Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷന് തീരുമാനങ്ങൾ എടുക്കാനും, പാർട്ടിയെ നയിക്കാനും പൂർണ സ്വാതന്ത്ര്യം ഉണ്ടാകും; ആരെയെങ്കിലും റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് മത്സരിക്കുന്ന രണ്ടുപേരെയും അപമാനിക്കുന്നതിന് തുല്യമാണ്; ഫാസിസ്റ്റ് പാർട്ടിയല്ല കോൺഗ്രസ്; റിമോട്ട് കൺട്രോൾ രാഷ്ട്രീയം എന്ന ബിജെപിയുടെ പരിഹാസത്തിന് രാഹുലിന്റെ മറുപടി

കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷന് തീരുമാനങ്ങൾ എടുക്കാനും, പാർട്ടിയെ നയിക്കാനും പൂർണ സ്വാതന്ത്ര്യം ഉണ്ടാകും; ആരെയെങ്കിലും റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് മത്സരിക്കുന്ന രണ്ടുപേരെയും അപമാനിക്കുന്നതിന് തുല്യമാണ്; ഫാസിസ്റ്റ് പാർട്ടിയല്ല കോൺഗ്രസ്; റിമോട്ട് കൺട്രോൾ രാഷ്ട്രീയം എന്ന ബിജെപിയുടെ പരിഹാസത്തിന് രാഹുലിന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

 ബെംഗളൂരു: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നതിനിടയിലും, തലപ്പത്ത് വരുന്നയാൾ ഗാന്ധി കുടുംബത്തിന്റെ പാവയായിരിക്കും എന്ന പിന്നാമ്പുറ സംസാരം തകൃതിയായി നടക്കുന്നു. എന്നാൽ, പുതിയ അധ്യക്ഷന് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുകയാണ്.

അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക നൽകിയ രണ്ട് പേർക്കും അവരുടേതായ രീതിയിലുള്ള സ്ഥാനവും കാഴ്ചപ്പാടുകളുമുണ്ട്. റിമോട്ട് കൺട്രോൾ എന്ന് അവരെ വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഞങ്ങളുടേത് ഒരു ഫാസിസ്റ്റ് പാർട്ടിയല്ല. സംവാദത്തിൽ വിശ്വസിക്കുകയും, വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന പാർട്ടിയാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു ടീമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. വിദ്വേഷവും അക്രമവും വ്യാപിപ്പിക്കുന്നത് രാജ്യ വിരുദ്ധ പ്രവർത്തിയാണ്. അങ്ങനെ ചെയ്യുന്നവർക്കെതിരെ ഞങ്ങൾ പോരാടും', രാഹുൽ പറഞ്ഞു. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം ആളുകൾ മടുത്തിരിക്കുകയാണെന്നും, വിലക്കയറ്റവും, തൊഴിലില്ലായ്മയും അവരെ തളർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷൻ വന്നാലും അവരെ സോണിയ ഗാന്ധി റിമോട്ട് കൺട്രോളാക്കി മാറ്റുമെന്നായിരുന്നു ബിജെപിയുടെ വിമർശനം. സോണിയ പറയുന്നതേ കോൺഗ്രസ് അധ്യക്ഷൻ ചെയ്യുകയുള്ളൂവെന്ന ആക്ഷേപത്തിനെതിരെ മല്ലികാർജുന ഖാർഗെയും രംഗത്തെത്തി. താൻ സോണിയയുടെ റിമോട്ട് കൺട്രോളല്ലെന്നും കൂട്ടായ ചർച്ചയിലൂടെയാണ് പാർട്ടിയിൽ തീരുമാനമങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലൂടെ പര്യടനം തുടരുകയാണ് രാഹുൽ.

അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്നാണ്. നിലവിൽ മല്ലികാർജുൻ ഖാർഗെയും ശശി തരുരും മാത്രമാണ് മത്സര രംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കില്ലെന്നും മത്സരിക്കാൻ തന്നെയാണ് തന്റെ തീരുമാനമെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.ഖാർഗെ കൂടി പ്രചാരണത്തിനിറങ്ങിയതോടെ മത്സരം ഏറെ വാശിയിൽ തന്നെയാണ്.

ഇന്നലെ ഗുജറാത്തിൽ ഖാർഗെയുടെ പ്രചാരണത്തിനായി രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രചാരണത്തിനിറങ്ങിയ ഖാർഗെയ്ക്ക് വലിയ സ്വീകരണമാണ് പിസിസികൾ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന് തെരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശം അവഗണിച്ചാണ് നേതാക്കൾ ഖാർഗെയ്ക്ക് സ്വീകരണം ഒരുക്കിയത്.പരസ്യ പ്രചരണം സംബന്ധിച്ച മാർഗ രേഖ നിലനിൽക്കെ ഖാർഗെയ്ക്ക് ഗുജറാത്ത് പിസിസി പരസ്യമായ പിന്തുണ പ്രഖ്യാപിച്ചു. വോട്ട് തേടിയെത്തിയ മല്ലികാർജുൻ ഖാർഗെയ്ക് വിമാനത്താവളം മുതൽ പിസിസി അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ വമ്പൻ വരവേൽപ്പാണ് ഒരുക്കിയത്.

എന്നാൽ കഴിഞ്ഞ ദിവസം ശശി തരൂർ തമിഴ്‌നാട്ടിൽ വിളിച്ച് ചേർത്ത യോഗത്തിൽ 12 പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. 700ൽ അധികം വോട്ടുകളാണ് തമിഴ്‌നാട്ടിൽ ഉള്ളത്.മാഹാരാഷ്ട്രയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എച്ച് കെ പാട്ടിലാണ് ഖാർഗെയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ നേതാക്കൾക്ക് പുറമെ ഗോവ പിസിസി പ്രസിഡന്റെ അമിത് പാത്കറും ശേഷിക്കുന്ന എംഎൽഎമാരും മുംബൈയിലെ പാർട്ടി ആസ്ഥാനത്തേക്ക് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP