Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് കുടുംബത്തിൽ ജനനം; കമ്മ്യൂണിസത്തിലേക്ക് വഴിനടത്തിയത് അമ്മയുടെ സഹോദരൻ; വിദ്യാർത്ഥി രാഷ്ട്രീയം കരുത്തായി; സ്വന്തം നാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത് കാൽ നൂറ്റാണ്ട്; രാഷ്ട്രീയത്തിൽ കോടിയേരിക്ക് കരുത്തായത് ബാല്യകാലത്തെ അനുഭവങ്ങൾ

കോൺഗ്രസ് കുടുംബത്തിൽ ജനനം; കമ്മ്യൂണിസത്തിലേക്ക് വഴിനടത്തിയത് അമ്മയുടെ സഹോദരൻ; വിദ്യാർത്ഥി രാഷ്ട്രീയം കരുത്തായി; സ്വന്തം നാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത് കാൽ നൂറ്റാണ്ട്; രാഷ്ട്രീയത്തിൽ കോടിയേരിക്ക് കരുത്തായത് ബാല്യകാലത്തെ അനുഭവങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ വിവാഹം. കല്യാണ സ്ഥലത്തുനിന്ന് നേരെ പോയത് സമ്മേളന നഗരിയിലേക്ക്. വിവാഹം നടന്ന വീട്ടിലേക്ക് വരനായ കോടിയേരി മടങ്ങിയെത്തിയത് പിറ്റേന്നായിരുന്നു. വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽപോലും പാർട്ടിയോടുള്ള കൂറ് ഇതുപോലെ കോടിയേരിയുടെ ജീവിതത്തിൽ എന്നും കാണാമായിരുന്നു. അർബുദ ബാധിതനായി ആരോഗ്യം വെല്ലുവിളി ഉയർത്തിയപ്പോഴും പാർട്ടി നേതൃനിരയിൽ ഊർജ്ജ്വസ്വലനായി കോടിയേരിയെ കേരളം കണ്ടു.

വിഭാഗീയത മൂർച്ഛിച്ചപ്പോഴും പക്ഷങ്ങൾക്കിടയിൽ ഒരു കോടിയേരി പക്ഷം ഒരിക്കലും ഉണ്ടായില്ല. പിണറായി, വി എസ് പക്ഷങ്ങൾക്കിടയിൽ പക്ഷപാതമില്ലാതെ നിൽക്കാൻ കോടിയേരിക്ക് സാധിച്ചതും പാർട്ടിയോടുള്ള അടിയുറച്ച കൂറായിരുന്നു.

വിഭാഗീയതയുടെ കാലത്ത് പാർട്ടിയെ ഒന്നിച്ച് നിർത്തിയ നേതാവായിരുന്നു കോടിയേരി. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു അദ്ദേഹം. താർക്കിക്കനോ താത്വികനോ ആകാൻ ശ്രമിക്കാതെ സാധാരണക്കാരുടെ മതിപ്പ് നേടിയെടുത്തായിരുന്നു രാഷ്ട്രീയത്തിൽ കോടിയേരിയുടെ കുതിപ്പ്.

കോൺഗ്രസ് കുടുംബത്തിൽ ജനിച്ച കോടിയേരി ബാലകൃഷ്ണൻ വിദ്യാർത്ഥിയായിരിക്കെയാണ് ഇടത് ആശങ്ങളുമായി അടുക്കുന്നത്. ഇരുപത്തിയഞ്ച് വർഷക്കാലം സ്വന്തം നാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച കോടിയേരിക്ക് തലശ്ശേരിക്കാരോടൊക്കെയും പേരെടുത്ത് വിളിക്കാവുന്ന അടുപ്പമുണ്ട്. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട കോടിയേരിയുടെ എല്ലാ മെല്ലാം അമ്മ നാരായണിയായിരുന്നു.

മുഖ്യമന്ത്രിയുടെ ഗ്രാമമായ പിണറായിയിൽ നിന്ന് പതിനാല് കിലോമീർ വണ്ടിയോടിച്ചാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാട്ടിലെത്താം. അവിടെ കോടിയേരി ബാലകൃഷ്ണന്റെ ചരിത്രം തിരഞ്ഞാൽ നമ്മളെത്തുക ഒരു കോൺഗ്രസ് തറവാട്ടിലേക്കാണ്. കോടിയേരി മുട്ടേമ്മൽ തറവാട്.

കോടിയേരിയുടെ അച്ഛനും അമ്മയ്ക്കും സിപിഎമ്മിനോട് താത്പര്യമേയില്ല. അവർ കോൺഗ്രസുകാരായിരുന്നു. അമ്മയുടെ സഹോദരനായ നാണു നമ്പ്യാരാണ് കോടിയേരിയെ കമ്യൂണിസ്റ്റാക്കുന്നത്. പ്രസംഗിക്കാൻ വലിയ താത്പര്യം കാണിച്ച ബാലകൃഷ്ണൻ സ്‌കൂൾ കുട്ടികൾക്കിടയിൽ താരമായി മാറി.

വായനശാലകളിലും ബീഡിക്കമ്പനികളിലും ഇരുന്ന് ദേശാഭിമാനിയും പുസ്തകങ്ങളും വായിച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയം പഠിച്ചു. ഹൈസ്‌കൂൾ കാലത്ത് തന്നെ കെഎസ്എഫിലെത്തി. സ്‌കൂളിൽ കെഎസ്എഫ് രൂപീകരിക്കാനെത്തിയ സംഘടനയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ബന്ധം തുടങ്ങുന്നത് അന്ന് മുതലാണ്. അന്ന് കെ എസ് യു രൂപീകരിക്കാൻ കോടിയേരിയുടെ സ്‌കൂളിലെത്തിയത് അന്നത്തെ പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനും.

കോടിയേരിയുടെ അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് അദ്ധ്യാപകനായിരുന്നു. 11 വയസിൽ അച്ഛനെ നഷ്ടമായ ബാലകൃഷ്ണൻ തണലായത് അമ്മ നാരായണിയാണ്. കൃഷിചെയ്തും കന്നുകാലി വളർത്തിയും അഞ്ചുമക്കളെപ്പോറ്റിയ അമ്മയുടെ ഓർമ്മ കോടിയേരിയെ ഈറനണിയിക്കാറുണ്ട്. പണം തികയാതെവന്നതോടെ എട്ട് സെന്റ് സ്ഥലം വിറ്റാണ് അമ്മ ബാലകൃഷ്ണനെ കോളേജിലയച്ച് പഠിപ്പിച്ചത്.

എസ്എസ്എൽസി പരീക്ഷ എഴുതി മടങ്ങവെ തലശ്ശേരിയിൽ വച്ച് ആർഎസ്എസുകാർ ആക്രമിച്ചതോടെ ദിവസങ്ങൾ ആശുപത്രിയിൽ. ആരോഗ്യം വീണ്ടെടുത്ത് കുറച്ചുകാലം സഹോദരിമാരോടൊപ്പം മദ്രാസിൽ ജീവിച്ചാണ് ബാലകൃഷ്ണൻ നാട്ടിലേക്ക് മടങ്ങിയെത്തിയത്. 20ആം വയസിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി.

പിന്നീട് പാർട്ടി നേതാവായും 25 വർഷം തലശ്ശേരിക്കാരുടെ എംഎൽഎആയും നാടിന്റെ ഏത് ആവശ്യത്തിനും കോടിയേരി വിളിപ്പുറത്ത് ഉണ്ടായിരുന്നു. പേരിനൊപ്പം നാട് എങ്ങനെ ചേർന്നു ചോദിച്ചാൽ കോടിയേരി തന്റെ ട്രേഡ്മാർക്ക് ചിരിചിരിക്കും. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ജില്ലാ സമ്മേളന പ്രതിനിധി ആയി കാഞ്ഞങ്ങാട് ചെന്നപ്പോഴായിരുന്നു ബാലകൃഷ്ണനെ ആദ്യം സഖാക്കൾ കോടിയേരി എന്ന് വിളിച്ചത്. പാർട്ടി വാർത്തകളിൽ പത്രങ്ങളിലൊക്കെ വന്നതോടെ ആ പേര് ഉറച്ചു.

സങ്കീർണമായ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിച്ച് ആരെയും പിണക്കാതെ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള മധ്യസ്ഥൻ വിടവാങ്ങുമ്പോൾ പാർട്ടിക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. സിപിഎം സിപിഐ തർക്കം രൂക്ഷമായ വേളകളിലെല്ലാം പാർട്ടി അനുനയ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത് കോടിയേരിയെയാണ്. വെളിയം ഭാർഗവനും പിണറായി വിജയനും വി എസ്.അച്യുതാനന്ദനുമെല്ലാം കോടിയേരിയുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയ്ക്കു വഴങ്ങി.

വി എസ് സർക്കാരിന്റെ കാലത്ത് സിപിഐയുമായുള്ള ബന്ധം തീർത്തും വഷളായി. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്യമായി കൊമ്പുകോർത്തപ്പോൾ രംഗം ശാന്തമാക്കിയത് കോടിയേരിയുടെ ഇടപെടലുകളാണ്. വിഭാഗീയത രൂക്ഷമായ ഘട്ടത്തിൽ മുഖ്യമന്ത്രിയായ വിഎസിൽനിന്ന് ആഭ്യന്തര വകുപ്പ് എടുത്തു മാറ്റിയപ്പോൾ മന്ത്രിയായി എത്തിയത് കോടിയേരിയാണ്. വിഭാഗീയതയുടെ കനലുകൾ ഒരിക്കലും വി എസ് കോടിയേരി ബന്ധത്തെ ബാധിച്ചില്ല. പിണറായിയുമായുള്ള സൗഹൃദവും അതേപോലെ തുടർന്നു.

പാർട്ടി സംവിധാനത്തെ ഉണർവോടെ നിർത്താനുള്ള പാടവം കോടിയേരിയുടെ പ്രത്യേകതയായിരുന്നു. പാടത്തു പണി തന്നാൽ വരമ്പത്തു കൂലി എന്ന പയ്യന്നൂർ പ്രസംഗത്തിൽ അദ്ദേഹം ഉറച്ചുനിന്നു. 'പാർട്ടി പ്രവർത്തകരെ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ വന്നയാൾ വന്നതു പോലെ തിരിച്ചുപോകാൻ പാടില്ല. പ്രതിരോധിക്കണം. തിരിച്ച് അങ്ങോട്ട് ആക്രമിക്കാൻ പോകണം എന്നല്ല ഞാൻ പറഞ്ഞത്. നമ്മളെ ഒരു ഈച്ച കുത്താൻ വന്നാൽ ആ ഇച്ചയെ തട്ടികളയില്ലേ?'ഫലിതവും കാർക്കശ്യവും കലർന്ന 'കോടിയേരിയിസം' അണികളിലേക്ക് ആഴ്ന്നിറങ്ങാൻ പോന്നതായിരുന്നു.

കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിമാരിൽ ഒരാളായിരുന്നു. പൊലീസ് സേനയിൽ ആധുനികവൽക്കരണം നടന്നതും സ്റ്റുഡന്റ് പൊലീസ് രൂപീകരിച്ചതും അടക്കമുള്ള പുതിയ തുടക്കങ്ങൾ നടന്നത് കോടിയേരിയുടെ കാലത്താണ്. സർക്കാരിനു തലവേദനയാകുന്ന പൊലീസ് നയത്തെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കോടിയേരി പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോയി. ആ നയത്തിന്റെ പേരിൽ പാർട്ടിക്കു തലകുനിക്കേണ്ടി വന്നില്ല. ബീമാപ്പള്ളിയിൽ ഉണ്ടായ സാമുദായിക സംഘർഷം വെടിവയ്‌പ്പിൽ കലാശിച്ചപ്പോഴും അതു ആ മേഖലയിൽ മാത്രം ഒതുക്കി നിർത്താൻ കോടിയേരിയുടെ നേതൃത്വത്തിനായി.

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന വിമർശനമുയർന്ന് അധികനാൾ കഴിയുന്നതിനു മുൻപാണ് മുൻ പാർട്ടി സെക്രട്ടറിയുടെ വിയോഗം. പുതുതലമുറ അധികാരസ്ഥാനങ്ങളിലേക്കു വരട്ടെയെന്ന പാർട്ടി നയത്തിന്റെ ഭാഗമായാണ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയൊഴികെ എല്ലാവരും പുതുമുഖങ്ങളായത്. ഒരു വർഷം പിന്നിടുമ്പോൾ പലരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ഒരു പ്രധാനാധ്യാപകനെപോലെ മുഖ്യമന്ത്രി സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ പാർട്ടിയെയും സർക്കാരിനെയും കൂട്ടിയിണക്കുന്ന മുഖ്യകണ്ണി കോടിയേരിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP