Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കരൾ രോഗം ആശുപത്രിയിൽ എത്തിച്ചു; കോവിഡിനൊപ്പം വില്ലനായി എത്തിയത് ഹൃദയാഘാതം; എന്തിനും ഏതിനും പ്രതികരിക്കുന്ന ദുബായിലെ മലയാളി ശതകോടീശ്വരന്മാർ ഈ മരണം കണ്ടില്ലെന്ന് നടിച്ചു; ജുബ്ബയും പൈജാമയും കോട്ടും യൂണിഫോമാക്കിയ നല്ല മനസ്സ് ഇനി ഓർമ്മകളിൽ; പ്രവാസികളുടെ രാമേട്ടൻ യാത്രയാകുമ്പോൾ

കരൾ രോഗം ആശുപത്രിയിൽ എത്തിച്ചു; കോവിഡിനൊപ്പം വില്ലനായി എത്തിയത് ഹൃദയാഘാതം; എന്തിനും ഏതിനും പ്രതികരിക്കുന്ന ദുബായിലെ മലയാളി ശതകോടീശ്വരന്മാർ ഈ മരണം കണ്ടില്ലെന്ന് നടിച്ചു; ജുബ്ബയും പൈജാമയും കോട്ടും യൂണിഫോമാക്കിയ നല്ല മനസ്സ് ഇനി ഓർമ്മകളിൽ; പ്രവാസികളുടെ രാമേട്ടൻ യാത്രയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: 'വീട്ടിനകത്ത് ജുബ്ബയും പൈജാമയും, പുറത്ത് കോട്ട്. ഇതായിരുന്നു യൂണിഫോം'... എന്നും ചിരിച്ച മുഖം. ബിസിനസിൽ സ്വന്തം തീരുമാനങ്ങൾ. പക്ഷേ കൂടെ നിന്നവരെ എല്ലാം വിശ്വസിച്ചു. മാനേജർമാർ സ്വർണ്ണവുമായി മുങ്ങിയപ്പോൾ മുതലാളി മുങ്ങി താണു. നിർണായകമായ പല ഘട്ടങ്ങളിലൂടെയും കടന്നു പോയ ജീവിതമാണ് അറ്റ്‌ലസ് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ എന്ന തൃശൂർ സ്വദേശിയുടേത്. തിരിച്ചുവരവിനു തയ്യാറെടുക്കുകയായിരുന്ന അറ്റ്‌ലസ് മടങ്ങി. ഇനി ഒരിക്കലും ആ നന്മ കേരളത്തിൽ കാലുകുത്തില്ല. ഇതായിരുന്നു ചിലർ ആഗ്രഹിച്ചത്. അത് വിധി നടപ്പാക്കുകയും ചെയ്തു. അറ്റ്‌ലസ് രാചന്ദ്രന്റെ സംസാകരം ഇന്നലെ ദുബായിൽ നടന്നു. അറ്റ്‌ലസ് രാമചന്ദ്രൻ ഓർമയാകുമ്പോൾ നെഞ്ചുപിടഞ്ഞ് പ്രവാസ ലോകവും വേദനയിലാണ്.

പ്രവാസികളും രാമചന്ദ്രനും തമ്മിൽ അത്രമേൽ അടുപ്പമായിരുന്നു. ഒരുകാലത്ത് വ്യവസായ ലോകം കൈയടക്കിയിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മരണത്തിൽ വ്യവസായ പ്രമുഖർപോലും മൗനം നടിക്കുമ്പോൾ കണ്ണീരൊഴുക്കി യാത്രയയക്കുകയാണ് പ്രവാസലോകം. മരണവാർത്ത അറിഞ്ഞയുടൻ ദുബായിലെ മൻഖൂലിലെ ആസ്റ്റർ ആശുപത്രിയിലേക്ക് ഓടിയെത്തിയ പ്രവാസികളാണ് ഇതിന് സാക്ഷി. പക്ഷേ ശതകോടീശ്വരന്മാരൊന്നും രാമചന്ദ്രന്റെ മരണം അറിഞ്ഞില്ല. ദുബായിലെ വമ്പന്മാർ ആരും പ്രതികരിച്ചുമില്ല. അതായിരുന്നു അറ്റ്‌ലസിനോട് അവർക്കുണ്ടായിരുന്ന പക. ഈ പകയാണ് അറ്റ്‌ലസിനെ അഴിക്കുള്ളിലാക്കിയതും.

കരൾ സംബന്ധമായ അസുഖംമൂലം രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നു കഴിഞ്ഞ രണ്ടിനു രാത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിനു കോവിഡ് ബാധയുണ്ടായിരുന്നെന്നു മരണശേഷം നടത്തിയ പരിശോധനയിൽ കണ്ടെത്തി. വൈകിട്ടു നാലിനു ദുബായിലെ ജബൽ അലിയിലെ ശ്മശാനത്തിൽ കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സംസ്‌കാരച്ചടങ്ങുകൾ.

ഏറെ അടുപ്പമുള്ളവർക്ക് അദ്ദേഹം രാമേട്ടനായിരുന്നു. സമ്പത്തുണ്ടായിരുന്ന കാലത്ത് പ്രവാസലോകത്ത് ദുരിതമനുഭവിക്കുന്നവർക്ക് തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ട്. മക്കളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പണം തികയാതെ വന്നവർക്ക് കടമായി ആഭരണങ്ങൾ നൽകി. ചിലത് പണം തിരികെ കിട്ടില്ല എന്നറിഞ്ഞുകൊണ്ടാണ് കൊടുത്തിരുന്നത്. മസ്‌കറ്റിലെ സ്വന്തം ആശുപത്രിയിൽ പാവങ്ങൾക്കായി നിരവധി സഹായം ചെയ്തു. പണം ഉണ്ടാകുമ്പോൾ കൊണ്ടുവന്നാൽ മതിയെന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്ത സംഭവവുമുണ്ട്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യം പങ്കെടുത്തത് ബാലഭാസ്‌കറിന് ആദരാഞ്ജലി അർപ്പിച്ച പരിപാടിയിലായിരുന്നു. അഭിനേതാവും നിർമ്മാതാവും കലാകാരനുമായ അദ്ദേഹം വിടവാങ്ങിയത് ബാലഭാസ്‌കറിന്റെ ഓർമ ദിനത്തിലാണെന്നത് യാദൃച്ഛികം. ജയിൽ മോചിതനായ ശേഷം നിരവധി വേദികളിലെത്തി. നാട്ടിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ യാത്രാ വിലക്ക് മൂലം അതിന് കഴിഞ്ഞില്ല. എത്തിയ ഓരോ വേദിയിലും 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന തന്റെ മാസ്റ്റർ പീസ് ഡയലോഗ് അദ്ദേഹം ഒരു മടിയും കൂടാതെ ആവർത്തിച്ചു. അത് കേൾക്കാൻ പ്രവാസലോകത്തിനും വലിയ ഇഷ്ടമായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിൽ പ്രവാസിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്. ദുബൈയിൽ ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ കോട്ട് നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്വയം ട്രോളുന്ന കഥാപാത്രം.

കാനറാ ബാങ്കിലും പിന്നീട് എസ്‌ബിറ്റിയിലും ഉദ്യോഗസ്ഥനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈത്തിൽ ബാങ്ക് ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1980കളുടെ അവസാനം ജോലി ഉപേക്ഷിച്ച് സ്വർണവ്യാപാരം ആരംഭിച്ചു. അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പ്. കുവൈറ്റിൽ ഇറാഖ് ആക്രമണം ഉണ്ടായപ്പോൾ തകർച്ചയിലേക്കു നീങ്ങിയ ജൂവലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. സൗദി അറേബ്യ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിച്ചു. കേരളത്തിലും തമിഴ്‌നാട് കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും അറ്റ്‌ലസ് ജൂവലറികൾ ആരംഭിച്ചു. ആരോഗ്യപരിപാലനം, റിയൽ എസ്റ്റേറ്റ് മേഖലകളിലേക്കും അദ്ദേഹത്തിന്റെ ബിസിനസ് വളർന്നു.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ പ്രവർത്തനം നല്ലനിലയിൽ മുന്നോട്ടുപോകുമ്പോഴാണ് രാമചന്ദ്രന്റെ അറസ്റ്റും ജയിൽവാസവും സംഭവിക്കുന്നത്. തന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരാണ് സംഭവത്തിനുപിന്നിലെന്നാണ് രാമചന്ദ്രൻ കരുതുന്നത്. തികച്ചും ഒറ്റപ്പെടുകയും നിയമനടപടികൾ നേരിടേണ്ടിവരികയും ചെയ്തപ്പോൾ ഭാര്യ ഇന്ദിര മാത്രമാണ് അദ്ദേഹത്തിന് താങ്ങായത്. കുടുംബിനിയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന അവർ നിയമവൃത്തങ്ങളും ബാങ്ക് അധികൃതരുമായി ചർച്ചകൾ നടത്തി കടബാധ്യതകൾ തീർക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ച് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുക്കി.

വർഷങ്ങൾക്കു മുൻപ് കുവൈത്തിൽ ജൂവലറി തുടങ്ങി പേര് രജിസ്റ്റർ ചെയ്യാൻ വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് അറ്റ്‌ലസ് എന്ന പേരിട്ടതെന്നാണ് രാമചന്ദ്രൻ പറഞ്ഞത്. സാഹിത്യ തൽപരനായതിനാൽ മലയാളിത്തം തുളുമ്പുന്ന പേരുകളും മറ്റുമായിട്ടാണു അദ്ദേഹം അവിടേക്കു ചെന്നത്. എന്നാൽ, ഈ പേരുകളെല്ലാം തള്ളിക്കളഞ്ഞ് ഫലസ്തീനിയായ ഉദ്യോഗസ്ഥൻ പറഞ്ഞു: നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് അറ്റ്ലസ് എന്നാണ്. അങ്ങനെ പേര് അറ്റ്‌ലസ് രാമചന്ദ്രനും സ്വീകരിച്ചു. അത് സൂപ്പർ ഹിറ്റായി. പക്ഷേ ശത്രുക്കൾ എല്ലാം ഇല്ലാതാക്കി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP