Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ സുരേന്ദ്രന്റെ തലക്കു മീതെ വളരുന്നു; സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു സംസ്ഥാന നേതൃത്വം; നടപടി എടുത്തത് നീണ്ട നാളായി ചാനൽ ചർച്ചകളിൽ നിന്നും മാറ്റി നിർത്തിയ ശേഷം; അനധികൃത പിരിവിന്റെ വാർത്ത സൃഷ്ടിക്കാൻ നടന്ന ശ്രമങ്ങൾക്കൊടുവിൽ നടപടി

കെ സുരേന്ദ്രന്റെ തലക്കു മീതെ വളരുന്നു; സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു സംസ്ഥാന നേതൃത്വം; നടപടി എടുത്തത് നീണ്ട നാളായി ചാനൽ ചർച്ചകളിൽ നിന്നും മാറ്റി നിർത്തിയ ശേഷം; അനധികൃത പിരിവിന്റെ വാർത്ത സൃഷ്ടിക്കാൻ നടന്ന ശ്രമങ്ങൾക്കൊടുവിൽ നടപടി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അമർഷം അണികൾക്കിടയിൽ അണപൊട്ടവേ സ്ഥാനമാനങ്ങൾ നിലനിർത്താൻ പാടുപെടുകയാണ് കെ സുരേന്ദ്രനും കൂട്ടരും. ചാനൽ ചർച്ചകളിലൂടെ നേതാവായ കെ സുരേന്ദ്രൻ ബിജെപി അധ്യക്ഷനായ ശേഷം മറ്റാരെയും വളരാൻ വിടാത്ത വിധത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സുരേന്ദ്രനുമായി നിരന്തരം കലഹിച്ച ശോഭാ സുരേന്ദ്രൻ ഒരു വഴിക്കായെങ്കിൽ ഇപ്പോൾ മറ്റൊരു യുവനേതാവിനെ കൂടി സുരേന്ദ്രൻ പാർട്ടിക്കുള്ളിൽ ഒതുക്കി. ബിജെപി വക്താവായിരുന്ന സന്ദീപ് വാര്യരെയാണ് കെ സുരേന്ദ്രൻ വെട്ടി നിരത്തിയത്. സന്ദീപ് വാര്യരെ ബിജെപിയുടെ സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നുമാണ് നീക്കിയത്. ഇന്ന് കോട്ടയത്ത് ചേർന്ന് ബിജെപി കോർ കമ്മറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ബിജെപിക്കുള്ളിൽ അതിവേഗം വളരുന്ന നേതാവായി വന്നതോടെയാണ് സന്ദീപ് വാര്യർക്ക് നേരെ സുരേന്ദ്രനു കൂട്ടരും നടപടികളുമായി രംഗത്തുവന്നത്. ഇതിന് വേണ്ടി കൃത്യമായ അജണ്ടകളും നേതൃത്വം തയ്യാറാക്കിയിരുന്നു. അനധികൃത പണപ്പിരിവിന്റെ പേരിൽ സന്ദീപിനെതിരെ നടപടി എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. അതിന് പിന്നാലെയാണ് ഇന്ന് ബിജെപി വക്താവ് സ്ഥാനത്തു നിന്നും നീക്കിയത്. കുറച്ചു കാലമായി സന്ദീപിന് ചാനൽ ചർച്ചകളിൽ പങ്കെടുക്കാൻ ബിജെപി വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തഴയുന്ന സാഹചര്യവും ഉണ്ടായത്.

ഇന്നലെ സന്ദീപ് വാര്യർക്കെതിരെ അനധികൃത പണപ്പിരിവിന് നടപടി ഉണ്ടാകുമെന്ന് വാർത്ത പ്രചരിപ്പിക്കാൻ സുരേന്ദ്രനോട് അടുത്ത കേന്ദ്രങ്ങൾ ശ്രമിച്ചിരുന്നു. സുവർണ പ്രസാദ് എന്നു പറയുന്ന സുരേന്ദ്രൻ പക്ഷത്തെ നേതാവാണ് സന്ദീപിനെതിരെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പാർട്ടി നടപടി എടുക്കുമെന്ന് സന്ദേശം ഇന്നലെ ചാനൽ ഓഫീസുകളിൽ എത്തിച്ചത്. 24 ന്യൂസ് ചാനലിന്റെയും റിപ്പോർട്ടർ ടിവിയുടെ വെബ്ബിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് പിൻവലിക്കുകയും ചെയ്തു. സന്ദീപിന്റെ മുഖം വികൃതമാക്കാൻ ശ്രമം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ നടപടിയും കൈക്കൊണ്ടിരിക്കുന്നത്.

നേരത്തെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്ന വിധത്തിൽ അടക്കം വാർത്തകൾ വന്നിരുന്നു. ബിജെപിയിലെ നല്ലൊരു ശതമാനം ആളുകളും സുരേന്ദ്രനെതിരെ തിരിഞ്ഞ അവസ്ഥയുണ്ട്. അതേസമയം ചാനൽ ചർച്ചകളിലൂടെ സന്ദീപും താരമായിരുന്നു. ഒരിക്കൽ സുരേന്ദ്രൻ വളർന്നു വന്നത് ചാനൽ ചർച്ചകളിൽ പങ്കെടുത്തു കൊണ്ടാണ്. അതുകൊണ്ട് തന്നെ സന്ദീപ് വെല്ലുവിളിയാകും എന്ന ബോധ്യത്തിലാണ് ഇപ്പോൾ സുരേന്ദ്രൻ വെട്ടിനിരത്തലുമായി രംഗത്തുവന്നത്.

അടുത്തിടെ തൃശ്ശൂർ കേന്ദ്രീകരിച്ചായിരുന്നു സന്ദീപ് വാര്യർ പ്രവർത്തിച്ചിരുന്നത്. ഇതിൽ ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വത്തിലെ ചിലർക്ക് എതിർപ്പുണ്ടായിരുന്നു താനും. തൃശ്ശൂർ പ്രസിഡന്റ് അനീഷാണ് സന്ദീപിനെതിരെ കരുക്കൾ നീക്കിയതെന്നാണ് വിവരം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കാത്ത പക്ഷം സന്ദീപ് വാര്യർക്കും സാധ്യത കൽപ്പിച്ചിരുന്നു. ഇതിന് സാമുദായികമായ കാരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിന്റെ കണ്ണിൽ പോലും സന്ദീപ് പെടരുത് എന്ന നിശ്ചയത്തോടെയാണ് ഇപ്പോഴത്തെ നടപടികൾ.

സുരേന്ദ്രൻ ഗ്രൂപ്പിൽ ഒരിക്കൽ ഭാഗമായിരുന്ന സന്ദീപ് അടുത്തകാലത്തായി സ്വതന്ത്രമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പാർട്ടി അണികൾക്കൊപ്പമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ഇതോടു കൂടിയാണ് സന്ദീപിനെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളും നേരിടേണ്ടി വന്നത്. ഷൊർണൂർ കേന്ദ്രീകരിച്ചായിരുന്ന കുറച്ചുകാലമായി സന്ദീപ് വാര്യരുടെ പ്രവർത്തനം. തോറ്റെങ്കിലും മികച്ച രീതിയിൽ സന്ദീപ് വോട്ടു നേടിയിരുന്നു. അതുകൊണ്ട് ഈ മണ്ഡലത്തിൽ ചില പ്രവർത്തനങ്ങൾ സന്ദീപ് നടത്തിയിരുന്നു. ഇക്കാര്യങ്ങൾക്കായി ഫണ്ട് കണ്ടെത്തുന്നതിനെയാണ് അനധികൃത പിരിവെന്ന വിധത്തിൽ വ്യാഖ്യാനിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ കേന്ദ്രീകരിച്ചാണ് സന്ദീപ് പ്രവർത്തിക്കുന്നത്. സുരേഷ് ഗോപി സിനിമയിൽ സജീവമായതോടെ ഇവിടേക്ക് സന്ദീപിനും സാധ്യത ഉണ്ടായിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വം വാര്യരെ ഇപ്പോഴേ വെട്ടാൻ വഴികൾ തേടുകയാണ്. സന്ദീപിനെതിരെ നടപടി വരുന്നത് അണികൾക്കിടയിൽ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അമർഷം ഉണ്ടാകാനും ഇടയാക്കും. കെ സുരേന്ദ്രനും തൃശ്ശൂർ സീറ്റിൽ ഇക്കുറി സുരേഷ് ഗോപി ഇല്ലാത്ത പക്ഷം കണ്ണുവെക്കുന്നുണ്ടെന്നും സൂചനയുണ്ട്.

അതേസമയം നിലവിലെ തൃശ്ശൂർ എംപിയായ കോൺഗ്രസിലെ ടിഎൻ പ്രതാപൻ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങുമെന്നും ഈ സാഹചര്യത്തിൽ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ തേടുമെന്നുമാണ് വിവരം. രാഹുൽ ഗാന്ധിക്കും താത്പര്യമുള്ള നേതാവ് എന്ന നിലയിൽ വി ടി ബൽറാമിന് മണ്ഡലത്തിൽ സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP