Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യസഭയിലേക്ക് ഒരവസരം കൂടി നൽകിയാൽ സ്വീകരിക്കാം; തുടങ്ങിവെച്ച വികസന പദ്ധതികൾ പൂർത്തിയാക്കണമെന്ന നിലപാടിൽ സുരേഷ് ഗോപി; ബിജെപി കോർ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒതുക്കപ്പെടലെന്ന് തിരിച്ചറിവ്; ബിജെപി സംസ്ഥാന നേതൃത്വവുമായി സഹകരിച്ചു പോകാൻ ആക്ഷൻ ഹീറോയ്ക്ക് താൽപ്പര്യക്കുറവ്

രാജ്യസഭയിലേക്ക് ഒരവസരം കൂടി നൽകിയാൽ സ്വീകരിക്കാം; തുടങ്ങിവെച്ച വികസന പദ്ധതികൾ പൂർത്തിയാക്കണമെന്ന നിലപാടിൽ സുരേഷ് ഗോപി; ബിജെപി കോർ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒതുക്കപ്പെടലെന്ന് തിരിച്ചറിവ്; ബിജെപി സംസ്ഥാന നേതൃത്വവുമായി സഹകരിച്ചു പോകാൻ ആക്ഷൻ ഹീറോയ്ക്ക് താൽപ്പര്യക്കുറവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് വരാൻ തനിക്ക് താൽപര്യമില്ലെന്ന നിലപാടിൽ ഉറച്ച് സുരേഷ് ഗോപി. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം രാജ്യസഭയിലേക്ക് ഒരവസരം കൂടി നൽകിയാൽ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംസ്ഥാന കോർകമ്മറ്റിയിലേക്ക് സുരേഷ് ഗോപിയുടെ പേര് നിർദേശിച്ചെങ്കിലും അതിന് പിന്നിൽ ചില കള്ളക്കളികളുണ്ടായിരുന്നു. ഇപ്പോഴത്തെ നേതൃത്വവുമായി സഹകരിക്കാൻ സുരേഷ് ഗോപിക്ക് തീരെ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് എംപിയായി ജനസേവനത്തിനുള്ള ആഗ്രഹം സുരേഷ് ഗോപി പ്രകടിപ്പിക്കുന്നത്.

നാമനിർദ്ദേശം ചെയ്ത അംഗമെന്ന നിലയിൽ ആറുവർഷം നാടിനായി ചെയ്ത കാര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷം ഒരവസരം കൂടി തനിക്ക് നൽകിയാൽ സസന്തോഷം സ്വീകരിക്കാമെന്നും കേന്ദ്ര നേതൃത്വത്തോട് സുരേഷ് ഗോപി അറിയിച്ചു. തുടങ്ങിവെച്ച വികസന പദ്ധതികൾ പൂർത്തിയാക്കാൻ ഒരവസരം കൂടി നൽകണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. കലാകാരൻ എന്ന നിലയിലുള്ള രാജ്യസഭാംഗത്വമാണ് സുരേഷ് ഗോപി ആഗ്രഹിക്കുന്നത്. രാഷ്ട്രീയക്കാരുടെ ആരുടേയും അവസരം നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് നോമിനേറ്റഡ് എംപിയെന്ന താൽപ്പര്യം പ്രകടിപ്പിക്കുന്നത്.

സുരേഷ് ഗോപി ബിജെപിയുടെ ദൈനംദിന നേതൃപ്രവർത്തനങ്ങളുടെ ഭാഗമാവണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. ബിജെപിയിൽ നിന്ന് സുരേഷ് ഗോപി അകന്നുപോകരുതെന്ന് കേന്ദ്ര നേതൃത്വത്തിന് നിർബന്ധമുണ്ട്. അതിന് വേണ്ട യോജിച്ച സ്ഥാനം നൽകാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. തൽക്കാലം ചലച്ചിത്രമേഖലയിൽ തന്നെ തുടരാനാണ് സുരേഷ് ഗോപിയുടെ ആഗ്രഹമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം കൂടി കേട്ടതിന് ശേഷം ഭാവിപരിപാടികൾ തീരുമാനിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം.

അതേസമയം സുരേഷ് ഗോപിയെ പാർട്ടി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാൽ ഏറ്റവും സന്തോഷിക്കുന്നത് താനായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ പ്രതികരിച്ചത്. സുരേഷ് ഗോപിക്ക് കേരള രാഷ്ട്രീയത്തിൽ കാര്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും സുരേന്ദ്രൻ വ്യക്തമാക്കുകയുണ്ടായി. 'സുരേഷ് ഗോപിക്ക് വളരെ കാര്യമായി തന്നെ കേരളത്തിൽ സംഭാവനകൾ നൽകാൻ കഴിയും. അദ്ദേഹം വരുന്നുണ്ടെങ്കിൽ, നിങ്ങളുടെ വാർത്ത ശരിയാണെങ്കിൽ അതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും. ആറ് വർഷത്തെ രാജ്യസഭാ എംപി സ്ഥാനം സുരേഷ് ഗോപി ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ സേവനം കേരളത്തിന് ആവശ്യമാണ്.' കെ സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന ബിജെപിയിൽ സുരേന്ദ്രനോട് അതൃപ്തി പുകയുന്നതിനിടെയാണ് സുരേഷ് ഗോപിയെ എത്തിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഈ വർഷം ഡിസംബറിൽ സുരേന്ദ്രന്റെ കാലാവധി അവസാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സുരേഷ് ഗോപിയെ മുൻനിർത്തി കേരളത്തിൽ കളംപിടിക്കാനുള്ള ആലോചനയും ബിജെപി ലക്ഷ്യം വെക്കുന്നുണ്ട്. നേരത്തെ സുരേന്ദ്രന് ഒരുവട്ടം കൂടി അവസരം നൽകിയേക്കുമെന്നായിരുന്നു റിപ്പോർട്ട്. അതിനിടയിൽ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളാണ് പുനരാലോചനക്ക് വഴിയൊരുക്കിയത്. കൊടകര കുഴൽപ്പണ കേസിന് പിന്നാലെ മകന്റെ അനധികൃത നിയമനത്തിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ സുരേന്ദ്രനെ തുടരാൻ അനുവദിക്കേണ്ടതില്ല എന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ താൽപര്യം മാനിച്ചാണ് സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറിയിരിക്കുന്നതെന്ന് സംസ്ഥാന നേതാക്കൾ പറയുന്നു. കഴിഞ്ഞതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തിയപ്പോൾ ബിജെപി. സംസ്ഥാന കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. പതിവുമുഖങ്ങൾക്കു പകരം പുതുമുഖങ്ങൾ വരേണ്ടതിനെ കുറിച്ച് അന്ന് അദ്ദേഹം സംസാരിച്ചിരുന്നു. അന്ന് സുരേഷ് ഗോപിയെ കുറിച്ച് മോദി അന്വേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോർ കമ്മറ്റിയിൽ സുരേഷ് ഗോപി എത്തിയതെന്നും വിശദീകരിക്കുന്നു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് പുതിയ സ്ഥാനത്തെ കുറിച്ച് സുരേഷ് ഗോപിയും അടുപ്പക്കാരോട് പറയുന്നത്.

പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരിക എന്നതായിരുന്നു പാർട്ടിയിലെ പതിവുരീതി. എന്നാൽ ഇതിന് മാറ്റം വരുത്തി. സുരേഷ് ഗോപിയുടെ താരമൂല്യത്തിലൂടെ നേട്ടമുണ്ടാക്കുക എന്നതാണ് മോദി ലക്ഷ്യമിടുന്നത്. സാധാരണ നടപടികൾ മറികടന്നാണ് സിനിമ താരം കൂടിയായ സുരേഷ് ഗോപിക്ക് ഔദ്യോഗിക ചുമതല നൽകിയത്. സംസ്ഥാനത്തെ പാർട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോർ കമ്മിറ്റി. പലപ്പോഴും പാർട്ടി സ്ഥാനമാനങ്ങൾ വച്ചുനീട്ടിയപ്പോഴും തന്റെ മേഖല അഭിനയമാണെന്നു പറഞ്ഞ് സുരേഷ് ഗോപി പിന്മാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP