Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിപിഐയിൽ കാനത്തിന്റെ വെട്ടി നിരത്തൽ; എറണാകുളത്തെ കാനം വിരുദ്ധർ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്ത്; സി ദിവാകരനെ ഒഴിവാക്കിയത് പ്രായപരിധി നിബന്ധനയിൽ; ഇ എസ് ബിജിമോൾ സംസ്ഥാന സമിതിയിൽ നിന്ന് പുറത്ത്

സിപിഐയിൽ കാനത്തിന്റെ വെട്ടി നിരത്തൽ; എറണാകുളത്തെ കാനം വിരുദ്ധർ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്ത്; സി ദിവാകരനെ ഒഴിവാക്കിയത് പ്രായപരിധി നിബന്ധനയിൽ; ഇ എസ് ബിജിമോൾ സംസ്ഥാന സമിതിയിൽ നിന്ന് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എറണാകുളം ജില്ലയിൽ കാനം വിരുദ്ധ പക്ഷത്തിന് തിരിച്ചടി. പ്രമുഖ നേതാക്കൾ സിപിഐ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്തായി. മുൻ ജില്ലാ സെക്രട്ടറി പി രാജു, അസി സെക്രട്ടറിയായിരുന്ന എഎൻ സുഗതൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ്, സംസ്ഥാന കൗൺസിലിലേക്കു നടന്ന മത്സരത്തിൽ തോറ്റുപോയത്.

സംസ്ഥാന കൗൺസിലിലേക്ക് അനുവദിക്കപ്പെട്ടതിലും കൂടുതൽ നേതാക്കളുടെ പേര് ഉയർന്നുവന്നതോടെയാണ് മത്സരം നടന്നത്. പി രാജു, എഎൻ സുഗതൻ എന്നിവരെക്കൂടാതെ എംടി നിക്സൺ, സിടി സിൻജിത്ത് എന്നിവരും പരാജയപ്പെട്ടു. നേരത്തെ എറണാകുളത്തുനിന്നുള്ള സമ്മേളന പ്രതിനിധികളിൽ കാനം പക്ഷത്തുനിന്നുള്ളവർ വ്യക്തമായ ആധിപത്യം നേടിയിരുന്നു. ഇതാണ് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പ്രതിഫലിച്ചത്.

സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് മുതിർന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി. പാർട്ടി ഘടകങ്ങളിൽ 75 വയസ്സിനു മുകളിലുള്ളവർ വേണ്ടെന്ന, സമ്മേളന മാർഗ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയിൽനിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരത്തിനുള്ള സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സിപിഐ. സംസ്ഥാന കൗൺസിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. മൂന്നാംതവണയും സെക്രട്ടറിയാകാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് തടയിടാനാണ് മറുപക്ഷം ശ്രമിച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ കെ. പ്രകാശ് ബാബുവിനെ മുൻനിർത്തിയായിരുന്നു നീക്കങ്ങൾ.എന്നാൽ ഇക്കാര്യത്തിൽ ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരം ഒഴിവായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേ സമയം ഇടുക്കിയിൽ നിന്നും സംസ്ഥാന കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുൻ എം എൽഎ ഇ എസ് ബിജിമോളെ ഒഴിവാക്കി,സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താൻ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല ഘടകം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ല.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമർശനം. അതേസമയം, ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായിപോയെന്നായിരുന്നു ജില്ലാ നേത്വത്തിന്റെ നിലപാട്. സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പിൽ ഈ അതൃപ്തി പ്രതിഫലിച്ചു എന്നാണ് വിലയിരുത്തൽ.

സംസ്ഥാന സമ്മേളനത്തിലെ ജില്ലകളിലെ പ്രതിനിധികളാണ്, അതതു ജില്ലകളിൽനിന്നുള്ള കൗൺസിൽ അംഗങ്ങളെ നിർദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ പ്രായ പരിധി നിർദ്ദേശം പാർട്ടിയിൽ കർശനമായി നടപ്പാക്കുമെന്ന് ഉറപ്പായി.

പ്രായപരിധി നിർദ്ദേശം നടപ്പാക്കുമെന്ന് ഇന്നലെ തന്നെ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കിയിരുന്നു. പ്രായപരിധിക്കെതിരെ ദിവാകരനും കെഇ ഇസ്മയിലും പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു.

സിപിഐ സംസ്ഥാന കൗൺസിലിൽ തിരുവനന്തപുരത്തുനിന്ന് 101 പേരാണ് ഇത്തവണ ഉണ്ടാവുക. ഇവരുടെ പട്ടിക സമ്മേളന പ്രതിനിധികൾ കൂടിയാലോചിച്ച് നേതൃത്വത്തിനു സമർപ്പിച്ചു. എല്ലാ ജില്ലകളിൽനിന്നുമുള്ള പട്ടിക ലഭിച്ച ശേഷമായിരിക്കും കൗൺസിൽ രൂപീകരണം. അതിനു ശേഷം സെക്രട്ടറി തെരഞ്ഞെടുപ്പു നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP