Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2021 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനുശേഷം പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലിനെത്തുടർന്നാണ് അതുണ്ടായതെന്നും സോളിസിറ്റർ ജനറൽ; സാംസ്‌കാരികമായ അവകാശമെന്ന് കപിൽ സിബൽ; ആചാരം ശരിയായ രീതിയിൽ നിലവിലുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷൺ; ഹിജാബിൽ ഇന്ന് സുപ്രീംകോടതി വിധി

2021 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനുശേഷം പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലിനെത്തുടർന്നാണ് അതുണ്ടായതെന്നും സോളിസിറ്റർ ജനറൽ; സാംസ്‌കാരികമായ അവകാശമെന്ന് കപിൽ സിബൽ; ആചാരം ശരിയായ രീതിയിൽ നിലവിലുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷൺ; ഹിജാബിൽ ഇന്ന് സുപ്രീംകോടതി വിധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തിൽ സുപ്രീംകോടതി വ്യാഴാഴ്ച വിധിപറയും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസിൽ വിധിപറയുന്നത്. കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ഹിജാബ് ധരിക്കുന്നത് ഇസ്ലാംമതത്തിലെ അനിവാര്യമായ ആചാരമാണോ എന്ന വിഷയത്തിലാകും സുപ്രീംകോടതി നിലപാട് പറയുക. മതപരമായി മാത്രമല്ല, സാംസ്‌കാരികമായ ആചാരമാണെങ്കിൽപ്പോലും ഹിജാബ് വിലക്കാനാവില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. അതേസമയം, 2021 വരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും അതിനുശേഷം പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലിനെത്തുടർന്നാണ് അതുണ്ടായതെന്നും സോളിസിറ്റർ ജനറൽ തുഷാർമേത്ത വാദിച്ചിട്ടുണ്ട്.

ഇതിനൊപ്പം ഹിജാബ് ധരിക്കാനുള്ള അവകാശം സാംസ്‌കാരികമായ അവകാശം കൂടിയാണെന്നും വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നുമാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വാദിച്ചത്. ഹിജാബ് ധരിക്കുന്നത് മതപരമായ അനിവാര്യതയാണോ എന്നതിലുപരി അത്തരം ആചാരം ശരിയായ രീതിയിൽ നിലവിലുണ്ടോ എന്നതുമാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്ന് അഡ്വ. പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൂന്ന് വാദങ്ങളിലും എന്ത് നിലപാട് സുപ്രീംകോടതി എടുക്കുമെന്നതാണ് ശ്രദ്ധേയം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. യൂണിഫോമിനെ വിദ്യാർത്ഥികൾക്ക് എതിർക്കാനാവില്ലെന്നും കോടതി പറഞ്ഞു. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തു വന്നത്. ഇതാണ് സുപ്രീംകോടതിയിൽ എത്തുന്നത്.

2022 ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാൻ നിർബന്ധംപിടിച്ച ആറു വിദ്യാർത്ഥിനികളെ ക്ലാസിൽനിന്നും പുറത്താക്കിയതോടെയായിരുന്നു ഇത്. തുടർന്ന് ഈ വിദ്യാർത്ഥിനികൾ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാർജിക്കുന്നതിനിടെ കോളേജുകളിൽ യൂണിഫോം കോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതൽ കോളേജുകളിലേക്ക് പടർന്നത്. ഇതിനിടെ കാവിഷാൾ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാർത്ഥികളും എത്തിയതോടെ പല കാമ്പസുകളും സംഘർഷത്തിന് വഴിമാറുകയായിരുന്നു.

ഉഡുപ്പി കോളേജിൽ സമരരംഗത്തിറങ്ങിയ ആറുപേരുൾപ്പെടെ ഏഴ് വിദ്യാർത്ഥിനികളാണ് ഹിജാബ് വിലക്കിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹർജികൾ നൽകി. വിലക്കിനെതിരേ വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ രണ്ടുദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിൾ ബെഞ്ച് ഹർജി വിശാലബെഞ്ചിലേക്ക് നിർദേശിക്കുകയായിരുന്നു. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീൻ എന്നിവരടങ്ങിയ വിശാലബെഞ്ച് ഹൈക്കോടതിയിൽ വാദം കേട്ടതും വിധി പറഞ്ഞതും.

ഹർജികളിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ യൂണിഫോം നിർബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ വിലക്കിയും ഹൈക്കോടതിയുടെ വിശാലബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP