Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറളം ഫാമിലെ കാട്ടാന വിഷയത്തിൽ സിപിഎം സമരം പ്രഹസനം; ഭരണാനുമതി കിട്ടിയ ആനമതിൽ പദ്ധതി ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചെന്നും മാർട്ടിൻ ജോർജ്ജ്

ആറളം ഫാമിലെ കാട്ടാന വിഷയത്തിൽ സിപിഎം സമരം പ്രഹസനം; ഭരണാനുമതി കിട്ടിയ ആനമതിൽ പദ്ധതി ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചെന്നും മാർട്ടിൻ ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് ആവർത്തിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നടത്തുന്ന പ്രസ്താവനകളും സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരവും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഹസനം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.

ആറളം ഫാമിലേക്ക് കാട്ടാനകളുടെ കടന്നു കയറ്റം തടയാൻ മൂന്നു വർഷം മുമ്പ് ഭരണാനുമതി ലഭിച്ച ആനമതിൽ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മൂന്നു മന്ത്രിമാരുടെ, അതായത് വനം, പട്ടികവർഗക്ഷേമം, തദ്ദേശഭരണ വകുപ്പു മന്ത്രിമാരുടെ സാന്നിധ്യത്തിൽ മൂന്നു വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തിലെടുത്ത തീരുമാനമാണ് ആറളം ഫാമിലും ആദിവാസി പുനരധിവാസമേഖലയിലും ആനമതിൽ നിർമ്മിക്കുകയെന്നത്. ഇതിനായി പട്ടികവർഗക്ഷേമവകുപ്പ് അനുവദിച്ച 22 കോടി രൂപയുടെ പദ്ധതിക്ക് 2019ൽ ഭരണാനുമതി ലഭിക്കുകയും ചെയ്തതാണ്. പക്ഷേ, ആനമതിൽ പദ്ധതി പ്രായോഗികമല്ലെന്ന തരത്തിൽ ഉദ്യോഗസ്ഥ ലോബി ഇടപെട്ട് ഈ പദ്ധതിയെ അട്ടിമറിച്ചുവെന്നും മാർട്ടിൻ ജോർജ് ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഡ്വ.സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തെ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്ന അവസ്ഥയാണുണ്ടായത്. മുഖ്യമന്ത്രി ഈ വിഷയത്തിൽ വേണ്ട താൽപര്യം കാണിച്ചില്ല.

സ്വന്തം മന്ത്രിമാരുടെ കഴിവുകേടും പ്രാപ്തിയില്ലായ്മയും മറച്ചു വെച്ചുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ സമരം പരിഹാസ്യമാണ്. കാട്ടാനകളുടെ ആക്രമണത്തിൽ ആദിവാസി കർഷകർ കൊല്ലപ്പെടുമ്പോൾ പ്രദേശത്തുയരുന്ന ജനരോഷത്തിൽ നിന്നും തടി തപ്പാനാണ് സിപിഎം ശ്രമിക്കുന്നത്. ഫോറസ്റ്റ് ഓഫീസ് മാർച്ചും പ്രസ്താവനയും നടത്തുന്നതിനു പകരം മന്ത്രിമാരുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം നടപ്പിലാക്കാനുള്ള ആർജ്ജവമാണ് പുലർത്തേണ്ടത്. മന്ത്രിമാരുടെ കഴിവുകേട് മറച്ചു വെച്ചുള്ള സിപിഎമ്മിന്റെ സമരത്തിന് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയെന്നതിനപ്പുറം എന്ത് ആത്മാർത്ഥതയാണുള്ളതെന്നും മാർട്ടിൻ ജോർജ് ചോദിച്ചു.

ആറളം ഫാമിലെയും ആദിവാസി പുനരധിവാസമേഖലയിലേയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം. പ്രസ്താവനയും സമരവും നടത്തി കൈകഴുകി മാറാനുള്ള ഭരണകക്ഷി നേതാക്കളുടെ ശ്രമത്തെ തികഞ്ഞ അവജ്ഞയോടെ മാത്രമേ പൊതുസമൂഹം കാണുകയുള്ളൂവെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP