Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതനിരപേക്ഷ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തുനൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; മതം പരിശോധിക്കാതെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ നൽകിയതാണ്; രജിസ്‌ട്രേഷന് മതം നോക്കേണ്ടെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ കർശന നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം

മതനിരപേക്ഷ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തുനൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; മതം പരിശോധിക്കാതെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ നൽകിയതാണ്; രജിസ്‌ട്രേഷന് മതം നോക്കേണ്ടെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ കർശന നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്തുനൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മതം പരിശോധിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് നൽകണമെന്ന നിർദ്ദേശം തദ്ദേശ സ്വയം ഭരണ വകുപ്പ് 2021 നവംബർ 23ന് ഉദ്യോഗസ്ഥർക്ക് നൽകിയതാണ്. മതാചാര പ്രകാരമല്ലാത്ത വിവാഹങ്ങളുടെ കാര്യവും നിർദേശത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. 2008ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ പൊതുചട്ടത്തിലും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെത്തിയ ഉദയംപേരൂർ സ്വദേശികളുടെ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. സർക്കാർ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറരുത്. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒന്നിച്ചുജീവിക്കാനും ഏതൊരു പൗരനും അവകാശമുള്ള നാടാണ് നമ്മുടെത്. വിവാഹം നടന്നതിന്റെയും, വധൂവരന്മാരുടെ പ്രായവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകണം. നിയമപ്രശ്‌നങ്ങൾക്ക് വഴിവെക്കുന്ന ഇത്തരം വീഴ്ചകളിൽ ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിവാഹത്തിന്റെ സാധുത നിർണയിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർക്ക് ക്ഷമതയില്ല. രജിസ്‌ട്രേഷനായി വധൂവരന്മാർ നൽകുന്ന സത്യവാങ്മൂലത്തിൽ മതമോ, വിവാഹം നടന്ന രീതിയോ, രക്ഷിതാക്കളുടെ മതമോ രേഖപ്പെടുത്തേണ്ടതില്ല. പ്രായം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ഒപ്പം വിവാഹം നടന്നുവെന്ന് തെളിയിക്കാൻ ഗസറ്റഡ് ഓഫീസർ/എംപി/എംഎൽഎ/തദ്ദേശസ്ഥാപന അംഗം ആരെങ്കിലും നൽകുന്ന സാക്ഷ്യപത്രം മതിയാകും.

ഇതല്ലെങ്കിൽ മതാധികാര സ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിന്റെ പകർപ്പോ, സ്റ്റാറ്റിയൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫീസറുടെ സാക്ഷ്യപത്രമോ തെളിവായി സമർപ്പിക്കാം. വിവാഹത്തിനായി നൽകുന്ന അപേക്ഷകളിലെവിടെയും മതമോ ആചാരമോ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നില്ല. എങ്കിലും സ്‌കൂൾ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും, പേരും പരിശോധിച്ച് ചില രജിസ്ട്രാർമാർ മതം നിർണയിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും മന്ത്രി നിർദേശിച്ചു.

മാതാപിതാക്കൾ രണ്ട് മതത്തിലുൾപ്പെട്ടവരാണെന്ന് പറഞ്ഞ് മകളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കാതിരുന്ന കൊച്ചി നഗരസഭയുടെ നടപടിക്കെതിരെയാണ് ഇന്നലെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിവാഹം രജിസ്റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി ജഡ്ജ് പി വി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കിയത്. മാതാപിതാക്കൾ രണ്ട് മതത്തിൽപ്പെട്ടവരാണ് എന്നത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാണിച്ചു. വിവാഹം നടന്നിരിക്കണമെന്നതാണ് രജിസ്റ്റർ ചെയ്യാനുള്ള മാനദണ്ഡം. മറിച്ച്, മതത്തിന് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. പിആർ ലാലനും ഭാര്യ ഐഷയും കൊച്ചി കോർപറേഷനിലെ മാര്യേജ് ഓഫിസറായ സെക്രട്ടറിക്ക് നൽകിയ അപേക്ഷയാണ് നിരസിച്ചത്.

ഹിന്ദു ആചാര പ്രകാരം 2001 ഡിസംബർ രണ്ടിനാണ് വിവാഹം നടന്നത്. യുവതിയുടെ മാതാവ് മുസ്ലിം ആണ്. യുവതിയുടെ അമ്മ മുസ്ലിം ആയതിനാൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂ എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. എന്നാൽ മാതാപിതാക്കളുടെ മതം വിവാഹം രജിസ്ട്രേഷന് തടസമല്ലെന്ന് കോടതി വ്യക്തമാക്കി. ശ്രീനാരായണ ഗുരുവും അയ്യൻകാളിയും പോലെയുള്ള സാമൂഹിക പരിഷ്‌കർത്താക്കൾ ജിവിച്ചിരുന്ന മണ്ണാണിത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പിന്തുടരാനും സ്വതന്ത്ര്യമുള്ള മത നിരപേക്ഷ രാജ്യമാണ് ഇത് എന്ന ഓർമ്മ വേണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

രണ്ടാഴ്ചയ്ക്കകം വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് കൈമാറാനും ഇതിന്റെ അടിസ്ഥാനത്തിൽ സർക്കുലർ പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP