Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി എസ് പറയുന്നതൊന്നും കേൾക്കാത്ത പാർട്ടിയിലെ പിന്മുറക്കാരനെന്ന പേരുദോഷം മാറ്റണം; മുണ്ടുമുറുക്കി ഉടുക്കാൻ ആഹ്വാനം ചെയ്യുമ്പോഴും 1400 കോടി മുടക്കി പുതിയ സെക്രട്ടേറിയറ്റ് പണിയാൻ ഉത്സാഹം; പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധത്തിന് കളമൊരുക്കുന്നു

വി എസ് പറയുന്നതൊന്നും കേൾക്കാത്ത പാർട്ടിയിലെ പിന്മുറക്കാരനെന്ന പേരുദോഷം മാറ്റണം; മുണ്ടുമുറുക്കി ഉടുക്കാൻ ആഹ്വാനം ചെയ്യുമ്പോഴും 1400 കോടി മുടക്കി പുതിയ സെക്രട്ടേറിയറ്റ് പണിയാൻ ഉത്സാഹം; പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധത്തിന് കളമൊരുക്കുന്നു

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: ഡൽഹിയിലെ പാർലമെന്റ് മന്ദിരം മോദി സർക്കാർ പുതുക്കിപ്പണിയുകയാണ്. സമാനമായി തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റ് മാറ്റി സ്ഥാപിക്കാൻ പിണറായി സർക്കാർ തയ്യാറെടുക്കുന്ന വിവരം പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് 1400 കോടിയോളം രൂപ ചെലവഴിച്ച് പുതിയ സെക്രട്ടേറിയറ്റ് നിർമ്മിക്കാനാണ് ആലോചന. വി എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്‌ക്കാര കമ്മീഷൻ 2021 ൽ നൽകിയ ശുപാർശയെത്തുടന്നാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

സെക്രട്ടേറിയേറ്റ് മാറ്റി സ്ഥാപിക്കാനുള്ള ഈ സർക്കാർ നീക്കത്തിന് തുടക്കത്തിലേ എതിർപ്പ് നേരിടേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ. സെക്രട്ടേറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയേറ്റ് അസോസിയേഷനാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. സെക്രട്ടേറിയേറ്റ് നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള ഭരണപരിഷ്‌കാര കമ്മീഷൻ ശുപാർശ തള്ളി കളയണമെന്ന് കേരള സെക്രട്ടേറിയേറ്റ് അസോസിയേഷൻ പ്രസിഡണ്ട് എം.എസ്.ഇർഷാദും ജനറൽ സെക്രട്ടറി വിനോദും ആവശ്യപ്പെട്ടു. സാൻഡ് വിച്ച് ബ്ലോക്കുകൾ ഇടിച്ചു നിരത്തണമെന്നും അനക്‌സ് കെട്ടിടങ്ങളിൽ വിവിധ കമ്മീഷനുകൾക്ക് സ്ഥലം അനുവദിക്കണമെന്നുമുള്ള ശുപാർശകളെ അസോസിയേഷൻ ശക്തമായി എതിർക്കും. രാഷ്ട്രിയ അജണ്ടകൾ മുൻ നിറുത്തി അശാസ്ത്രീയമായ ഭരണപരിഷ്‌കാരങ്ങളാണ് സർക്കാർ സെക്രട്ടേറിയേറ്റിൽ നടപ്പാക്കുന്നതെന്ന് അസോസിയേഷൻ ആരോപിക്കുന്നു. സെക്രട്ടേറിയേറ്റ് മാറ്റി സ്ഥാപിക്കുന്നതിൽ എല്ലാ ജീവനക്കാരും അസ്വസ്ഥരാണ്. മുഴുവൻ സെക്രട്ടേറിയേറ്റ് ജീവനക്കാരെയും അണിനിരത്തി ഇതിനെതിരെ സമര മുഖങ്ങൾ തുറക്കാനാണ് സെക്രട്ടേറിയേറ്റ് അസോസിയേഷൻ ആലോചിക്കുന്നത്.

തിരുവനന്തപുരം നഗരത്തിലെ തിരക്ക് മാറ്റാൻ സെക്രട്ടറിയേറ്റ് തന്നെ മാറ്റുമെന്നാണ് പുറത്തു വരുന്ന സൂചന. സംസ്ഥാന സെക്രട്ടേറിയറ്റ് നഗരഹൃദയത്തിൽനിന്ന് മാറ്റുന്നതുൾപ്പെടെയുള്ള ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് സർക്കാർ പഠിക്കുകയാണ് ഇപ്പോൾ. വി എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി എസ്. സെന്തിൽ ചെയർമാനായി അഞ്ചംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ സെക്രട്ടറിയേറ്റ് പുതുതായി നിർമ്മിക്കുകയാണ് ലക്ഷ്യം. കെ റെയിലിൽ അഴിമതി പണം ലക്ഷ്യമിട്ടവരാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. കെറെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് ഉറപ്പായതോടെയാണ് പുതിയ പദ്ധതികൾ ആലോചനകളിലെത്തുന്നത്. വി എസ് അച്യുതാനന്ദൻ പറയുന്നതൊന്നും കേൾക്കാത്ത പാർട്ടിയിലെ പിൻതലമുറക്കാരനെന്ന പേരു ദോഷം മാറ്റാനാണ് സെക്രട്ടറിയേറ്റ് നിർമ്മാണമെന്നും സൂചനയുണ്ട്.

2021 മാർച്ചിലാണ് സെക്രട്ടേറിയറ്റ് നഗരഹൃദയത്തിൽനിന്ന് മാറ്റണമെന്ന ശുപാർശ ഭരണപരിഷ്‌കാര കമ്മിഷൻ മുന്നോട്ടുവെച്ചത്. പാളയത്തുനിന്ന് അഞ്ച് കിലോമീറ്ററെങ്കിലും അകലെയായിരിക്കണം പുതിയ കെട്ടിടം. കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും ഇതിനായി നിർദ്ദേശിച്ചു. പ്രധാന കെട്ടിടവും പിന്നീട് കൂട്ടിച്ചേർത്ത നോർത്ത്, സൗത്ത് ബ്ലോക്കുകളും നവീകരിക്കണം. ഇരുവശത്തായും തായ് കെട്ടിടത്തെയും ഇരു ബ്ലോക്കുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാൻഡ്വിച്ച് ബ്ലോക്കുകൾ പൊളിക്കണം. സെക്രട്ടേറിയറ്റ് വളപ്പിനുപുറത്ത് അനക്‌സായി നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ വിവിധ കമ്മിഷനുകൾക്ക് ഓഫീസാക്കാം. സെക്രട്ടേറിയറ്റിനുചുറ്റും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും മാളുകളും ക്രമീകരിക്കാമെന്നും കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.

150 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 1865 ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ നിർവ്വഹിച്ചു. 1869 ൽ പണി പൂർത്തീകരിച്ചു. തിരുവിതാംകൂർ റോയൽ ദർബാർ ഹാളിനായാണ് ഇത് ആസൂത്രണം ചെയ്തിരുന്നത്. ഇവിടെ വച്ചാണ് രാജാവ് തന്റെ മന്ത്രിസഭയുമായി പ്രതിമാസ കൂടിക്കാഴ്ച നടത്തിയിരുന്നത്. തിരുവിതാംകൂറിലെ അന്നത്തെ ചീഫ് എഞ്ചിനീയറായ ബാർട്ടന്റെ കീഴിലായിരുന്ന ഇതിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും റോമൻ, ഡച്ച് വാസ്തുവിദ്യകളുടെ സമന്വയം ഉണ്ട്. നിർമ്മാണത്തിന്റെ മേൽനോട്ടം അന്നത്തെ ദിവാൻ ടി. മാധവറാവുവിനായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമ ഇപ്പോൾ കെട്ടിടത്തിന് എതിർവശത്തായി റോഡിന് കുറുകെ നിൽക്കുന്നു.ഈ സ്ഥലമാണ് സ്റ്റാച്യു എന്നറിയപ്പെടുന്നത്.

സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ വച്ചാണ് തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാൾ സ്ഥാനാരോഹണം നടന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുമ്പ് 1939 മുതൽ കേരള സംസ്ഥാന നിയമസഭയും സെക്രട്ടേറിയറ്റിനകത്താണ് പ്രവർത്തിച്ചിരുന്നത്. 1933 ഡിസംബർ 12ന് അന്നത്തെ വൈസ്രോയ് വില്ലിങ്ഡൺ പ്രഭുവായിരിന്നു പഴയ നിയമസഭാ മന്ദിരത്തിന് തറക്കല്ലിട്ടത്. 1939 ഫെബ്രുവരി 6 ന് സി.പി. രാമസ്വാമി അയ്യർ ഉദ്ഘാടനം ചെയ്ത ഈ മന്ദിരത്തിൽ വച്ചാണ് രണ്ടാം ശ്രീമുലം പ്രജാസഭ സമ്മേളിച്ചത്. നാട്ടുരാജ്യത്ത് ഹുജൂർ അല്ലെങ്കിൽ പുത്തൻ കച്ചേരി എന്നറിയപ്പെട്ടിരുന്ന ഇത് 1949 ൽ കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായതിനാൽ തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങളുടെ കേന്ദ്രം കൂടിയാണ് ഇത്.

കേരള സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ 3 ബ്ലോക്കുകൾ ഉൾപ്പെടുന്നു. സെൻട്രൽ ബ്ലോക്ക് ആണ് ഏറ്റവും പഴയത്. ദർബാർ ഹാളിലേക്ക് തുറക്കുന്ന സെൻട്രൽ ബ്ലോക്കിന്റെ പ്രധാന വാതിൽ ആന കവാടം എന്നറിയപ്പെടുന്നു. ദർബാർ ഹാളിന്റെ ഇരുവശത്തും 20 വാതിലുകളുണ്ട്. സെൻട്രൽ ബ്ലോക്ക് ഇരുനില കെട്ടിടമാണ്. സെൻട്രൽ ബ്ലോക്കിന്റെ താഴത്തെ നിലയിൽ വലതുവശത്താണ് പഴയ അസംബ്ലി ഹാൾ സ്ഥിതിചെയ്യുന്നത്. ഇത് ഇപ്പോൾ കേരളത്തിന്റെ നിയമനിർമ്മാണ ചരിത്രം ചിത്രീകരിക്കുന്ന ഒരു നിയമനിർമ്മാണ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. സെൻട്രൽ ബ്ലോക്കിന് പുറമെ നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നീ രണ്ട് പുതിയ ബ്ലോക്കുകൾ സെൻട്രൽ ബ്ലോക്കിന്റെ ഇരുവശത്തുമായി നിർമ്മിച്ചു. സൗത്ത് ബ്ലോക്ക് അന്നത്തെ മുഖ്യമന്ത്രി പട്ടം എ. താണുപിള്ള 1961 ഓഗസ്റ്റ് 18 ന് ഉദ്ഘാടനം ചെയ്തു. പിന്നീട് സെൻട്രൽ ബ്ലോക്കിനും പുതിയ ബ്ലോക്കുകൾക്കുമിടയിൽ രണ്ട് 'സാൻഡ്വിച്ച്' ബ്ലോക്കുകളും നിർമ്മിച്ചു.

നോർത്ത് ബ്ലോക്കിലാണ് മുഖ്യമന്ത്രിയുടെ കാര്യാലയം സ്ഥിതിചെയ്യുന്നത്. പിന്നീട് സെക്രട്ടേറിയറ്റ് മതിൽക്കെട്ടിന് പുറത്തായി രണ്ട് അനുബന്ധങ്ങൾ കൂടി നിർമ്മിച്ചു. ഇതോടെ മതിയായ സ്ഥല സൗകര്യങ്ങളും സെക്രട്ടറിയേറ്റിനായി. ഇത് മാറ്റണമെന്ന ശുപാർശയാണ് സർക്കാർ പരിഗണിക്കുന്നത്. വി എസ്. അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ പല പ്രധാനപ്പെട്ട നിർദ്ദേശങ്ങളുമുണ്ട്. ഇതിനൊപ്പം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ശമ്പളപരിഷ്‌കരണ കമ്മിഷൻ തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഭരണനിർവഹണം സംബന്ധിച്ച് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു.

സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകൾ കുറയ്ക്കുക, സെക്രട്ടേറിയറ്റിൽനിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകൾ തത്തുല്യ തസ്തികയിൽ മാത്രം കൈകാര്യംചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനർനിർണയിച്ച് ഉദ്യോഗസ്ഥ പുനർവിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങൾ ഈ കമ്മിഷനുകൾ മുന്നോട്ടുവെച്ചിരുന്നു. ഇവയെല്ലാം വിലയിരുത്തി ഉടനടി ചെയ്യേണ്ടത്, സമീപഭാവിയിൽ ചെയ്യേണ്ടത്, കൂടുതൽ സമയമെടുത്ത് നടപ്പാക്കേണ്ടത് എന്നിങ്ങനെ തരംതിരിച്ച് ശുപാർശ നൽകാനും പുതിയ സമിതിയോട് നിർദ്ദേശിച്ചിരുന്നു. മൂന്നുമാസമാണ് കാലാവധി. മാനേജ്മെന്റ് ഉപദേശങ്ങൾക്ക് കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ സേവനം പ്രയോജനപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP