Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിഫ്ബി കേസിൽ തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം; സമൻസ് അയയ്ക്കുന്നത് തടഞ്ഞ് ഹൈക്കോടതി; തുടർ സമൻസുകൾ മരവിപ്പിച്ചു; ഇഡിക്ക് അന്വേഷണം തുടരാം; റിസർവ് ബാങ്ക് വിശദീകരണം കേട്ട ശേഷം അന്തിമ വിധി

കിഫ്ബി കേസിൽ തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം; സമൻസ് അയയ്ക്കുന്നത് തടഞ്ഞ് ഹൈക്കോടതി; തുടർ സമൻസുകൾ മരവിപ്പിച്ചു; ഇഡിക്ക് അന്വേഷണം തുടരാം;  റിസർവ് ബാങ്ക് വിശദീകരണം കേട്ട ശേഷം അന്തിമ വിധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഇഡിയുടെ തുടർ സമൻസുകൾ കോടതി തടഞ്ഞു. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്.

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥർക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടർസമൻസുകൾ അയയ്ക്കുന്നത് രണ്ടു മാസത്തേക്കാണ് ഹൈക്കോടതി തടഞ്ഞത്. റിസർവ് ബാങ്കിനെ കേസിൽ കക്ഷിയാക്കിയ കോടതി, ആർബിഐക്ക് നോട്ടിസ് നൽകാനും നിർദ്ദേശിച്ചു.

കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി.ജി.അരുൺ അധ്യക്ഷനായി ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. റിസർവ് ബാങ്കിന്റെ ഉൾപ്പെടെ വാദം കേട്ടശേഷമായിരിക്കും അന്തിമവിധി. ഹർജികൾ നവംബർ 15ന് വീണ്ടും പരിഗണിക്കും

മസാല ബോണ്ടിൽ നിന്ന് ലഭിച്ച പണം വഴിമാറ്റി ചെലവാക്കിയോ എന്ന് അന്വേഷിക്കണമെന്ന് കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വകമാറ്റി ചെലവഴിച്ചോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇഡി അന്വേഷണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനാണ് അന്വേഷണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

കിഫ്ബി പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമുള്ള സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തുനിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്. കിഫ്ബി വിദേശത്തു പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് ഇഡി കേസെടുത്തത്.

സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്തിട്ടുണ്ട്. കേസിൽ റിസർവ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി നിലപാട്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്.

മുൻ ധനകാര്യ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി നൽകിയത്. ഇഡി സമൻസ് റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചത് 2021 മാർച്ച് മാസത്തിലായിരുന്നു. രണ്ട് പരാതികളിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019 ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമായിരുന്നു പരാതി.

കിഫ്ബി മസാലബോണ്ട് വിതരണത്തിൽ ഫെമ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഐസകിന്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്റെയും വാദം. കിഫ്ബിയുടെ വിശ്വാസ്യത തകർക്കാനാണ് അന്വേഷണമെന്നും റിസർവ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്നും ഇവർ വാദിച്ചു.

ധനസമാഹരണത്തിൽ ഫെമ ലംഘനം ഉണ്ടെങ്കിൽ അത് അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ല, രണ്ട് തവണ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴും താൻ ചെയ്ത കുറ്റങ്ങളെന്ത് പറയാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല, വ്യക്തിഗത വിവരങ്ങളാണ് ആവർത്തിച്ച് ആവശ്യപ്പെടുന്നത്, അന്വേഷണത്തിന്റെ പേരിൽ തന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നു, രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനും കേരളത്തിലെ വികസനം തടയാനുമാണ് കിഫ്ബിക്ക് എതിരായ അന്വേഷണമെന്നും തോമസ് ഐസക് തന്റെ ഹർജിയിൽ കുറ്റപ്പെടുത്തി.

ഫെമ ആക്ടിലെ സെക്ഷൻ 13 ൽ പരാമർശിക്കുന്ന നിയമലംഘനങ്ങൾ അന്വേഷിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ സെക്ഷൻ 37(1) അധികാരം നൽകുന്നുവെന്നും ഇഡി കോടതിയിൽ പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് നിയമം പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തതികൾക്ക് കഴിയില്ല, ഫെമ നിയമലംഘനത്തിൽ തെളിവ് ശേഖരിക്കാനാണ് തോമസ് ഐസക്കിന് സമൻസ് നൽകിയത്, സമൻസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്റെ ഹർജി നിയമ പ്രക്രിയയുടെ ദുരുപയോഗമാണ്, തോമസ് ഐസകിനെതിരായ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, അന്വേഷണം തുടക്കത്തിൽ സ്തംഭിപ്പിക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്, അന്വേഷണവുമായി സഹകരിക്കാതിരിക്കലാണ് ഐസകിന്റെ ലക്ഷ്യം, അന്വേഷണത്തിനെതിരായ ഹർജി അപക്വമാണ്, തോമസ് ഐസക് കുറ്റക്കാരനാണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല, അന്വേഷണം തോമസ് ഐസകിന്റെ മൗലികാവകാശങ്ങളൊന്നും ലംഘിക്കുന്നില്ല, ഹർജി അനുവദിച്ചാൽ രാജ്യത്താകെ ഇത്തരം ദുരുപയോഗം ഉണ്ടാകും, അന്വേഷണത്തിൽ ഫെമ ലംഘനം കണ്ടെത്തിയാലും പരാതിക്കാരന് അഡ്ജുഡിക്കേറ്റ് അഥോറിറ്റിയക്ക് മുൻപിൽ തന്റെ വാദങ്ങൾ നിരത്താനാകുമെന്നും വാദിച്ച ഇഡി ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും കോടതിയിൽ പറഞ്ഞിരുന്നു.

സാമ്പത്തിക ഇടപാടിൽ സംശയങ്ങൾ ഉണ്ടെങ്കിൽ അന്വേഷിച്ചുകൂടേയെന്ന് കോടതി കേസ് പരിഗണിക്കുന്നതിനിടയിൽ ചോദിച്ചിരുന്നു. മസാല ബോണ്ടിറക്കിയത് കിഫ്ബി മാത്രമാണോ, മറ്റ് ഏജൻസികൾക്കെതിരെ ഇഡി അന്വേഷണം നടത്തിയിരുന്നോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ഒരിക്കൽ നൽകിയ രേഖകൾ വീണ്ടും വീണ്ടും ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ആപ്‌ളിക്കേഷൻ ഓഫ് മൈൻഡ് ഇല്ലാത്തതിനാലാണെന്ന് പരാമർശിച്ച കോടതി, അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ എന്തിനാണ് ഇത്രയും വ്യക്തിഗത വിവരങ്ങൾ തേടുന്നതെന്നും ഹർജിക്കാരന്റെ സ്വകാര്യതയെ ഇഡി മാനിക്കണമെന്നുമായിരുന്നു കോടതിയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP