Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ തരൂർ അനുകൂല കാറ്റ് തിരിച്ചറിഞ്ഞ് കെ സുധാകരന്റെ ചുവടുമാറ്റം; ചെന്നിത്തലയും മുരളീധരനും ഖാർഗെക്കായി വാദിക്കുമ്പോഴും കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിയുന്നില്ല; തരൂരിന്റെ താരപ്രഭയിൽ മിക്ക സംസ്ഥാനങ്ങളിലും വോട്ടുചോർച്ച ഉറപ്പ്; ഖാർഗെയ്ക്ക മത്സരം കടുക്കുമ്പോൾ നിലനിൽപ്പ് ഭീതിയിൽ പരക്കംപാഞ്ഞ് ഹൈക്കമാൻഡിലെ പ്രമുഖരും

കേരളത്തിലെ തരൂർ അനുകൂല കാറ്റ് തിരിച്ചറിഞ്ഞ് കെ സുധാകരന്റെ ചുവടുമാറ്റം; ചെന്നിത്തലയും മുരളീധരനും ഖാർഗെക്കായി വാദിക്കുമ്പോഴും കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിയുന്നില്ല; തരൂരിന്റെ താരപ്രഭയിൽ മിക്ക സംസ്ഥാനങ്ങളിലും വോട്ടുചോർച്ച ഉറപ്പ്; ഖാർഗെയ്ക്ക മത്സരം കടുക്കുമ്പോൾ നിലനിൽപ്പ് ഭീതിയിൽ പരക്കംപാഞ്ഞ് ഹൈക്കമാൻഡിലെ പ്രമുഖരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ജനപിന്തുണ നാൾക്കുനാൾ വർധിച്ചു വരികയാണ്. കേരളത്തിൽ തരൂർ അനുകൂല തരംഗം തന്നെ നിലനിൽക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ അദ്ദേഹത്തെ എതിർക്കുമ്പോഴും വാക്കുകൾ കൊണ്ട് പിന്തുണ തനിക്കാക്കി മാറ്റുകയാണ് തരൂർ. യുവാക്കളും മധ്യവർഗവും കോൺഗ്രസിന് വേണ്ടത് തരൂരിനെ പോലൊരു നേതാവിനെ ആണെന്ന് ആവർത്തിക്കുമ്പോൾ അതിനെ കണ്ടില്ലെന്ന് വെക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

കേരളത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക കെ സുധാകരൻ വന്നത് അണികളുടെ മുറവിളികൾക്ക് ഒടുവിലാണ്. സമാനമായ വിധത്തിലാണ് ഇപ്പോൾ തരൂരിനായി കോൺഗ്രസ് പ്രവർത്തകർ ആർപ്പു വിളിക്കുന്നത്. നാളെയുടെ കോൺഗ്രസിനെ ഓർത്ത് തരൂരിനെ പിന്തുണക്കണമെന്ന അഭിപ്രായത്തിലാണ് പ്രവർത്തകർ. മുതിർന്ന നേതാക്കളെ തിരുത്താൻ പോലും അവർ തയ്യാറാകുകയും ചെയ്യുന്നു. അണികളുടെ ഈ വികാരം തിരിച്ചറിഞ്ഞു കൊണ്ടാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇപ്പോൾ ന്യൂട്രൽ നിലപാടിലേക്ക് മാറിയത്. കേരളത്തിൽ അടക്കം വലിയ അടിയൊഴുക്ക് തരൂരിന് അനുകൂലമായി ഉണ്ടായേക്കാം. മറ്റ് സംസ്ഥാനങ്ങളിലും തരൂരിന്റെ താരപ്രഭ വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. തരൂരിന് കിട്ടുന്ന അപ്രതീക്ഷിത പിന്തുണയിൽ ഹൈക്കമാൻഡിലെ ചില കേരള നേതാക്കളും അസ്വസ്ഥരാണ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരുമായി നല്ല സൗഹൃദമാണുള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഖാർഗെയ്ക്ക് കേരളത്തിന്റെ പിന്തുണ പ്രഖ്യാപിക്കാൻ താൻ ആളല്ലെന്നും സുധാകരൻ പറഞ്ഞു. നേരത്തെ ഖാർഗെയെ പിന്തുണക്കുന്നതായി കെ സുധാകരൻ പ്രതികരിച്ചത് വാർത്താ കുറിപ്പ് വഴിയായിരുന്നെങ്കിൽ ഇപ്പോൾ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയാണ് തരൂരിന് അനുകൂലമെന്ന വിധത്തിൽ നിലപാട് അറിയിച്ചത്.

'ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും, അത് ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. ഞാനും ശശി തരൂരും വളരെ സൗഹൃദത്തിലാണ്. രാവിലെ സംസാരിച്ചതാണ്. തിരഞ്ഞെടുപ്പിന്റെ പേരിൽ ഞങ്ങളുടെ സൗഹൃദത്തിന് ഒരു അപകടവും സംഭവിക്കില്ല. കോൺഗ്രസ് ആണ് പാർട്ടി. ജനാധിപത്യം ഒരുപാട് കണ്ടവരാണ്. ഗാന്ധിജിയുടെ സ്ഥാനാർത്ഥിയും നെഹ്റുവിന്റെ സ്ഥാനാർത്ഥിയും തമ്മിൽ മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോൺഗ്രസിന്റെ ചരിത്രം അതാണ്', കെ. സുധാകരൻ പറഞ്ഞു.

ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ് മത്സരം. മത്സരവീര്യവും ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപുമാണ് ഒരു രാഷ്ട്രീയപാർട്ടിയുടെ എല്ലാ കരുത്തിന്റെയും നിദാനം. കോൺഗ്രസ് അതിലേക്ക് പോകുമ്പോൾ അസൂയ വേണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിന്റെ പിന്തുണ ഖാർഗെക്ക് ആണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കേരളത്തിന്റെ പിന്തുണ പ്രഖ്യാപിക്കാൻ ഞാനാരാണെന്ന് സുധാകരൻ ചോദിച്ചു.

മല്ലികാർജുൻ ഖാർഗെയുടെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോൺഗ്രസിനെ നയിക്കാൻ ഏറ്റവും ഉചിതമെന്ന് കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറുപതിറ്റാണ്ടത്തെ പൊതുജീവിതത്തിൽ എന്നും മതേതര ആശയങ്ങൾ മുറുകെപ്പിടിച്ച നേതാവാണ് ഖാർഗെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.മുരളീധരൻ തുടങ്ങിയ നേതാക്കളെല്ലാം മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടു മുതൽ ഉയർന്നുവന്ന ഖാർഗെയാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നായിരുന്നു കെ.മുരളീധരന്റെ വാക്കുകൾ. എന്നുകരുതി തങ്ങളാരും തരൂരിന് എതിരല്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനു സാധാരണ ജനങ്ങളുമായി ബന്ധം അൽപം കുറവാണ്. അദ്ദേഹം വളർന്നുവന്ന സാഹചര്യം അങ്ങനെയാണ്. അതിനെ കുറ്റം പറയാനാകില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു

ഒരു പടികൂടി കടന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നാല് സംസ്ഥാനത്ത് ഖാർഗെയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ അഹമ്മദാബാദിലുള്ള ചെന്നിത്തല മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിലാകും ആദ്യമെത്തുക. വിജയത്തിൽ സംശയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, തന്നെ ചവിട്ടിത്താഴ്‌ത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് സോണിയ ഗാന്ധിയും കുടുംബവും വ്യക്തമാക്കിയിട്ടും കെപിസിസി ഇത്തരത്തിൽ ഒരാൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ശരിയല്ല. ഏറ്റവും കൂടുതൽ എതിർപ്പ് കേരളത്തിൽ നിന്നാണെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും തെരഞ്ഞെടുപ്പ് ഓഫീസർ മധുസൂദൻ മിസ്ത്രിക്ക് പരാതി നൽകിയെന്നും തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP