Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ വെട്ടിക്കെട്ടിന് മറുപടി മില്ലറുടെ സെഞ്ച്വറി; എന്നിട്ടും വിജയതീരം തൊടാതെ ദക്ഷിണാഫ്രിക്ക; രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 16 റൺസിന്റെ വിജയം; ബാറ്റർമാർ അഴിഞ്ഞാടിയ മത്സരത്തിൽ ആകെ പിറന്നത് 458 റൺസ്; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യ ടി20 പരമ്പര നേട്ടം

ഇന്ത്യൻ വെട്ടിക്കെട്ടിന് മറുപടി മില്ലറുടെ സെഞ്ച്വറി; എന്നിട്ടും വിജയതീരം തൊടാതെ ദക്ഷിണാഫ്രിക്ക; രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 16 റൺസിന്റെ വിജയം; ബാറ്റർമാർ അഴിഞ്ഞാടിയ മത്സരത്തിൽ ആകെ പിറന്നത് 458 റൺസ്; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യ ടി20 പരമ്പര നേട്ടം

സ്പോർട്സ് ഡെസ്ക്

ഗുവാഹതി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഗുവാഹാട്ടിയിൽ നടന്ന രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 16 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര (20) സ്വന്തമാക്കിയത്. ബാറ്റർമാർ അഴിഞ്ഞാടിയ മത്സരത്തിൽ ത്രില്ലടിപ്പിക്കുന്ന വിജയാണ് ഇന്ത്യ നേടിയതും. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടിൽ ഇന്ത്യ ഒരു ട്വന്റി 20 പരമ്പര ജയിക്കുന്നത്. ഇന്ത്യ ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ സാധിച്ചുള്ളൂ. മില്ലർ നേടിയ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിച്ചില്ല.

നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ക്വിന്റൺ ഡിക്കോക്ക് - ഡേവിഡ് മില്ലർ സഖ്യം ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ 221-ൽ എത്തിച്ചത് ഈ കൂട്ടുകെട്ടാണ്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 174 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയ മില്ലർ 47 പന്തിൽ നിന്ന് ഏഴ് സിക്സും എട്ട് ഫോറുമടക്കം 106 റൺസോടെ പുറത്താകാതെ നിന്നു. 48 പന്തുകൾ നേരിട്ട ഡിക്കോക്ക് നാല് സിക്സും മൂന്ന് ഫോറുമടക്കം 69 റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 237 റൺസാണ് ഇന്ത്യ നേടിയത്. സൂര്യകുമാർ യാദവ് (22 പന്തിൽ 61), വിരാട് കോഹ്ലി (28 പന്തിൽ 49), കെ.എൽ. രാഹുൽ (28 പന്തിൽ 57), ക്യാപ്റ്റൻ രോഹിത് ശർമ (37 പന്തിൽ 43) എന്നിവർ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ട്വന്റി20യിലെ ഇന്ത്യയുടെ ഉയർന്ന നാലാമത്തെ സ്‌കോറാണ് ഇന്ന് നേടിയത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യക്ക് ഒരു ഘട്ടത്തിലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 22 പന്തിൽ അഞ്ച് വീതം ഫോറും സിക്‌സറും പറത്തി 61 റൺ നേടിയ സൂര്യകുമാർ യാദവ് 19ാം ഓവറിൽ റണ്ണൗട്ടായെങ്കിലും പകരമെത്തിയ ദിനേശ് കാർത്തിക് ഏഴ് പന്തിൽ 17 റൺസെടുത്ത് സ്‌കോർ 237ലെത്തിച്ചു. ഒരിക്കൽ കൂടി മികവ് തുടർന്ന വിരാട് കോഹ്ലിക്ക് ഒരു റൺ അകലെ അർധസെഞ്ച്വറി നഷ്ടമായത് മാത്രമാണ് കാണികളെ അൽപമെങ്കിലും നിരാശപ്പെടുത്തിയത്.

നാലോവറിൽ 57 റൺസ് വഴങ്ങിയ കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറ്റവും തല്ലുകൊണ്ടത്. വെയ്ൻ പാർനൽ നാലോവറിൽ 54 റൺസും ലുൻഗി എൻഗിഡി 49 റൺസും വഴങ്ങി. നാലോവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് ബോളർമാരിൽ മികച്ചുനിന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP