Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എംബാം ചെയ്ത മൃതശരീരം വർഷങ്ങളോളം കേടുപാടു കൂടാതെ സംരക്ഷിക്കാം; എന്നിട്ടും മൃതദേഹത്തിന്റെ ദീർഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെന്ന് സിപിഎം; 'ശാസ്ത്രം' വഴിമാറിയത് മുഖ്യമന്ത്രിയുടെ അതിവേഗ യൂറോപ്യൻ യാത്രയ്ക്ക് വേണ്ടിയോ? കോടിയേരിയെ എകെജി സെന്ററിലേക്ക് കൊണ്ടു വരാത്തത് കൂടുതൽ ദുരൂഹതയിലേക്ക്‌

എംബാം ചെയ്ത മൃതശരീരം വർഷങ്ങളോളം കേടുപാടു കൂടാതെ സംരക്ഷിക്കാം; എന്നിട്ടും മൃതദേഹത്തിന്റെ ദീർഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെന്ന് സിപിഎം; 'ശാസ്ത്രം' വഴിമാറിയത് മുഖ്യമന്ത്രിയുടെ അതിവേഗ യൂറോപ്യൻ യാത്രയ്ക്ക് വേണ്ടിയോ? കോടിയേരിയെ എകെജി സെന്ററിലേക്ക് കൊണ്ടു വരാത്തത് കൂടുതൽ ദുരൂഹതയിലേക്ക്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും അതിവിചിത്ര നിലപാടുമായി സിപിഎം. ദീർഘമായ യാത്ര ഒഴിവാക്കണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയിൽ നിന്നു നേരെ തലശ്ശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാൻ തീരുമാനിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ് പറയുമ്പോൾ നിറയുന്നത് അസ്വാഭാവികത മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയ്ക്ക് വേണ്ടിയാണ് തിരുവനന്തപുരത്തേക്ക് കോടിയേരിയുടെ അന്ത്യയാത്ര ഉണ്ടാകാത്തതെന്ന വിമർശനത്തിന് മറുപടി പറയുകയാണ് സിപിഎം. പക്ഷേ മൃതദേഹം എംബാം ചെയ്താണ് ചെന്നൈയിൽ നിന്ന് കൊണ്ടു വന്നത്. അതുകൊണ്ട് തന്നെ ദീർഘയാത്രയുടെ പ്രശ്‌നങ്ങളില്ലെന്നതാണ് വസ്തുത.

സാധാരണ ഗതിയിൽ ദീർഘകാലം ചികിൽസയിലുള്ള വ്യക്തി മരിക്കുമ്പോൾ ശരീരത്തിൽ അതിവേഗം പ്രശ്‌നങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ കൂടുതൽ സമയം വയ്ക്കാതെ സംസ്‌കരിക്കുന്നത് നാട്ടു നടപ്പാണ്. എന്നാൽ കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ വച്ച് എംബാം ചെയ്തിരുന്നു. അതിന് ശേഷമാണ് വിമാനത്തിൽ കയറ്റിയത്. മരണശേഷം രാസവസ്തുക്കൾ ഉപയോഗിച്ച് ശവശരീരം ജീർണ്ണിക്കുകയെന്ന പ്രക്രിയയെ തടഞ്ഞു സംരക്ഷിക്കുന്നതിനുള്ള ഒരു സംരക്ഷണ ശാസ്ത്രമാണ് എംബാമിങ്. എംബാമിംഗിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ ശുചിത്വം, അവതരണം, സംരക്ഷണം എന്നിവയും അപൂർവ്വം കേസുകളിൽ ഇതു മൃതശരീരത്തെ പുനഃസ്ഥാപിക്കലുമാണ്. ശരിയായ രീതിയിൽ എംബാമിങ് പൂർത്തിയാക്കിയ ഒരു മൃതശരീരം വർഷങ്ങളോളം കേടുപാടുകൾകൂടാതെ സംരക്ഷിക്കാൻ സാധിക്കും.

അങ്ങനെ എംബാം ചെയ്ത ശവശരീരത്തിന് ദീർഘയാത്രയിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല. ഇതാണ് ശാസ്ത്രം. ഇതാണ് സിപിഎമ്മിന്റെ പുതിയ പ്രസ്താവനയോടെ പുതിയ ചർച്ചകൾക്ക് കാരണമാകുന്നത്. മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരിക്കു തലസ്ഥാനത്ത് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഇല്ലാതെ പോയതു പല കോണുകളിൽ നിന്നും വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് അക്കാര്യം നേരിട്ടു പറയാതെ സംസ്ഥാന സെക്രട്ടേറിയറ്റ് പരോക്ഷ വിശദീകരണവുമായി എത്തിയത്. സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ ഇക്കാര്യം തലസ്ഥാനത്തെ അനുസ്മരണ സമ്മേളനത്തിലും വിശദീകരിച്ചിരുന്നു.

അരനൂറ്റാണ്ടു കാലം കോടിയേരിയുടെ കർമ മണ്ഡലം തന്നെയായി മാറിയ തിരുവനന്തപുരത്തെ എകെജി സെന്ററിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് എത്തിക്കാതിരുന്നതു പാർട്ടിക്കാരെയും അദ്ഭുതപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ അനുസമരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തതുമില്ല. അതും പാർട്ടിക്കാരെ പോലും വേദനിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് എംബാം ചെയ്ത ശരീരത്തിന് ദീർഘയാത്ര പാടില്ലെന്ന സിപിഎം വിശദീകരണവും തമാശയായി മാറുന്നത്.

ദീർഘനാളത്തെ രോഗാവസ്ഥ കോടിയേരിയുടെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു എന്നും അതുകൊണ്ടാണു മരണശേഷം ദീർഘയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതെന്നും പാർട്ടി അറിയിച്ചു. ഏറ്റവും വിദഗ്ധമായ ചികിത്സ അദ്ദേഹത്തിനു ലഭ്യമാക്കാനാണു പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുകയും ചെയ്തു. അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്. ക്രമീകരണങ്ങളോടു തികഞ്ഞ അച്ചടക്കത്തോടെ ജനങ്ങൾ സഹകരിച്ചതും ആ ആദരവിന്റെ ദൃഢതയാണു വ്യക്തമാക്കുന്നത്. വലിയ നഷ്ടമാണു പാർട്ടിക്ക് ഉണ്ടായത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

ഞരമ്പുകളിൽ നിന്നും സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചു മൃതശരീരത്തിന്റെ രക്തം ഊറ്റിയെടുക്കുകയും എന്നിട്ട് എംബാം രാസലായനി മൃതശരീരത്തിലേക്ക് കയറ്റി വിടുകയും ചെയ്യുന്നതാണ് എംബാമിങിന്റെ പ്രധാന പ്രക്രിയ. ഇതിലൂടെ ശരീരം എത്രകാലം വേണമെങ്കിലും കേടു കൂടാതെ സൂക്ഷിക്കാം. എംബാം ചെയ്താണ് കോടിയേരിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതെന്ന് അന്ന് സിപിഎം തന്നെ വിശദീകരിച്ചിരുന്നു.

ചെന്നൈ അപ്പോളാ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ ചികിൽസ. തിരുവനന്തപുരത്ത് നിന്നാണ് കോടിയേരി ചികിൽസയ്ക്കായി പോയത്. മരുതൻകുഴിയിൽ വീടുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടു വരുമെന്ന് ഏവരും കരുതി. കോടിയേരി പഠിച്ചതും ജീവിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായപ്പോൾ ഒഴിച്ച് പ്രധാന തട്ടകം തിരുവനന്തപുരം തന്നെയായിരുന്നു. എന്നാൽ കോടിയേരിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്ക് എത്തിച്ചില്ല. എകെജി സെന്ററിൽ കോടിയേരി അതുകൊണ്ട് തന്നെ വീണ്ടുമെത്തിയില്ല.

തിരുവനന്തപുരത്തുകൊണ്ടു വന്ന് റോഡുമാർഗ്ഗം കണ്ണൂരിലേക്ക് കൊണ്ടു പോയിരുന്നുവെങ്കിൽ കോടിയേരിക്ക് കേരളത്തിനാകെ അന്തിമോപചാരം അർപ്പിക്കാൻ അവസരം വരുമായിരുന്നു. പല നേതാക്കളുടേയും അന്ത്യയാത്ര അത്തരത്തിൽ നടന്നു. എന്നാൽ സൗകര്യം കണക്കിലെടുത്ത് കണ്ണൂരിൽ കോടിയേരിയുടെ മൃതദേഹം വിമാനത്തിൽ എത്തിച്ചു. എല്ലാത്തിനും പിണറായി നേരിട്ട് നേതൃത്വം നൽകി. അനുശോചന യോഗത്തിൽ പതറി. പക്ഷേ അതിന് ശേഷം യാത്ര വിദേശത്തേക്കുമായി. ഈ യാത്ര വൈകാതിരിക്കാനാണ് തിരുവനന്തപുരത്തേക്ക് കോടിയേരിയുടെ മൃതദേഹം കൊണ്ടു വരാത്തതെന്നും വിമർശനം ഉയർന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ വിലാപ യാത്ര എത്തിയ ശേഷമായിരുന്നു സംസ്‌കാരമെങ്കിൽ അന്ന് പുലർച്ചെ പിണറായിക്ക് വിദേശത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല.

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു. രണ്ടാംഘട്ട പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന നോർവേയിലേക്കാണ് പോയത്. ഒക്ടോബർ ഒന്നിനാണ് പോകാനിരുന്നത്. എന്നാൽ കോടിയേരിയുടെ രോഗാവസ്ഥ പരിഗണിച്ച് യാത്ര നീട്ടി. വേണ്ടെന്ന് വച്ചുവെന്ന തരത്തിലാണ് വാർത്ത വന്നത്. കോടിയേരിയുടെ മരണമായതു കൊണ്ട് തന്നെ ഉടൻ പോകില്ലെന്നും കരുതി. എന്നാൽ വിദേശത്തെ കൂടിയാലോചനകൾ അടിയന്തരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഇതോടെ ഫിൻലൻഡ് ഒഴിവാക്കി മറ്റിടങ്ങളിലേക്ക് പോകാൻ തീരുമാനിച്ചു. കുടുംബവുമായി മുഖ്യമന്ത്രി യാത്രയായി. ഇതു കാരണം തിരുവനന്തപുരത്തെ അനുസ്മരണത്തിൽ പോലും പങ്കെടുക്കാനായില്ലെന്നതാണ് വസ്തുത.

സിപിഎം പ്രസ്താവന ചുവടെ

കോടിയേരി ബാലകൃഷ്ണന് അർഹിക്കുന്ന ആദരവോടെയാണ് കേരള ജനത അന്ത്യോപചാരമർപ്പിച്ചതെന്ന് സിപിഐ എം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരള ജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

മദ്രാസിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്.ദീർഘ നാളത്തെ രോഗാവസ്ഥ ശരീരത്തെ ഏറെ ബാധിച്ചിരുന്നു. മരണ ശേഷവും ദീർഘമായ ഒരു യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കണമെന്ന നിർദ്ദേശമാണ് ഡോക്ടർമാരിൽ നിന്നും ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് മദ്രാസിൽ നിന്ന് തലശ്ശേരിയിലേക്കും, പിന്നീട് കണ്ണൂരിലേക്കും കൊണ്ടുപോകുന്നതിനുള്ള തീരുമാനമെടുത്തത്.

കോടിയേരിക്ക് അന്ത്യയാത്ര നൽകുന്നതിന് സംസ്ഥാനത്തും പുറത്തുമുള്ള എല്ലാ വിഭാഗങ്ങളും എത്തിച്ചേരുകയുണ്ടായി. അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും കണ്ണൂരിലേക്കും ഉണ്ടായത്. തികഞ്ഞ അച്ചടക്കത്തോടെ ക്രമീകരണങ്ങളോട് സഹകരിക്കാൻ ജനങ്ങൾ സന്നദ്ധമായി എന്നതും ആ ആദരവിന്റെ ദൃഢതയാണ് വ്യക്തമാക്കുന്നത്.

അന്ത്യോപചാരമർപ്പിക്കാനെത്തിയ പാർട്ടി പ്രവർത്തകരോടും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങളോടും ബഹുജനങ്ങളോടും പാർട്ടിക്കുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. രോഗാവസ്ഥ കണ്ടുപിടിച്ചതോടെ ഏറ്റവും വിദഗ്ദമായ ചികിത്സ ലഭ്യമാക്കുന്നതിനാണ് പാർട്ടി പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിനായി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അശ്രാന്തപരിശ്രമം തന്നെയാണ് നടത്തിയത്. അതിനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കോടിയേരിയുടെ നിര്യാണത്തിലൂടെ വലിയ നഷ്ടമാണ് പാർട്ടിക്കുണ്ടായിട്ടുള്ളത്. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലുണ്ടായ നഷ്ടങ്ങളെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മറികടന്നത്. അത്തരത്തിലുള്ള കൂട്ടായ ഇടപെടൽ തുടർന്നും ഉണ്ടാകുമെന്ന് പാർട്ടിയെ സ്‌നേഹിക്കുന്ന മുഴുവൻ ബഹുജനങ്ങൾക്കും ഉറപ്പ് നൽകുന്നുവെന്നും സിപിഐ എം പ്രസ്താവനയിൽ വ്യക്തമാക്കി . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP