Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്യൂണിസ്റ്റ് പാർട്ടികൾ കലഹിച്ചുമുന്നേറേണ്ട കാലമല്ല ഇതെന്ന രാഷ്ട്രീയയാഥാർഥ്യം തുറന്നു പറഞ്ഞ് മൂന്നാം ഊഴത്തിൽ; സിപിഐയിലും ഇനി സിപിഎമ്മിലെ പിണറായി മോഡലിന് സമാനമായ 'കാനം' ഭരണം; ഇസ്മായിലും ദിവാകരനും അപ്രസക്തർ; പ്രകാശ് ബാബുവും ഉൾപാർട്ടി വിപ്ലവത്തിന് ഇനിയില്ല; സിപിഐയിൽ പാർട്ടിയായി 'കാനം' മാറുമ്പോൾ

കമ്യൂണിസ്റ്റ് പാർട്ടികൾ കലഹിച്ചുമുന്നേറേണ്ട കാലമല്ല ഇതെന്ന രാഷ്ട്രീയയാഥാർഥ്യം തുറന്നു പറഞ്ഞ് മൂന്നാം ഊഴത്തിൽ; സിപിഐയിലും ഇനി സിപിഎമ്മിലെ പിണറായി മോഡലിന് സമാനമായ 'കാനം' ഭരണം; ഇസ്മായിലും ദിവാകരനും അപ്രസക്തർ; പ്രകാശ് ബാബുവും ഉൾപാർട്ടി വിപ്ലവത്തിന് ഇനിയില്ല; സിപിഐയിൽ പാർട്ടിയായി 'കാനം' മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐയിലും ഇനി സിപിഎമ്മിലെ പിണറായി മോഡലിന് സമാനമായ 'കാനം' ഭരണം. ഇനിയെല്ലാം പാർട്ടിയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തീരുമാനിക്കും. ദേശീയ നേതൃത്വത്തിനേയും തിരുത്താൻ അനുവദിക്കില്ല. മൃഗീയ ഭൂരിപക്ഷമാണ് സംസ്ഥാന നേതൃത്വത്തിൽ കാനം വിഭാഗം നേടുന്നത്. സമാനതകളില്ലാത്ത വിജയം. സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പിലേക്ക് കാനം അനുകൂലികൾ ഇസ്മയിൽ വിഭാഗത്തെ വെട്ടിനിരത്തി. സിപിഐയിൽ ഇതുവരെ ഒരു നേതാവിനും കിട്ടാത്ത സ്വീകാര്യതയും പിന്തുണയുമാണ് ഈ സമ്മേളനത്തിൽ കാനം നേടിയെടുത്തത്.

പാർട്ടിയിൽ കാനം അജയ്യനായി മാറിയെന്നത് മാത്രമല്ല, മുന്നണി രാഷ്ട്രീയത്തിൽ ഒരുപാട് മാനങ്ങൾ നൽക്കുന്നതുകൂടിയാണ് ഇത്തവണത്തെ സിപിഐ. സംസ്ഥാന സമ്മേളനം. സിപിഎമ്മിന് പാർട്ടിയെ അടിയറവെക്കുന്നുവെന്നതാണ് കാനം വിരുദ്ധരുയർത്തിയ വാദം. ആ വാദത്തിന് വിജയിച്ചില്ല. ഫലത്തിൽ സിപിഐയിൽ പിണറായി ഫാക്ടറാണ് ജയിക്കുന്നത്. കാനത്തിന് ഇനി പിണറായിയുമായി സഹകരിച്ച് മുമ്പോട്ട് പോകാം. സിപിഐയിലെ വെട്ടിനിരത്തലുകൾ സംഘടനയിൽ കാനത്തിന് മൃഗീയ ഭൂരിപക്ഷവും നൽകുന്നു. സിപിഎമ്മിൽ പിണറായിയെ പോലെ സിപിഐയിൽ കാനം പാർട്ടിയായി മാറി, പാർട്ടിയിൽ ഏകാധിപത്യം രൂപപ്പെടുന്നവെന്ന വിമർശനവും ഈ സമ്മേളനകാലത്ത് അദ്ദേഹത്തിന് നേരെയുണ്ടായതാണ്. പക്ഷേ അത് സമ്മേളനത്തിൽ പ്രതിഫലിച്ചില്ല.

സിപിഐ. നേതൃനിരയിൽ പ്രായപരിധി കർക്കശമാക്കിയപ്പോൾ ഒഴിവാക്കപ്പെട്ടത് വർഷങ്ങളായി പാർട്ടിയുടെ മുഖങ്ങളായിരുന്നവരാണ്. കെ.ഇ. ഇസ്മായിലും സി ദിവാകരനുമാണ് അതിൽ പ്രമുഖർ. ഇസ്മായിലും ദിവാകരനും ഒഴിയാൻ സന്നദ്ധതയറിയിച്ചിരുന്നുവെന്നാണ് നേതാക്കളുടെ വിശദീകരണം. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരവുമുണ്ടായില്ല. മത്സരമുണ്ടാകുമെന്ന് ദിവാകരൻ പറഞ്ഞിരുന്നതാണ്. എന്നാൽ പ്രകാശ് ബാബു അത്തരം ഇടപെടലുകൾക്ക് നിന്നില്ല. ഇതോടെ കൊല്ലവും കാനത്തിനൊപ്പമായി. അങ്ങനെ ദിവാകരനും ഇസ്മായിലും അപ്രസക്തരും.

സംസ്ഥാനകൗൺസിലിലേക്കുള്ള അംഗങ്ങളെ അതതു ജില്ലാപ്രതിനിധികൾ തിരഞ്ഞെടുത്ത് നിർദ്ദേശിക്കുന്നതാണ് സിപിഐ.യിലെ സംഘടനാരീതി. കടുത്ത എതിർപ്പുകളുണ്ടായാൽ ജില്ലയിൽ മത്സരം നടക്കും. ജില്ലാസമ്മേളനത്തിൽ എറണാകുളം ജില്ലയിൽ അതുണ്ടായി. കെ.ഇ. ഇസ്മയിലിനൊപ്പം അടിയുറച്ചുനിന്ന ഈജില്ലയിലെ നാലുപേരെ കാനം പക്ഷം വെട്ടിമാറ്റി. ഇസ്മായിൽപക്ഷക്കാരായ പി. രാജു, എം.ഡി. നിക്‌സൺ, കെ.എൻ. സുഗതൻ, ശ്രീകുമാരി എന്നിവർ പൊരുതിവീണു. പകരം കാനത്തിനൊപ്പം നിൽക്കുന്ന കെ.എം. ദിനകരൻ, ടി. രഘുവരൻ, പി.കെ. രാജേഷ്, ശാരദാ മോഹൻ എന്നിവർ ഇടംപിടിച്ചു. ഇതിനുപുറമേ, സംസ്ഥാന സെന്ററിന്റെ പ്രതിനിധിയായി കമലാ സദാനന്ദനും കൗൺസിലിലെത്തി. ഇതോടെ തന്നെ സമ്മേളനത്തിന്റെ പോക്ക് എങ്ങോട്ടെന്ന് വ്യക്തമായി.

മലപ്പുറത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ കാനം അനുകൂലികളായ നേതാക്കളെ സംസ്ഥാന കൗൺസിലിൽ തോല്പിച്ചിരുന്നു. അതിന്റെ കൃത്യവും ശക്തവുമായ പ്രതികാര നടപടികളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് സിപിഐ. എറണാകുളം ഗ്രൂപ്പ് യോഗത്തിൽ നടന്നത്. എറണാകുളം ജില്ലയിലെ ഏറ്റവും മുതിർന്ന നേതാവായ പി. രാജു ഉൾപ്പെടെ ആറുപേരെ വെട്ടിയൊതുക്കി. സിപിഎമ്മിൽനിന്ന് സിപിഐ.യിലേക്ക് എത്തിയ ടി. രഘുവരന് സംസ്ഥാന കൗൺസിൽ അംഗമാവാൻ കഴിഞ്ഞത് അംഗീകാരമായി. സംസ്ഥാന സമ്മേളനത്തിൽ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലും എറണാകുളം ജില്ലക്കാർ ചേരിതിരഞ്ഞ് പരസ്യമായി പോരിനിറങ്ങി.

എന്നാൽ ഇടുക്കി ജില്ലയിൽ കാനംപക്ഷക്കാരിയായ മുൻ എംഎ‍ൽഎ. ഇ.എസ്. ബിജിമോളെ കൗൺസിലിലേക്കുള്ള പട്ടികയിൽ ഉൾപ്പെടുത്താതെ മറുപക്ഷം പകരംവീട്ടി. ഇടുക്കി ജില്ലാസമ്മേളനത്തിൽ സെക്രട്ടറിയായി മത്സരിച്ചുപരാജയപ്പെട്ട നേതാവുകൂടിയാണ് ബിജിമോൾ. പത്തനംതിട്ട ജില്ലയിൽ കാനംപക്ഷക്കാരനായ അരുൺ കെ.എസ്. മണ്ണടിയെ മത്സരിക്കാൻ സമ്മതിച്ചില്ലെന്നാണ് ആക്ഷേപം. തുടർന്ന്, അരുൺ സമ്മേളനത്തിന്റെ പ്രസീഡിയത്തിനു പരാതിനൽകി.

ദേശീയനേതൃത്വത്തിന്റെ ഭാഗമായിട്ടുള്ള പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം എന്നിവർക്കുപുറമേ, എ.കെ. ചന്ദ്രൻ, കെ.എസ്. ശ്രീകുമാർ, ജെ. ഉദയഭാനു, എൻ. അനിരുദ്ധൻ, പി. തിലോത്തമൻ, കെ.എം. ചന്ദ്രശർമ, മഹേഷ് കക്കത്ത്, എൻ. രവീന്ദ്രൻ, കെ.എസ്. രവി, പി. മുത്തുപാണ്ഡി, സി.എ. ഏലിയാസ്, പി. സുബ്രഹ്‌മണ്യൻ, ആർ. ശശി, ബക്കളം കുഞ്ഞിക്കൃഷ്ണൻ എന്നിവരാണ് സംസ്ഥാന കൗൺസിലിൽ ഒഴിവാക്കപ്പെട്ട പ്രമുഖർ. 2019-ൽ അച്ചടക്കനടപടിയെടുത്ത് കൗൺസിലിൽനിന്ന് മാറ്റിനിർത്തിയ ചാത്തന്നൂർ എംഎ‍ൽഎ. ജി.എസ്. ജയലാലിനെ ഇത്തവണ തിരിച്ചെടുത്തില്ല.

കമ്യൂണിസ്റ്റ് പാർട്ടികൾ കലഹിച്ചുമുന്നേറേണ്ട കാലമല്ല ഇതെന്ന രാഷ്ട്രീയയാഥാർഥ്യം തുറന്നുപറഞ്ഞാണ് കാനം വിമർശനങ്ങളെ നേരിട്ടത്. അത് ശരിയാണെന്ന് പാർട്ടി ആകെ അംഗീകരിക്കുന്നതാണ് കാനത്തിന്റെ സെക്രട്ടറി പദത്തിലേക്ക് മൂന്നാംഊഴം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP