Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമ്മേളനത്തിലെ വെട്ടിനിരത്തൽ ഭാരവാഹികളിലേക്കും വരും; വിമതരായ സത്യൻ മോകേരിയേയും പ്രകാശ് ബാബുവിനേയും മാറ്റിയേക്കും; സുനീറിന് കോളടിക്കും; ഇസ്മായിലിനും ദിവാകരനും പിന്നിൽ നിന്നവരെ പുറത്താക്കാൻ തന്ത്രമൊരുക്കൽ സജീവം; അറുപത്തിയഞ്ച് വയസ്സിൽ ശത്രുക്കളെ വീഴ്‌ത്തും; സിപിഐയിൽ ഇനി കാനം മാത്രം

സമ്മേളനത്തിലെ വെട്ടിനിരത്തൽ ഭാരവാഹികളിലേക്കും വരും; വിമതരായ സത്യൻ മോകേരിയേയും പ്രകാശ് ബാബുവിനേയും മാറ്റിയേക്കും; സുനീറിന് കോളടിക്കും; ഇസ്മായിലിനും ദിവാകരനും പിന്നിൽ നിന്നവരെ പുറത്താക്കാൻ തന്ത്രമൊരുക്കൽ സജീവം; അറുപത്തിയഞ്ച് വയസ്സിൽ ശത്രുക്കളെ വീഴ്‌ത്തും; സിപിഐയിൽ ഇനി കാനം മാത്രം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സിപിഐ. സംസ്ഥാന സെക്രട്ടറിയായുള്ള കാനം രാജേന്ദ്രന്റെ മൂന്നാമൂഴത്തിൽ പാർട്ടി നേതൃസ്ഥാനങ്ങളിൽ അഴിച്ചുപണിക്ക് സാധ്യത. കാനം വിരുദ്ധർക്ക് നേരെയുണ്ടായ സമ്മേളനത്തിലെ വെട്ടിനിരത്തൽ ഭാരവാഹികളിലേക്കും വരും. പാർട്ടിയിൽ തന്റെ അനുകുലികളുടെ പുതിയ നേതൃനിര ഒരുക്കുകയാണ് ഇതിലൂടെ കാനം ലക്ഷ്യമിടുന്നത്. അഴിച്ചുപണിയുണ്ടായാൽ സംസ്ഥാന എക്‌സിക്യുട്ടീവിലും കാര്യമായ മാറ്റമുണ്ടാകും.

നിലവിലെ സാഹചര്യത്തിൽ അസിസ്റ്റന്റ് സെക്രട്ടറിമാരിൽ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരിൽ ഒരാൾക്ക് തുടർച്ച അനുവദിച്ചേക്കുമെന്നാണ് സൂചന. പ്രകാശ് ബാബുവിനാണ് കൂടുതൽ സാധ്യത. 65 വയസ്സാണ് പ്രായപരിധിയെങ്കിൽ രണ്ടുപേർക്കും പുറത്തേക്കുള്ള വഴിയാകും തെളിയുക.സംസ്ഥാന കൗൺസിലിൽ നിന്നും സി ദിവാകരനേയും,ഇസ്മായിലിനേയും വെട്ടിക്കളഞ്ഞ പ്രായപരിധി ആയുധമാക്കിയാവും ഭാരവാഹികളുടെ കാര്യത്തിലും കാനം പക്ഷത്തിന്റെ വെട്ടിനിരത്തൽ.

പ്രകാശ് ബാബുവിനെ ദേശീയ എക്‌സിക്യുട്ടീവ് അംഗമാക്കാനുള്ള ചർച്ചകളും സജീവമാണ്. പ്രായപരിധിയിൽ കെ.ഇ. ഇസ്മയിൽ ഒഴിയുന്ന സ്ഥാനം ദേശീയ എക്സിക്യുട്ടീവിലുണ്ടാകും. വർഗബഹുജന സംഘടനയുടെ പ്രതിനിധിയായാണ് ഇസ്മയിൽ ദേശീയ എക്‌സിക്യുട്ടീവിലുള്ളത്. അതിനാൽ, പ്രകാശ് ബാബുവിനും അത്തരമൊരു സംഘടനാ ചുമതല കൂടിവന്നേക്കും. അങ്ങനെയെങ്കിൽ അസിസ്റ്റന്റ് സെക്രട്ടറിസ്ഥാനം പ്രകാശ് ബാബു ഒഴിയേണ്ടി വരും.

നിലവിലെ അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാൾ ഒഴിഞ്ഞാൽ പകരമെത്താൻ ഏറ്റവും കൂടുതൽ സാധ്യത മലപ്പുറത്തുനിന്നുള്ള പി.പി. സുനീറാണ്. രണ്ടും പുതുമുഖങ്ങളാണെങ്കിൽ സുനീറിനൊപ്പം മുല്ലക്കര രത്‌നാകരനാണ് സാധ്യതയേറെ. പാർട്ടി കോൺഗ്രസിനുശേഷമാണ് സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെയും അസിസ്റ്റന്റ് സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ് നടക്കുക. ജില്ലാ എക്‌സിക്യുട്ടീവും അതിനുശേഷം രൂപവത്കരിച്ചാൽ മതിയെന്നാണ് പാർട്ടി തീരുമാനം.

21 അംഗ സംസ്ഥാന എക്‌സിക്യുട്ടിവാണ് നിലവിലുള്ളത്. ഇതിൽ സി.എ. ചന്ദ്രൻ, ടി. പുരുഷോത്തമൻ എന്നിവർ അന്തരിച്ചതിനെത്തുടർന്നും പ്രായപരിധിയാൽ പുറത്തായ സി ദിവാകരന്റെയും ഒഴിവുകളുണ്ട്. ഇതിനൊപ്പം പുതുമുഖങ്ങളെ എക്‌സിക്യുട്ടീവിന്റെ ഭാഗമാക്കാൻ ചില അഴിച്ചുപണികളും നടന്നേക്കും.

സി.എൻ. ചന്ദ്രൻ, സത്യൻ മൊകേരി എന്നിവരെ ഒഴിവാക്കിയാകും പുതിയ അംഗങ്ങളെ കൊണ്ടുവരിക. സത്യൻ മൊകേരി കിസാൻസഭയുടെ ദേശീയ നേതൃത്വത്തിലുണ്ട്. ചന്ദ്രൻ ദേശീയ കൗൺസിൽ അംഗമാണ്. അംഗമല്ലെങ്കിലും ഇവർക്ക് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിൽ പങ്കെടുക്കാനാകും. പകരം, കണ്ണൂരിൽനിന്ന് പി. സന്തോഷ് കുമാർ എംപി. കോഴിക്കോട്ടുനിന്ന് ടി.വി. ബാലൻ, തിരുവനന്തപുരത്തുനിന്ന് മന്ത്രി ജി.ആർ. അനിൽ എന്നിവർക്കാണ് സാധ്യത.

അതേസമയം സമ്മേളനകാലത്തെ വിഭാഗീയ പ്രവർത്തനങ്ങൾക്കുള്ള തിരിച്ചടി കൂടിയാവും കാനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലൂടെ നൽകുക എന്നും സൂചനയുണ്ട്. പ്രായപരിധി വിവാദമുൾപ്പെടെ കാനത്തിനെതിരെ സി ദിവാകരനും,ഇസ്മായിലുമടക്കമുള്ളവർ പാളയത്തിൽ പടക്ക് തുടക്കമിട്ടിരുന്നു.അതേ ഇസ്മായിലും,ദിവാകരനും ഈ സമ്മേളനകാലത്ത് തന്നെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താകുന്ന കാഴ്‌ച്ചയാണ് കണ്ടത്.കാനം പക്ഷത്തിന്റെ സമ്പൂർണ്ണ ആധിപത്യമാണ് ഈ സമ്മേളനകാലത്ത് സിപിഐയിൽ നിഴലിച്ച് നിന്നതെന്നതും യാഥാർത്ഥ്യം.

ഇതേ നിലപാടോടു കൂടിയാവും തനിക്കൊപ്പം നിൽക്കുന്നവരെ പുതിയ ടീമിന്റെ ഭാഗമായി നേതൃനിരയിലേക്ക് കൊണ്ടുവന്നുകൊണ്ട് പാർട്ടിയിൽ തന്റെ മേധാവിത്വം കാനം ഊട്ടിയുറപ്പിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP