Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കീവിൽ തീ മഴ പെയ്യുന്നു; ക്രിമിയ ബ്രിഡ്ജ് തകർത്തതിനുള്ള പ്രതികാരം ഭയാനകം; കണ്ടത് ആദ്യ എപ്പിസോഡെന്നും പ്രതികാരം തീവ്രമായിരിക്കുമെന്നും മുന്നറിയിപ്പു നൽകി പുടിൻ: റഷ്യൻ ആക്രമണം മുറുകിയതോടെ യുക്രൈൻ കുഴപ്പത്തിൽ

കീവിൽ തീ മഴ പെയ്യുന്നു; ക്രിമിയ ബ്രിഡ്ജ് തകർത്തതിനുള്ള പ്രതികാരം ഭയാനകം; കണ്ടത് ആദ്യ എപ്പിസോഡെന്നും പ്രതികാരം തീവ്രമായിരിക്കുമെന്നും മുന്നറിയിപ്പു നൽകി പുടിൻ: റഷ്യൻ ആക്രമണം മുറുകിയതോടെ യുക്രൈൻ കുഴപ്പത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കീവ്: ക്രിമിയ ബ്രിഡ്ജ് തകർത്തതിനുള്ള റഷ്യയുടെ പ്രതികാരം യുക്രൈനിന് ഭയാനകമായി മാറി. കീവിൽ തീമഴ പെയ്യിക്കുകയാണ് റഷ്യ കനത്ത മിസൈൽ ആക്രമണമാണ് റഷ്യ കീവിൽ അഴിച്ചു വിട്ടിരിക്കുന്നത്. യുദ്ധം തുടങ്ങിയ സമയത്ത് യുക്രെയ്‌നിലെ തലസ്ഥാന നഗരമായ കീവിൽ റഷ്യ വ്യാപകമായി മിസൈലാക്രമണം നടത്തിയിരുന്നു. 3 മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കീവിൽ മിസൈലാക്രമണം ശക്തമായിരിക്കുകാണ്. ജൂൺ 26-നാണ് കീവിൽ അവസാനമായി റഷ്യൻ ആക്രമണമുണ്ടായത്. കലിമൂത്ത പുടിൻ ആക്രമണം ശക്തമാക്കാൻ നിർദ്ദേശം നൽകിയതോടെ തലസ്ഥാനത്ത് സ്ഫോടനങ്ങൾ പതിവായി. കണ്ടത് ആദ്യ എപ്പിസോഡെന്നും പ്രതികാരം തീവ്രമായിരിക്കുമെന്നും പുടിൻ മുന്നറിയിപ്പു നൽകിയതോടെ ഭയന്നു വിറച്ചിരിക്കുകയാണ് യുക്രൈനിലെ ജനങ്ങൾ.

യുക്രെയ്‌നിലെ സൈനിക നടപടിയുടെ പൂർണ ചുമതല കഴിഞ്ഞദിവസം വ്യോമസേനാ മേധാവി ജനറൽ സെർഗെയ് സുറോവിക്കിനു പുട്ടിൻ കൈമാറിയിരുന്നു. എട്ടുമാസം പിന്നിടുന്ന യുദ്ധത്തിൽ റഷ്യ കൈവശമാക്കിയ തെക്ക്, കിഴക്കൻ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങൾ ഈയിടെ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചിരുന്നു. ഇന്നലെ ആക്രമണങ്ങളിൽ ഊർജനിലയങ്ങളും വൈദ്യുതിവിതരണ കേന്ദ്രങ്ങളുമാണു പ്രധാനമായും റഷ്യ ലക്ഷ്യമിട്ടത്. റഷ്യൻ ആക്രമണത്തെ യൂറോപ്യൻ യൂണിയൻ അപലപിച്ചു.

സംഘർഷം ശക്തമാകവേ ലോക രാഷ്ട്രങ്ങളും ആശങ്ക അറിയിച്ചു രംഗത്തുവന്നു. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും ഇന്ത്യ ആവർത്തിച്ചു. യുക്രൈനിലുണ്ടായ റഷ്യൻ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. തലസ്ഥാന നഗരമായ കീവ് അടക്കം യുക്രെയ്‌നിലെ ഒമ്പത് നഗരങ്ങളിൽ ഇന്നലെ രാവിലെ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 10 പേർ മരിച്ചു. 65 പേർക്കു പരുക്കേറ്റു.

ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിലെ സ്‌ഫോടനം യുക്രെയ്ൻ നടത്തിയ ഭീകരപ്രവർത്തനമാണെന്നും ഇതു വച്ചുപൊറുപ്പിക്കില്ലെന്നും പുട്ടിൻ വ്യക്തമാക്കിയതിനു പിന്നാലെയുണ്ടായ മിസൈലാക്രമണങ്ങളിൽ യുക്രെയ്ൻ നഗരങ്ങളിലെ വൈദ്യുതി, ജല, വാതക വിതരണ സംവിധാനം താറുമാറായി. ഇന്റർനെറ്റും മുടങ്ങി. കീവിനു പുറമേ പടിഞ്ഞാറൻ യുക്രെയ്‌നിലെ ലിവ്യൂ, ടെർണോപിൽ, ഷത്തോമർ, മധ്യയുക്രെയ്‌നിലെ നിപ്രോ, ക്രമൻചക്, തെക്കൻ മേഖലയിലെ മെക്കലോവ്, സാപൊറീഷ്യ, കിഴക്കന്മേഖലയിലെ ഹർകീവ് എന്നിവിടങ്ങളിലാണു മിസൈലാക്രമണം. കുട്ടികളുടെ ഉദ്യാനങ്ങൾക്കു സമീപം പോലും മിസൈൽ പതിച്ചതായി സെലെൻസ്‌കി ആരോപിച്ചു.

തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച രാവിലെ നടന്ന സ്‌ഫോടനങ്ങൾ. 84 ക്രൂയിസ് മിസൈലുകൾ റഷ്യ വർഷിച്ചുവെന്ന് യുക്രൈൻ സൈന്യം പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഭൂമിയിൽ നിന്ന് യുക്രൈൻ ജനതയെ തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. തിങ്കളാഴ്ച രാവിലെ കീവിൽ നടന്ന സ്ഫോടനത്തിനോട് പ്രതികരിക്കുകയായിരുന്ന യുക്രൈൻ പ്രസിഡന്റ്. തങ്ങളെ തകർക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സെലൻസ്‌കി ആരോപിച്ചു. കീവിലെ ഷെവ്‌ചെൻകിവിസ്‌കി ജില്ലയിൽ പലതവണ സ്‌ഫോടനം നടന്നതായി കീവ് മേയർ ട്വീറ്റ് ചെയ്തിരുന്നു. സ്ഫോടനത്തിൽ കാറുകൾക്ക് തീപിടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കീവിന് പുറമെ മറ്റു ചില പ്രദേശങ്ങളിലും സ്ഫോടനം നടന്നുവെന്ന് യുക്രൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ആണവായുധം ഉപയോഗിച്ചേക്കുമെന്ന പാശ്ചാത്യ ശക്തികളുടെ ആശങ്ക റഷ്യ പൂർണ്ണമായും തള്ളിക്കളയുകയാണ്. അത്തരമൊരു കാര്യം പരിഗണനയിൽ ഇല്ലെന്നും റഷ്യ വ്യക്തമാക്കി. 2014- റഷ്യയോട് കൂട്ടിച്ചേർക്കപ്പെട്ടതിനു ശേഷം ക്രീമിയയിൽ റഷ്യൻ ശക്തിയുടെയും അധികാരത്തിന്റെയും അടയാളമായിരുന്നു സ്‌ഫോടനം നടന്ന പാലം. അതിനാൽ തന്നെ കനത്ത തിരിച്ചടി വേണമെന്ന നിലപാടാണ് റഷ്യൻ മാധ്യമങ്ങളും എടുക്കുന്നത്.

അതിനുപുറമേ, ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നു കൂടിയാണ് 19 കിലോമീറ്റർ നീളം വരുന്ന ഈ പാലം. ഖെർസണിലും യുക്രെയിന്റെ തെക്കൻ മേഖലകളിലും വിന്യസിക്കപ്പെട്ട റഷ്യൻ സൈനികർക്ക് പ്രധാന സൈനിക കേന്ദ്രങ്ങളുമായുള്ള ബന്ധവും ഇതുവഴി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗികമായിട്ടാണെങ്കിൽ കൂടി ഇത് സ്‌ഫോടനത്തിൽ തകർന്നത് റഷ്യക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.

പാലത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് തീവ്രവാദ നിയമങ്ങൾ പ്രകാരം കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റഷ്യ അന്വേഷണ കമ്മിറ്റി തലവൻ അലക്‌സാണ്ടർ ബാസ്ട്രികിൻ അറിയിച്ചു. യുക്രെയിൻ സൈനികർക്ക് പുറമെ ചില റഷ്യൻ പൗരന്മാരും മറ്റു ചില രാജ്യങ്ങളിലെ പൗരന്മാരും ഇതിൽ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുക്രെയിനെതിരെ കടുത്ത ആക്രമണം വേണമെന്നാണ് സർക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യൻ മാധ്യമങ്ങൾ ആവശ്യപ്പെടുന്നത്. ക്രീമിയയിലെ പാലം തകർത്തത് റഷ്യൻ അഭിമാനത്തിനേറ്റ ആഘാതമാണെന്നും മുഴുവൻ റഷ്യക്കാരും ഒത്തുകൂടി യുക്രെയിന് ദുരിതങ്ങളുടെ നാളുകൾ സമ്മാനിക്കണമെന്നും അവർ ആഹ്വാനം നൽകുന്നു. റഷ്യക്ക് അകത്തുള്ള ശത്രുക്കളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും സ്റ്റാലിന്റെ കാലത്തെ കുപ്രസിദ്ധിയാർജ്ജിച്ച കൗണ്ടർ ഇന്റലിജൻസ് സംവിധാനം തിരികെ കൊണ്ടു വരണമെന്നും അവർ ആവശ്യപ്പെടുന്നു.

യുക്രെയ്‌നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി ന്മ യുക്രെയ്‌നിലേക്കും യുക്രെയ്‌നിന് അകത്തുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നു കീവിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോടു നിർദേശിച്ചു. അവിടെ കഴിയുന്ന ഇന്ത്യക്കാർ പൂർണവിവരം എംബസിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുക്രെയ്ൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP