Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗൂഗിൾ മാപ്പ് പറയുന്നത് 17 മണിക്കൂർ; ഗഡ്കരി ഉറപ്പു നൽകുന്നു അഞ്ച് മണിക്കൂറെന്ന്; മുംബൈ-ബാംഗ്ലൂർ യാത്ര ഇനി കാറിലാക്കാം; ആയിരം കിലോമീറ്റർ ദൂരം; 200 കിലോമീറ്റർ വേഗതയിൽ പായാൻ ഗ്രീൻ എക്സ്‌പ്രസ് ഹൈവേ; സ്വപ്‌ന പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി

ഗൂഗിൾ മാപ്പ് പറയുന്നത് 17 മണിക്കൂർ; ഗഡ്കരി ഉറപ്പു നൽകുന്നു അഞ്ച് മണിക്കൂറെന്ന്; മുംബൈ-ബാംഗ്ലൂർ യാത്ര ഇനി കാറിലാക്കാം; ആയിരം കിലോമീറ്റർ ദൂരം; 200 കിലോമീറ്റർ വേഗതയിൽ പായാൻ ഗ്രീൻ എക്സ്‌പ്രസ് ഹൈവേ; സ്വപ്‌ന പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയെയും ഐടി തലസ്ഥാനമായ ബംഗളുരുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് മാർഗം സഞ്ചരിച്ചാൽ എടുക്കുന്ന യാത്ര സമയം എത്രയാണെന്നറിയാമോ?. ഗൂഗിളിൽ പറയുന്നത് ഏകദേശം 17 മണിക്കൂർ എടുക്കുമെന്നാണ്. എന്നാൽ മുംബൈ-ബാംഗ്ലൂർ യാത്ര സമയം അഞ്ച് മണിക്കൂറായി കുറയാൻ പോകുന്നുവെന്ന് ഉറപ്പു നൽകുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

മുംബൈയ്ക്കും ബെംഗളൂരുവിനുമിടയിൽ പൂണെ വഴി ഗ്രീൻ എക്സ്പ്രസ് ഹൈവേ ഉടൻ തന്നെ ദേശീയ പാതാ അഥോറിറ്റി നിർമ്മിക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമായാൽ ഇതിലെ കാറിൽ യാത്ര ചെയ്യുകയാണെങ്കിൽ ഇനി ബെംഗളൂരുവിൽ നിന്ന് മുംബൈയിൽ എത്താൻ മൂന്നിലൊന്ന് സമയം ലാഭിക്കാനാകും.

മോദി സർക്കാരിൻ എപ്പോഴും അദ്ഭുതങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന നിതിൻ ഗഡ്കരിയുടെ വകുപ്പ് പുതിയ ആശയം മുന്നോട്ട് വച്ചത് ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. റോഡ് നിർമ്മാണത്തിലും, അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ ശ്രദ്ധയും താത്പര്യവും ഏറെ പ്രശംസനീയമാണ്. രാജ്യം ഗതാഗതമേഖലയിൽ കൈവരിച്ച നിരവധി നേട്ടങ്ങളിലൂടെ ഗതാഗത സമയം ദിനം പ്രതി ചുരുങ്ങുകയാണ്.

ഇതിനിടെയാണ് ആയിരം കിലോമീറ്റർ ദൂരമുള്ള മുംബയ്-ബംഗളൂരു നഗരങ്ങളെ കേവലം അഞ്ച് മണിക്കൂറിൽ താണ്ടാനാവുമെന്ന തന്റെ സ്വപ്ന പദ്ധതിയാണ് ഗഡ്കരി അവതരിപ്പിക്കുന്നത്. മുംബയിൽ ശനിയാഴ്ച നടന്ന അസോസിയേഷൻ ഓഫ് നാഷണൽ എക്‌സ്ചേഞ്ച് മെമ്പേഴ്‌സ് ഒഫ് ഇന്ത്യയുടെ (എഎൻഎംഐ) 12ാമത് അന്താരാഷ്ട്ര കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര മന്ത്രി തന്റെ ഭാവി പദ്ധതികളെ കുറിച്ച് വാചാലനായത്.

ട്രെയിനിലോ വിമാനത്തിലോ പോകുന്നതിന് പകരം മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ യാത്ര ചെയ്യുന്നതാകും നിങ്ങൾ വൈകാതെ ഇഷ്ടപ്പെടാൻ പോകുന്നത്. ഗ്രീൻ എക്സ്‌പ്രസ് ഹൈവേ വന്നാൽ ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം പിന്നിടാൻ അഞ്ച് മണിക്കൂറിൽ കൂടുതൽ എടുക്കില്ലെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകുന്നത്.

പുതിയ എക്സ്‌പ്രസ് വേ ആസൂത്രണം ചെയ്തു വരികയാണെന്നും അത് ഉടൻ നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അതിന്റെ ദേശീയ റോഡ് ശൃംഖല പദ്ധതിക്ക് കീഴിൽ ഈ ജോലി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഞങ്ങൾ മുംബൈയ്ക്കും ബാംഗ്ലൂരിനും ഇടയിൽ ഒരു ഗ്രീൻ എക്സ്‌പ്രസ് ഹൈവേ ആസൂത്രണം ചെയ്യുന്നു. മുംബൈ-ബാംഗ്ലൂർ ഇടയിൽ അഞ്ച് മണിക്കൂർ യാത്ര മതി. പൂണെയിൽ നിന്ന് ബാംഗ്ലൂരിൽ 3.5 മുതൽ 4 മണിക്കൂർ വരെ സമയത്തിനുള്ളിൽ എത്തിച്ചേരാം' ഗഡ്കരി പറഞ്ഞു. നിലവിൽ ആസൂത്രണം ചെയ്യുന്ന ഗ്രീൻ എക്സ്‌പ്രസ് ഹൈവേ മുംബൈ-പൂണെ എക്സ്‌പ്രസ് വേയെ റിങ് റോഡിലൂടെ ബന്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനവും ഐടി തലസ്ഥാനവും തമ്മിലുള്ള ദൂരം 985 കിലോമീറ്ററാണ്. രണ്ട് നഗരങ്ങളും ദേശീയപാത 48 അല്ലെങ്കിൽ ദേശീയപാത 50 വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ മുംബൈയും ബെംഗളൂരുവും തമ്മിലുള്ള ദൂരം റോഡ് മാർഗം മറികടക്കാൻ 15 മണിക്കൂറിലധികം എടുക്കും. പുതിയ ഗ്രീൻ എക്സ്പ്രസ് ഹൈവേ പ്രാവർത്തികമായാൽ യാത്രാ സമയം മൂന്നിലൊന്നായി കുറയ്ക്കാം.

വരാനിരിക്കുന്ന ഗ്രീൻ എക്സ്‌പ്രസ് ഹൈവേ ഇന്ത്യയിലെ മറ്റ് നിരവധി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ എക്സ്‌പ്രസ് വേകളുടെ ഒരു നിരയിലേക്ക് ചേർക്കപ്പെടും. സമീപകാലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഡൽഹി-മീററ്റ് എക്സ്‌പ്രസ്വേ, പൂർവാഞ്ചൽ എക്സ്‌പ്രസ്വേ എന്നിവ റോഡ് ഗതാഗതം തെരഞ്ഞെടുക്കുന്നവരുടെ യാത്രാസമയം ഗണ്യമായി കുറച്ചിട്ടുണ്ട്.

ഈ വർഷം അവസാനത്തോടെ കൂടുതൽ ഹൈവേകൾ വരുമെന്നും കേന്ദ്രമന്ത്രി ഗഡ്കരി ഉറപ്പ് നൽകി. ഈ വർഷം അവസാനത്തോടെ ഡൽഹി മുതൽ ഡെറാഡൂണിലെത്താൻ വെറും രണ്ട് മണിക്കൂർ മാത്രമെടുക്കുന്ന ഹൈവേ വരും. ഡൽഹി-ഹർദ്വാർ 2 മണിക്കൂറിലും ഡൽഹി-ജയ്പൂർ 2 മണിക്കൂറിലും ഡൽഹി-ചണ്ഡീഗഢ് 2.5 മണിക്കൂറിലും ഡൽഹി-അമൃത്സർ 4 മണിക്കൂറിലും പിന്നിടാനാകുന്ന ഹൈവേകളും വരാനിരിക്കുന്നു.

ഡൽഹിയെയും ശ്രീനഗറിനെയും എട്ടുമണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുന്ന ഹൈവേ ഉണ്ടാകും. ഡൽഹി-കത്ര 6 മണിക്കൂറിൽ, ഡൽഹി- മുംബൈ 10 മണിക്കൂറിൽ, ചെന്നൈ-ബാംഗ്ലൂർ 2 മണിക്കൂറിൽ, ലഖ്‌നൗ-കാൺപൂർ അര മണിക്കൂറിൽ എന്നിങ്ങനെ യാത്രാസമയത്തിൽ പുതിയ ഹൈവേകൾ വരുമെന്ന് ഗഡ്കരി പറഞ്ഞു.

മുംബയ് -പൂണെ എക്സ്‌പ്രസ് ഹൈവേയിൽ പൂണെ റിങ് റോഡിന് സമീപത്ത് നിന്നാവും ബാംഗ്ലൂരിലേക്കുള്ള ഹൈവേ ആരംഭിക്കുക. ഇതു പോലെയുള്ള 27 ഗ്രീൻ എക്സ്‌പ്രസ് ഹൈവേകളാണ് രാജ്യത്ത് അടുത്തതായി വരുന്നത്. നാഷണൽ വാട്ടർ ഗ്രിഡ് പോലെ നാഷണൽ ഹൈവേ ഗ്രിഡ് വികസിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.

ഒരു വാഹനം മണിക്കൂറിൽ ശരാശരി 200 കിലോമീറ്റർ വേഗതയിൽ ഈ പാതയിലൂടെ സഞ്ചരിച്ചാൽ മാത്രമെ അഞ്ചു മണിക്കൂറിനുള്ളിൽ ഇത്രയും ദൂരം താണ്ടാൻ കഴിയു. അതായത് ചിലയിടങ്ങളിലെങ്കിലും വാഹനം 230-250 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചെങ്കിൽ മാത്രമേ ശരാശരി 200 കിലോമീറ്റർ വേഗത നിലനിർത്താനാവു. ഇത്രയും സ്പീഡിൽ സഞ്ചരിക്കുന്ന കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ടോ എന്നതും ചോദ്യമാണ്.

എന്നാൽ വിദേശ കാർ നിർമ്മാതാക്കളുടെ ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, ലാൻഡ് റോവർ തുടങ്ങിയ കാറുകൾക്ക് നിലവിൽ 200 കിലോമീറ്റർ ശരാശരി വേഗത നിലനിർത്താനുള്ള ശേഷിയുണ്ട്. എന്നാൽ ഈ വേഗത്തിൽ ഇന്ത്യയിലെ റോഡുകളിലൂടെ സഞ്ചരിക്കാനാവില്ലെന്ന് മാത്രം. ഗ്രീൻ എക്സ്‌പ്രസ് ഹൈവേ ഇന്ത്യയിൽ നടപ്പിലായാലും മികച്ച ഡ്രൈവിംഗിന് പരിശീലനം അത്യാവശ്യമാണ്.

അടുത്ത 25 വർഷത്തിനുള്ളിൽ ഗതാഗത സാന്ദ്രത കൂടുതലുള്ള സംസ്ഥാന പാതകൾ ഏറ്റെടുക്കാൻ ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി അടുത്തിടെ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. നാല് മുതൽ ആറ് വരി പാതകളാക്കി ഗതാഗതം സുഖമമാക്കുന്നതിനായി വകുപ്പ് ഈ സഹായിക്കുമെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP