Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധം തോൽക്കുമ്പോൾ സേനാനായകർ ഒഴിഞ്ഞ ചരിത്രമാണ് ഉള്ളതെന്ന കേരളഘടകത്തിന്റെ വിമർശനം വിലപ്പോയില്ല; ഡി.രാജ വീണ്ടും സിപിഐ ജനറൽ സെക്രട്ടറി; രാജയെ തിരഞ്ഞെടുത്തത് ദേശീയ കൗൺസിൽ ഒറ്റക്കെട്ടായി; കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് പാർട്ടി കോൺഗ്രസ് തീരുമാനം

യുദ്ധം തോൽക്കുമ്പോൾ സേനാനായകർ ഒഴിഞ്ഞ ചരിത്രമാണ് ഉള്ളതെന്ന കേരളഘടകത്തിന്റെ വിമർശനം വിലപ്പോയില്ല; ഡി.രാജ വീണ്ടും സിപിഐ ജനറൽ സെക്രട്ടറി; രാജയെ തിരഞ്ഞെടുത്തത് ദേശീയ കൗൺസിൽ ഒറ്റക്കെട്ടായി; കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് പാർട്ടി കോൺഗ്രസ് തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

വിജയവാഡ: ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും. ദേശീയ കൗൺസിൽ ഒറ്റക്കെട്ടായാണ് ഡി രാജയെ തെരഞ്ഞെടുത്തത്. ഡി രാജക്കെതിരെ പൊതുചർച്ചയിൽ കേരളം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. യുദ്ധം തോൽക്കുമ്പോൾ സേനാ നായകർ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നാണ് കേരള ഘടകം വിമർശിച്ചത്. ദേശീയ നേതൃത്വം അലസത കാണിക്കുന്നുവെന്ന് മന്ത്രി പി പ്രസാദും ആരോപിച്ചിരുന്നു. നേതൃപദവിയിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണം. പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുതെന്ന വിമർശനവും ഉയർന്നിരുന്നു.അമർജിത് കൗറോ അതുൽ കുമാർ അഞ്ജാനോ ജനറൽ സെക്രട്ടറി ആകുമെന്ന പ്രചാരണവും ഉണ്ടായിരുന്നു.കെ.പ്രകാശ് ബാബുവിനെ സിപിഐ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുത്തു.

തമിഴ്‌നാട്ടിൽനിന്നുള്ള ദളിത് നേതാവാണ് ഡി.രാജ. 2019 ൽ ജൂലൈയിൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് എസ്.സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് രാജ ജനറൽ സെക്രട്ടറിയായത്. കോളജ് പഠനകാലത്ത് ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷനിൽ ചേർന്ന ഡി.രാജ 1975 മുതൽ 1980 വരെ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി. 1985 മുതൽ 1990 വരെ ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ ദേശീയ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1994 മുതൽ 2019 വരെ സിപിഐ ദേശീയ സെക്രട്ടറിയായി. 2007ലും 2013 രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു. സിപിഐ നേതാവായ ആനി രാജയാണ് ഭാര്യ. മകൾ: അപരാജിത

അതേസമയം, സിപിഐ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ. മന്ത്രിമാരായ കെ രാജൻ, ജിആർ അനിൽ, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജാജി മാത്യൂ തോമസ്, പിപി സുനീർ എന്നിവരാണ് ദേശീയ കൗൺസിലിലേക്ക് എത്തുന്നത്. കൺട്രോൾ കമ്മീഷൻ അംഗമായി സത്യൻ മൊകേരിയും എത്തും.

കെ.ഇ ഇസ്മയിൽ, പന്ന്യൻ രവീന്ദ്രൻ, എൻ.അനിരുദ്ധൻ, ടി.വി ബാലൻ, സി. എൻ ജയദേവൻ, എൻ.രാജൻ എന്നിവർ ദേശീയ കൗൺസിലിൽ നിന്ന് ഒഴിയുന്നുണ്ട്. അതേസമയം മുന്മന്ത്രി വി എസ് സുനിൽ കുമാർ ദേശീയ കൗൺസിലിൽ ഇല്ല. കാനം പക്ഷത്തിന്റെ എതിർപ്പിനെ തുടർന്നാണ് പരിഗണിക്കാത്തത് എന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തിനുള്ള ദേശീയ കൗൺസിൽ അംഗസംഖ്യ 11 ൽ നിന്നും 13 ആയി ഉയർന്നു.

പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് ദേശീയ കൗൺസിലിൽ നിന്ന് താൻ ഒഴിയുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ പാർട്ടിയെ അറിയിച്ചു. പ്രായപരിധി സംബന്ധിച്ച തർക്കമുള്ളതും സ്വയം ഒഴിയാൻ കാരണമെന്നാണ് സൂചന. പ്രായപരിധി മാനദണ്ഡം സിപിഐ പാർട്ടി കോൺഗ്രസ് കമ്മീഷൻ ഭേദഗതികളോടെ അംഗീകരിച്ചിരുന്നു. ദേശീയ സംസ്ഥാന നേതൃത്വത്തിൽ 75 വയസ് വരെ ഭാരവാഹിയാകാം. 75 വയസ് വരെയുള്ളവർക്ക് അസിസ്റ്റന്റ് സെക്രട്ടറിമാരായും സേവനമനുഷ്ഠിക്കാം.

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ട

കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാർട്ടി കോൺഗ്രസ് തീരുമാനം. നിലവിലെ സഹകരണം തുടർന്നാൽ മതിയെന്നാണ് തീരുമാനം. കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണമെന്ന് പാർട്ടി കോൺഗ്രസിൽ സിപിഐ കേരള ഘടകം ആവശ്യമുയർത്തിയിരുന്നു. കോൺഗ്രസ് സഹകരണത്തിൽ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചർച്ചയിൽ പറഞ്ഞു. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും , ധാരണയാകാമെന്നും സംസ്ഥാനങ്ങളിൽ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെയാണ് സിപിഐ കേരള ഘടകം വിമർശിച്ചത്. എന്നാൽ സിപിഐ പാർട്ടി കോൺഗ്രസ് ഈ നിലപാടിന് അംഗീകാരം നൽകിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP