Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ കെ ആന്റണി തന്നെ അവഗണിക്കുന്നുവെന്ന് തുറന്നടിച്ച് ശശി തരൂർ; കേരളത്തിലെ നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല; തിരുവനന്തപുരം എംപിയുടെ പ്രതികരണം വി ഡി സതീശനും ചെന്നിത്തലയും ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ; ത്രിപാഠിയുടെ പട്ടിക തള്ളിയതോടെ തരൂരും ഖാർഗെയും നേർക്കുനേർ പോരാട്ടം

എ കെ ആന്റണി തന്നെ അവഗണിക്കുന്നുവെന്ന് തുറന്നടിച്ച് ശശി തരൂർ; കേരളത്തിലെ നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല; തിരുവനന്തപുരം എംപിയുടെ പ്രതികരണം വി ഡി സതീശനും ചെന്നിത്തലയും ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ; ത്രിപാഠിയുടെ പട്ടിക തള്ളിയതോടെ തരൂരും ഖാർഗെയും നേർക്കുനേർ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുക ശശി തരൂരും, മല്ലികാർജുൻ ഖാർഗെയും. ഇരുവരുടെയും പത്രിക അംഗീകരിച്ചു. മൂന്നാമത്തെ പത്രിക നൽകിയ ഝാർഖണ്ഡ് മുൻ മന്ത്രി കെ.എൻ.ത്രിപാഠിയുടെ പത്രിക തള്ളി. കോൺഗ്രസ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ മധുസൂദനൻ മിസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും ഒപ്പുകൾ സംബന്ധിച്ച പ്രശ്നങ്ങൾ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് മിസ്ത്രി വ്യക്തമാക്കി. മൂന്ന് പേരിൽ നിന്നായി ആകെ 20 പത്രികകളാണ് ലഭിച്ചത്. സൂക്ഷമപരിശോധനയിൽ ഇതിൽ നാലെണ്ണം തള്ളി. ഈ മാസം എട്ടു വരെ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. അതിന് ശേഷം ചിത്രം കൂടുതൽ വ്യക്തമാകും. ആരും പിന്മാറിയിട്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഖാർഗെയും തരൂരും പത്രിക പിൻവലിക്കാതിരുന്നാൽ 17ന് വോട്ടെടുപ്പ് നടക്കും. പി.സി.സി ആസ്ഥാനങ്ങളിലെത്തി വോട്ട് ചെയ്യാം. ഒമ്പതിനായിരത്തിലധികം വോട്ടർമാരാണുള്ളത്. 19-ന് ഡൽഹിയിൽ വച്ചാകും വോട്ടെണ്ണൽ. അന്നു തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

ആന്റണി അടക്കം നേതാക്കൾ അവഗണിക്കുന്നു എന്ന് തരൂർ

പാർട്ടി നേതൃത്വത്തിൽ നിന്ന് താൻ അവഗണന നേരിടുകയാണെന്ന് ശശി തരൂർ എംപി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്റിൽ ഉൾപ്പെടെ തനിക്ക് അർഹതപ്പെട്ട അവസരം നൽകുന്നില്ല. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ എ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നെന്നും ശശി തരൂർ ടെലിവിഷൻ ചാനലിനോട് വ്യക്തമാക്കി. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും വരുന്നത് ഡൽഹിയിൽ നിന്നാണ്. സോണിയ ഗാന്ധിയുടെ ഒപ്പ് ഇല്ലെങ്കിൽ ഒരു ജില്ലാ അദ്ധ്യക്ഷനെ നമുക്ക് മാറ്റാൻ സാധിക്കില്ല. അങ്ങനെയാണെങ്കിൽ സംസ്ഥാനങ്ങളിലെ പിസിസി അദ്ധ്യക്ഷന്റെ റോൾ എന്താണെന്ന് ശശി തരൂർ ചോദിച്ചു.

സംസ്ഥാനങ്ങൾക്ക് കേന്ദ്രം കുറച്ച്കൂടി ശക്തിയും അധികാരവും നൽകണമെന്നും ശശി തരൂർ പറഞ്ഞു.'ആന്റണി ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. എന്നാൽ ഇതിനെ ഞാൻ വലിയൊരു നഷ്ടമായി കാണുന്നില്ല. കാരണം കേരളത്തിലെ യുവാക്കൾ തന്നോടൊപ്പമുണ്ട്', ശശി തരൂർ പറഞ്ഞു. താൻ യഥാർത്ഥ നെഹ്റു ലോയലിസ്റ്റാണെന്ന് തരൂർ ഊന്നിപ്പറയുന്നു. വളരെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിൽ ലോയൽറ്റിയുടെ പ്രശ്നം എവിടെയാണ് വരുന്നതെന്നും ശശി തരൂർ ചോദിച്ചു.

ഖാർഗെയെ പിന്തുണച്ച് വി ഡി സതീശൻ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദളിത് വിഭാഗത്തിൽനിന്നുള്ള ഒരാൾ പാർട്ടി അധ്യക്ഷസ്ഥാനത്തെത്തുന്നത് അഭിമാനകരമാണ്. മുതിർന്ന നേതാക്കൾ കൂടിയാലോചിച്ചാണ് ഖാർഗെയുടെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചത്. പരിചയസമ്പന്നനായ നേതാവാണ് അദ്ദേഹമെന്നും സതീശൻ പറഞ്ഞു.

ശശി തരൂർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും സതീശൻ കൂട്ടിചേർത്തു. യോഗ്യതയുള്ള ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്.
കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. സിപിഎമ്മിലോ ബിജെപിയിലോ ഇത്തരം മത്സരങ്ങൾ നടക്കാറില്ലെന്നും സതീശൻ പറഞ്ഞു.

മനസാക്ഷി വോട്ട് ചെയ്യാമെന്ന് സുധാകരൻ

അതേസമയം പ്രവർത്തകർക്ക് മനസാക്ഷി വോട്ട് രേഖപ്പെടുത്താമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മല്ലികാർജുൻ ഖാർഗെയും, ശശി തരൂരും യോഗ്യരാണ്. ആരേയും പിന്തുണയ്ക്കാൻ വോട്ടർമാരോട് പറയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

ദളിത് നേതാവ് വരട്ടെയെന്ന് ചെന്നിത്തലയും

മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കോൺഗ്രസിന് ദളിത് വിഭാഗത്തിൽ നിന്ന് ഒരു പ്രസിഡന്റ് അനിവാര്യമാണ്. തരൂർ മത്സരിക്കുന്നതിൽ തെറ്റില്ല. അദ്ദേഹത്തിന് മത്സരിക്കാനുള്ള അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുതിർന്ന നേതാവായ ഖാർഗെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്. ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കെപിസിസി നിലപാട് കെപിസിസി പ്രസിഡന്റ് പറയും. മുതിർന്ന നേതാക്കളെല്ലാം ഖാർഗെയെ പിന്തുണച്ചു. ദലിത് കോൺഗ്രസ് പ്രസിഡന്റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല. പക്ഷേ സീനിയർ നേതാവായ ഖാർഗെ വരണം. സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഈ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല.' എന്ന് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP