Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രഭുവിനെ അനുകരിച്ച് പൊന്നിയിൻ സെൽവന്റെ പ്രമോഷൻ വേദി കീഴടക്കി ജയറാം; ചിരി അടക്കാനാവാതെ രജനീകാന്തും, കമൽഹാസനും, വിക്രമും അടങ്ങുന്ന താരനിബിഡ സദസ്സ്; വൈറലായി ജയറാമിന്റെ പുതിയ മിമിക്രി വീഡിയോ

പ്രഭുവിനെ അനുകരിച്ച് പൊന്നിയിൻ സെൽവന്റെ പ്രമോഷൻ വേദി കീഴടക്കി ജയറാം; ചിരി അടക്കാനാവാതെ രജനീകാന്തും, കമൽഹാസനും, വിക്രമും അടങ്ങുന്ന താരനിബിഡ സദസ്സ്; വൈറലായി ജയറാമിന്റെ പുതിയ മിമിക്രി വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

 ചെന്നൈ: മിമിക്രി കലാരംഗത്ത് കൂടി വെള്ളിത്തിരയിലേക്ക് കടന്നെത്തി തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജയറാം. രസകരമായ സംഭാഷണങ്ങളിലൂടെയും മിമിക്രിയിലൂടെയുമൊക്കെ സദസ്സിനെ കയ്യിലെടുക്കാൻ പ്രത്യേക കഴിവുള്ള നടൻ. കാലമേറെ കടന്നുപോയിട്ടും അനുകരണ കലയിലെ തന്റെ കഴിവ് ഇപ്പോഴും കൈമോശം വരാതെ തന്നോടൊപ്പമുണ്ട് എന്ന് തെളിയിക്കുകയാണ് പൊന്നിയിൻ സെൽവന്റെ പ്രമോഷൻ ചടങ്ങിലെ വേദിയിലൂടെ ജയറാം. തമിഴ് സിനിമയിലെ തന്റെ ഏറ്റവും അടുത്ത് സുഹൃത്തും നടനുമായ പ്രഭുവിനെ അനുകരിച്ചുകൊണ്ടാണ് ജയറാം വേദിയെ കൈയിലെടുത്തത്. രജനീകാന്ത്, കമൽഹാസൻ, മണിരത്നം, എ ആർ റഹ്മാൻ, പ്രഭു, വിക്രം, ഐശ്വര്യറായ്, കാർത്തി തുടങ്ങി വൻ താരനിര അടങ്ങുന്ന സദസ്സിനു മുന്നിലായിരുന്നു ജയറാമിന്റെ രസകരമായ മിമിക്രി പ്രകടനം.

പൊന്നിയിൻ സെൽവൻ ഷൂട്ടിനിടെ നടൻ പ്രഭുവിനൊപ്പം കാരവാൻ പങ്കിട്ടപ്പോഴുണ്ടായ രസകരമായ അനുഭവമായിരുന്നു മിമിക്രി രൂപത്തിൽ ജയറാം പങ്കുവച്ചത്. ഇതോടൊപ്പം തന്നെ സംവിധായകൻ മണിരത്നത്തിന്റെ ഷൂട്ടിങ് സെറ്റിലെ ചിട്ടയെ കുറിച്ചും തന്റെ മിമിക്രി അവതരണത്തിലൂടെ ജയറാം പറയാതെ പറയുന്നുണ്ട്. 'പുലർച്ചെ നാലരമണിക്ക് രണ്ടു പാക്കറ്റ് ഫുഡുമായി പ്രഭു സാർ വന്നു വിളിച്ചു. കയ്യിലുള്ള ഭക്ഷണം രണ്ടുപേർക്കും ഷെയർ ചെയ്തു കഴിക്കാമെന്ന് പറഞ്ഞു. ഒരുപാട് നേരത്തെയല്ലേ, ഈ സമയത്ത് എങ്ങനെ കഴിക്കുമെന്നായി ഞാൻ. നിനക്ക് മണിരത്നത്തെ അറിയില്ലേ, മണി ബ്രേക്കേ തരില്ല, കഴിക്കുന്നെങ്കിൽ ഇപ്പോഴേ കഴിക്കാം. നാലര മണിക്ക് കഴിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞാനവിടെയൊക്കെ ഒന്നു ചുറ്റികറങ്ങി നടന്നിട്ട് വന്ന് പ്രഭുസാറോട് പറഞ്ഞു, 'മണി സാർ പറഞ്ഞു. ഒരേ ഒരു ഷോട്ടേയുള്ളൂ. അതുകഴിഞ്ഞ് ക്യാമറ സെറ്റ് ചെയ്യാൻ രണ്ടുമണിക്കൂർ എടുക്കും, ആ സമയം ഭക്ഷണം കഴിക്കാ'മെന്ന്. മണി അങ്ങനെ പറഞ്ഞോ, എന്നാൽ ഓകെ, എന്നും പറഞ്ഞ് എന്നെ വിശ്വസിച്ച് പ്രഭുസാർ കഴിക്കാതെ ഷൂട്ടിനിറങ്ങി.''

'ആറുമണിക്ക് ആരംഭിച്ച ഷൂട്ട് 7 മണിയായി, എട്ടായി, പത്തായി, പതിനൊന്നായി. പത്തുമണിയായപ്പോഴൊക്കെ എനിക്ക് പ്രഭുസാറിന്റെ ശബ്ദം കേൾക്കാം, 'ഏയ് മണീ... എനിക്ക് വിശക്കുന്നൂ''. ഷൂട്ടിങ് നീണ്ടുപോയി രണ്ടുമണിയായി. ഞാൻ പ്രഭുസാറിന്റെ കണ്ണിൽ പെടാതെ ഒരിടത്തുപോയി ഇരിക്കുകയാണ്. അപ്പോഴെനിക്ക് ശബ്ദം കേൾക്കാം, ആരേലും പോയി മൊട്ടയടിച്ച് കയ്യിലൊരു വടിയുമായി ഇരിക്കുന്ന ആളെ കണ്ടുപിടിച്ചുകൊണ്ടുവരൂ, അവന്റെ കയ്യിലെ വടിയെടുത്ത് അവന്റെ തലയ്ക്കിട്ട് തന്നെയൊന്നു കൊടുക്കൂ. വിശപ്പ് സഹിക്കാനാവാത്ത സാർ ഞാൻ കാരണം ഏറെ കഷ്ടപ്പെട്ടു,'' ജയറാം തന്നെ അനുകരിച്ച് പറഞ്ഞ കഥയെ കയ്യടികളോടെ സ്വീകരിക്കുന്ന പ്രഭുവിനെയും വീഡിയോയിൽ കാണാം. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വൈറലായി കഴിഞ്ഞു.30 വർഷം കഴിഞ്ഞു എന്നു പറഞ്ഞിട്ടും ഇന്ന് വരെ ഒരു വേദിയിൽ 'ടച്ച് വിട്ട് പോയി' എന്ന് പറഞ്ഞ് കേട്ടിട്ടില്ല എന്ന തലക്കെട്ടോടെ നടൻ രമേഷ് പിഷാരടിയടക്കംവീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ ആഴ്‌വാർകടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വിക്രം, ഐശ്വര്യ റായി, ജയം രവി, ഐശ്വര്യ ലക്ഷ്മി, കാർത്തി, പ്രഭു, തൃഷ, പ്രകാശ് രാജ് എന്നിങ്ങനെ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP