Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക രാജ്യങ്ങളും കമ്യൂണിസ്റ്റ് രാജ്യങ്ങളും ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും മാരകമായ പീഡന മുറകളിൽ ഒന്ന്; വെള്ളമാത്രം കണ്ട് മനോനില തെറ്റിയവർ ഇറാനിലടക്കം ഒട്ടേറെ; ഹർമൻ റോഷാക്കിന്റെ മഷി വിശകലനത്തിന് ലോകമെമ്പാടും ആരാധകർ; പക്ഷേ ഇന്ന് അത് ആധികാരികതയില്ലാത്ത സ്യൂഡോ സയൻസ്; മമ്മൂട്ടി ചിത്രം റോഷാക്ക് ഉയർത്തുന്ന മനഃശാസ്ത്ര ചർച്ചകൾ

ഇസ്ലാമിക രാജ്യങ്ങളും കമ്യൂണിസ്റ്റ് രാജ്യങ്ങളും ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും മാരകമായ പീഡന മുറകളിൽ ഒന്ന്; വെള്ളമാത്രം കണ്ട് മനോനില തെറ്റിയവർ ഇറാനിലടക്കം ഒട്ടേറെ; ഹർമൻ റോഷാക്കിന്റെ മഷി വിശകലനത്തിന് ലോകമെമ്പാടും ആരാധകർ; പക്ഷേ ഇന്ന് അത് ആധികാരികതയില്ലാത്ത സ്യൂഡോ സയൻസ്; മമ്മൂട്ടി ചിത്രം റോഷാക്ക് ഉയർത്തുന്ന മനഃശാസ്ത്ര ചർച്ചകൾ

എം റിജു

രു മലയാള സിനിമ കണ്ടിട്ട് നാം എന്തെങ്കിലും ചിന്തിച്ചിട്ടും ചർച്ച ചെയ്തിട്ടും കാലം എത്രയായി! തീയേറ്റർ വിട്ട് പത്തുമിനിട്ട് കഴിഞ്ഞാൽ കഥ പോലും മറുന്നുപോവുന്ന ശുദ്ധ വളിപ്പുകൾക്കിടയിൽ, ഒരു ചലച്ചിത്രം വേറിട്ട് നിൽക്കയാണ്. അതിന്റെ കണ്ടന്റ് തൊട്ട് മേക്കിങ്ങ്വരെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുന്നു. അതാണ് മെഗസ്സ്ററാർ മമ്മൂട്ടിയുടെ പുതിയ ചിത്രം റോഷാക്ക്.

ഈ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് തൊട്ട് നാം കേൾക്കുന്ന ഒരു ചോദ്യമാണ് എന്താണ് റോഷാക്ക് എന്നത്. അതുപോലെ അടിമുടി വെള്ളയിൽ കുളിച്ച് നിൽക്കുന്ന ഒരു പോസ്റ്റർ പുറത്തിറങ്ങിയതോടെ, വൈറ്റ് റും ടോർച്ചറിങ്ങ് എന്ന് ലോകത്തിലെ ഏറ്റവും ഭീകരമായ പത്ത് പീഡനങ്ങളിൽ ഒന്നായ ക്രൂരതയും ചർച്ചയായി. സത്യത്തിൽ ആ അർത്ഥത്തിൽ ചിത്രത്തിന്റെ സംവിധായകൻ നിസാം ബഷീർ അടക്കമുള്ള അണിയറ ശിൽപ്പികളെ അഭിനന്ദിക്കണം. മലയാളത്തിൽ കണ്ടിട്ടില്ലാത്ത, മനഃശാസ്ത്ര പുതുമകളിലുടെയാണ് അവരുടെ സഞ്ചാരം.

പക്ഷേ ഈ സിനിമ മൂലം സോഷ്യൽ മീഡിയിൽ രണ്ട് തെറ്റായ ചർച്ചകൾ ഉയരുന്നുണ്ട്. ഒന്ന് റേഷാക്ക് ടെസ്റ്റ് എന്ന രീതി ഉപയോഗിച്ച് ഒരാളുടെ സ്വഭാവം നിർണ്ണയിക്കാൻ കഴിയും. രണ്ട് വൈറ്റ് റൂം ടോർച്ചറിങ്ങ് എന്നത് അമേരിക്ക, ഭീകരരെ പീഡിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് എന്നതും. പക്ഷേ യാഥാർഥ്യം ഇറാൻപോലുള്ള ഇസ്ലാമിക രാജ്യങ്ങളും, വെനിസ്വലയും, വടക്കൻ കൊറിയയും, ചൈനയും പോലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളുമാണ് ഈ ടോർച്ചറിങ്ങ് രീതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എന്നതാണ്!


എന്താണ് ഈ റോഷാക്ക് ടെസ്റ്റ്

ആദ്യമെ പറയട്ടേ റോഷാക്ക് ടെസ്റ്റ് എന്ന് പറയുന്നത് ഒരു ശാസ്ത്രീയമായ മനോരോഗ ചികിത്സാ രീതിയോ നിർണ്ണയരീതിയോ അല്ല. ഇത് സ്യൂഡോ സയൻസ് ആയി കണക്കാക്കുന്ന മനഃശാസ്ത്രജ്ഞരും ഉണ്ട്. അതുകൊണ്ടുതന്നെ ലോകം അംഗീകരിച്ച ഒരു ശാസ്ത്രീയ രീതിയായി ഇതിനെ കണക്കാക്കാൻ കഴിയില്ല.

ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ തെളിയുന്ന കൃത്യതയില്ലാത്ത ചിത്രം കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും, തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക്. ചില മനഃശാസ്ത്രജ്ഞർ ആണ് സാധാരണയായി ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവർത്തനവും പരിശോധിക്കാൻ ഈ പരിശോധന ഉപയോഗിക്കുന്നത്. അന്തർലീനമായ ചിന്താ വൈകല്യങ്ങൾ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു, പ്രത്യേകിച്ച് രോഗികൾ അവരുടെ ചിന്താ പ്രക്രിയകൾ തുറന്ന് വിവരിക്കാൻ മടിക്കുന്ന സന്ദർഭങ്ങളിൽ. കൂടാതെ വ്യക്തികളുടെ രോഗാതുരതമോ രോഗാതുരമല്ലാത്തതോ ആയ വ്യക്തിത്വം മനസ്സിലാക്കാൻ പേഴ്സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ടത്രെ.

1921 ൽ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന 'ഹെർമൻ റോഷാക്ക്' ആണ് ഈ പരിപാടി കണ്ടുപിടിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിലായി ഈ ടെസ്റ്റിന്റെ പേരും. റോഷാക്ക് ടെസ്റ്റ്. പിറ്റേ വർഷം, 1922 ൽ അദ്ദേഹം മരിക്കുകയും ചെയ്തു. പക്ഷേ 1960 കളിലാണ് ഈ ഒരു രീതി ഏറ്റവും വ്യാപകമായി ഉപയോഗിച്ചതായി പറയപ്പെടുന്നത്. മുകളിൽ പറഞ്ഞതുപോലെയുള്ള ചിത്രങ്ങൾ കാണിച്ച് നിരീക്ഷകന്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അർഥവത്തായ വസ്തുക്കൾ, ആകൃതികൾ അല്ലെങ്കിൽ പ്രകൃതിദൃശ്യങ്ങൾ, ഏറ്റവും സാധാരണമായ മുഖങ്ങൾ അല്ലെങ്കിൽ മറ്റ് രൂപങ്ങളുടെ എന്തെങ്കിലും പാറ്റേൺ എന്നിവ മനസ്സിലാക്കുന്നതിലൂടെ അയാളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാനും സ്വയം അയാൾക്ക് പറയാൻ പോലും ആവാത്ത കാര്യങ്ങൾ വരെ മനസിലാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പറയപ്പെടുന്നു.

സിനിമയുടെ പോസ്റ്റർ വന്നപ്പോൾ തന്നെ ഇത്തരം ചർക്കൾ ഉയരന്നിരുന്നു. പോസ്്റ്ററല്യ കസേരയിൽ ഇരിക്കുന്ന നായകന്റെ പുറകിൽ വളരെ ലൈറ്റ് ആയിട്ട് ഇങ്ങനെ ഒരു റോഷാക്ക് മഷിചിത്രം കാണാം. അതു കൂടാതെ ടൈറ്റിലിലെ ഒരു എന്ന അക്ഷരത്തിലും ഒരു മഷിചിത്രം കാണാം എന്നിവയെല്ലാം സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യക്തിത്വത്തിലേക്കുള്ള സൂചനകൾ

ഒരു വ്യക്തിയുടെ വ്യക്തിത്വം വിലയിരുത്താൻ 'അവ്യക്തമായ ഡിസൈനുകളുടെ' വ്യാഖ്യാനം ഉപയോഗിക്കുന്ന ആശയം ലിയനാർഡോ ഡാവിഞ്ചിയുടെ കാലം തൊട്ടേ തുടങ്ങിയതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഗോബോലിങ്ക്‌സ് എന്ന ഗെയിമിന്റെ കേന്ദ്രമായിരുന്നു മഷിപ്പടർപ്പുകളുടെ വ്യാഖ്യാനം. എന്നിരുന്നാലും, ഇത്തരത്തിലുള്ള ആദ്യത്തെ ചിട്ടയായ സമീപനമായിരുന്നു റോഷാക്കിന്റെത്. റോഷാക്ക് തന്നെ കൈകൊണ്ട് വരച്ചതാണ് ഇങ്ക് ബ്ലോട്ടുകൾ.

ഡോ. റോഷോക്ക്, 1857-ൽ ആകസ്മികമായ മഷിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കവിതാസമാഹാരം പ്രസിദ്ധീകരിച്ച ജർമ്മൻ ഡോക്ടറായ ജസ്റ്റിനസ് കെർണറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം എന്ന് കരുതുന്നു. ഫ്രഞ്ച് മനഃശാസ്ത്രജ്ഞനായ ആൽഫ്രഡ് ബിനറ്റും ഒരു സർഗ്ഗാത്മകത പരീക്ഷയായി മഷി ബ്ലോട്ടുകൾ പരീക്ഷിച്ചു.

300 മാനസികരോഗികളെയും 100 വ്യക്തികളെയും പഠിച്ച ശേഷം, 1921-ൽ റോഷാക്ക് തന്റെ സൈക്കോഡയഗ്നോസ്റ്റിക് എന്ന പുസ്തകം എഴുതി. അത് ഇൻക്‌ബ്ലോട്ട് ടെസ്റ്റിന്റെ അടിസ്ഥാനമായി മാറി. എന്നാൽ അടുത്ത വർഷം അദ്ദേഹം മരിച്ചു. സ്വിസ് സൈക്കോഅനലിറ്റിക് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, പുസ്തകം പ്രസിദ്ധീകരിക്കാൻ റോഷാക്കിന് കഴിഞ്ഞില്ല. മരണശേഷമാണ് അദ്ദേഹത്തിന്റെ പേരിലുള്ള ടെസ്റ്റുകൾ വ്യാപകമായത്.

റോഷാക്കിന്റെ മരണശേഷം, ഡോ സാമുവൽ ബെക്കും ബ്രൂണോ ക്ലോപ്പറും മറ്റുള്ളവരും ചേർന്ന് ടെസ്റ്റ് സ്‌കോറിങ് സംവിധാനം മെച്ചപ്പെടുത്തി. ജോൺ ഇ. എക്‌സ്‌നർ, സമഗ്രമായ സംവിധാനത്തിലെ പിന്നീടുള്ള സംഭവവികാസങ്ങളിൽ ചിലത് സംഗ്രഹിച്ചു, സ്‌കോറിങ് കൂടുതൽ കർക്കശമാക്കാൻ ശ്രമിച്ചു. ചില സംവിധാനങ്ങൾ ഒബ്ജക്റ്റ് റിലേഷൻസ് എന്ന മനോവിശ്ലേഷണ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എക്‌സ്‌നർ സിസ്റ്റം അമേരിക്കയിൽ വളരെ പ്രചാരത്തിലുണ്ട്. എന്നാൽ യൂറോപ്പിൽ മറ്റ് രീതികളാണ്.

റോഷാക്ക് ഒരിക്കലും ഒരു പൊതു വ്യക്തിത്വ പരിശോധനയായി മഷി ബ്ലോട്ടുകൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, അദ്ദേഹം സ്‌കീസോഫ്രീനിയ രോഗനിർണയത്തിനുള്ള ഒരു ഉപകരണമായാണ് അവ വികസിപ്പിച്ചെടുത്തത്. 1939 വരെ ഈ ടെസ്റ്റ് വ്യക്തിത്വത്തിന്റെ ഒരു പ്രൊജക്റ്റീവ് ടെസ്റ്റായി ഉപയോഗിച്ചിരുന്നില്ല. 2012-ൽ ബിബിസി റേഡിയോ 4 ഡോക്യുമെന്ററിക്ക് വേണ്ടി അഭിമുഖം നടത്തിയപ്പോൾ, സ്വിറ്റ്സർലൻഡിലെ ബേണിലുള്ള റോർഷാച്ച് ആർക്കൈവ്സിന്റെ ക്യൂറേറ്ററായ റീത്ത സൈനർ, റാൻഡം അല്ലെങ്കിൽ ആകസ്മികമായ ഡിസൈനുകൾ എന്നതിലുപരി, തന്റെ പരീക്ഷണത്തിനായി റോഷാക്ക് തിരഞ്ഞെടുത്ത ഓരോ ബ്ലോട്ടുകളെക്കുറിച്ചും പറയുന്നുണ്ട്.

 

ടെസ്റ്റ് ചെയ്യുന്നത് എങ്ങനെ?

അഞ്ച് വയസ്സ് മുതൽ പ്രായപൂർത്തിയായവർ വരെയുള്ളവർക്ക് റോഷാക്ക് ടെസ്റ്റ് അനുയോജ്യമാണ്. പരിശോധന ചെയ്യുന്നയാളും പരിശോധിക്കപ്പെടേണ്ട വ്യക്തിയും സാധാരണയായി ഒരു മേശയിൽ പരസ്പരം എതിരായി ഇരിക്കുന്നു. പത്ത് ഔദ്യോഗിക ഇങ്ക്‌ബ്ലോട്ടുകൾ ഉണ്ട്. ഓരോന്നും വെവ്വേറെ വെളുത്ത കാർഡിൽ അച്ചടിച്ചിരിക്കുന്നു. അഞ്ച് മഷി ബ്ലോട്ടലിൽ രണ്ടെണ്ണം കറുപ്പും ചുവപ്പും മഷിയും മൂന്നെണ്ണം ബഹുവർണ്ണവുമാണ്. ടെസ്റ്റ് സബ്ജക്റ്റ് എല്ലാ ഇൻക്‌ബ്ലോട്ടുകളും കാണുകയും പ്രതികരിക്കുകയും ചെയ്ത ശേഷം ഒരു നിശ്ചിത ക്രമത്തിൽ അവ ഓരോന്നായി വീണ്ടും അവതരിപ്പിക്കുന്നു. പരിശോധിക്കപ്പെടുന്ന വ്യക്തി ഇൻക്‌ബ്ലോട്ടുകൾ പരിശോധിക്കുമ്പോൾ, മനഃശാസ്ത്രജ്ഞൻ അവർ പറയുന്നതോ ചെയ്യുന്നതോ ആയ എല്ലാം, അത് എത്ര നിസ്സാരമാണെങ്കിലും, രേഖപ്പെടുത്തുന്നു. ഒരു ടാബുലേഷനും സ്‌കോറിങ് ഷീറ്റും ആവശ്യമെങ്കിൽ ഒരു പ്രത്യേക ലൊക്കേഷൻ ചാർട്ടും ഉപയോഗിച്ച് ടെസ്റ്റ് അഡ്‌മിനിസ്ട്രേറ്റർ പ്രതികരണങ്ങളുടെ വിശകലനം രേഖപ്പെടുത്തുന്നു.

അതായത് ഒരു ഇങ്ക് ഒരു വെളുത്ത പ്രതലത്തിൽ പടരുമ്പോഴുള്ള അവ്യക്തമായ ചിത്രം കണ്ടാൽ നിങ്ങൾക്ക് തോനുന്നതല്ല, മറ്റൊരാൾക്ക് തോന്നുക. ഒരാൾക്ക് ചെന്നായയുടെ ചിത്രമായി തോനുന്ന മഷിരൂപം മറ്റൊരാൾക്ക് മുയൽ ആയി തോന്നാം. ചിലർക്ക് അത് മനുഷ്യനായി തോന്നാം. അങ്ങനെ കിട്ടുന്ന റിസൾട്ട് അനുസരിച്ച് ഒരാളുടെ സ്വഭാവത്തിലേക്ക് എത്തുകയാണ് ഇവിടെ ചെയ്യുന്നത്. പ്രേരണകൾ, പ്രതികരണ പ്രവണതകൾ, വൈജ്ഞാനിക പ്രവർത്തനങ്ങൾ, സ്വാധീനത, വ്യക്തിഗത ധാരണകൾ എന്നിങ്ങനെയുള്ള അറിവിനെയും വ്യക്തിത്വ വ്യതിയാനങ്ങളെയും കുറിച്ചുള്ള ഡാറ്റ നൽകുക എന്നതാണ് ടെസ്റ്റിന്റെ പൊതു ലക്ഷ്യം. വ്യാഖ്യാന രീതികൾ പല മന:ശാസ്ത്രജ്ഞർക്കും പല രീതിയിലാണ്.

വ്യത്യസ്ത രീതിയിൽ മഷി കലർത്തി കാർഡ് ഒന്നുമുതൽ പത്തുവരെ ഉണ്ടാക്കും. എന്നിട്ട് ഓരോന്നിനും പരിശോധനക്ക് വിധേയമാകുന്ന ആൾ പറഞ്ഞ ഉത്തരത്തിന് അനുസരിച്ചാണ്, വിശകലനം നടക്കുക.


ഇന്ന് വെറും സ്യൂഡോ സയൻസ്

പക്ഷേ സയൻസ് ഇത്തരം ടെസ്റ്റുകളെ ഒരു വഴികാട്ടി എന്ന നിലയിൽ അല്ലാതെ പൂർണ്ണമായ ശാസ്ത്രീയമായി കണക്കാക്കുന്നില്ല. ആധുനിക മനഃശാസ്ത്രത്തിന്റെ ആചാര്യൻ എന്ന് അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡിനെ ഇന്ന് ശാസ്ത്ര ലോകം പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കയാണ്. ഒരു മുൻഗാമി എന്ന നിലയിൽ അല്ലാതെ ഫ്രോയിഡൻ സൈക്കോളജി ഇന്ന് ആധികാരികമായി അരും എടുക്കുന്നില്ല. അതുപോലെ തന്നെയാണ് ആധുനിക ലോകത്ത് റോഷാക്ക് ടെസ്റ്റിന്റെയും അവസ്ഥ. മറ്റൊന്ന് ഇന്ന് റോഷാക്ക് ടെസ്റ്റിന്റെ ആവശ്യമില്ല എന്നതാണ്. അതിനേക്കാൾ മികച്ച എത്രയോ സങ്കേതങ്ങൾ ശാസ്ത്രം വികസിപ്പിച്ചെടുത്ത് കഴിഞ്ഞു.

പക്ഷേ റോഷാക്ക് ടെസ്റ്റിന്റെ വിപുലീകൃത രൂപങ്ങൾ ഇന്ത്യയിൽ അടക്കം ഉപയോഗിക്കുന്നുണ്ട്. നിരോധിക്കേണ്ട ഒരു തെറ്റായി ഇതിനെ കാണാനും കഴിയില്ല. 'ഹോം' സിനിമയിൽ ഒലിവർ ട്വിസ്റ്റ് കൗൺസിലിങിനായി ഡോ. ഫ്രാങ്ക്ലിന്റെ അടുക്കൽ ആദ്യമായി ചെല്ലുമ്പോൾ ഒരു പേപ്പർ പൂരിപ്പിക്കാനായി കൊടുക്കുന്നത് ഓർമയില്ലേ. അതിൽ കുറെ ചിത്രങ്ങളും മറ്റുമായിരുന്നു. അതിൽ അയാൾ എന്ത് കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അയാളുടെ പ്രശ്നങ്ങളെ മനസിലാക്കാൻ ശ്രമിക്കുകയാണ് ലക്ഷ്യം. അതുപോലുള്ള പരീക്ഷണങ്ങൾ നടുക്കുന്നുണ്ട്. മനുഷ്യ മനസ്സിലേക്കുള്ള ഒരു കവാടം എന്ന നിലയിൽ.

1960കളിൽ, വിസ്‌കോൺസിൻ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റുകളായ ലോറനും ജീൻ ചാപ്മാനും നടത്തിയ ജേണൽ ഓഫ് അബ്‌നോർമൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണം, റോഷാക്കിന്റെ പേരിൽ പ്രചരിച്ച പല മിഥ്യാധാരണകളെയും പൊളിക്കാൻ ഇടയാക്കി. അക്കാലത്ത്, സ്വവർഗരതിയുടെ ഡയഗ്നോസ്റ്റിക് ആയി പലപ്പോഴും വ്യാഖ്യാനിക്കപ്പെട്ട അഞ്ച് അടയാളങ്ങൾ, നിതംബവും മലദ്വാരവും, സ്ത്രീ വസ്ത്രം, ആൺ പെൺ ലൈംഗികാവയവങ്ങൾ, ആണും പെണ്ണും ഇല്ലാത്ത മനുഷ്യ രൂപങ്ങൾ, കൂടാതെ ആണിന്റെയും പെണ്ണിന്റെയും സവിശേഷതകളുള്ള മനുഷ്യരൂപങ്ങൾ എന്നിവയായിരുന്നു. സ്വവർഗരതി നിർണ്ണയിക്കാൻ റോഷാക്കിന്റെ ഉപയോഗത്തെക്കുറിച്ച് പരിചയസമ്പന്നരായ 32 ടെസ്റ്റർമാരിൽ ചാപ്മാന്മാർ സർവേ നടത്തി. അക്കാലത്ത് സ്വവർഗരതിയെ ഒരു സൈക്കോപാത്തോളജി ആയിട്ടാണ് കണക്കാക്കിയിരുന്നത്. പക്ഷേ ഭിന്നലിംഗക്കാരായ പുരുഷന്മാരേക്കാൾ സ്വവർഗാനുരാഗികളായ പുരുഷന്മാരാണ് അഞ്ച് അടയാളങ്ങൾ കൂടുതലായി കാണിക്കുന്നതെന്ന് പരീക്ഷകർ റിപ്പോർട്ട് ചെയ്തു. അതിനാൽ സ്വവർഗരതി നിർണ്ണയിക്കുന്നതിൽ ഇത് പൂർണ്ണമായും ഫലപ്രദമല്ല എന്ന് തെളിഞ്ഞു. പിന്നീട് സ്വവർഗരതിയെന്നത്, ഒരു സൈക്കോപാത്തോളജി അല്ലെന്നും തെളിഞ്ഞു.

എന്നാലും അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളിൽ ഇന്നും റോഷാക്ക് ടെസ്റ്റ് നിലവിലുണ്ട്. പക്ഷേ യൂ കെയിലെ പല മനഃശാസ്ത്രജ്ഞരും ഇതിന്റെ ഫലപ്രാപ്തിയെ വിശ്വസിക്കുന്നില്ല. അവർ ഇത് വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. റോഷാക്ക് ഇൻക്‌ബ്ലോട്ട് ടെസ്റ്റിനെ സ്യൂഡോസയൻസ് ആയി പരിഗണിക്കുന്നു ശാസ്ത്രജ്ഞരുും ഉണ്ട്. അങ്ങനെയും പഠനങ്ങൾ വന്നിട്ടുണ്ട്. മെന്റൽ മെഷർമെന്റ് ഇയർബുക്കിന്റെ 1959-ലെ പതിപ്പിൽ, ലീ ക്രോൺബാക്ക് (സൈക്കോമെട്രിക് സൊസൈറ്റിയുടെയും അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെയും മുൻ പ്രസിഡന്റ്) ഒരു അവലോകനത്തിൽ പ്രായോഗിക മാനദണ്ഡങ്ങളുടെ പ്രവചനമെന്ന നിലയിൽ റോഷാക്ക് ടെസ്റ്റ് ആവർത്തിച്ച് പരാജയപ്പെട്ടു എന്നും റോഷാക്ക് വ്യാഖ്യാനങ്ങളെ ആശ്രയിക്കാൻ മെഡിക്കൽ തെളിവുകൾ ഒന്നുമില്ല എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തെളിവ് നിയമത്തിലോ ഒന്നും ആധികാരിക രീതിയായി ഈ ടെസ്റ്റ് ലോകത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ നിരുപദ്രവകരമായ ഒരു പരിശോധന എന്ന നിലയിൽ പലയിടത്തും അത് നിന്നുപോകുന്നുവെന്ന് മാത്രം.

ചിലയിടത്തൊക്കെ റോഷാക്ക് പരിശോധന വിനോദത്തിനായും ഉപയോഗിക്കാറുണ്ട്. ചിത്രങ്ങളിൽ കിട്ടുന്ന രൂപങ്ങളെ വ്യാഖ്യാനിച്ച് നിങ്ങളെ തന്നെ പരിഹസിക്കുന്ന രീതിയാണിത്. ഇതിനായി വെബ്സൈറ്റുകളും ഓൺലൈൻ പ്രചാരണവുമൊക്കയുമുണ്ട്.


വെള്ള റൂമിലെ കൊല്ലാക്കൊല

റോഷാക്ക് സിനിമയോടെ ചർച്ചയായ മറ്റൊരു സംഭമാണ് വൈറ്റ് റും ടോർച്ചറിങ്ങ്. റോഷാക്കിലെ നായകനായ മമ്മൂട്ടി കഥാപാത്രം ലൂക്ക് ആന്റണി, വെറ്റ് റും ടോർച്ചറിന് വിധേയമാവുന്നത് ചിത്രം കാണിക്കുന്നുണ്ട്.

ഈ മുറിയിൽ വെറും രണ്ടുമണിക്കൂർ കഴിഞ്ഞാൽ പോലും ഒരാളുടെ മാനസികനില തകരാറിലാകുമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. അടിച്ചും ഉരുട്ടിയും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനേക്കാൾ ശാസ്ത്രീയവും ക്രൂരവുമാണ് ഈ പീഡനമുറ. ഏതാനും ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ നീളുന്നതാണ് വൈറ്റ് റൂം ടോർച്ചർ. ശാരീരിക പീഡനത്തെക്കാൾ ക്രൂരമാണ് മാനസിക പീഡനം എന്ന കണ്ടെത്തലിൽ ഇറാനാണു വൈറ്റ് റൂം ടോർച്ചറിനു തുടക്കമിട്ടത്. പിന്നീട് അമേരിക്ക, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ കുറ്റവാളികളുടെ രഹസ്യങ്ങൾ ചോർത്താനായി ഈ രീതി പതിവായി ഉപയോഗിച്ചിട്ടുണ്ട്. നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും പല വിദേശ രാജ്യങ്ങളിലും ഇന്നും നിലവിലുള്ള വൈറ്റ്റൂം ടോർച്ചർ നിലവിലുണ്ട്. 'ഇമാകുലേറ്റ്', 'ജോക്കർ' തുടങ്ങി പല ഹോളിവുഡ് സിനിമകളിലും അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ മമ്മൂട്ടിയെ വിദേശ പൊലീസ് ചോദ്യം ചെയ്യുന്ന സീൻ അവതരിപ്പിക്കുന്നതു കൊണ്ടാണ് വൈറ്റ് റൂം ടോർച്ചർ അവതരിപ്പിച്ചതെന്നു സംവിധായകൻ നിസാം ബഷീർ പറയുന്നു.

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ എഴുത്തിലുടെ വിമർശിച്ചതിന്റെ പേരിൽ 17ാം വയസ്സിലാണ് അമിർ ഫക്രവർ അറസ്റ്റിലാകുന്നത്. 5 വർഷക്കാലം ഇറാനിലെ സാധാരണ തടവറയിൽ കഴിഞ്ഞ അമിറിനെ 2004 ജനുവരിയിൽ വൈറ്റ് റൂമിലലേക്കു മാറ്റി. 8 മാസത്തെ പീഡനങ്ങൾക്കൊടുവിൽ യുഎസിലേക്കു രക്ഷപ്പെട്ട അമിർ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിലൂടെയാണു വൈറ്റ് റൂം പീഡനത്തിന്റെ ഭീകരാവസ്ഥ ലോകം അറിഞ്ഞത്. അതിനെക്കുറിച്ച് അമിർ പറയുന്നത് ഇങ്ങനെ:

''വാതിൽ, ജനാലകൾ, ഭിത്തി, തറ, ഫാൻ തുടങ്ങി ശുചിമുറിക്കു വരെ വെള്ള നിറം. നിഴൽ പോലും ഉണ്ടാകാത്ത തരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം. കഴിക്കാൻ തരുന്നത് രുചിയോ മണമോ ഇല്ലാത്ത വെള്ള നിറത്തിലുള്ള ഭക്ഷണം. മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന അത്രയും കനത്ത നിശ്ശബ്ദത. പുറത്തെ ശബ്ദം അകത്തു കേൾക്കാത്ത തരത്തിൽ സൗണ്ട് പ്രൂഫ് സംവിധാനം. പുറത്തു നിൽക്കുന്ന ഗാർഡുകളുടെ ഷൂസ് പോലും പഞ്ഞി വച്ച് ശബ്ദം കേൾക്കാത്ത തരത്തിലാക്കും. മുറിയിലെ ഭിത്തി ഉൾപ്പെടെ എല്ലാം മിനുസമുള്ളതായിരിക്കും. ഇതെല്ലാം റൂമിനകത്തിരിക്കുന്ന വ്യക്തിയുടെ സ്പർശന ശേഷിയെ പോലും ബാധിക്കും. മുറിയിൽനിന്നു പുറത്തിറങ്ങുമ്പോൾ എനിക്ക് മാതാപിതാക്കളുടെ മുഖം പോലും ഓർമയിൽ തെളിയുന്നുണ്ടായിരുന്നില്ല. എല്ലുകൾ നുറുങ്ങുന്ന ശബ്ദവും ചോരപുരണ്ട ശരീരങ്ങളും ചുറ്റും കണ്ടാൽ പോലും ഞാൻ ഇത്രയധികം തകർന്നു പോകില്ലായിരുന്നു'' അമിർ ഫക്രവർ പറയുന്നു.

ഈ മുറിയിൽ കുറച്ച് ദിവസങ്ങൾ കഴിയുന്നതോടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും മറക്കും. വെളുപ്പല്ലാതെ മറ്റൊരു നിറം കാണാനായി ചിലർ സ്വന്തം ശരീരത്തിൽ കടിച്ചു മുറിവുണ്ടാക്കി ചോര വരുത്തുക വരെ ചെയ്യും. ചിലർ ആത്മഹത്യയ്ക്കു ശ്രമിക്കും. വൈറ്റ് റൂമിൽനിന്നു മോചിതരായ പലരും ഉറക്കഗുളിക ഇല്ലാതെ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇറാൻ ഭരണകൂടത്തെ എതിർക്കുന്ന രാഷ്ട്രീയത്തടവുകാരെയും മനുഷ്യാവകാശപ്രവർത്തകരെയും പത്രപ്രവർത്തകരെയുമൊക്കെയാണ് ഏറ്റവുമധികം പീഡനങ്ങൾക്കു വിധേയമാക്കിയിട്ടുള്ളത്. കടുത്ത മനുഷ്യാവകാശലംഘനമെന്നു ലോകം പറഞ്ഞിട്ടും, നിയമപരമായി നിരോധിച്ചിട്ടും ഇറാനിലെ ജയിലുകളിൽ ഇന്നും വൈറ്റ് റൂം ടോർച്ചർ അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വടക്കൻ കൊറിയ, ചൈന തുടങ്ങിയ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഈ മാരകമായ പീഡന മുറ അരങ്ങേറുന്നുണ്ട്. അമേരിക്കയുടെ പേരിലും ആരോപണം ഉണ്ടെങ്കിലും അവർ അത് നിഷേധിക്കയാണ്. വെനിസ്വേലയിലെ ബൊളീവിയൻ ഇന്റലിജൻസ് സർവീസിലും ഈ പരിപാടിയുണ്ട്. ഇവിടെ രാഷ്ട്രീയത്തടവുകാരെ ഒരു പ്രത്യേക സെല്ലിലാണ് അടച്ചിരുന്നത്. വെറും 9 അടി നീളവും 10 അടി വീതിയുമുള്ള മുറിയിൽ ഒരു സിമന്റ് ബെഡ് മാത്രമാവും ഉണ്ടാവുക. തറ ഉൾപ്പെടെ മുറിക്കകം മുഴുവൻ വെള്ള പൂശിയിരിക്കും. മുറിയിലെ കടുത്ത വെളിച്ചത്തിൽ പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാനാകാത്ത അവസ്ഥ. കൊടും തണുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ കനത്ത നിശ്ശബ്ദതയിലുള്ള ആ താമസം അവരുടെ മാനസികനില പാടേ തകർക്കും. പലരും തുടക്കത്തിലേ തന്നെ കുറ്റം സമ്മതിക്കും. ചിലർ ആത്മഹത്യയ്ക്കുവരെ ശ്രമിച്ചെന്നു വരാം. ആ രീതിയിൽ താങ്ങാനാവത്ത പീഡനമാണ്, ഇത് മൂലം കിട്ടുക.


സിനിമയിലെത് ഉത്തരം കിട്ടാ ചോദ്യങ്ങൾ

പക്ഷേ മമ്മൂട്ടിയുടെ റോഷാക്ക് സിനിമ ആ അവസാനിക്കുന്നതും അപുർണ്ണമായാണ്. ഉദാഹരണമായി ചിത്രത്തിൽ ദൂബൈയിലാണ് നായകനായ ലൂക്ക് ആന്റണി വൈറ്റ് റൂം ടോർച്ചറിന് വിധേയനായതായി കാണിക്കുന്നത്. സത്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഈ ടോർച്ചറിങ്ങ് ഇല്ല എന്നതാണ് വാസ്തവം. മാത്രമല്ല സിനിമയിലെ കഥ പ്രകാരം ഭാര്യയുടെ മരണത്തിൽ പൊലീസ് സംശയിക്കുന്ന ലൂക്ക് ആന്റണിയെ, അവിടുത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്താലും ഒരു സാധാരണ മർഡർ കേസ് മാത്രമേ ആവുന്നുള്ളു. എന്നാൽ വൈറ്റ് റൂം ടോർച്ചർ പോലുള്ള കൊടിയ പീഡനങ്ങൾ നടപ്പാക്കുന്നത്, പൊതുവെ പഠിച്ച ക്രിമനലുകൾക്കും, ശത്രുരാജ്യങ്ങളിലെ ചാരന്മാർ എന്ന് സംശയിക്കുന്നവർക്ക് എതിരെയുമൊക്കെയാണ്. ഇറാൻ അത് ചെയ്തത് ഒക്കെയും തങ്ങളുടെ രഹസ്യം ചോർത്തുമെന്ന് സംശയം വന്നപ്പോൾ ആണ്. വൈറ്റ് റൂം ടോർച്ചറിന് വിധേയനായ ഒരു വ്യക്തിക്ക് പുറമെനിന്ന് നോക്കുമ്പോൾ ഫിസിക്കലി യാതൊരു കുഴപ്പവും ഉണ്ടാവില്ല. എന്നാൽ അയാൾക്ക് ഒരു സാധനവും ഓർക്കാൻ കഴിയില്ല. ശരീരത്തിൽനിന്ന് ഒരു അടിയേറ്റതിന്റെ പാടുപോലും ഉണ്ടാവില്ല. ശരിക്കും ഒരു നിശബ്ദമായ കൊല.

ഇറാൻ- ഇറാഖ് യുദ്ധത്തിൽ പിടികൂടപ്പെട്ട, ചില ഇറാഖി സൈനിക ഓഫീസർമാർക്കെതിരെ ഇറാൻ വൈറ്റ് റൂം ടോർച്ചർ ഉപയോഗിച്ചതിന്റ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാരണം ഇവരിൽനിന്ന് കിട്ടാവുന്ന രഹസ്യങ്ങൾ ഒക്കെയും ഇറാൻ എടുത്തു. ഇനി അവരെ എന്തൊക്കെ ചെയ്തു, എവിടെയൊക്കെ കൊണ്ടുപോയി എന്ന വിവരം പുറത്തുവരരുത്. അതിനാണ് വൈറ് റൂം ടോർച്ചറിങ്ങ്. എന്നാൽ സാധാരണ ക്രിമിനൽ കേസുകളിൽ ഇറാൻ പോലും ഈ കൊടിയ ക്രൂരത ഉപയോഗിക്കുന്നില്ല. പിന്നെയാണോ അത് ദുബൈയിൽ ഉപയോഗിക്കുന്നത്. പക്ഷേ റോഷാക്ക് സിനിമ ആ രീതിയിലുള്ള സൂചനയാണ് നൽകുന്നത്.

വൈറ്റ് റൂം ടോർച്ചറിന് ശേഷം മാനസിക നില തെറ്റിയ നായകന്റെ പ്രതികാരം എന്ന് വേണമെങ്കിൽ ചിത്രത്തെ വ്യാഖ്യാനിക്കാം. അതുപോലെ റോഷാക്ക് ടെസ്റ്റിൽ കാണുന്നപോലെ, ഇതിലെ ഓരോ കഥാപാത്രങ്ങളെയും അവരവരുടെ ശരികൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കാം. റോഷാക്ക് ടൈപ്പ് വൺ ചിത്രം കാണിച്ചാൽ മമ്മൂട്ടിയുടെ കഥാപാത്രം നൽകുന്ന മറുപടിയല്ല, മറ്റ് കഥാപാത്രങ്ങൾ നൽകുക. അതുകൊണ്ടുതന്നെ അൽപ്പം അവ്യക്തതകളും, ഉത്തരം കിട്ടാ ചോദ്യങ്ങളും ഉണ്ടെങ്കിലും, റേഷാക്ക് എന്ന പേര് ചിത്രം സാധൂകരിക്കുന്നുണ്ട്.

വാൽക്കഷ്ണം: എന്തൊക്കെയായാലും നാം മമ്മൂട്ടിയെ അഭിനന്ദിക്കേണ്ടതുണ്ട്. ഈ 71ാം വയസ്സിലും ആ നടന് പരീക്ഷണങ്ങൾ ലഹരിയാണ്.  ചിത്രത്തിന്റെ പ്രൊഡ്യൂസറും മമ്മൂട്ടിയാണെന്ന് ഓർക്കണം. ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിക്കാനുള്ള ബോധപുർവമായ ശ്രമങ്ങൾ കുറച്ച്, ഒരു ക്ലാസ് മൂവിയായാണ് ചിത്രം എടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP