Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോത്തിറച്ചി മാത്രമല്ല; പശുവിറച്ചി തിന്നാനും സ്വാതന്ത്ര്യമുണ്ടാകണം; താൽപര്യമില്ലാത്തവർ വേണ്ടെന്നു വയ്ക്കട്ടെ: ബീഫ് നിരോധനത്തിൽ നിലപാടു വ്യക്തമാക്കി വി ടി ബൽറാം

പോത്തിറച്ചി മാത്രമല്ല; പശുവിറച്ചി തിന്നാനും സ്വാതന്ത്ര്യമുണ്ടാകണം; താൽപര്യമില്ലാത്തവർ വേണ്ടെന്നു വയ്ക്കട്ടെ: ബീഫ് നിരോധനത്തിൽ നിലപാടു വ്യക്തമാക്കി വി ടി ബൽറാം

തിരുവനന്തപുരം: ബീഫ് നിരോധനത്തിൽ നിലപാടു വ്യക്തമാക്കി കോൺഗ്രസ് നേതാവ് വി ടി ബൽറാം എംഎൽഎ രംഗത്ത്. പോത്തിറച്ചി മാത്രമല്ല, പശുവിറച്ചി തിന്നാനും സ്വാതന്ത്ര്യമുണ്ടാകണമെന്നു ബൽറാം പറഞ്ഞു.

ഇഷ്ടമുള്ളതു തിന്നുന്നതിന് എന്തിനാണു നിരോധനം. താൽപര്യമില്ലാത്തവർ തിന്നാതിരിക്കട്ടെ. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നുവരുന്ന പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്ന ഒത്തുതീർപ്പു ഫോർമുല ന്യായീകരണമല്ലെന്നും വി ടി ബൽറാം പറഞ്ഞു.

ഇതു കേരളഹൗസ് പൊലീസ് റെയ്ഡിലെ തോന്ന്യാസത്തിന്റെ ന്യായീകരണമല്ല. മനുഷ്യന്റെ സ്വാഭാവിക യുക്തിക്കു മേലെ ഫാസിസ്റ്റ് യുക്തി പിടിമുറുക്കുന്നത് ഇങ്ങനെ പതിയെയാണെന്നും ബൽറാം ഫേസ്‌ബുക്കിൽ പറയുന്നു. പോത്തിനെ മാത്രമല്ല, പശുവിനെ തിന്നാനുള്ള സ്വാതന്ത്ര്യം താൽപര്യമുള്ള ഏതൊരു ഇന്ത്യക്കാരനും ഉണ്ടാകണമെന്നും താൽപര്യമില്ലാത്തവർക്കു വേണ്ടെന്നു വയ്ക്കാനും സ്വാതന്ത്ര്യമുണ്ടാകണമെന്നും ബൽറാം പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

''ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം 'നിഷ്പക്ഷമതി'കളുടെ ഭാഗത്തു നിന്ന് ആത്യന്തികമായി ഉയർന്നുവരുന്ന ഒത്തുതീർപ്പ് ഫോർമുല ആണ് പശുവിറച്ചി അല്ലേ നിരോധിച്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നത്. ഡൽഹി കേരളാ ഹൗസിലെ പൊലീസ് റെയ്ഡ് എന്ന തോന്ന്യാസത്തിന്റെ ന്യായീകരണമായും കുറേ സംഘികൾ ഇത് എഴുന്നെള്ളിക്കുന്നുണ്ട്.

മനുഷ്യന്റെ സ്വാഭാവികയുക്തിക്ക് മേലെ ഫാഷിസ്റ്റ് യുക്തി പിടിമുറുക്കുന്നത് ഇങ്ങനെ പതിയെപ്പതിയെ ആണ്. 'ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കാൻ നിങ്ങളൊക്കെ ആരാണ്' എന്ന ചോദ്യത്തിന് പകരം 'ചില ആളുകളുടെ വിശ്വാസത്തിന്റെ കാര്യമല്ലേ, അതങ്ങ് അനുസരിക്കുന്നതല്ലേ നല്ലത് ' എന്ന പരുവപ്പെടലിലേക്ക് സമൂഹം മാറുമ്പോൾ നമുക്ക് ചോർന്നു പോവുന്നത് ഭരണഘടനാധിഷ്ഠിതമായ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്.
അതുകൊണ്ടുതന്നെ പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും ഉണ്ടാകണം, താത്പര്യമില്ലാത്തവർക്ക് വേണ്ടെന്ന് വക്കാനും. പഴയ കാലത്തെ ഒരു കാർഷിക സമ്പദ് വ്യവസ്ഥയിൽ കാളകളുടെ എണ്ണം കുറയുന്നത് ഉത്പാദന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കക്കപ്പുറം ഏതെങ്കിലും വിശ്വാസപരമായ കാരണങ്ങളാലാണ് മറ്റ് പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുള്ളതെങ്കിൽ അവ അടിയന്തിരമായി എടുത്തുകളയുകയാണ് വേണ്ടത് എന്ന വ്യക്തിപരമായ അഭിപ്രായവും ശക്തമായി രേഖപ്പെടുത്തുന്നു.

എന്ന്,

കഴിഞ്ഞ 18 വർഷമായി സ്വന്തം ഇഷ്ടപ്രകാരം ബീഫും പോർക്കും മട്ടനും ചിക്കനും മീനും കോഴിമുട്ടയും കഴിക്കുന്നത് ഒഴിവാക്കി പൂർണ്ണ വെജിറ്റേറിയനായി ജീവിക്കുന്ന, മുൻപ് ഇതൊക്കെ ആവോളം കഴിച്ചിരുന്ന ഒരു ഇന്ത്യൻ പൗരൻ.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP