Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധവാൻ... ഗിൽ... ഗെയ്ക് വാദ്... കിഷൻ.. അയ്യർ.. പിന്നെ കേരളാ താരം; പ്രതിഭയും പരിചയ സമ്പന്നതയും തിരിച്ചറിയാത്ത കോച്ചും ക്യാപ്ടനും തോൽപ്പിച്ചു; അയ്യരും സഞ്ജുവും നേരത്തെ ഇറങ്ങിയിരുന്നു എങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു; ഓഫ് സൈഡിലെ ക്ലാസിനൊപ്പം ലെഗിലെ കില്ലിങ് സ്‌ട്രോക്കുകൾ; പോരാത്തതിന് ക്യാപന്റെ കൂളും; ടീം തോൽക്കുമ്പോഴും സഞ്ജു താരമായി മാറുമ്പോൾ

ധവാൻ... ഗിൽ... ഗെയ്ക് വാദ്... കിഷൻ.. അയ്യർ.. പിന്നെ കേരളാ താരം; പ്രതിഭയും പരിചയ സമ്പന്നതയും തിരിച്ചറിയാത്ത കോച്ചും ക്യാപ്ടനും തോൽപ്പിച്ചു; അയ്യരും സഞ്ജുവും നേരത്തെ ഇറങ്ങിയിരുന്നു എങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു; ഓഫ് സൈഡിലെ ക്ലാസിനൊപ്പം ലെഗിലെ കില്ലിങ് സ്‌ട്രോക്കുകൾ; പോരാത്തതിന് ക്യാപന്റെ കൂളും; ടീം തോൽക്കുമ്പോഴും സഞ്ജു താരമായി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശിഖർ ധവാൻ... ശുഭ്മാൻ ഗിൽ... റിതുരാജ് ഗെയ്ക് വാദ്... ഇഷാൻ കിഷൻ.. ശ്രേയസ് അയ്യർ.. പിന്നെ സഞ്ജു വി സാംസൺ... ബാറ്റിങ് ഓർഡറാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ തോൽപ്പിച്ചത്. ഗെയ്ക് വാദിനും ഇഷാൻ കിഷനും മുമ്പിൽ ബാറ്റ് ചെയ്യേണ്ട പ്രതിഭയും പരിചയ സമ്പന്നതയും ശ്രേയസിനും സഞ്ജുവിനുമുണ്ട്. എന്നാൽ ഇത് ക്യാപ്ടൻ ശിഖർ ധവാനും മാനേജർ വിവി എസ് ലക്ഷ്മണും മത്സരം തുടങ്ങിയപ്പോൾ തിരിച്ചറിഞ്ഞില്ല. ഇതാണ് ടീം ഇന്ത്യയ്ക്ക് ലഖ്‌നൗവിൽ തോൽവി നൽകിയതെന്നാണ് വസ്തുത.

റിതുരാജ് സിങ് ഗെയ്ക് വാദിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലത്തേത്. സമ്മർദ്ദം ഈ താരത്തെ ബാധിച്ചെന്നും പ്രകടമായിരുന്നു. പക്ഷേ ഏഴു കളികളിൽ നിന്ന് ഇതുവരെ 164 റൺസ് മാത്രമെടുത്ത ഇഷാൻ കിഷന് സഞ്ജുവിന് മുകളിൽ ബാറ്റിങ് ഓഡറിൽ സ്ഥാനം കിട്ടുന്നു. 38 ഏകദിനത്തിൽ 1158 റൺസുമായി 42.88 റൺസ് ശരാശരിയുള്ള ശ്രേയസിന്റെ പരിചയവും ആരും കണ്ടില്ല. സഞ്ജുവിനെ പോലെ ശ്രേയസിനേയും തഴയാനുള്ള പ്രവണത പലപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് കാട്ടാറുണ്ട്. അവർക്കുള്ള മറുപടിയായിരുന്നു ബാറ്റിങ് എളുപ്പമല്ലാത്ത പിച്ചിൽ ശ്രേയസ് നേടിയ 37 പന്തിലെ 50 റൺസ്. ഇന്ത്യയെ അസാധ്യമെന്ന് തോന്നിച്ച ജയത്തിലേക്ക് അടുപ്പിച്ച് സഞ്ജുവും 20-20 ലോകകപ്പിൽ തനിക്ക് സ്ഥാനം നൽകാത്ത ഇന്ത്യൻ ടീം മാനേജ്‌മെന്റിന് മുമ്പിൽ ചോദ്യങ്ങൾ ഉയർത്തുകയാണ്.

അവസാന മൂന്ന് ഓവറിൽ കൂടുതൽ സ്‌ട്രൈക്ക് സഞ്ജുവിന് കിട്ടിയുരുന്നുവെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിലെ അഭിമാനകരമായ വിജയങ്ങളിലൊന്നിന് ഇന്നലെ കളം ഒരുങ്ങുമായിരുന്നു. അത് സംഭവിക്കാത്തപ്പോഴും തല ഉയർത്തി സഞ്ജുവിന്റെ പോരാട്ട വീര്യം നിൽക്കുന്നു. 20-20 ലോകകപ്പിന് ശേഷം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലേക്കും തന്നെ പരിഗണിക്കാൻ സെലക്ഷൻ കമ്മറ്റിയെ നിർബന്ധിതമാക്കുന്നതാണ് സഞ്ജുവിന്റെ ഏകദിന ക്രിക്കറ്റിലെ സപ്പർ പ്രകടനം. എട്ട് ഏകദിനത്തിൽ നിന്ന് 65.50 ശരാശരിയുമായി ആകെ 262 റൺസ് നേടിയ സഞ്ജുവിന്റെ കരിയറിലെ രണ്ടാം അർദ്ധ സെഞ്ച്വറിയാണ് ഇന്നലെ പറന്നത്. അറുപത്തി മൂന്ന് പന്തിൽ 86 റൺസ്.

ഓഫ് സൈഡിൽ മാത്രം കൂറ്റൻ ഷോട്ടുകൾ അടിക്കുന്ന ക്ലാസ് പ്ലെയറിൽ നിന്ന് ലെഗിലും അസാമാന്യ കരുത്തിൽ പന്തുകളെ പായിക്കാൻ തനിക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബാറ്റിങ്. അവസാന ഓവറിൽ ഷംസിലെ മിഡ് വിക്കറ്റിൽ പറത്തിയ സിക്‌സും ഫോറുമെല്ലാം ഇതിന് തെളിവായി. ഓഫ് സൈഡിലെ ക്ലാസിനൊപ്പം കാലുകൾ അതിവേഗം ചലിപ്പിച്ച് റൺസ് മറു വശത്തും റൺസ് നേടുന്ന താരമാണ് താനെന്ന് സഞ്ജു തെളിയിച്ചു. ക്യാപ്ടന് വേണ്ട കൂൾ തന്നിലുണ്ടെന്ന് കാട്ടുന്നത് കൂടിയാണ് ഷാർദ്ദുൽ താക്കൂറുമൊത്ത് ആറാം വിക്കറ്റിൽ നേടിയ 93 റൺസ്. ഷാർദ്ദുലിനെ ആത്മവിശ്വാസത്തിലെടുത്തായിരുന്നു മലയാളി താരത്തിന്റെ ക്രീസിലെ നങ്കൂരമിടൽ. അതിന് ശേഷം ആഞ്ഞടിച്ചു. പക്ഷേ അനാവശ്യ വിക്കറ്റുകൾ ജയം അകലെയാക്കി.

മുപ്പത്തിയെട്ടാം ഓവറിൽ നേടാനായത് വെറും എട്ട് റൺസ്... അടുത്ത ഓവറിൽ ഏഴു റൺസും. മുപ്പത്തിയെട്ടിൽ രണ്ടു വിക്കറ്റും മുപ്പത്തിയൊമ്പതിൽ ഒരു വിക്കറ്റും. ബാറ്റ്‌സ്മാൻ ഉയർത്തിയടിക്കുമ്പോൾ റണ്ണിന് വേണ്ടി ഓടും. ക്യാച്ചെടുക്കും മുമ്പ് ക്രോസ് ചെയ്താൽ മറുതലയ്ക്കലുള്ള താരത്തിന് പിന്നീട് ബാറ്റ് ചെയ്യാമെന്നതായിരുന്നു ക്രിക്കറ്റിലെ പഴയ നിയമം. അതു മാറി വിക്കറ്റ് വീണാൽ പകരമെത്തുന്ന പുതിയ താരം ക്രീസിൽ നിലയുറപ്പിക്കണമെന്നാണ് പുതിയ നിയമം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ കളിയിൽ ഈ നിയമം ആതിഥേയർക്ക് വിനയായി. പഴയ രീതിയിലായിരുന്നു കളിയെങ്കിൽ സഞ്ജു താരമാകുമായിരുന്നു.

നാൽപത് ഓവറിൽ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആദ്യ 20 ഓവറിൽ നേടാനായത് നാലു വിക്കറ്റ് നഷ്ടത്തിൽ 76 റൺസാണ്. അവിടെ നിന്ന് ശ്രേയസ് അയ്യരുമായി സഞ്ജു പതിയെ ഇന്നിങ്‌സ് കെട്ടിപെടുത്തു. ക്രീസിൽ നിലയറുപ്പിച്ചു. ശ്രേയസ് അയ്യർ അസാധ്യമായ ഷോട്ടുകളിലൂടെ സ്‌കോർ ഉയർത്തി. ഇതിനിടെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി അയ്യർ പുറത്തായി. പിന്നീട് ഷാർദുൽ താക്കൂർ. താക്കൂറിനെ ക്രീസിൽ ഉറപ്പിക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം. വിക്കറ്റ് സൂക്ഷിച്ച് അവസാന ഓവറിൽ ആഞ്ഞടിക്കാനുള്ള ശ്രമം. ഇതു ഏതാണ്ട് വിജയിക്കുകയും ചെയ്തു. 37-ാം ഓവറിൽ അഞ്ചു വിക്കറ്റിന് 205എന്ന നിലയിൽ സ്‌കോർ എത്തിച്ചു. അവസാന മൂന്ന് ഓവറിൽ വേണ്ടത് 45 റൺസ്. അപ്രതീക്ഷിതമായി ഷാർദുൽ പുറത്തായി. ഇതോടെ കഷ്ടകാലം തുടങ്ങി. അടുത്ത രണ്ട് ഓവർ സഞ്ജു വെറും കാഴ്ചക്കാരനായിരുന്നു.

മുപ്പത്തിയെട്ടാം ഓവറിന്റെ ആദ്യ പന്ത് വൈഡ്. അടുത്തത് സഞ്ജു ബൗണ്ടറി കടത്തി. നാലു റൺസ്. അതിന് ശേഷം സിംഗിൾ എടുത്ത് ഷാർദ്ദുലിന് സ്‌ട്രൈക് കൈമാറി. ഈ സമയം 15 പന്തിൽ വേണ്ടത് 39 റൺസ്. അടുത്തടുത്ത പന്തിൽ താക്കൂറും കുൽദീപ് യാദവും എഗംഡിയുടെ പന്തിൽ പുറത്ത്. അഞ്ചാമത്തെ പന്തിൽ ആവേശ് ഖാൻ ഒരു റൺസ് എടുത്തു. അടുത്തത് വൈഡ്. അവസാന പന്തിൽ റൺസ് കിട്ടയതുമില്ല. ഇതോടെ സഞ്ജു നോൺ സ്‌ട്രൈക്കറായി. 39-ാം ഓവറിലെ ആദ്യ നാലു പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത് ആവേശ് ഖാൻ അഞ്ചാം പന്തിൽ പുറത്തായി. അവസാന പന്തിൽ രവി ബിഷ്‌ണോയിക്ക് റണ്ണും കിട്ടിയില്ല. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 30 റൺസ്.

പന്തെറിയാൻ വന്നത് ഷെംസി. വലിയ ബൗൺസില്ലാത്ത നല്ല ടേണുള്ള പിച്ചിൽ ലെഫ്റ്റ് ആം ഓഫ് സ്പിന്നിലെ ബൗണ്ടറി കടത്തുക അസാധ്യമായിരുന്നു. മിഡ് വിക്കറ്റിൽ ആദ്യ സിക്‌സ്. ഡീപ്പ് ബാക്ക് വേർഡ് സ്‌ക്വയറിൽ അസാധ്യമായ ഷോട്ടിലൂടെ ഫോർ. വീണ്ടും നാലു റൺസ്. ഇതോടെ സഞ്ജു മാജിക് ഏവരും പ്രതീക്ഷിച്ചു. എന്നാൽ അടുത്ത പന്തിൽ റൺസ് എടുക്കാനായില്ല. അഞ്ചാം പന്തും ബൗണ്ടറി കടന്നു. അപ്പോഴേക്കും കളിയിൽ വിജയം അകന്നു. അവസാന പന്തിൽ ഒരു റൺസ് നേടി സഞ്ജു ആ ഓവറിൽ 20 റൺസെടുത്തു.

അപ്പോഴാണ് തൊട്ടു മുമ്പുള്ള രണ്ട് ഓവറുകളിൽ വിക്കറ്റ് കളഞ്ഞു കുളിച്ചതിന്റെ നഷ്ടം ഇന്ത്യ മനസ്സിലാക്കിയത്. സഞ്ജുവിന്റെ മികവ് ദക്ഷിണാഫ്രിക്കൻ താരങ്ങളും കൈയടിയോടെ കണ്ടു. ഇന്ത്യ തോറ്റപ്പോഴും ഗാലറിയുടെ കൈയടികൾ ഏറ്റു വാങ്ങി സഞ്ജു പവലിയനിലേക്ക് എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP