനായില്ല;  7897 വോട്ടുമായി ഖാർഗെയുടെ വിജയവും; 416 വോട്ടുകൾ അസാധു; കോൺഗ്രസിന് ഇനി നയിക്കുക കർണ്ണാടകയിൽ നിന്നുള്ള എൺപതു വയസ്സുകാരൻ; എഐസിസി അധ്യക്ഷ വോട്ടെടുപ്പ് ഫലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എംപി ശശി തരൂരിനെ ഖാർഗെ തോൽപ്പിച്ചു. ഹൈക്കമാണ്ട് നേതാക്കളുടെ പിന്തുണയോടെ മത്സരിച്ച ഖാർഗെയ്ക്ക് ഔദ്യോഗിക സ്ഥാനാർത്ഥി പരിവേഷമുണ്ടായിരുന്നു. വിമത മുഖവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂർ ആയിരം വോട്ടിൽ അധികം നേടിയെന്നത് നേതൃത്വത്തെ ഞെട്ടിച്ചു. പാർട്ടിയിലെ പത്ത് ശതമാനം പിന്തുണ തനിക്കൊപ്പമുണ്ടെന്ന് തെളിയിക്കുകയാണ് തരൂർ. ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലാത്ത ഒരു നേതാവാണ് ആയിരം വോട്ടിൽ അധികം നേടുന്നത്. എത് സംസ്ഥാനത്ത് നിന്നാണ് തരൂരിന് കൂടുതൽ വോട്ട് കിട്ടിയതെന്ന് അറിയുക അസാധ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടുകൾ കൂട്ടികുഴച്ചായിരുന്നു വോട്ട് എണ്ണിയത് എന്നതാണ് ഇതിന് കാരണം.

ആകെ വോട്ട്

ഖാർഗെ: 7897
ശശി തരൂർ: 1072
അസാധു: 416

24 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷനെ ലഭിക്കുന്നത്. മുതിർന്ന നേതാക്കളുടെ പിന്തുണയോടെ ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാർഗെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ശശി തരൂരിന്റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു അട്ടിമറി സാധ്യത നിലനിർത്തിയിരുന്നു. ഇതിനിടെ വോട്ടൽ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി തരൂർ ടീം ആരോപിച്ചു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂർ പരാതി നൽകിയത്.

പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചാണ് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു.

സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായ എൺപതുകാരൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖർഗെയ്ക്ക് തുണയായി. തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പിൽ 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എഐസിസി സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്‌സുകൾ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പൊട്ടിച്ചതും എണ്ണിയതും.

തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടു നടന്നതായി ആരോപിച്ച് തരൂർ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി. വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയിരുന്നില്ല. യുപിക്കു പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂർ പക്ഷത്തിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP