Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പുലർ ഫ്രണ്ടിനെ ആദ്യം ചുരുട്ടിക്കെട്ടി; പിന്നാലെ സ്വന്തം 'പാർട്ടിയിലും' അമിത് ഷായുടെ സർജിക്കൽ സ്‌ട്രൈക്ക്; സുരേന്ദ്രനെ ഞെട്ടിച്ച് സുരേഷ് ഗോപി ബിജെപിയുടെ സംസ്ഥാന കോർകമ്മറ്റിയിൽ; അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ മോദി കാബിനറ്റിലും നടനെത്തിയേക്കും; നൽകുന്നത് കേരളത്തിലെ സംഘടനയിലെ അഴിച്ചു പണിയുടെ സന്ദേശം; പഴയ മുഖങ്ങളെ മാറ്റാൻ ജാവദേക്കറുടെ റിപ്പോർട്ട്

പോപ്പുലർ ഫ്രണ്ടിനെ ആദ്യം ചുരുട്ടിക്കെട്ടി; പിന്നാലെ സ്വന്തം 'പാർട്ടിയിലും' അമിത് ഷായുടെ സർജിക്കൽ സ്‌ട്രൈക്ക്; സുരേന്ദ്രനെ ഞെട്ടിച്ച് സുരേഷ് ഗോപി ബിജെപിയുടെ സംസ്ഥാന കോർകമ്മറ്റിയിൽ; അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ മോദി കാബിനറ്റിലും നടനെത്തിയേക്കും; നൽകുന്നത് കേരളത്തിലെ സംഘടനയിലെ അഴിച്ചു പണിയുടെ സന്ദേശം; പഴയ മുഖങ്ങളെ മാറ്റാൻ ജാവദേക്കറുടെ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും കേരളത്തിൽ അമിത് ഷായുടെ സർജിക്കൽ സട്രൈക്ക്. പോപ്പുലർ ഫ്രണ്ടിന് ശേഷം ബിജെപിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമാണ് അമിത് ഷായുടെ ഇടപെടൽ. ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപി എത്തി. ബിജെപിയുടെ കോർകമ്മറ്റിയിൽ സുരേഷ് ഗോപിയെ ദേശീയ നേതൃത്വം ഉൾപ്പെടുത്തി. പ്രകാശ് ജാവദേക്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തീരുമാനം അംഗീകരിക്കേണ്ടി വരും. ബിജെപിയുടെ കേരളത്തിലെ അടുത്ത നേതാവാരെന്നതിന് ഉത്തരമാണ് സുരേഷ് ഗോപിയുടെ കോർകമ്മറ്റിയിലേക്കുള്ള നിയമനം.

കൊച്ചിയിലെ കോർ കമ്മറ്റി യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കോർ കമ്മറ്റിയിൽ മാറ്റമൊന്നും ഇല്ലല്ലോ എന്ന തരത്തിൽ പരിഹാസം ഉയർത്തിയിരുന്നു. സുരേഷ് ഗോപിയെ കോർ കമ്മറ്റിയിലേക്ക് എടുക്കുമ്പോൾ മാറ്റത്തിന്റെ സൂചനയാണ് പുറത്തു വരുന്നത്. സന്ദീപ് വാര്യർ അടക്കമുള്ളവരെ നേതൃ സ്ഥാനത്ത് നിന്നും മാറ്റുമ്പോഴാണ് കേന്ദ്രത്തിന്റെ സർജിക്കൽ സ്‌ട്രൈക്ക്. ഇനി കേരള നേതൃത്വത്തിന്റെ തെറ്റായ ചെയ്തികളെ സുരേഷ് ഗോപി കോർ കമ്മറ്റിയിൽ ചോദ്യം ചെയ്യും. നയരൂപീകരണമെല്ലാം സുരേഷ് ഗോപിയെ അറിയിക്കേണ്ടിയും വരും. ഇത് കേരളത്തിലെ ബിജെപിയിൽ സുതാര്യത കൊണ്ടു വരുമെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ വലിയ മാറ്റം. മത സമുദായ സംഘടനാ നേതാക്കളുമായും ജാവദേക്കർ ചർച്ച നടത്തിയിരുന്നു. ഇവരെല്ലാം സുരേഷ് ഗോപിയെ പിന്തുണച്ചു.

ഭാവിയിൽ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ എടുക്കാനും മോദിക്ക് ആലോചനയുണ്ട്. അടുത്ത പുനഃസംഘടനയിൽ അതും സംഭവിച്ചേക്കാം. കേരളത്തിലെ ബിജെപിയുടെ ഭാവി സുരേഷ് ഗോപിയിലാണ് മോദിയും കാണുന്നത്. ജനങ്ങളുമായി സംവദിക്കാൻ നല്ലത് സുരേഷ് ഗോപിയാണെന്ന സന്ദേശം മോദിക്ക് കേരളത്തിലെ ചിലർ നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സർജിക്കൽ സ്‌ട്രൈക്കിന് അമിത് ഷായ്ക്ക് നിർദ്ദേശം നൽകിയത്. ജാവദേക്കർ കേരളത്തിൽ എത്തി കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ നിയമനം. സുരേഷ് ഗോപിയോട് പോലും ചോദിക്കാതെയാണ് നിയമനം. അത്ര രഹസ്യമായാണ് ഈ തീരുമാനവും ബിജെപി കേന്ദ്ര നേതൃത്വം എടുത്തത്.

കേരളത്തിലെ ബിജെപിക്ക് പുതിയ മുഖം അനിവാര്യമാണെന്ന് ജാവദേക്കർ റിപ്പോർട്ട് നൽകിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് തീരുമാനം. ഇതിനോട് സുരേഷ് ഗോപി എങ്ങനെ പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്. സിനിമയിൽ നല്ല തിരക്ക് സുരേഷ് ഗോപിക്കുണ്ടെന്നതാണ് വസ്തുത. സാധാരണ മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും പ്രസിഡന്റുമാരുമാണ് കോർ കമ്മറ്റിയിലുള്ളത്. ഈ കീഴ് വഴക്കം കൂടി തെറ്റിച്ചാണ് തീരുമാനം. നേരത്തെ എഎൻ രാധാകൃഷ്ണനെ ഈ മാനദണ്ഡം മാറ്റി കോർ കമ്മറ്റിയിൽ എടുത്തിരുന്നു. അത് സംസ്ഥാന നേതൃത്വത്തിന്റെ ഗ്രൂപ്പ് സമവാക്യവുമായി ബന്ധപ്പെട്ട തീരുമാനമായിരുന്നു. ശോഭാ സുരേന്ദ്രനെ പോലും കോർ കമ്മറ്റിയിൽ എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ കോർ കമ്മറ്റിയിലേക്കുള്ള വരവ്.

പലപ്പോഴും പാർട്ടി ചുമതലയേറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോഴും തന്റെ തൊഴിൽ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നിൽക്കുകയായിരുന്നു സുരേഷ് ഗോപി. താരത്തെ മുൻ നിർത്തി കേരളത്തിൽ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ്. അതിന് തടസം നിന്നിരുന്നത് ഇത്രയും കാലം സുരേഷ് ഗോപി തന്നെയായിരുന്നു. കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്നാണ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ നടത്തിയ സർവേയിൽ ബിജെപി ദേശീയ നേതൃത്വം കണ്ടെത്തിയിരുന്നു. വൈകാതെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സർവേ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വന്നത്.

സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കിയതോടെ തൃശൂരിൽ തെളിയുന്നത് സുരേഷ് ഗോപി തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും കൂടിയിട്ടുണ്ട്. മണ്ഡലത്തിൽ നിന്ന് ഏറ്റവുമധികം ഉയർന്നു കേട്ട പേര് സുരേഷ് ഗോപിയുടേതാണ്. ബിജെപി എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തൃശൂരിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കുന്നതിന് ആർഎസ്എസിന്റെയും പിന്തുണയുണ്ട്. കേരളത്തിൽ തന്നെ ഏറ്റവുമധികം ജനപിന്തുണയുള്ള ബിജെപി നേതാക്കളിൽ ഒരാളായ സുരേഷ് ഗോപിക്കുള്ള നിഷ്പക്ഷ വോട്ടർമാരുടെ പിന്തുണയാണ് പാർട്ടിയെ ആകർഷിക്കുന്ന ഘടകം. 2019ലെ തെരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രതികരണവും നടന് അനുകൂലമായിരുന്നു.

സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി മുന്നിൽക്കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ ആർഎസ്എസ് തന്നെ നിർദ്ദേശം നൽകിയതായി കഴിഞ്ഞ മാസം തന്നെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെ നടൻ മണ്ഡലത്തിൽ സജീവമാകുകയും ചെയ്തിട്ടുണ്ട്. 2019ൽ ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട സുരേഷ് ഗോപിക്ക് 17 ശതമാനത്തോളം വോട്ട് വർധിപ്പിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തു മാത്രമാണ് ഫിനിഷ് ചെയ്യാനായത്. അതേസമയം, ന്യൂനപക്ഷ വോട്ടർമാരെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വിജയം അകലെയല്ലെന്ന കണക്കുകൂട്ടലാണ് പാർട്ടിക്കുള്ളത്. ഇതെല്ലാം കോർകമ്മറ്റിയിലേക്കുള്ള സുരേഷ് ഗോപിയുടെ വരവിനും കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP