Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ വിർച്വൽ ക്യൂ സംവിധാനം ഇത്തവണയും തുടരും; 12 കേന്ദ്രങ്ങളിൽ ബുക്കിങ്; കെ എസ് ആർ ടി സി യുടെ 500 ബസുകൾ സ്‌പെഷ്യൽ സർവീസിന്; മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ തീരുമാനം

ശബരിമലയിൽ വിർച്വൽ ക്യൂ സംവിധാനം ഇത്തവണയും തുടരും; 12 കേന്ദ്രങ്ങളിൽ ബുക്കിങ്; കെ എസ് ആർ ടി സി യുടെ 500 ബസുകൾ സ്‌പെഷ്യൽ സർവീസിന്; മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം കൂടുതൽ തീർത്ഥാടകർ എത്താനുള്ള സാധ്യത മുൻനിർത്തി വിപുലമായ സൗകര്യങ്ങളാണു സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവൻ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വിർച്വൽ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളിൽ ബുക്കിങ്ങിനു സൗകര്യമുണ്ടാകും.

തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സുരക്ഷിത തീർത്ഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. അനധികൃത കച്ചവടം തടയാൻ നടപടിയെടുക്കും. കാനനപാതകളടക്കം തീർത്ഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുൻനിർത്തി ഇവിടങ്ങളിൽ ആവശ്യമായ താത്കാലിക ടോയ്ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

ശബരിമല സീസൺ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്നു കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തും. 500 ബസുകളാകും ശബരിമല സ്പെഷ്യൽ സർവീസിന് ഉപയോഗിക്കുക. 350 ബസുകൾ ഇതിനോടകം തയാറായി. 200 ബസുകൾ ചെയിൻ സർവീസിനും 277 ബസുകൾ ദീർഘദൂര സർവീസിനും ഉപയോഗിക്കും. മകരവിളക്ക് ദിവസം 1000 ബസുകൾ സർവീസ് നടത്തും. തീർത്ഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കൽ സംഘത്തെ വിന്യസിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവരുടെ പരിശീലനവും ഉടൻ ആരംഭിക്കും.

പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. 16 റോഡുകളിൽ നിലവിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാർഥങ്ങൾ കർശനമായി തടയുന്നതിന് വനമേഖലയിലും മറ്റിടങ്ങളിലും എക്സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP