Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി ജനിക്കാനിരിക്കുന്ന തലമുറകൾക്കുകൂടി അവകാശം നൽകിയ അൽഹാജ് യൂസഫ് മുസലിയാരുടെ സന്തതി പരമ്പരകൾ ഒത്തുകൂടി; കോയിക്കൽ കൊട്ടിലപ്പാട്ട് തറവാട്ടിൽ നടന്നത് 1500ൽ അധികം കുടുംബങ്ങളുടെ സംഗമം

ഇനി ജനിക്കാനിരിക്കുന്ന തലമുറകൾക്കുകൂടി അവകാശം നൽകിയ അൽഹാജ് യൂസഫ് മുസലിയാരുടെ സന്തതി പരമ്പരകൾ ഒത്തുകൂടി; കോയിക്കൽ കൊട്ടിലപ്പാട്ട് തറവാട്ടിൽ നടന്നത് 1500ൽ അധികം കുടുംബങ്ങളുടെ സംഗമം

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി: ഒരു കുടുംബം മൂന്നോ നാലോ പേരിലേക്ക് ചുരുങ്ങിയ ഇന്നത്തെ കാലത്ത കൂട്ടുകുടുംബം എന്നത് ഭൂരിഭാഗത്തിനും ചിന്തിക്കാൻ പോലും ആവില്ല. ഇന്നത്തെ തലമുറയ്ക്ക് കൂട്ടുകുടുംബം എന്നത് കേട്ടു കേൾവി പോലും ഇല്ല. എന്നാൽ കൂട്ടുകുടുംബവ്യവസ്ഥകൾ ഇല്ലാതായ വർത്തമാനകാലത്ത് അപൂർവ ഭാഗപത്രത്തിലൂടെ വേറിട്ടുനിൽക്കുകയാണ് കരുനാഗപ്പള്ളിയിലെ കോയിക്കൽ കൊട്ടിലപ്പാട്ട് തറവാട്. വർഷങ്ങൾക്കുശേഷം ആ കുടുംബപരമ്പരയിലുള്ളവരെല്ലാം അവിടെ ഒത്തുകൂടി. 1500-ലധികം കുടുംബങ്ങളാണ് തങ്ങളുടെ കുടുംബ വീട്ടിൽ ഒത്തൂകൂടിയത്.

പുതു തലമുറയിലേക്ക് ജനിച്ചൂ വീഴുന്ന ഓരോ കുരുന്നിനു പോലും അവകാശമുള്ളതാണ് കരുനാഗപ്പള്ളി കോഴിക്കോട്ട് കോയിക്കൽ കൊട്ടിലപ്പാട് തറവാട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഭാഗപത്രമാണ് ഈ കുടുംബത്തെ ഇന്നും ഇഴപിരിയാതെ അടുപ്പിച്ചു നിർത്തുന്നത്. 1840-1920 കാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന അൽഹാജ് യൂസുഫ് മുസലിയാർ 1914-ലാണ് ഈ തറവാടിന് അപൂർവമായൊരു ഭാഗപത്രം തയ്യാറാക്കിയത്. എത്രനാൾ പിന്നിട്ടാലും തന്റെ സന്തതിപരമ്പരകൾ കുടുംബബന്ധങ്ങൾ നിലനിർത്തി പരസ്പര സ്‌നേഹത്തിലും ഐക്യത്തിലും മുന്നോട്ടുപോകണമെന്ന ആഗ്രഹമായിരുന്നു അതിനു പിന്നിൽ.

യൂസുഫ് മുസലിയാർ തന്റെ വസ്തുവകകൾ മക്കൾക്ക് ഭാഗംവെച്ചുനൽകിയശേഷം ശേഷിച്ച 1.86 ഏക്കർ സ്ഥലവും അവിടെയുള്ള ഇരുനിലമാളികയായ തറവാടുമാണ് അപൂർമായ രീതിയിൽ ഭാഗപത്രം ചെയ്തത്. അദ്ദേഹത്തിന്റെ അഞ്ചു മക്കൾക്കും മരിച്ചുപോയ മൂത്ത മകന്റെ മകനും ഇവരുടെ സന്താനപരമ്പരയിൽപ്പെട്ടവർക്കുമായി കൂട്ടവകാശം നൽകുന്നതായിരുന്നു ഭാഗപത്രം. 'എന്റെ പുത്രമിത്രകളത്രാദികൾക്കായി കൂട്ടവകാശം നൽകുന്നു...' ഭാഗപത്രത്തിലെ വരികൾ ഇനി ജനിക്കാനിരിക്കുന്ന തലമുറകൾക്കുകൂടി ഈ തറവാട്ടിൽ അവകാശം നൽകുന്നതാണ്. ആൺവഴിസന്താനങ്ങളിൽ മുതിർന്ന ആണാണ് ഭരണക്കാരനായിരിക്കേണ്ടതെന്നും അവരീ മാളികയും അതിനോടുചേർന്ന വസ്തുവകകളും സംരക്ഷിക്കണമെന്നും ഭാഗപത്രത്തിൽ പറയുന്നുണ്ട്. തെക്കേയറ്റത്തെ രണ്ടു മുറികൾ കാരണവർക്ക് ഭരണകാലത്തോളം പ്രത്യേകമായി ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. ഒരു കാലത്തും ഈ മാളികയും സ്ഥലവും ഭാഗിച്ചെടുക്കാനോ ഇല്ലായ്മചെയ്യാനോ കഴിയില്ലെന്നതാണ് ഭാഗപത്രത്തിന്റെ പ്രത്യേകത. ഇപ്പോഴത്തെ കാരണവരായ ഷംസുദ്ദീൻ മുസലിയാർ നാലാംതലമുറയിൽപ്പെട്ട അംഗമാണ്.

യൂസുഫ് മുസലിയാരുടെ സ്വപ്നംപോലെ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾ സ്‌നേഹത്തോടും ഐക്യത്തോടുമാണ് മുന്നോട്ടുപോകുന്നത്. 1500-ഓളം കുടുംബങ്ങളാണ് തറവാടിന്റെ ഭാഗമായുള്ളത്. അദ്ധ്യാപകരും ബിസിനസുകാരും രാഷ്ട്രീയനേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് അവരിലധികവും. പല വിശേഷദിവസങ്ങളിലും അവർ ഇവിടെ ഒത്തുകൂടും. ഇക്കഴിഞ്ഞ നബിദിനത്തിൽ എല്ലാ തിരക്കുകൾക്കും അവധിനൽകി അവർ വീണ്ടും ഒത്തുകൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP