Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തകർച്ചയിൽ നിന്ന് കരകയറ്റി ഹെൻഡ്രിക്സ്- മാർക്രം സഖ്യം; മധ്യനിരയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ; മൂന്ന് വിക്കറ്റുമായി സിറാജും; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 279 റൺസ് വിജയലക്ഷ്യം

തകർച്ചയിൽ നിന്ന് കരകയറ്റി ഹെൻഡ്രിക്സ്- മാർക്രം സഖ്യം; മധ്യനിരയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ; മൂന്ന് വിക്കറ്റുമായി സിറാജും; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 279 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 279 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു. അർധസെഞ്ചുറി നേടിയ റീസ ഹെൻഡ്രിക്സും എയ്ഡൻ മാർക്രവുമാണ് ടീമിന് മാന്യമായ ടോട്ടൽ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുമായി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (5) സിറാജ് ബൗൾഡാക്കി. പത്താം ഓവരിൽ ജന്നെമൻ മലാനും (25) മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 40 എന്ന നിലയിലായി. തുടർന്ന് നാലാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന ഹെൻഡ്രിക്സ്- മാർക്രം സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ഇരുവരും 129 റൺസ് കൂട്ടിചേർത്തു. 76 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 74 റൺസെടുത്ത ഹെൻഡ്രിക്സിനെ സിറാജ് ഷഹബാസ് അഹമ്മദിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന ഹെയ്ന്റിച്ച് ക്ലാസൻ മികച്ച പ്രകടനം പുറത്തെടുത്തതോടെ പ്രോട്ടീസ് 200 കടന്നു. 26 പന്തുകളിൽ നിന്ന് 30 റൺസാണ് താരം നേടിയത്.

എന്നാൽ ക്ലാസന്റെ ഇന്നിങ്സ് പൂർണതയിലെത്തിയില്ല. ക്ലാസനെ മുഹമ്മദ് സിറാജിന്റെ കൈയിലെത്തിച്ച് കുൽദീപ് യാദവ് ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു. തൊട്ടുപിന്നാലെ ക്രീസിൽ നിലയുറച്ചുനിന്ന എയ്ഡൻ മാർക്രവും പുറത്തായി. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ഫോറടിക്കാൻ ശ്രമിച്ച മാർക്രത്തിന്റെ ശ്രമം ശിഖർ ധവാൻ കൈയിലൊതുക്കി. 89 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 79 റൺസാണ് താരം നേടിയത്.

പിന്നീട് ക്രീസിൽ നിലയുറപ്പിക്കാൻ ബാറ്റർമാർക്ക് സാധിച്ചില്ല. മധ്യഓവറുകളിൽ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളിൽ വേണ്ടപോലെ സ്‌കോർ ഉയർത്താൻ ബാറ്റർമാർ പരാജയപ്പെട്ടു. അവസരത്തിനൊത്തുയർന്ന ഇന്ത്യൻ ബൗളർമാർ അവസാന ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡേവിഡ് മില്ലർ ക്രീസിലെത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ് നടത്താനായില്ല.

16 റൺസെടുത്ത വെയ്ൻ പാർനൽ 47-ാം ഓവറിൽ പുറത്തായി. മില്ലറും പാർനലും ചേർന്നാണ് ടീം സ്‌കോർ 250 കടത്തിയത്. പാർനൽ മടങ്ങിയപ്പോൾ നായകൻ കേശവ് മഹാരാജ് ക്രീസിലെത്തി. എന്നാൽ അവസാന ഓവറിൽ താരത്തെ സിറാജ് ക്ലീൻ ബൗൾഡാക്കി. വെറും അഞ്ച് റൺസ് മാത്രമാണ് നായകന് നേടാനായത്. പിന്നാലെ വന്ന ഇമാദ് ഫോർട്യൂയിൻ റൺസെടുക്കാതെയും മില്ലർ 34 പന്തുകളിൽ നിന്ന് 35 റൺസുമായും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 10 ഓവറിൽ ഒരു മെയ്ഡനടക്കം 38 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, കുൽദീപ് യാദവ്, ശാർദൂൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP