Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുമാസത്തിനിടെ റദ്ദാക്കിയത് 5000 ത്തോളം ട്രിപ്പുകൾ; യാത്ര റദ്ദാക്കിയത് ഏറെയും ഡ്രൈവർമാർ; സർക്കാരിന്റെ ടാക്‌സി സർവീസ് ആപ്പായ കേരള സവാരി പ്രതിസന്ധിയിൽ; പാരയാകുന്നത് സ്വകാര്യ സർവീസുകളുടെ ആകർഷക ഓഫറുകൾ

ഒരുമാസത്തിനിടെ റദ്ദാക്കിയത് 5000 ത്തോളം ട്രിപ്പുകൾ; യാത്ര റദ്ദാക്കിയത് ഏറെയും ഡ്രൈവർമാർ; സർക്കാരിന്റെ ടാക്‌സി സർവീസ് ആപ്പായ കേരള സവാരി പ്രതിസന്ധിയിൽ; പാരയാകുന്നത് സ്വകാര്യ സർവീസുകളുടെ ആകർഷക ഓഫറുകൾ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് നടപ്പാക്കിയ കേരള സർക്കാരിന്റെ ഓൺലൈൻ ടാക്‌സി സർവീസ് ആപ്പായ കേരള സവാരി പെരുവഴിയിൽ. സർവീസ് തുടങ്ങി ഒരു മാസത്തിനുള്ളിൽ കനത്ത പ്രതിസന്ധി നേരിടുകയാണ് കേരള സവാരി. ട്രിപ്പ് റദ്ദാക്കലാണ് സവാരി ആപ്പിനെ കുരുക്കിലാക്കിയിരിക്കുന്നത്. ഒരു മാസത്തിനിടെ 5000 ത്തോളം ട്രിപ്പ് റദ്ദാക്കലുകളാണ് കേരള സവാരിയിൽ നടന്നത്. തിരുവനന്തപുരം നഗര പരിധിയിൽ മാത്രമാണ് ഇപ്പോൾ കേരള സവാരി ലഭ്യം. പൈലറ്റ് പ്രോജക്റ്റായ ഇതിനു ശേഷം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. ഇതും ഇപ്പോൾ പ്രതിസന്ധിയിലായി.

ഒരു മാസത്തിനിടെ 5217 ട്രിപ്പ് റദ്ദാക്കലുകളാണ് കേരള സവാരി ആപ്പിൽ നടന്നത്. സംഗതിയുടെ ഗുരുതരാവസ്ഥ ഇതല്ല . ഇത്രയും റദ്ദാക്കലുകളിൽ 5141 ട്രിപ്പുകളും റദ്ദാക്കിയത് ഡ്രൈവർമാരാണ്. ഉപഭോക്താക്കൾ റദ്ദാക്കിയത് വെറും 76 എണ്ണം മാത്രം. സ്വകാര്യ ഓൺലൈൻ ടാക്‌സി സർവീസുകാരുടെ ആകർഷകമായ ഓഫറുകൾ കാരണമാണ് കേരള സവാരിയിലെ ഡ്രൈവർമാർ ട്രിപ്പുകൾ റദ്ദാക്കുന്നതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന വിവരം. കേരള സവാരി ആപ്പിലേക്ക് നിയോഗിക്കപ്പെട്ട ഡ്രൈവർമാരിൽ ഭൂരിഭാഗവും മറ്റ് ഓൺലൈൻ സ്വകാര്യ ടാക്‌സി സർവീസ് ആപ്പുകളും ഉപയോഗിക്കുന്നവരാണ്. കേരള സവാരിയിൽ ഉള്ള തിനേക്കാൾ ആകർഷകമായ ഓഫറുകളാണ് ഡ്രൈവർമാർക്ക് സ്വകാര്യ ടാക്‌സി സർവീസുകാർ നൽകുന്നത്.

നിശ്ചിത കുറഞ്ഞ ദൂരം യാത്ര ചെയ്യാൻ സ്വകാര്യ ടാക്‌സി സർവീസുകൾ 55 രൂപയും തുടർന്നുള്ള ഒന്നര കിലോമീറ്ററിന് 23 രൂപ 50 പൈസയും ഓഫർ ചെയ്യുമ്പോൾ ഇതിനേക്കാൾ കുറഞ്ഞ നിരക്കാണ് കേരള സവാരി ആപ്പ് നൽകുന്നത്. ഈ നിരക്ക് വ്യത്യാസം തന്നെയാണ് ഡ്രൈവർമാരെ കേരള സവാരിയിൽ നിന്നും അകറ്റുന്നത്. കേരള സർക്കാർ നിശ്ചയിച്ച നിരക്കാണ് കേരള സവാരി ഈടാക്കുന്നത്. അനധികൃതമായി ഉയർന്ന നിരക്ക് ഈടാക്കുന്ന സ്വകാര്യ ഓൺലൈൻകാരെ നിയന്ത്രിക്കേണ്ടത് ഗതാഗത വകുപ്പാണ്.

ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കുന്നത് കേരള സവാരി ആപ്പിന്റെ വിശ്വാസ്യത തകർക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ ഭയം. അതുകൊണ്ടു തന്നെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. ധാരാളം ഓൺലൈൻ ടാക്‌സി ആപ്പുകൾ ഉപയോഗിക്കാത്ത കൂടുതൽ ഡ്രൈവർമാരെ കണ്ടുപിടിച്ച് കേരള സവാരിയിലേക്ക് ഉപയോഗിക്കാനാണ് ശ്രമം. ഇവരുടെ സേവനം കേരള സവാരിയിലേക്ക് മാത്രമായി ചുരുക്കണം. ഓൺലൈനായാണ് ഇവരുടെ നിയമനം നടക്കുക. ഡ്രൈവർമാർ അവരുടെ പ്രൊഫൈൽ തയ്യാറാക്കി ആവശ്യമായ രേഖകൾ നൽകണം. പൊലീസ് വെരിഫിക്കേഷനും ഉണ്ടാകും.

അതേസമയം ഡ്രൈവർമാരുടെ പരാതി മറ്റൊന്നാണ്. കേരള സവാരി ജനകീയമാക്കാൻ ഒരു മാർക്കറ്റിങ് തന്ത്രവും സർക്കാർ സ്വീകരിക്കുന്നില്ലെന്നാണ് അവരുടെ പക്ഷം ഭൂരിപക്ഷം ജനങ്ങൾക്കും ഇങ്ങനെ ഒരു ആപ്പ് ഉണ്ടെന്നു പോലും അറിയില്ല. ഒരു ട്രിപ്പ് ബുക്കിങ് പോലും ലഭിക്കാത്ത ഡ്രൈവർമാർ തങ്ങൾക്കിടയിൽ ഉണ്ടെന്നും അവർ പറയുന്നു. ഓഗസ്റ്റ് 17 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള സവാരി ആപ്പ് പുറത്തിറക്കിയത്. പിറ്റേദിവസം മുതൽ ആപ്പ് നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ട് ആഴ്ചയോളം വൈകി മാത്രമാണ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായത്.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസാകും കേരള സവാരി എന്നായിരുന്നു പ്രഖ്യാപനം. സുരക്ഷിതവും ചെലവു കുറഞ്ഞതുമായ യാത്ര ഉറപ്പു വരുത്താനാണ് കേരള സവാരി ആരംഭിക്കുന്നത് എന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ടാക്സി സർവീസ് ആയിരിക്കും കേരള സവാരി എന്നും സർക്കാർ വിശദീകരിച്ചു.

തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി ആരംഭിക്കുന്നത് എന്നും അറിയിച്ചു.302 ഓട്ടോയും 226 ടാക്സിയും പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഇതിൽ 22 പേർ വനിതകളാണ്. സർക്കാർ നിശ്ചയിച്ച ഓട്ടോ ടാക്സി നിരക്കിനു പുറമേ എട്ടു ശതമാനമാണ് സർവീസ് ചാർജ് . മറ്റ് ടാക്സി സർവീസുകളേക്കാൾ കുറവാണിത്. ഫ്ളക്സി നിരക്കില്ല. അതിനാൽ തിരക്കുള്ള സമയത്ത് കൂടുതൽ തുക നൽകേണ്ട . യാത്രക്കാർക്ക് ഡ്രൈവറേയും തിരിച്ചും വിലയിരുത്താം.

തൊഴിൽ വകുപ്പിന് കീഴിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് കേരള സവാരി നടപാക്കുന്നത്. സാങ്കേതിക സഹായം പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ്. മൂന്ന് മാസമാണ് പൈലറ്റ് പദ്ധതി. ഇത് വിജയമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്കും വ്യാപിപിക്കും. രണ്ടാം ഘട്ടത്തിൽ കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപറേഷൻ പരിധിയിലും സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

കനകക്കുന്നിൽ ഓഗസ്റ്റ് പതിനേഴിനാണ് കേരള സവാരി ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ശേഷം ആപ്പ് പ്ലേ സ്റ്റോറിലും ഒരാഴ്ചയ്ക്കകം ആപ് സ്റ്റോറിലും വരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഒന്നും നടന്നില്ല. ഒടുവിൽ രണ്ടാഴ്ച വൈകി ആപ്പ് പ്ലേ സ്റ്റോറിൽ എത്തി. അതിങ്ങനെയുമായി .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP