Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

16ന് നടക്കാനിരിക്കുന്ന ചൈനീസ് പാർട്ടി കോൺഗ്രസിന് സമീപ ദിവസങ്ങളിലായി പ്രകോപനമുണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പ് ശരിയായി; ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി; പറന്നു പോയത് ആണവായുധം വഹിക്കാൻ ശേഷിയുള്ള ആയുധം; വീണ്ടും യുദ്ധഭീതിയിലേക്ക് ലോകത്തെ എത്തിച്ച് കിം ജോങ് ഉൻ; പ്രതിഷേധം ശക്തം

16ന് നടക്കാനിരിക്കുന്ന ചൈനീസ് പാർട്ടി കോൺഗ്രസിന് സമീപ ദിവസങ്ങളിലായി പ്രകോപനമുണ്ടാകുമെന്ന യുഎസ് മുന്നറിയിപ്പ് ശരിയായി; ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി; പറന്നു പോയത് ആണവായുധം വഹിക്കാൻ ശേഷിയുള്ള ആയുധം; വീണ്ടും യുദ്ധഭീതിയിലേക്ക് ലോകത്തെ എത്തിച്ച് കിം ജോങ് ഉൻ; പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

പ്യോങ്യാഗ്: ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച ഉത്തരകൊറിയയുടെ നടപടിയിൽ വ്യാപക പ്രതിഷേധം. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ജപ്പാന് നേരെയുള്ള ഉത്തരകൊറിയയുടെ ആക്രമണം. നടപടിക്ക് പിന്നാലെ ജപ്പാനിൽ ഏതാനും ട്രെയിനുകൾ റദ്ദാക്കി. ജനങ്ങളെ ഒഴിപ്പിച്ചു. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി. യുദ്ധസമാനമായ സാഹചര്യമാണ് ജപ്പാൻ ഒരുക്കിയത്. എന്തിനാണ് പ്രകോപനമെന്ന് ആർക്കും അറിയില്ലെന്നതാണ് വസ്തുത.

ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈൽ ജപ്പാന് മുകളിൽ കൂടി പറന്നെന്നും പസഫിക് സമുദ്രത്തിൽ അത് പതിച്ചുവെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ നടപടിയെ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അപലപിച്ചു. 'മിസൈൽ പരീക്ഷണത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. ഉത്തകൊറിയയുടേത് അശ്രദ്ധമായ ഒരു നടപടിയാണ്. സംഭവത്തെ അപലപിക്കുന്നുവെന്നും സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ദേശീയ സുരക്ഷാ കൗൺസിൽ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിസൈൽ 22 മിനിറ്റോളം ജപ്പാന് മുകളിലൂടെ പറന്നു, തുടർന്ന് രാജ്യത്തിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള സമുദ്രമേഖലയിൽ പതിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. ജനുവരി മുതൽ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണങ്ങളിൽ നിർണായകമായിരുന്നു ജപ്പാന് നേരെ തൊടുത്ത മിസൈൽ. ഹ്വാസോങ്-12 എന്ന മധ്യധൂര മിസൈലിന് അമേരിക്കൻ അധീനതയിലുള്ള ഗുവാമിൽ വരെ എത്തിപ്പെടാൻ ശേഷിയുണ്ട്. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയയും ജപ്പാനും അടിയന്തര സുരക്ഷായോഗം വിളിച്ചുചേർത്തിട്ടുണ്ട്.

മിസൈൽ തൊടുത്തുവിട്ടതിന് പിന്നാലെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ താമസക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ ജാപ്പനീസ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഹൊക്കായ്ഡോ, അമോരി പ്രദേശങ്ങളിലൂടെയുള്ള ട്രെയിൻ സർവീസുകളാണ് സർക്കാർ അറിയിപ്പുപുറത്തുവരുന്നതുവരെ റദ്ദാക്കിയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉത്തര കൊറിയ നടത്തിയ അഞ്ചാം റൗണ്ട് ആയുധ പരീക്ഷണമാണ് ജപ്പാന് മുകളിൽ കൂടിയുള്ള ഈ മിസൈൽ വിക്ഷേപണം. ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് പ്രതികരണമായാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്നാണ് വിലയിരുത്തൽ.

നേരത്തെ നടത്തിയ മിസൈൽ പരീക്ഷണങ്ങളെല്ലാം ഹ്രസ്വദൂര മിസൈൽ വിക്ഷേപണമായിരുന്നു. പെനിൻസുലയ്ക്കും ജപ്പാനുമിടയിൽ സമുദ്രത്തിലാണ് ഈ മിസൈലുകൾ പതിച്ചിരുന്നത്. ഉത്തരകൊറിയയിലുള്ള ലക്ഷ്യത്തിലേക്ക് വരെ എത്താൻ കഴിയുന്നതായിരുന്നു ഇവയുടെ പരമാവധി ദൂരപരിധി. ഈ വർഷം മാത്രം 20 വിക്ഷേപണപ്രവർത്തനങ്ങളിലൂടെ നാൽപ്പതിലധികം മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്.

ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെ ജപ്പാൻ അപലപിച്ചു. മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷണികൊറിയയും ആരോപിച്ചു. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ മുഴുവൻ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യരാഷ്ട്രമായ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഉത്തരവിട്ടതായും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.

ഒക്ടോബർ 16ന് നടക്കാനിരിക്കുന്ന ചൈനീസ് പാർട്ടി കോൺഗ്രസിന് സമീപദിവസങ്ങളിലായി പ്രകോപനമുണ്ടാകുമെന്നായിരുന്നു യുഎസ് മുന്നറിയിപ്പ്. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാന്റെ കോസ്റ്റ് ഗാർഡും സ്ഥിരീകരിച്ചു. കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ദക്ഷിണകൊറിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്ത സൈനിക അഭ്യാസങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.

ദക്ഷിണ കൊറിയയും ജപ്പാനും യുഎസും വെള്ളിയാഴ്ച സമുദ്രത്തിൽ അന്തർവാഹിനി അഭ്യാസം നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിച്ചത്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കഴിഞ്ഞയാഴ്ച സിയോളിൽ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP