Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗുജറാത്തിൽ എ.എ.പി സർക്കാർ രൂപീകരിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് അവകാശപ്പെട്ട് കെജ്‌രിവാൾ; ഐ.ബി റിപ്പോർട്ടിന് പിന്നാലെ കോൺഗ്രസും ബിജെപിയും രഹസ്യയോഗങ്ങൾ നടത്തുകയാണെന്നും വാദം; ഡൽഹിയിലെ ആപ്പ് സർക്കാറിനെതിരെ കേന്ദ്ര നടപടികൾ തുടരുമ്പോഴും ഗുജറാത്തിൽ കൂടുതൽ കാമ്പയിന് ആം ആദ്മി പാർട്ടി

ഗുജറാത്തിൽ എ.എ.പി സർക്കാർ രൂപീകരിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് അവകാശപ്പെട്ട് കെജ്‌രിവാൾ; ഐ.ബി റിപ്പോർട്ടിന് പിന്നാലെ കോൺഗ്രസും ബിജെപിയും രഹസ്യയോഗങ്ങൾ നടത്തുകയാണെന്നും വാദം; ഡൽഹിയിലെ ആപ്പ് സർക്കാറിനെതിരെ കേന്ദ്ര നടപടികൾ തുടരുമ്പോഴും ഗുജറാത്തിൽ കൂടുതൽ കാമ്പയിന് ആം ആദ്മി പാർട്ടി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരം ബിജെപിയും ആം ആദ്മിയും തമ്മിലാണ്. കോൺഗ്രസ് സ്വയം മത്സരചിത്രത്തിൽ നിന്നും അപ്രത്യക്ഷമായ അവസ്ഥയിലാണ്. വൻ പ്രചരണമാണ് ഇവിടെ ആപ്പ് നടത്തുന്നത്. അതിനിടെ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തുവന്നു. ഇതുസംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുണ്ടെന്നാണ് കെജ്‌രിവാൾ അവകാശപ്പെട്ടത്. വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ ജനങ്ങൾ പിന്തുണ നൽകണമെന്ന് കെജ്‌രിവാൾ അഭ്യർത്ഥിച്ചു.

'ലഭിക്കുന്ന വിവരം അനുസരിച്ച്, ഒരു ഐബി റിപ്പോർട്ട് വന്നിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരിയ ഭൂരിപക്ഷം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുന്നതിന് ഗുജറാത്തിലെ ജനങ്ങൾ പിന്തുണയ്ക്കണം' എന്നാണ് കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ഐ.ബി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസും ബിജെപിയും രഹസ്യയോഗങ്ങൾ നടത്തുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു. ബിജെപിയാണ് റിപ്പോർട്ടിനെ കൂടുതൽ ഭയപ്പെടുന്നത്. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസ് ശക്തിപ്പെട്ടാൽ ബിജെപി വിരുദ്ധ വോട്ടുകൾ വിഘടിക്കുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും കെജ്‌രിവാൾ പറഞ്ഞു. എ.എ.പിയുടെ പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസിനാണ്. ഗുജറാത്തിലെ ജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഗുജറാത്ത് സന്ദർശനത്തിനിടെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഓരോ പശുവിന്റെയും പരിപാലനത്തിനായി പ്രതിദിനം 40 രൂപ നൽകുമെന്ന് കെജ്രിവാൾ വാഗ്ദാനം ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കെജ്‌രിവാളിന് ഒപ്പമുണ്ടായിരുന്നു. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റാലികളെ അഭിസംബോധന ചെയ്യാനാണ് ഇരു നേതാക്കളും എത്തിയത്.

വർഷങ്ങളായി കോൺഗ്രസും ബിജെപിയും മാത്രമാണ് സംസ്ഥാനം മാറി മാറി ഭരിക്കുന്നത്. ആം ആദ്മി ഇവിടെ ശക്തമായ മൂന്നാം ബദൽ ആകാനാണ് ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളിലൊന്നായ പടീദാറിനെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾക്കൊപ്പം തന്നെ ഗോത്ര വോട്ടുകളും ആം ആദ്മി ലക്ഷ്യം വെക്കുന്നുണ്ട്. കെജ്രിവാൾ ഭാരതീയ ട്രൈബൽ പാർട്ടി (ബി ടി പി) നേതാവും ദെദിയാപദ എം എൽ എയുമായ മഹേഷ് വാസവയുമായി നേരത്തെ കെജ്രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ രണ്ട് എം എൽ എമാരുള്ള പാർട്ടി ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പിയുമായി സഖ്യത്തിലേർപ്പെടാനാണ് സാധ്യതയും കൂടുതലാണ്.

ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് ഘടകം 2013 ലാണ് സ്ഥാപിതമായത്. 2017 ൽ 79 കാരനായ ഗണിതശാസ്ത്ര പ്രൊഫസറായ കിഷോർ ദേശായിയായിരുന്നു ആദ്യത്തെ സംസ്ഥാന പ്രസിഡന്റായത്. ആ വർഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ 182 അസംബ്ലി സീറ്റുകളിൽ 29 എണ്ണത്തിലും മത്സരിച്ചു. എന്നാൽ പല മണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലായിരുന്നു ആം ആദ്മി ഫിനിഷ് ചെയ്തത്.

2020 ൽ പാർട്ടി അതിന്റെ സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചു. ഗോപാൽ ഇറ്റാലിയയെ അതിന്റെ സംസ്ഥാന തലവനായി നിയമിച്ചു. മുൻ പൊലീസ് കോൺസ്റ്റബിൾ മൂന്ന് വർഷം മുമ്പ് അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയ്ക്ക് നേരെ ഷൂ എറിഞ്ഞതിന് ശേഷം ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആദ്യം ആം ആദ്മി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പകരം 27 സീറ്റുകൾ നേടി നഗരത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി. കഴിഞ്ഞ ഒക്ടോബറിൽ ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടുകയും പല സീറ്റുകളിലും കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കുകയും ചെയ്തതാണ് ആം ആദ്മിക്ക് ശക്തി പകരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP