Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോലിയും കെ എൽ രാഹുലും പുറത്തിരുന്ന മത്സരത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കയുടെ ആശ്വാസ വിജയം 49 റൺസിന്; ഇന്ത്യൻ നിരയിൽ തിളങ്ങിയത് ദിനേശ് കാർത്തിക്കും ദീപക് ചഹാറും; തോറ്റെങ്കിലും പരമ്പര നേടി രോഹിത്തും കൂട്ടരും

കോലിയും കെ എൽ രാഹുലും പുറത്തിരുന്ന മത്സരത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കയുടെ ആശ്വാസ വിജയം 49 റൺസിന്; ഇന്ത്യൻ നിരയിൽ തിളങ്ങിയത് ദിനേശ് കാർത്തിക്കും ദീപക് ചഹാറും; തോറ്റെങ്കിലും പരമ്പര നേടി രോഹിത്തും കൂട്ടരും

സ്പോർട്സ് ഡെസ്ക്

ഇൻഡോർ: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം. ബാറ്റിങ് നിരയിൽ മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യക്ക് തോൽവി നേരിടേണ്ടി വരികയായിരുന്നു. കോലിയും കെ എൽ രാഹുലും ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്ക് 49 റൺസിന്റെ തോൽവിയാണ് നേരിടേണ്ടി വന്നത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 178 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യൻ നിരയിൽ ദിനേശ് കാർത്തിക്കിനും അവസാന ഓവറുകളിൽ തകർത്തടിച്ച ദീപക് ചഹാറിനുമൊഴികെ മറ്റാർക്കും തിളങ്ങാനായില്ല.

കാർത്തിക്ക് 21 പന്തിൽ നാല് സിക്സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയിൽ 46 റൺസെടുത്തു. ദീപക് ചഹാർ 17 പന്തിൽ മൂന്ന് സിക്‌സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ 31 റൺസെടുത്തു. റണ്ണൊന്നുമെടുക്കാതെ പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പ്രിറ്റോറിയസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വെയിൻ പാർനലും എൻഗിഡിയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

രോഹിത് ശർമ്മ വീണതോടെ രണ്ടാം ഓവറിൽ ശ്രേയസ് അയ്യരും (1) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ ഋഷഭ് പന്തും സ്ഥാനക്കയറ്റം കിട്ടിയെത്തിയ ദിനേഷ് കാർത്തിക്കും ചേർന്ന് സ്‌കോർ 45 വരെയെത്തിച്ചു. 14 പന്തിൽ നിന്ന് 27 റൺസെടുത്ത പന്തിനെ അഞ്ചാം ഓവറിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്ബ്സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

എന്നാൽ ദിനേഷ് കാർത്തിക്ക് ഒരു ഭാഗത്ത് തകർത്തടിക്കുകയായിരുന്നു. 21 പന്തിൽ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം 46 റൺസെടുത്ത് മികച്ച ഫോമിലായിരുന്ന കാർത്തിക്ക് കേശവ് മഹാരാജിന്റെ പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. ഇന്ത്യൻ പ്രതീക്ഷയായിരുന്ന സൂര്യകുമാർ യാദവിനെയും (8) മികച്ചൊരു ക്യാച്ചിലൂടെ സ്റ്റബ്ബ്സ് മടക്കിയതോടെ ടീം കളി കൈവിട്ടു. വാലറ്റത്ത് ദീപക് ചാഹർ 17 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 31 റൺസോടെ മികച്ച ബാറ്റിങ് പുറത്തെടുത്തു. ഹർഷൽ പട്ടേൽ (17), അക്ഷർ പട്ടേൽ (9), ആർ. അശ്വിൻ (2), മുഹമ്മദ് സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ. ഉമേഷ് യാദവ് 17 പന്തിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തിരുന്നു. സെഞ്ചുറി നേടിയ റൈലി റൂസോയുടെയും അർധ സെഞ്ചുറി നേടിയ ക്വിന്റൺ ഡിക്കോക്കിന്റെയും ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെ കേട് ഈ മത്സരത്തിൽ സെഞ്ചുറിയോടെ തീർത്ത റൂസോ 48 പന്തിൽ നിന്ന് എട്ടു സിക്സും ഏഴ് ഫോറുമടക്കം 100 റൺസോടെ പുറത്താകാതെ നിന്നു.

മൂന്ന് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ ടെംബ ബവുമ പുറത്തായ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡിക്കോക്ക് - റോസ്സൗ സഖ്യം അതിവേഗം 90 റൺസാണ് ദക്ഷിണാഫ്രിക്കൻ സ്‌കോറിലേക്ക് ചേർത്തത്. 43 പന്തിൽ നിന്നും നാല് സിക്സും ആറ് ഫോറുമടക്കം 68 റൺസെടുത്ത ഡിക്കോക്ക് 13-ാം ഓവറിൽ റണ്ണൗട്ടായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്ബ്സിനെ കൂട്ടുപിടിച്ച് റൂസോ 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 18 പന്തിൽ നിന്ന് 23 റൺസെടുത്ത സ്റ്റബ്ബ്സ് അവസാന ഓവറിലാണ് പുറത്തായത്. ദീപക് ചാഹർ എറിഞ്ഞ അവസാന ഓവറിൽ 24 റൺസാണ് ഡേവിഡ് മില്ലറും റൂസോയും ചേർന്ന് അടിച്ചെടുത്തത്. വെറും അഞ്ച് പന്തിൽ നിന്ന് 19 റൺസെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കൻ സ്‌കോർ 227-ൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP