Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി സ്ഥാനം സംരക്ഷിക്കാൻ ഉറ്റ സുഹൃത്തിനെ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കി ലിസ്; പുറത്താക്കലും പ്രധാനമന്ത്രിയെ രക്ഷിച്ചേക്കില്ല; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി ലിസ് മാറുമ്പോൾ; ജനപ്രിയ വാഗ്ദാനങ്ങൾ വിനയാകുമ്പോൾ

പ്രധാനമന്ത്രി സ്ഥാനം സംരക്ഷിക്കാൻ ഉറ്റ സുഹൃത്തിനെ ചാൻസലർ പദവിയിൽ നിന്നും പുറത്താക്കി ലിസ്; പുറത്താക്കലും പ്രധാനമന്ത്രിയെ രക്ഷിച്ചേക്കില്ല; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി ലിസ് മാറുമ്പോൾ; ജനപ്രിയ വാഗ്ദാനങ്ങൾ വിനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നപ്രിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ലിസ് ട്രസ്സ് സിദ്ധാന്തങ്ങൾക്കും പ്രായോഗികതയ്ക്കും ഇടയിൽ പെട്ട് വലയുകയാണ്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ പ്രധാന എതിരാളിയായിരുന്ന ഋഷി സുനാകിന്റെ വാക്കുകൾ സത്യമായി ഭവിക്കുന്നു എന്ന് ഞെട്ടലോടെ തിരിച്ചറിയുകയാണ് ഋഷി സുനാകിന്റെ എതിരാളികൾ പോലും. പണപ്പെരുപ്പ നാളുകളിൽ നികുതി ഇളവ് നൽകുന്നത് ആത്മഹത്യാപരമാണെന്ന് അന്നേ ഋഷി പറഞ്ഞിരുന്നു. എന്നാൽ, നികുതി ഇളവു നൽകി മുന്നോട്ട് പോകാനാകും എന്നായിരുന്നു ലിസ് ട്രസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നത്.

അധികാരത്തിന്റെ മധുവിധു തീരുമുൻപ് തന്നെ അണികളെ തൃപ്തിപ്പെടുത്താനും സ്വന്തം പ്രതിച്ഛായ മിനുക്കാനും നികുതി ഇളവുകൾ ഉൾക്കൊള്ളിച്ച് ഒരു മിനി ബജറ്റും പ്രഖ്യാപിച്ചു. എന്നാൽ, മിനി ബജറ്റ് പ്രഖ്യാപനം വന്ന ഉടൻ തന്നെ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. പണപ്പെരുപ്പവും, വിലക്കയറ്റവും ഒക്കെയായി ദുരിതമനുഭവിക്കുന്ന ബ്രിട്ടന് താങ്ങവുന്നതിലും അധിക ഭാരമായിരുന്നു പൗണ്ടിന്റെ വിലയിടിവ്. ഇതോടെ ലിസ് ട്രസ്സിനെതിരെ ശബ്ദമുയരാൻ തുടങ്ങി.

ബിർമ്മിങ്ഹാമിൽ നടന്ന പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ ലിസ് ട്രസ്സിന്റെ നയങ്ങൾക്കെതിരെ കടുത്ത എതിർപ്പായിരുന്നു ഉയർന്നത്. മുതിർന്ന നേതാക്കൾ പോലും എതിർപ്പുമായി രംഗത്തെത്തിയതോടെ പല തീരുമാനങ്ങളിൽ നിന്നും ലിസ് ട്രസ്സിന് മലക്കം മറിയേണ്ടി വന്നു. ഉയർന്ന വരുമാനക്കാർക്ക് (1.5 ലക്ഷ്യം പൗണ്ടിനു മേൽ വരുമാനം ഉള്ളവർക്ക്) ചുമത്തിയിരുന്ന 45 ശതമാന നിരക്കിലുള്ള വരുമാന നികുതി എടുത്തു മാറ്റിയത് റദ്ദാക്കേണ്ടതായി വന്നു. ഈ നയം കൊണ്ട് ഉയർന്ന വരുമാനക്കാർക്ക് മാത്രമാണ് ഉപകാരം എന്നായിരുന്നു പരക്കെ ഉയർന്ന വിമർശനം.

എന്നാൽ, അതുകൊണ്ടൊന്നും പാർട്ടി നേതാക്കളുടെ രോഷം ശമിപ്പിക്കാൻ ലിസ് ട്രസ്സിന് കഴിഞ്ഞിരുന്നില്ല. പല അഭിപ്രായ സർവേകളിലും കൺസർവേറ്റീവ് പാർട്ടി ലേബർ പാർട്ടിക്ക് വളരെയധികം പിന്നിലായതോടെ ഇനിയൊരു തിരഞ്ഞെടുപ്പ് വിജയം സ്വപ്നം കണ്ടിരുന്ന പലരും ചൂടുപിടിച്ച് രംഗത്ത് ഇറങ്ങുകയായിരുന്നു. പല അഭിപ്രായ സർവേകളിലും കൺസർവേറ്റീവ് പാർട്ടിയുടെ ഉറച്ച മണ്ഡലങ്ങളിൽ പോലും പാർട്ടി ഏറെ പുറകിൽ പോകുന്നതാണ് കണ്ടത്.

അതിനൊപ്പം ലിസ് ട്രസ്സിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേറ്റു, ബ്രിട്ടൻ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് ലിസ് ട്രസ്സ് എന്നായിരുന്നു അടുത്തിടെ നടന്ന സർവ്വേയിൽ അധികം പേരും അഭിപ്രായപ്പെട്ടത്. അടുത്ത പൊതു തെരഞ്ഞെടുപ്പിന് രണ്ടു വർഷം പോലും ബാക്കിയില്ല എന്ന തിരിച്ചറിവ് പാർട്ടി നേതൃത്വത്തെ കൂടുതൽ ആശങ്കയിലാഴ്‌ത്തി. ലിസ് ട്രസ്സിന്റെ നേതൃത്വത്തിൽ ഒരു തെരഞ്ഞെടുപ്പ് വിജയം അസാദ്ധ്യമാണെന്ന് അവർ തിരിച്ചറിഞ്ഞു അതുകൊണ്ടു കൂടിയാണ് അവർക്കെതിരെയുള്ള എതിർപ്പിന് ശക്തി വർദ്ധിച്ചത്.

കഴിഞ്ഞ ദിവസം അതിരൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്ന ലിസ് ട്രസ്സിന് പാർട്ടി നേതൃത്വം ഈ മാസം അവസാനം വരെ സമയം നൽകിയിരിക്കുകയാണ്,കാര്യങ്ങൾ എല്ലാം നേർവരയിൽ കൊണ്ടു വരാൻ, ഇല്ലെങ്കിൽ സ്ഥാനം ഒഴിയേണ്ടി വരുമെന്നും പല നേതാക്കളും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലിസ് ട്രസ്സ് ഇപ്പോൾ തന്റെ ഉറ്റ സുഹൃത്തായ ചാൻസലർ ക്വാസി ക്വാർട്ടെംഗിനെ കുരുതി കൊടുത്തിരിക്കുന്നത്. കേവലം 39 ദിവസം മാത്രം മന്ത്രിപദത്തിലിരുന്ന ക്വാർട്ടെംഗിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുകയായിരുന്നു.

ഡേവിഡ് കാമറൂൺ - ജോർജ്ജ് ഓസ്ബോർൺ കൂട്ടുകെട്ടിനു ശേഷം വളരെയധികം മാനസിക അടുപ്പം ഉള്ള പ്രധാനമന്ത്രി- ചാൻസലർ ജോടികൾ എന്ന് ഇവരെ മാധ്യമങ്ങൾ പുകഴ്‌ത്തിയിട്ട് ഏതാനും ആഴ്‌ച്ചകൾ മാത്രമേ ആകുന്നുള്ളു എന്നതോർക്കണം. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലയളവിൽ അധികാരത്തിൽ ഉണ്ടായിരുന്ന മന്ത്രിമാരിൽ രണ്ടാം സ്ഥാനക്കാരനായിരിക്കുകയാണ് ഇതോടെ ക്വാസി ക്വാർട്ടെംഗ്. 1970-ൽ ഇയാൻ മെയ്സ്ലോഡ്, അധികാരമേറ്റ് 30 ദിവസം കഴിഞ്ഞപ്പോൾ മരണമടഞ്ഞിരുന്നു.

അടുത്തകാലത്തെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏറെ കണ്ട ഒന്നായിരുന്നു നമ്പർ 10 ഡൗണിങ് സ്ട്രീറ്റും നമ്പർ 11 ഡൗണിങ് സ്ട്രീറ്റും തമ്മിലുള്ള സംഘർഷങ്ങൾ. ആദ്യത്തേത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണെങ്കിൽ, രണ്ടാമത്തേത് ചാൻസലറുടേതാണ്. ലിസും ക്വാസിയും ഈ സ്ഥാനങ്ങളിൽ എത്തിയപ്പോൾ അത്തരമൊരു സംഘർഷം ഉണ്ടാകില്ലല്ലോ എന്നായിരുന്നു പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നത്. ഔദ്യോഗിക വസതികളുടെ കാര്യത്തിൽ മാത്രമല്ല, അധികാരത്തിൽ എത്തുന്നതിനു മുൻപ് താമസിച്ചിരുന്ന തെക്കൻ ലണ്ടൻ ബറോവിലും ഇരുവരും അയൽക്കാരാണ്.

2010-ൽ പൊതു തെരഞ്ഞെടുപ്പിലായിരുന്നു ലിസ് ട്രസ്സും ക്വാസി ക്വാർട്ടെംഗും ആദ്യമായി പാർലമെന്റിൽ എത്തുന്നത്. അന്നു മുതൽക്കുള്ള സൗഹൃദമാണ് ഇരുവരും തമ്മിൽ. 2011-ൽ ലിസ് ട്രസ്സ് പാർട്ടിക്കുള്ളിൽ സ്ഥാപിച്ച ഫ്രീ എന്റർപ്രൈസസ് ഗ്രൂപ്പിൽ ക്വാസിയും അംഗമായിരുന്നു. 2012-ൽ പ്രീതി പട്ടേൽ, ഡൊമിനിക് റാബ്, ക്രിസ് സ്‌കിഡ്മോർ എന്നിവരോട് ചേർന്ന ലിസ് ട്രസ്സും ക്വാസി ക്വാർട്ടെംഗും ബ്രിട്ടാനിക്ക അൺചെയിൻഡ് എന്നൊരു പുസ്തകം രചിച്ചിരുന്നു. ഇതിലെ ഉള്ളടക്കമായിരിക്കും പ്രധാനമന്ത്രി എന്ന നിലയിൽ ലിസ് ട്രസ്സിന്റെ ദർശനം എന്നാണ് കണക്കാക്കുന്നത്.

അത്രയധികം അടുപ്പമുണ്ടായിരുന്ന ഇവർ തമ്മിൽ ആശയപരമായ അകൽച്ച ഉണ്ടായത് ബ്രെക്സിറ്റ് സമയത്തായിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോകണം എന്ന ഉറച്ച നിലപാടായിരുന്നു ക്വാസി ക്വാർട്ടെംഗിനെങ്കിൽ, യൂറോപ്യൻ യൂണിയനിൽ തുടരണം എന്നായിരുന്നു ലിസ് ട്രസ്സ് വാദിച്ചത്. ഏതായാലും ഇരുവരും പിന്നീട് ബോറിസ് ജോൺസന്റെ മന്ത്രിസഭയിലുമെത്തി.

മന്ത്രിസഭയ്ക്കകത്തും ഇരുവരും ഏതാണ്ട് ഏക അഭിപ്രായക്കാരായിരുന്നു. ഋഷി സുനാക് നാഷണൽ ഇൻഷുറൻസ് തുക വർദ്ധിപ്പിച്ചതിനെയും ഊർജ്ജ കമ്പനികൾക്ക് വിൻഡ്ഫാൾ ടാക്സ് ഏർപ്പെടുത്തിയതിനെയും ഇരുവരും എതിർത്തിരുന്നു. പിന്നീട് ബോറിസ് ജോൺസൺ രാജിവച്ച സമയത്ത് ലിസ് ട്രസ്സിനെ പിന്താങ്ങുവാൻ ഉണ്ടായിരുന്ന ചുരുക്കം ചില എം പിമാരിൽ ഒരാളായിരുന്നു ക്വാസി ക്വാർട്ടെംഗ്.

പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിലെ പ്രചാരണപരിപാടികളിൽ ഉടനീളം ലിസിനൊപ്പം ക്വാസി ക്വാർട്ടെംഗും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയായിരുന്നു ലിസ് ട്രസ്സിന്റെ വിജയം ഉറപ്പായപ്പോൾ ചാൻസലർ ക്വാസി ക്വാർട്ടെംഗ് ആയിരിക്കുമെന്ന് നിസ്സംശയം മാധ്യമങ്ങൾ എല്ലാം പ്രവചിച്ചത്. ക്വാസി ക്വാർട്ടെംഗിന്റെ മിനി ബജറ്റിലെ ഓരോ കാര്യവും ലിസ് ട്രസ്സുമായി ചർച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചതെ എന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലിസ് നൽകിയ വാഗ്ദാനങ്ങൾ പലതും ഉൾക്കൊള്ളുന്നതായിരുന്നു അത്.

ഉയർന്ന വരുമാനക്കാരുടെ നികുതി നിരക്ക് കുറച്ചതിനു പുറമെ വരുമാന നികുതിയുടെ അടിസ്ഥാന നിരക്കിൽ 1 ശതമാനം കുറവും വരുത്തി. അതിനു പുറമെയായിരുന്നു ബാങ്കേഴ്സ് ബോണസ് ക്യാപ് എടുത്തു കളഞ്ഞതും സ്റ്റാമ്പ് ഡ്യുട്ടി ഇളവുകൾ പ്രഖ്യാപിച്ചതും. വലിയൊരു തുകയുടെ നികുതിയിളവുകൾ പ്രഖ്യാപിച്ച നടപടി പലരേയും ഞെട്ടിച്ചു. ഇതോടെ, ചെലവുകൾക്ക് പണം കണ്ടെത്താൻ കൂടുതൽ കടമെടുപ്പ് നടത്തേണ്ടി വരുമെന്ന ആശങ്കയൂം ഉയർന്നു.

പണപ്പെരുപ്പ കാലത്ത് നികുതിയിളവുകൾ നൽകുന്നത് നാശം വിതയ്ക്കും എന്ന ഋഷി സുനാകിന്റെ മുന്നറിയിപ്പ് സത്യാമായി ഭവിച്ചപ്പോൾ പൗണ്ടിന്റെ വില കുത്തനെയിടിഞ്ഞു. ദുരിതങ്ങൾ കൂടിയപ്പോൾ, പാർട്ടി നേതാക്കളുടെയും എം പിമാരുടെയും സമ്മർദ്ദത്തിനു വഴങ്ങി ചില നടപടികൾ പിൻവലിക്കേണ്ടി വന്നെങ്കിലും അതൊന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ രക്ഷിക്കാൻ പ്രാപ്തമായില്ല.

ഉറ്റ സുഹൃത്തിനെ ബലികൊടുത്ത് ലിസ് ട്രസ്സിന് തത്ക്കാലത്തേക്ക് പിടിച്ചു നിൽക്കാൻ കഴിയും എന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്ന ചോദ്യം. നേരത്തേ നൽകിയിരുന്ന ഒക്ടോബർ അവസാനം എന്ന ലക്ഷ്മണരേഖ ഇപ്പോഴും അവർക്ക് മുൻപിലുണ്ട്. അതിനുള്ളിൽ, വ്യക്തമായ പരിപാടികളോടെ, രാജ്യത്തെ മുൻപോട്ട് നയിക്കാൻ തനിക്കാവുമെന്ന് പാർട്ടിയെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത ലിസ് ട്രസ്സിനുണ്ട്. അതല്ലെങ്കിൽ, പിന്നെ സ്ഥാനം ഒഴിയുക എന്നതല്ലാതെ മറ്റ് വഴികൾ ഒന്നും തന്നെ അവർക്ക് മുൻപിലില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP