Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയൽവാസിയായ റിട്ട.അദ്ധ്യാപികയുടെ ബാഗിൽ നിന്നും എടിഎം കാർഡും പിൻ നമ്പരും മോഷ്ടിച്ചു; അക്കൗണ്ടിൽ നിന്നും 1.84 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് യുവതികൾ അറസ്റ്റിൽ

അയൽവാസിയായ റിട്ട.അദ്ധ്യാപികയുടെ ബാഗിൽ നിന്നും എടിഎം കാർഡും പിൻ നമ്പരും മോഷ്ടിച്ചു; അക്കൗണ്ടിൽ നിന്നും 1.84 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് യുവതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശൂർ: അയൽവാസിയും കൂട്ടുകാരിയുമായ അദ്ധ്യാപികയുടെ എടിഎം കാർഡും പിൻ നമ്പറും തട്ടിയെടുത്ത് വിവിധ എടിഎമ്മുകളിൽ കയറി 1.84 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു യുവതികൾ അറസ്റ്റിൽ. വടൂക്കര എസ്എൻ നഗറിൽ റിട്ട. അദ്ധ്യാപിക റഹ്മത്തിന്റെ പണമാണ് നഷ്ടപ്പെട്ടത്. എടിഎം കാർഡും പിൻ നമ്പറും നഷ്ടമായെന്ന് മനസ്സിലാക്കിയ ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസികളായ പ്രതികൾ കുടുങ്ങിയത്.

വടൂക്കര എസ്. എൻ. നഗർ കളപ്പുരയിൽ വീട്ടിൽ ഷാജിത (36), കാസർഗോഡ് ഹൊസങ്ങാടി സമീറ മൻസിലിൽ സമീറ (31) എന്നിവരെയാണു നെടുപുഴ എസ്‌ഐ. കെ. അനുദാസ് അറസ്റ്റ് ചെയ്തത്. റഹ്മത്തിന്റെ ഹാൻഡ് ബാഗിൽ നിന്ന് എടിഎം കാർഡും പിൻനമ്പർ എഴുതിവച്ച കടലാസും മോഷ്ടിച്ചെടുത്ത ഇവർ ഒരാഴ്ചയോളം വിവിധ എടിഎമ്മുകളിൽ നിന്നും 1,84,000 രൂപ കൈക്കലാക്കുകയായിരുന്നു.

റഹ്മത്ത് അയൽപക്കത്ത് വാടകയ്ക്കു നൽകിയ വീട്ടിൽ താമസക്കാരിയും സുഹൃത്തുമാണ് പ്രതി ഷാജിത. റഹ്മത്ത് ഇവരെ ഇടയ്ക്ക് സാമ്പത്തികമായി സഹായിച്ചിരുന്നു. മാത്രമല്ല പ്രതികൾക്ക് ടീച്ചറുടെ അക്കൗണ്ടിൽ ധാരാളം പണം ഉണ്ടെന്ന് അറിയാമായിരുന്നു. കഴിഞ്ഞ 19നു മൂവരും കൂടി സാഹിത്യ അക്കാദമിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങി. വഴിക്ക് എടിഎമ്മിൽ കയറി പണം പിൻവലിച്ചിരുന്നു. കാർഡും പിൻനമ്പർ എഴുതിയ പേപ്പറും ബാഗിനുള്ളിൽ ഉണ്ടെന്നു മനസ്സിലാക്കിയ പ്രതികൾ വീട്ടിലെത്തിയപ്പോൾ അതു കൈക്കലാക്കുക ആയിരുന്നു.

അന്നു രാത്രി തന്നെ രണ്ടു പേരും കൂടി മോഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 1.84 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായി മൊബൈലിൽ എസ്എംഎസ് വന്നിരുന്നെങ്കിലും പ്രായാധിക്യം മൂലം റഹ്മത്ത് മൊബൈൽ ഫോൺ അധികം ശ്രദ്ധിച്ചിരുന്നില്ല. ഒരാഴ്ചയ്ക്കുശേഷം ബാങ്കിൽ നിന്ന് അത്യാവശ്യത്തിനു പണം പിൻവലിക്കാൻ എത്തിയപ്പോൾ അക്കൗണ്ടിൽ പണമില്ല. അപ്പോഴാണ് തന്റെ എടിഎം കാർഡും പിൻനമ്പറും എഴുതിയ കടലാസും മോഷണം പോയെന്നു മനസ്സിലായത്.

ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്. ഗ്രേഡ് സീനിയർ സിപിഒമാരായ സിബു, പ്രേംനാഥ്, ശ്രീജിത്, ശുഭ, സിപിഒ ജാൻസി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP