Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മങ്കാദിങ് ഇല്ല.. റണ്ണൗട്ട് മാത്രം ; ബാറ്ററെ പ്രകോപിപ്പിക്കുന്ന ഫീൽഡർമാർക്കും പണി കിട്ടും ; നിയമത്തിലുൾപ്പടെ അടിമുടി മാറ്റങ്ങളുമായി കുട്ടിക്രിക്കറ്റിന്റെ ലോകപോരാട്ടത്തിന് നാളെ ക്രീസുണരും ; ഉദ്ഘാടനമത്സരം ശ്രീലങ്കയും നമീബിയയും തമ്മിൽ; ഇന്ത്യയുടെ ആദ്യപോരാട്ടം 23 ന് പാക്കിസ്ഥാനെതിരെ

മങ്കാദിങ് ഇല്ല.. റണ്ണൗട്ട് മാത്രം ; ബാറ്ററെ പ്രകോപിപ്പിക്കുന്ന ഫീൽഡർമാർക്കും പണി കിട്ടും ; നിയമത്തിലുൾപ്പടെ അടിമുടി മാറ്റങ്ങളുമായി കുട്ടിക്രിക്കറ്റിന്റെ ലോകപോരാട്ടത്തിന് നാളെ ക്രീസുണരും ; ഉദ്ഘാടനമത്സരം ശ്രീലങ്കയും നമീബിയയും തമ്മിൽ; ഇന്ത്യയുടെ ആദ്യപോരാട്ടം 23 ന് പാക്കിസ്ഥാനെതിരെ

സ്പോർട്സ് ഡെസ്ക്

സിഡ്‌നി: കുട്ടിക്രിക്കറ്റിന്റെ ആവേശക്കാഴ്‌ച്ചകളുമായി ടി 20 ലോകകപ്പിന്റെ എട്ടാമത് പതിപ്പിന് നാളെ ക്രീസുണരും.കളിനിയമത്തിലും സമ്മാനത്തുകയിലും ഉൾപ്പടെ നിരവധി മാറ്റങ്ങളുമയാണ് ഇത്തവണ ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്.ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ടൂർണ്ണമെന്റിനെ കൂടുതൽ ആവേശഭരിതമാക്കുന്നത് ജേതാക്കളുടെ കാര്യത്തിലെ അപ്രവചനീയതയാണ്.സാധാരണ ഫേവറേറ്റ്‌സകൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ ഒരൊറ്റ ടീമിനെ മാത്രം അങ്ങിനെ കണ്ടെത്തുക പ്രയാസമാണ്.ഒറ്റൊക്ക് മത്സരം ജയിപ്പിക്കാൻ പോന്ന താരങ്ങൾ മിക്ക ടീമിലുണണ്ടെന്നതാണ് ഈ അനിശ്ചിതത്വത്തിന് കാരണം.

ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഓസ്‌ട്രേലിയയ്ക്ക് ലഭിക്കുമ്പോൾ സമാനപിച്ചിന്റെ ആനുകൂല്യം ന്യൂസിലാന്റിനും ഗുണകരമാകും.എങ്കിലും ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാക്കിസ്ഥാൻ,ഏഷ്യാകപ്പ് വിജയത്തിലൂടെ എല്ലാവരെയും ഞെട്ടിച്ച ശ്രീലങ്കയുൾപ്പടെ മികച്ച ടീമുകൾ തന്നെയാണ്.ഒപ്പം ഏറ്റവും കൂടുതൽ തവണ ടി20 ലോകകപ്പിൽ മുത്തമിട്ട വെസ്റ്റ്ഇൻഡീസിന്റെ പ്രകടനത്തെയും കുറച്ച് കാണാനാകില്ല.ഇന്ത്യയെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് വരാൻ പോകുന്നത്.

2021ലെ ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ രോഹിത് ശർമക്കും സംഘത്തിനും ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.ഓസ്‌ട്രേലിയയിലെ വേഗ മൈതാനങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്നമാണ്. എന്നാൽ കരുത്തുറ്റ താരനിരയുമായി ഇറങ്ങുന്ന ഇന്ത്യക്ക് കപ്പിലേക്കെത്താൻ സാധിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ

കളി നിയമങ്ങളിൽ നിരവധി മാറ്റങ്ങളുമായാണ് ഓസ്ട്രേലിയയിലെ ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കുക. റൺറേറ്റിന്റെ നിരക്കിലും ബാറ്റിംഗിലും അടക്കം ബാധകമായി വരുന്ന ഈ നിയമങ്ങളിൽ ചിലത് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും ചില നിയമങ്ങൾ ലോകകപ്പ് മത്സരങ്ങളോടെയായിരിക്കും നിലവിൽ വരിക.ലോകകപ്പ് മത്സരാവേശത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് പുതിയ നിയമങ്ങൾ അവയെ പരിചയപ്പെടാം

മങ്കാദിംഗിനെ ഒഴിവാക്കി ഇനി റൺ ഔട്ട് മാത്രം

ബോളർ പന്ത് എറിയുന്നതിന് മുൻപ് നോൺ സ്‌ട്രൈക്കർ ബാറ്റ്‌സ്മാൻ ക്രീസിന് പുറത്താണെങ്കിൽ ഔട്ട് ആക്കുന്ന രീതിയാണ് മങ്കാദിങ്. ഇത്തരത്തിൽ ഔട്ട് ആക്കുന്നതിനെ റൺ ഔട്ട് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഐ സി സി. ഇതോടെ മങ്കാദിങ് പ്രയോഗവും ഒഴിവാക്കപ്പെടും. ക്രിക്കറ്റിന്റെ മാന്യതയിൽപ്പെടാത്ത മങ്കാദിങ് സാധാരണയായി കൂകി വിളിച്ചാണ് ക്രിക്കറ്റ് ആരാധകർ സ്വീകരിക്കാറുള്ളത്. ഐ പി എൽ മത്സരത്തിനിടയിൽ രാജസ്ഥാൻ റോയൽസ് ടീം അംഗത്തെ അശ്വിൻ മങ്കാദിങ് വഴി പുറത്താക്കിയത് വലിയ വിവാദത്തിന് തന്നെ കാരണമായിരുന്നു. എന്തായാലും മങ്കാദിങ് നിയമവിധേയമായാലും ക്രിക്കറ്റ് ആരാധകർ അതിനെ റൺ ഔട്ട് അയി വിശേഷിപ്പിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

കുറഞ്ഞ ഓവർ നിരക്കുണ്ടായാൽ ഗ്രൗണ്ടിൽ തന്നെ ശിക്ഷ

ഓവർ നിരക്കിൽ കുറവ് അമ്പയർമാർക്ക് ബോദ്ധ്യപ്പെട്ടാൽ ഇനി മുതൽ ഗ്രൗണ്ടിൽ തന്നെ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. നിശ്ചിത സമയം പൂർത്തിയാകുന്നതിനുള്ളിൽ അവസാന ഓവറിലെ ആദ്യ പന്തെങ്കിലും ബോളർ എറിയാൻ തയ്യാറായിരിക്കണം. ഒരു ഇന്നിങ്‌സ് പൂർത്തിയാക്കാൻ സാധാരണ അനുവദിച്ചിട്ടുള്‌ല 90 മിനിറ്റിനുള്ളിൽ 18 ഓവറുകൾ ബോളർമാർ പൂർത്തിയാക്കണം. അങ്ങനെയല്ലെങ്കിൽ ബാക്കിയുള്ള ഓവറുകളിൽ ബൗണ്ടറിക്ക് ചുറ്റുമുള്ള സർക്കിളിൽ നാല് ഫീൽഡർമാരെ മാത്രമേ അനുവദിക്കുകയുള്ളു. അവസാന രണ്ട് ഓവറുകളിൽ ആയിരിക്കും അധിക ഫീൽഡറെ സർക്കിളിനകത്ത് ഉൾപ്പെടുത്താനാകുക.

ബാറ്റ്‌സ്മാൻ പിച്ചിൽ നിന്ന് തന്നെ ഷോട്ട് പായിക്കണം

ബാറ്റ്‌സ്മാൻ ഷോട്ട് പായിക്കുന്നത് പിച്ചിനുള്ളിൽ നിന്ന് തന്നെ ആയിരിക്കണം. പിച്ചിന് പുറത്ത് നിന്ന് ഷോട്ട് പായിച്ചാൽ അത് ഡെഡ് ബോളായി കണക്കാക്കപ്പെടും.കൂടാതെ ബാറ്റ്‌സ്മാൻ ക്യാച്ച് നൽകി ഔട്ടായാൽ പുതിയതായി വരുന്ന ബാറ്റ്‌സ്മാന് തന്നെ സ്‌ട്രൈക്ക് നൽകണം. ക്യാച്ച് എടുക്കുന്നതിന് മുൻപ് ബാറ്റ്‌സ്മാന്മാർ റണ്ണിനായി പരസ്പരം മറികടന്നാലും ഇത് ബാധകമായിരിക്കും

ഫീൽഡർ അനാവശ്യമായി അനങ്ങിയാൽ പിഴ

ബോളർ റണ്ണപ്പ് പൂർത്തിയാക്കുന്നതിന് മുൻപ് ഫീൽഡർ അനാവശ്യമായി ചലിച്ച് ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചാൽ അത് ഡെഡ് ബോളായി കണക്കാക്കും. കൂടാതെ ബോളിങ് ടീമിന് അഞ്ച് റൺ പെനാൽറ്റിയിലൂടെ എതിർ ടീമിന് സമ്മാനിക്കേണ്ടി വരും.

സമ്മാനത്തുകയിലും വർധന

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). കിരീടം നേടുന്ന ടീമിന് 1.6 ദശലക്ഷം ഡോളർ (ഏകദേശം 13 കോടിയോളം ഇന്ത്യൻ രൂപ) ആണ് സമ്മാനമായി ലഭിക്കുകയെന്നാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. റണ്ണറപ്പിന് പകുതി തുക ലഭിക്കും.

ഏകദേശം ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് 4,00000 ഡോളർ (മൂന്നേകാൽ കോടി ഇന്ത്യൻ രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക.സൂപ്പർ 12 ഘട്ടത്തിൽ പുറത്താകുന്ന ഓരോ ടീമിനും 70,000 ഡോളർ (57 ലക്ഷത്തോളം ഇന്ത്യൻ രൂപ). സൂപ്പർ 12 ഘട്ടത്തിൽ ഒരോ ജയത്തിനും ടീമുകൾക്ക് 40,000 ഡോളർ (ഏകദേശം 33 ലക്ഷത്തോളം ഇന്ത്യൻ രൂപ) വീതം ലഭിക്കും.

ഇന്ത്യ 23 ന് ഇറങ്ങും..ആദ്യ പോരാട്ടം ശ്രീലങ്കയു നമീബിയയും തമ്മിൽ

ശ്രീലങ്കയു നമീബിയയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടി20 ലോകകപ്പിന്റെ എട്ടാം അധ്യായത്തിന് തുടക്കമാകുക.ഇന്ത്യൻ സമയം രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നുമായാണ് മത്സരങ്ങൾ നടക്കുക.23 ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.ഒക്ടോബർ 16 ന് തുടങ്ങി നവംബർ 13 ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണ ടൂർണ്ണമെന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP